പ്രേമം സ്വയം നിറയുമ്പോൾ
എം.കെ.ഹരികുമാർ
പ്രമുഖ
ലബനീസ് കവിയും ചിന്തകനുമായ ഖലീൽ ജിബ്രാൻ്റ (1883- 1931)രചനകൾ ഇപ്പോൾ
നമ്മുടെ ഭാഷയിൽ ധാരാളമായി വായിക്കപ്പെടുന്നുണ്ട്. സരളമായ ഭാഷയും
പ്രവാചകസ്വഭാവമുള്ള ആശയങ്ങളും തത്ത്വചിന്താപരമായ സംക്ഷിപ്തതയുമാണ് ജിബ്രാൻ
രചനകളോടു പ്രിയം തോന്നാൻ കാരണം.നാല്പത്തിയെട്ടു വയസ്സുവരെ മാത്രം ജീവിച്ച
ജിബ്രാൻ ഒരു ചിത്രകാരനുമായിരുന്നു .
തൻ്റെ
പ്രക്ഷുബ്ധവും ആഴമുള്ളതുമായ മനോവിചാരങ്ങൾക്ക് ആവിഷ്കാരം നല്കാൻ ജിബ്രാൻ
1911 ൽ ന്യൂയോർക്കിലേക്കു പോയി. അവിടെയാണ് അദ്ദേഹത്തിൻ്റെ , ഇംഗ്ലീഷ്
ഭാഷയിലുള്ള ആദ്യത്തെ കൃതി പ്രസിദ്ധീകരിച്ചത് -The Madman. എന്നാൽ 1904 ൽ
അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ ബോസ്റ്റണിൽ പ്രദർശിപ്പിച്ചിരുന്നു.പാരീസിൽ 1908
മുതൽ 1910 വരെ കലാപഠനം നടത്തിയ അദ്ദേഹം ഈ രംഗത്ത് ഏറ്റവും ആധുനികമായ
വീക്ഷണമാണ് നേടിയത്.
ജിബ്രാൻ്റെ
ഏറ്റവും പ്രശസ്തമായ The Prophet ഇപ്പോഴും വായിക്കപ്പെടുന്നു. ജർമ്മൻ
ചിന്തകനായ നിഷെയുടെ പ്രക്ഷോഭവാസന ജിബ്രാൻ്റെ ചിന്തയുടെ ഒരു അടരാണ്.
അദ്ദേഹം മനുഷ്യൻ്റെ ജൈത്രയാത്രയെ മഹത്വത്തിലേക്കുള്ള വിളിയായി വിലയിരുത്തി.
മനുഷ്യൻ്റെ അജയ്യമായ ശക്തിയെ സ്വാതന്ത്ര്യമായി വ്യാഖ്യാനിച്ചു .അതേസമയം
വിശ്വ ചേതനയാകുന്ന ദൈവത്തിൻ്റെ നേർക്ക് എപ്പോഴും പ്രാർത്ഥിക്കുകയും
അനൈഹികമായ ആ ഉണ്മയെ , നഷ്ടപ്പെട്ട നിധിയെന്നപോലെ, തേടുകയും ചെയ്തു ,വില്യം
ബ്ലേക്കിനെപ്പോലെ.
ഒരു
മതാതീത ആത്മീയതയും സൗന്ദര്യബോധവുമാണ് ജിബ്രാനെ വ്യത്യസ്തനാക്കുന്നത് .The
Prophet എന്ന വിഖ്യാതകൃതിയുടെ രണ്ടാം ഭാഗം- The Garden of the Prophet -
എഴുതി പൂർത്തിയാക്കുന്നതിനിടയിലാണ് അദ്ദേഹം വിടപറഞ്ഞത്. അൽമുസ്തഫയുടെ
നാട്ടിലേക്കുള്ള തിരിച്ചുവരവായിരുന്നു പ്രമേയം.
ഇതിൻ്റെ
മുന്നാം ഭാഗവും ജിബ്രാൻ ആലോചിച്ചിരുന്നുവത്രേ .ഒരു പുസ്തകത്രയമായിരുന്നു
അദ്ദേഹത്തിൻ്റെ മനസ്സിലുണ്ടായിരുന്നത്. The Death of the Prophet എന്ന
ഞെട്ടിക്കുന്ന തലവാചകമായിരുന്നു അതിനായി കണ്ടുവച്ചിരുന്നത്. അതിൻ്റെ ഒരു
വാചകം മാത്രമേ അദ്ദേഹത്തിനു എഴുതാനായുള്ളു:
"ഓർഫലേസ്
നഗരത്തിലേക്ക് അവൻ തിരിച്ചുവരുകയാണ്. അവർ അവനെ ചന്തയിൽ കല്ലെറിയും
,മരിക്കുന്നതു വരെ . എന്നാൽ അവൻ ഓരോ കല്ലിലും ദൈവത്തിൻ്റെ പേരിട്ട്
വിളിച്ചു ആശ്വസിക്കും" .
ജിബ്രാൻ
എപ്പോഴും യാഥാസ്ഥിതികമായ ജീർണതയെയും കീഴടങ്ങലിനെയും ഭീരുത്വത്തെയും
എതിർത്തു. എന്തിന് ?കൂടുതൽ അഗാധവും സത്യാത്മകവും തീവ്രവുമായ മാനസികഭാവ
ങ്ങൾക്കുവേണ്ടി .യാതൊന്നിനു വേണ്ടിയാണോ നാം ആഗ്രഹിക്കുന്നത്, അത് നമ്മളിൽ
തന്നെ ആയിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് ഓരോ വ്യക്തിയും
അവൻ്റെ തന്നെ മുൻഗാമിയാകുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. യാതനകൾ
മനുഷ്യൻ്റെ ശക്തി വർദ്ധിപ്പിക്കുകയേയുള്ളൂ .യാതനകൾ തീർച്ചയായും ആത്മാവിൽ
മുറിവുകളുണ്ടാക്കുന്നു. എന്നാൽ അതിൻ്റെ പാടുകൾ മായുന്നില്ല. ആ
പാടുകളുള്ളവർ ശക്തരാണെന്നതിൻ്റെ തെളിവായി കാണാവുന്നതാണ്.
പ്രേമം
അതിൽ തന്നെ നിറഞ്ഞിരിക്കുന്നതിനാൽ അതിന് ഒന്നിനെയും സ്വന്തമാക്കേണ്ടതില്ല.
പ്രേമത്തിൽ പ്രേമം തന്നെ ധാരാളമാണ്. Love has no other desire, but to
fulfil itself. പ്രേമത്തിനു വേറൊരു
ആഗ്രഹമില്ല, അതിനെ തന്നെ നിറയ്ക്കുകയല്ലാതെ.
ഈ കാഴ്ചപ്പാടാണ് ജിബ്രാൻ്റെ
കൃതികളിലേക്ക്
മാനവരാശിയെ അടുപ്പിക്കുന്നത്. കാരണം, നമ്മൾ ഒന്നും നഷ്ടപ്പെടുന്നില്ല,
നേടുന്നുമില്ല. പക്ഷേ, നമുക്ക് പലതും അറിയാനുണ്ട്,
സാക്ഷാത്കരിക്കാനുണ്ട്.അത് ഭൗതികമായ നേട്ടത്തിനോ സുഖഭോഗങ്ങൾക്കോ
വേണ്ടിയല്ല. യാതൊന്നിൻ്റെ പ്രകാശമാണോ നാം തേടുന്നത്, ആ പ്രകാശം തന്നെയാണ്
നാമെന്ന് തിരിച്ചറിയുന്നിടംവരെയേ നമുക്ക് പോകാനൊക്കൂ.
സമ്പത്തോ
അധികാരമോ അല്ല മനുഷ്യനെ സുന്ദരനാക്കുന്നതെന്ന് പറഞ്ഞ ജിബ്രാൻ ഒരു
കാര്യത്തിൽ നിഷ്കപടമായ ലക്ഷ്യം ഉറപ്പിച്ചിരുന്നു: മനസ്സിൻ്റെ ശുദ്ധത.
We are all like the bright Moon, we still have our darker side.
നമുക്ക്
പ്രകാശമുണ്ടെന്നു തോന്നുന്നതാണ്. കാരണം, പ്രകാശം എവിടെനിന്നോ വരുന്നു.
അപ്പോൾ നമ്മൾ പ്രകാശിക്കുന്നു , ചന്ദ്രനെപോലെ. എന്നാൽ നമ്മുടെ മറുവശം
ഇരുട്ടിലാണുള്ളത് .ആ ഇരുണ്ട ഭാഗത്തെ എങ്ങനെ ശുദ്ധമാക്കാം, പ്രകാശിതമാക്കാം
എന്നാലോചിക്കണം .സുഖദുഃഖങ്ങൾ കലർന്നിരിക്കുകയാണ്. സുഖത്തെ യോ ദുഃഖത്തെയോ
തിരഞ്ഞെടുക്കുന്നത് അർത്ഥശൂന്യമാണ്. നമ്മൾ സുഖവുമായാണ്
ഉണർന്നിരിക്കുന്നതെങ്കിൽ ,ദു:ഖം നമ്മുടെ കൂടെ ഉറങ്ങുകയാണെന്ന് ഓർക്കണം.
വേദനിക്കുന്നതെപ്പോഴാണ്
?ജിബ്രാൻ തൻ്റെ സ്വതസിദ്ധമായ ചിന്താപദ്ധതിയുടെ തലത്തിൽ അത്
വിശദമാക്കുന്നുണ്ട്. വേദന നിങ്ങളുടെ പുറംതോട് പൊട്ടുന്നതിൻ്റെ അനുഭവമാണ്.
നിങ്ങൾ ധരിച്ചു വച്ചിരുന്ന ആശയങ്ങളുടെ പുറന്തോടു ശിഥിലമാകുന്നതിൻ്റെ
ആഘാതമാണത്. അത് പൊട്ടേണ്ടതായിരുന്നു. എങ്കിലേ മിഥ്യാസങ്കല്പങ്ങൾ
അവസാനിക്കുകയുള്ളു. നിത്യജീവിതത്തിലെ സംഭവങ്ങളെ അത്ഭുതത്തോടെയാണ്
നോക്കേണ്ടത്. എങ്കിൽ സന്തോഷം വേർതിരിച്ച് അന്വേഷിക്കേണ്ടി വരില്ല .
ജിബ്രാൻ
നമ്മുടെ അന്ധതയുടെ പുറംതോടാണ് പൊട്ടിക്കുന്നത്. അത് തകരേണ്ടത്
അനിവാര്യമാണ്. വലിയൊരു ആത്മീയതയുടെ തത്ത്വ വിചാരണയാണ് അദ്ദേഹം നടത്തുന്നത്.
ഒരാൾ എങ്ങനെയെല്ലാമാണ് തന്നിൽ നിന്നു തന്നെ അകന്നുപോയി നശിക്കുന്നതെന്ന്
,തൻ്റേതല്ലാത്ത കാര്യങ്ങളുടെ പേരിൽ കലഹങ്ങളിലേർപ്പെട്ട് തകരുന്നതെന്ന്
അദ്ദേഹം കാണിച്ചുതരുന്നു.
നിങ്ങൾക്കു
സംഭവിക്കുന്ന ഓരോ കാര്യത്തിൻ്റെ നേർക്കും നിങ്ങൾ എന്ത്
സമീപനമാണെടുക്കുന്നത് എന്നതിനെ ആശ്രയിച്ചല്ല നിങ്ങളുടെ ജീവിതം വിഭാവനം
ചെയ്യപ്പെട്ടിരിക്കുന്നത്. നൂറുകൂട്ടം നൂലാമൂലകളിലും അന്ധവിശ്വാസങ്ങളിലും
കെട്ടുപിണഞ്ഞു കിടുക്കുന്ന നിങ്ങളുടെ മനസ്സിൻ്റെ ഇരയാകനല്ല ശ്രമിക്കേണ്ടത്.
അതിൽ നിന്ന് ജ്ഞാനത്തോടെ പുറത്തു വരുകയാണ് വേണ്ടത്.
"കുട്ടികളുടെ
മുന്നിൽ കരയാത്ത ഒരു ജ്ഞാനമോ ,ചിരിക്കാത്ത തത്ത്വചിന്തയോ ,തലകുനിക്കാത്ത
മഹത്വമോ എനിക്ക് വേണ്ട" എന്ന് ജിബ്രാൻ പറഞ്ഞത് എത്രമാത്രം നമ്മെ
ഉദ്ബുദ്ധരാക്കുന്നു! .
റഷീദ്
പാനൂരിൻ്റെ രചനാജീവിതത്തിലെ ഒരു നാഴികക്കല്ലാണ് ഈ ജിബ്രാൻ പരിഭാഷ എന്നു
ഞാൻ കരുതുന്നു. ഉദ്ഗ്രഥനാത്മകമായ ഒരു വിഷയത്തിലേക്ക് നമ്മെ
സ്വാംശീകരിക്കുന്ന കൃതിയാണിതെന്ന് ഒറ്റവായനയിൽ തന്നെ എനിക്ക് മനസ്സിലായി.
വിഭാഗീയതകളും സ്പർദ്ധകളും താൽക്കാലികമാണെന്നും അങ്ങകലെ മഹനീയമായ ഒരു
മനുഷ്യതലത്തിൽ നമുക്ക് ഒരുമിക്കേണ്ടതുണ്ടെന്നും റഷീദിൻ്റെ പുസ്തകം
ഉദ്ബോധിപ്പിക്കുന്നു. അസമത്വത്തിൻ്റെയും വേദനയുടെയും കയങ്ങതിൽപ്പെട്ട്
പരസ്പരം കാണാതാകുന്ന ഒരുകാലത്ത് ഈ ആന്തരികവെളിച്ചം നമ്മെ
സഹായിക്കാതിരിക്കില്ല .റഷീദ് എന്ന വ്യക്തിയിൽ ഈ പ്രവണതയുണ്ട്.അദ്ദേഹം
കാലുഷ്യത്തെ മറികടന്ന് സമന്വയത്തെ സ്നേഹിക്കുന്നു. പുസ്തകത്തിലെ ഏതാനും
വരികൾ ഉദ്ധരിക്കട്ടെ:
" സ്നേഹവും വെറുപ്പും
മനുഷ്യഹൃദയത്തിൽ പടരുന്നത് ഞാൻ കണ്ടു. സ്നേഹവും മനുഷ്യനെ വീഞ്ഞിൻ്റെ
രൂപത്തിൽ മത്തുപിടിപ്പിക്കുന്നു. വെറുപ്പ് അവനെ സർപ്പങ്ങളാക്കിമാറ്റുന്നു
.വെറുപ്പ് മനുഷ്യരെ സത്വത്തിൻ്റെ വഴിയിൽ നിന്ന് മാറ്റി നടത്തുന്നു " -എത്ര
ഉദാത്തമായ സങ്കല്പമാണ് ജിബ്രാൻ അവതരിപ്പിക്കുന്നത്! .സ്നേഹത്തിലൂടെയും
അമിതപ്രതീക്ഷയിലൂടെയും മനുഷ്യൻ നശിക്കുന്നണ്ടല്ലോ. പ്രണയിനിയെ കൊല്ലുന്ന
കാമുകൻ മറ്റെന്താണ് സൂചിപ്പിക്കുന്നത്?. പ്രേമത്തിലൂടെയും നാശം സംഭവിക്കാം.
പ്രേമത്തിനും വെറുപ്പിനുമിടയിൽ മറ്റൊരു പാതയാണ് ജിബ്രാൻ നിർദേശിക്കുന്നത്
,സ്വാർത്ഥയില്ലാതെ ,സ്വയം നശിക്കാതെ.
'ലബനോനിലെ
പ്രവാചകൻ' ജിബ്രാനെ വായിക്കുന്ന ആയിരക്കണക്കിനാളുകൾക്ക് വലിയൊരു
സമ്മാനമായിരിക്കും. വ്യക്തതയും സൂക്ഷ്മതയുള്ള ഒരു ഭാഷ ഈ പുസ്തകത്തിൻ്റെ
പ്രത്യേകതയാണ് .ജീവിതമാർഗത്തിൽ ഇത് വാക്കുകളായി ജ്വലിക്കും.
തമസ്സുകളിൽനിന്ന് പുറത്തേക്കുള്ള വഴി കാണിച്ചു തരാൻ വാക്കുകൾ കഴിയും.
മാനസശുദ്ധതയ്ക്കായി അലയുന്ന ഈ കാലത്തിനു ഇതു കേൾക്കാതിരിക്കാനാവില്ല
.റഷീദിൻ്റെ ഉദ്യമം സാർത്ഥകമാവുകയാണ്.
No comments:
Post a Comment