Thursday, July 29, 2021

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 
കൂത്താട്ടുകുളം :
ഓർമ്മകളുടെ പൂമൂടിയ ഇടവഴികൾ


 

എം.കെ.ഹരികുമാർ


കൂത്താട്ടുകുളം ഹൈസ്കൂൾ ഒരു പുരാതന തറവാടാണ്; പഠിച്ചവർക്കെല്ലാം ഓർമ്മകളിൽ അവകാശമുള്ളത് .പഠിച്ചവരാണ് നമ്മളെല്ലാം ,ജയിച്ചവരോ തോറ്റവരോ അല്ല.ഓർമ്മകൾ മറ്റൊരാൾക്ക് അപഹരിക്കാനാവില്ലല്ലോ. അവിടെ പഠിക്കുമ്പോഴല്ല ,പഠിച്ചശേഷം, വർഷങ്ങൾ കഴിഞ്ഞാണ് നമ്മുടെ  ഓർമ്മകൾ അമ്മയുടെ പുഞ്ചിരിപോലെ മനോഹരമാകുന്നത്.


ഇംഗ്ലീഷ് സാഹിത്യകാരിയായ വിർജീനിയ വുൾഫ് പറഞ്ഞു, വർത്തമാനകാലത്ത് വൈകാരിക ബന്ധം കുറവാന്നെന്ന്. അതായത് ,ഒരു ക്ലാസിലെ ബഞ്ചിലിരുന്ന് ,അദ്ധ്യാപകരെ ഭയന്ന്,  പരീക്ഷയെ പേടിസ്വപ്നം കണ്ട് ,വിശന്ന് ,മുഷിഞ്ഞ് , നിരാശപ്പെട്ടു വർഷങ്ങൾ താണ്ടുമ്പോൾ ക്ളാസ് വിജയമോ പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കോ മാത്രമാവും  ഓർമ്മയിൽ തങ്ങിനിൽക്കുക. ഇന്ന് പഠനം ഒരു മത്സരമായതോടെ സഹപാഠികളെ പോലും മിക്കപ്പോഴും  ഓർക്കാനാവില്ല. എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ നാം മനസ്സിലെ ഒഴിഞ്ഞ കോണുകളിൽ ഇരുട്ടു മൂടിക്കിടക്കുന്ന പഠനകാലം ചിലപ്പോഴൊക്കെ ഓർത്തു നോക്കും. ഓർമ്മകൾ നക്ഷത്രങ്ങളെ പോലെയാണ്, ചിലപ്പോൾ നശിക്കും. പിന്നെ തമോഗർത്തമായിരിക്കും. ആ തമോഗർത്തിലൂടെ നടന്നു വെളിച്ചത്തിൻ്റെ കെട്ടുപോയ കറ്റകൾ  തെളിക്കുമ്പോഴാണ് നമുക്ക് പുതിയ ഓർമ്മകളുണ്ടാവുന്നത്.ഇപ്പോൾ ഓർക്കുമ്പോൾ സ്കൂൾ പഠനകാലം മനസ്സിൻ്റെ നിർമ്മാണമായിരുന്നുവെന്ന് മനസ്സിലാകുന്നു. പല ചിമിഴിലൂടെ നോക്കിയാൽ തെളിഞ്ഞുവരുന്ന വർണ്ണമേഘസംക്രമണപലായനങ്ങൾ. ഇതുപോലെ പലരുടെയും മനസ്സിൽ സ്കൂൾകാലം മേഘപടലങ്ങളായി നീങ്ങുന്നുണ്ടാവും, എവിടേക്ക് ?


എഴുപതുകളിലെ കാര്യമാണ് പറയുന്നത്, മുണ്ടുടുത്ത ആൺകുട്ടികൾ നിരയായി നിലനിൽക്കുന്നതു കാണാൻ എന്തു രസമായിരുന്നു! ഇപ്പോൾ അങ്ങനെയൊരു കാഴ്ചയില്ലല്ലോ. പെൺകുട്ടികൾ പാവാടയും ബ്ലൗസുമണിഞ്ഞ് അസംബ്ലിക്ക് കൂട്ടമായി വരുമ്പോൾ ഒരു ചലച്ചിത്രഗാനമെങ്കിലും പ്രേമാർദ്രമായി മനസ്സിലൂടെ കടന്നുപോകാതിരിക്കില്ല .


മുണ്ട് അന്നത്തെ വിദ്യാർത്ഥികളുടെ ഒരു സാംസ്കാരിക പെരുമാറ്റമാനക ( അളവുകോൽ )മായിരുന്നു. ടൗണിൽ അവിചാരിതമായി കുട്ടപ്പൻസാറോ ഭട്ടതിരിസാറോ മുന്നിൽ വന്നുപെട്ടാൽ വിദ്യാർത്ഥി മടക്കിക്കുത്തിയ മുണ്ട് താഴ്ത്തിയിട്ട് ബഹുമാനം കാണിക്കും. ഇപ്പോൾ ആദരം കാണിക്കാൻ അങ്ങനെയൊരു മാനകമില്ല .


വി.ഡി.ജോസഫ്സാർ ഗണിതശാസ്ത്രം പഠിപ്പിക്കുമ്പോൾ സൗകുമാര്യശാന്തതയാവും ക്ളാസിൽ.  സാറിനെ ഭയന്നിട്ടല്ല ;സാറിൻ്റെ സൗമ്യഭാവത്തിൻ്റെ നിറവിൽ. അപ്പോൾ സ്കൂളിൻ്റെ പടിഞ്ഞാറുവശത്തുള്ള പാടത്ത് കന്നുപൂട്ടുന്നുണ്ടാവും.കൂത്താട്ടുകുളത്തിൻ്റെ കർഷകാരവം. തോട്ടിറമ്പിൽ ,കൈതക്കാട്ടിൽ പക്ഷിക്കൂട്ടം . ഞാറുനട്ട പാടങ്ങളിൽ പരൽമീനുകൾ നീന്തിത്തുടിക്കുന്നതു കണ്ടിട്ടുണ്ട് , ഉച്ചയൂണിനു ധൃതിപ്പെട്ട് ഓടുമ്പോൾ. അന്ന് അത്  അധികനേരം കണ്ടുനിൽക്കാനായില്ല. 


ചെരുപ്പില്ലാതെ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ എത്രയോ തലമുറകളാണ് കടന്നുപോയത് ! . ഞങ്ങളുടെ കാലത്ത് കുട്ടികൾക്ക്  ചെരുപ്പില്ലായിരുന്നു. വാച്ചും  ഉണ്ടായിരുന്നില്ല .ഡ്രിൽ പീരിയഡിൽ പുറത്തുപോയാൽ ഫുട്ബോൾ കളി ഉറപ്പാണ്; മഴയാണെങ്കിൽ പോലും. ചെറിയാൻസാറിൻ്റെ സംഘത്തിൽ ചേർന്നാൽ ബാസ്കറ്റ്ബോൾ കളിക്കാം; വായുവിൽ ചവിട്ടി ഉയർന്ന്  ബാസ്ക്കറ്റിലേക്ക് പന്തെറിയാൻ പഠിപ്പിച്ചത് സാറാണ്. നന്ദി.


സി .ജെ. സ്മാരക പ്രസംഗങ്ങൾ ഒരു രൂപ ടിക്കറ്റ് വച്ച് നടത്തിയിരുന്നത് ഈ സ്കൂൾ ഹാളിലാണ്. എത്രയെത്ര ഉജ്വല പ്രസംഗങ്ങൾ .മനസിനെ സംഗീതമാക്കി ,നിശാഭരിതമാക്കുന്ന വൈക്കം ചന്ദ്രശേഖരൻനായരുടെ പ്രസംഗം ഇപ്പോഴും ഓർമ്മയുടെ ഷോകേസിൽ ഭദ്രമാണ്.


 സേവനവാരം ഉണ്ടായിരുന്നല്ലോ. വിദ്യാർത്ഥികളുടെ ശുചീകരണ പ്രവർത്തനം. കപ്പയും അരിയും പച്ചക്കറികളും കുട്ടികൾ തന്നെ സ്കൂളിൽ കൊണ്ടുവന്ന് പാചകം ചെയ്യും. കപ്പയും മുളക് ചമ്മന്തിയും ആളൊഴിഞ്ഞ ഇടങ്ങളിലേക്ക് കൊണ്ടുവന്ന് കൂട്ടുകാരോടൊപ്പം കഴിക്കുന്നത് എത്ര ഭാഗ്യമായിരുന്നു.

മുളകിന് എരി പോരാ എന്ന് എന്തുകൊണ്ട് തോന്നിയില്ല ?കൗമാരത്തിലെ രസപടകുതൂഹലങ്ങൾ!


 'കൈമ'യുടെ ഫുട്ബോൾ മത്സരങ്ങൾ ആ ഗ്രൗണ്ടിലാണ് നടന്നത്.ഇപ്പോഴും മാത്തുക്കുട്ടി ഗോളിയായി നിൽക്കുന്നത് മനസ്സിൽ കാണാം. നമ്പൂതിരിയും ബേബിയും പ്രതിരോധസേനയിയിലുണ്ട് .കൊച്ചു ബേബി ഗോളടിക്കാൻ പായുകയാണ്, രാജഗോപാൽ ഒപ്പമുണ്ട്.


സി .കെ .ജീവൻ്റെ ചിത്രപ്രദർശനം കാണാൻ ശ്രീദേവിസാറാണ് ടൗണിൽ  കൊണ്ടുപോയത് .നാലാമത്തെ മണിക്കൂറും തുടർച്ചയായി മലയാളം ക്ലാസെടുക്കുന്ന വി.എൻ.രാധാമണി സാറിൻ്റെ മുഖത്ത് ആ ഭാരം പ്രകടമായിരുന്നു.

എന്നും രാവിലെ നേരത്തെ എത്തുന്ന  സി.എൻ. കുട്ടപ്പൻ സാർ സ്റ്റാഫ് റൂമിൽ വെറുതെ ഇരിക്കില്ല. മൂന്നു തവണയെങ്കിലും സ്കൂളിന് വലംവയ്ക്കും .ബഹളമുണ്ടാക്കുന്നവരെ കൈയോടെ പിടികൂടി ശിക്ഷിക്കും.


സ്കൂൾ കലോത്സവത്തിന് വേണ്ടി  'അനുശാസനപർവ്വം' എന്ന നാടകം എഴുതി സംവിധാനം ചെയ്ത് ,കുട്ടികളെ അഭിനയിപ്പിച്ച ഒരു അദ്ധ്യാപകനേ ഉണ്ടാവൂ: കെ.എൻ.ജി.സാർ. ചോനമ്മല മാത്യൂസാറിൻ്റെ പ്രസരിപ്പും ടി.കെ.ജോൺസാറിൻ്റെ ബൗദ്ധികഭാവവും സുകുമാരൻസാറിൻ്റെ ശാന്തതയും എം.എൻ.രാധാമണി സാറിൻ്റെ സ്നേഹവും വാമനൻ നമ്പൂതിരിസാറിൻ്റെ തമാശയും  ഒരു കാര്യം പഠിപ്പിച്ചു :വിജയമോ പരാജയമോ ആപേക്ഷികമാണ്.പക്ഷേ, വിദ്യാർഥി തോൽക്കുന്നില്ല. അവൻ ഓർമ്മകളുടെ വലിയൊരു ശേഖരം സമ്പാദിക്കുകയാണ്. കാലത്തിനു കൂപ്പുകൈ .


ഒരു വിദ്യാർത്ഥി ക്ളാസിലിരുന്ന് പുറത്തേക്കു നോക്കിയതിനു തമ്പാൻസാർ നല്ലൊരു ശിക്ഷ കൊടുത്തു. ബുധനാഴ്ച ചന്തയ്ക്ക് എത്ര പോത്തുകൾ റോഡിലൂടെ കടന്നു പോയി എന്ന് കൃത്യമായി കണക്കെടുക്കണം. ചന്തയിൽ നിന്ന് തിരിച്ചുകൊണ്ടുപോകുന്ന പോത്തുകളുടെ എണ്ണവും  കൃത്യമായിരിക്കണം.


വീണ്ടും ക്ലാസ് മുറി .എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണത്തിലെ ഒരു ഭാഗം  കുട്ടപ്പൻസാർ ഇപ്പോഴും പഠിപ്പിക്കുന്നു. പുറത്ത് കാറ്റിനു രാമബാണങ്ങളുടെ വേഗം. വെളിമ്പുറങ്ങളിൽ ദശരഥൻ്റെ സാന്ത്വനശ്ലോകങ്ങളുടെ വെയിൽ.ഓർമ്മകളിൽ  വസിഷ്ഠമുനിയുടെ മന്ത്രോച്ചാരണം: 

തപ... തപ ...

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021


പക്ഷിക്കരച്ചിലുകളിൽ ആത്മാവിനു 

കേൾക്കാനുള്ളത്


 

എം.കെ.ഹരികുമാർ

മലയാളികളായ പലരും ഇപ്പോൾ  മലയാളിയുടെ കഥ എഴുതാറില്ല. എത്ര പേർക്ക് മലയാളിയുടെ ജീവിതത്തെ ആഴത്തിൽ അറിയാം ?  മലയാളിയേയോ അവൻ്റെ ജീവിതത്തയോ സ്വന്തം നിലയിൽ അടുത്തുനിന്നു നോക്കാൻ കഴിയുന്നില്ല. പാർട്ടികളുടെയോ സമുദായങ്ങളുടെ യോ അനുസരണയുള്ള കുട്ടികളായി പലരും സിനിമയെ മുന്നിൽകണ്ട് കഥയെഴുതുകയാണ്. മലയാളിജീവിതത്തെ അതിൻ്റെ ഗന്ധത്തിലും രുചിയിലും ഓർമ്മയിലും വികാരത്തിലും ഒപ്പിയെടുക്കാൻ കഴിഞ്ഞാൽ ഇ.ഹരികുമാറിൻ്റെ  ശ്രീപാർവ്വതിയുടെ പാദം എന്ന കഥയോടു മത്സരിക്കാം. കഥാരചന മത്സരമല്ല .എങ്കിലും പറയുകയാണ്. ഒരു ടിപ്പിക്കൽ മലയാളകഥയായി  ചൂണ്ടിക്കാട്ടാവുന്നതാണ് 'ശ്രീപാർവ്വതിയുടെ പാദം ' .


ഹരികുമാറിൻ്റെ മനസ്സിൽ ഈ പ്രകൃതിസ്നേഹവും മിത്തും എന്നുമുണ്ടായിരുന്നു. യാതൊരു അതിഭാവുകത്വവുമില്ല; അതിഭൗതിക വ്യാമോഹവുമില്ല. സ്വപ്നവും സരളതയും അലിഞ്ഞു ചേർന്ന നിഷ്കളങ്കതയുടെ ദൈവിക പരിസരമാണ് കഥാകൃത്ത് സൃഷ്ടിക്കുന്നത്.ഈ കഥയിൽ മഴ മനുഷ്യരെ കൂട്ടിയിണക്കുന്ന കാലമായി   പ്രത്യക്ഷപ്പെടുകയാണ് .മനസ്സിലെ  സ്നേഹമായ ഈർപ്പം നിലനിർത്താൻ കഥാകൃത്ത് ആഖ്യാനത്തിൽ പെയിൻറു ചെയ്തു ചേർത്ത സൗകുമാര്യതയാണത്. എറണാകുളത്ത് മഴ എത്ര നിർവികാരമാണ്,പുറത്തെ  ഈറനായ കർക്കിടകസന്ധ്യകളുടെ അസ്വാസ്ഥ്യം എന്നൊക്കെ എഴുതുന്നു. ഹരികുമാറിൻ്റെ ഈ കഥയിലെ പക്ഷി ക്കരച്ചിലുകൾ കാവ്യാത്മാവിൻ്റെ സ്വരസവിശേഷതയാണ്.അത് ആത്മാവിൻ്റെ ശ്രവണേന്ദ്രിയങ്ങളെ പ്രലോഭിപ്പിക്കുകയാണ്.പല പക്ഷികൾ ചിലച്ച് ഒരു സംഗീതമുണ്ടാക്കുന്നതായി കഥാകൃത്ത് സൂചിപ്പിക്കുന്നു. മനുഷ്യൻ അവന് അപ്രാപ്യമായ ,നിഗൂഢസംഗീതത്തിനായി അലയുകയാണ്. ഹെർമ്മൻ ഹെസ്സെയുടെ 'സിദ്ധാർത്ഥ 'യിൽ ആ സംഗീതം  നദിയിൽ നിന്നാണ് ലഭിക്കുന്നത്.

 

HOME PAGE 

മകനും അമ്മയും അരുതാത്ത കഥ പറയുന്നു

പി .എഫ്. മാത്യൂസ് എഴുതിയ കയ്പ് (എഴുത്ത് , മാർച്ച് )വായനക്കാരനെ കൈപ്പുനീർ കുടിപ്പിച്ചു. ഒരു അമ്മയും മകനും സിനിമാക്കഥ പറഞ്ഞു ഉടക്കുകയാണ്.പിന്നെ മകനും അമ്മയും കാറിൽ പുറത്തേക്ക് പോകുകയാണ്.അമ്മയുടെ കാമുകൻ വിളിക്കുന്നു. കാമുകനു വേറൊരു കാമുകി ഉണ്ടത്രേ. ആ കാമുകിയെ  അമ്മയുടെ വീട്ടിലേക്ക് കൊണ്ടുവരട്ടെ എന്നാണ് അയാൾ ചോദിക്കുന്നത്. നല്ല കാമുകനും നല്ല ചോദ്യവും. പിന്നീട് അമ്മ മകനോട് ഈ കാര്യം പറയുകയാണ്. എന്തിനാണ് ഇതൊക്കെ ചർച്ച ചെയ്യുന്നത്? മലയാളകഥയിലെ ചിന്താശൂന്യതയും അനുഭവദാരിദ്ര്യവും ഇതിനേക്കാൾ നന്നായി ഉദാഹരിക്കാൻ പറ്റിയ വേറൊരു കഥ കാണില്ല. ഒരു കഥ എഴുതുന്നത് പത്രമാസികൾക്ക് വേണ്ടിയാകരുത് .എസ് .രാമകൃഷ്ണൻ്റെ 'തെക്കോട്ട് പോകുന്ന കുതിരകൾ' വായിച്ചുനോക്കണം. ഒരു പുരാതനകാലത്തെ സൂക്ഷ്മേന്ദ്രിയങ്ങൾകൊണ്ട് അദ്ദേഹം വാചികമായി ഉയർത്തിക്കൊണ്ടു വരുന്നു .കഥയെഴുതുന്നത് ജീവിതത്തെ അറിയാനും അറിയിക്കാനുമാണ്; പത്രാധിപന്മാർക്ക് വേണ്ടിയല്ല.

ഷൊളഖോവിൻ്റെ കന്നുമേക്കാരൻ

റഷ്യൻ സാഹിത്യകാരനായ മിഖായേൽ  ഷൊളഖോവിൻ്റെ  'കന്നുമേക്കാരൻ' (Th Herdsman)  വായിക്കുമ്പോൾ റിയലിസമൊക്കെ ഉയർന്ന് എങ്ങനെ ഐന്ദ്രിയമാകുന്നുവെന്ന് ബോധ്യപ്പെടും.കന്നുകാലികൾ , ജീർണിച്ച മാംസത്തിൻ്റെ ഗന്ധം, അനാഥത്വം, പരാധീനത, അധികാരികൾ ചെയ്യുന്ന ക്രൂരതയ്ക്ക് മുന്നിൽ മാനവരാശിയുടെ  ദയനീയമായ പ്രാർത്ഥന തുടങ്ങിയവ ബോധ്യപ്പെടും. ചൂഷണത്തെക്കുറിച്ച് കന്നുമേക്കാരനായ ഗ്രിഗോരി  പത്രത്തിൽ എഴുതിയതറിഞ്ഞ് ചൂഷകൻ വന്നിരിക്കയാണ് , ആ പത്രവുമായി .ഗ്രിഗോരിയെ ആ ചൂഷകൻ വെടിവച്ചു കൊല്ലുന്നു. ഗ്രിഗോരിയുടെ വായിലേക്കാണ് അയാൾ വെടിവച്ചത്.അതും പോരാഞ്ഞ് ,കൂടെ വന്നവൻ ഗ്രിഗോരിയുടെ വായിലേക്ക് മണ്ണു കോരിയിടുന്നു. ഇതാണ് കഥ. ഈ കഥ എഴുതിയതുകൊണ്ട് മനുഷ്യവർഗ്ഗത്തിന് പ്രയോജനമുണ്ടായി. ചൂഷകരുടെ  ഈ വെടിയും മണ്ണുവാരിയിടലും ഇന്നും  സമൂഹത്തിൻ്റെ അധികാര ശ്രേണിയിൽ കാണാം. ചില സാഹിത്യപത്രാധിപന്മാരിൽ പോലും ഈ മനോഭാവം നിലനിൽക്കുന്നു. മനസ്സിനെ വിട്ടുമാറാതെ അസ്വസ്ഥപ്പെടുത്തിയ , ദീർഘകാലം മനസ്സിൽ കനലായി എരിഞ്ഞ കഥയാണിത്.

പ്രണയം ,ഭാഷ ,ഏകവേദം

ഇരവിയുടെ 'തീണ്ടാരി (കാലം 1950)' , വി.ജി.എം.ലേഖയുടെ 'മിഖായേൽ എന്ന പത്താമത്തെ പുരുഷൻ' എന്നീ കഥകൾക്ക് (കാലം, ത്രൈമസികം )സമകാലപ്രസക്തിയുണ്ട്. ഇരവി ആദിവാസികളുടെ ജീവിതത്തിൽ തീണ്ടാരിയായ  പെൺകുട്ടി അനുഭവിക്കേണ്ടിവരുന്ന യാതനകൾ വിശദമാക്കുന്നു. കഥയിൽ  ഉപയോഗിച്ചിരിക്കുന്നത്   ആദിവാസികളുടെ സംസാരഭാഷയാണ്. നഷ്ടപ്പെട്ടു പോകുമായിരുന്ന  വാക്കുകൾ വീണ്ടെടുക്കുന്നു എന്ന പ്രത്യേകതയുണ്ട്. വർത്തമാനകാലത്തും  തീണ്ടാരിയായ പെണ്ണുങ്ങൾക്ക് അയിത്തമുണ്ടല്ലോ. ഇരവി എപ്പോഴും വളരെ ഋജുവായി കഥ പറയുന്ന രീതിയാണ് അവലംബിക്കാറുള്ളത്.

ലേഖയുടെ 'മിഖായേൽ 'ജാതിമതങ്ങൾക്കതീതമായ ഒരു പ്രേമത്തെ വിഭാവന ചെയ്യുന്നിടത്താണ്  പ്രസക്തമാകുന്നത്. ആർക്കും വേണ്ടാത്ത ജൂതനായ മിഖായേലിനെ പ്രാർത്ഥനയിൽ എണ്ണം തികയ്ക്കാനായി സമുദായം തെരഞ്ഞെടുക്കുന്നു. എന്നാൽ അവനെ നേരത്തെ മുതൽ സ്നേഹിച്ചിരുന്ന ദിയാബാനു അവനോടു പറഞ്ഞു:  ''നമുക്ക് ഇസ്രയേലിലേക്ക് പോകാം. നമ്മുടെ രണ്ട് വേദങ്ങളെ ഒരു വാക്കിലെഴുതി ഒരു വേദമാക്കാം" . ഈ വേദം നമ്മുടെ ഒരു ജാതി ഒരു മതം ഒരു ദൈവം തന്നെയാണ് .ഉത്തരം ഉന്നതമായ വിശ്വദർശനം മനസ്സിൽ കൊണ്ടു നടക്കുന്ന എഴുത്തുകാരെ ഇന്നു കാണാനില്ലല്ലോ. രണ്ടു വർഷം മുമ്പു രാമനുണ്ണി മാതൃഭൂമി ഓണപ്പതിപ്പിലെഴുതിയ കഥയിൽ ശ്രീനാരായണ ഗുരുവിനെയും വാഗ്ഭടാനന്ദനെയും ആക്ഷേപിക്കുകയാണ് ചെയ്തത്. ആലോചനയില്ലാത്ത ,ബുദ്ധിശൂന്യനായ ,പിന്തിരിപ്പൻ എഴുത്തുകാരനാണ് രാമനുണ്ണി. ഇത്തരം വിടുവായത്തരം ആർക്കുവേണ്ടി വിടുപണി ചെയ്യുന്നതിൻ്റെ ഫലമായുണ്ടായ അധ:പതനമാണെന്ന് ഏത് കുട്ടിക്കും മനസ്സിലാകും.പലതിൻ്റെയും വാലായി നടക്കാൻ സ്വയം തീറെഴുതിക്കൊടുത്ത എഴുത്തുകാരെ ഇന്ന് ധാരാളമായി കാണാനുണ്ട്.

ജിസ ജോസിൻ്റെ 'തീർത്ഥശ്രാദ്ധം'(പ്രസാധകൻ ,മാർച്ച്) രണ്ട് പാവപ്പെട്ട സ്ത്രീകൾ മാനസ പരിവർത്തനത്തിനായി കോവിലിൽ പോകുന്നതിൻ്റെ ചിത്രം നല്കുന്നു. അവരുടെ ചുരം കയറിയുള്ള യാത്രയും സംഭാഷണങ്ങളും രസകരമാണ്. ഓരോരുത്തരും ചുമക്കുന്ന ഭാരം  വ്യത്യസ്തമാണല്ലോ; അതിജീവിക്കുന്നത് ഓരോ വിധത്തിലാണ്. ഒരാൾ സ്വന്തം അസ്തിത്വത്തെയാണ്  അന്വേഷിക്കുന്നത്. അതിൻ്റെ  താക്കോൽ തേടി ഓരോ വ്യക്തിയും ദുഃഖം പേറുന്നു. നീലവേണിയും കഥപറയുന്ന പെണ്ണും താന്താങ്ങളുടെ ഉൾപ്പിരിവുകൾക്ക്  ഉത്തരം തേടുകയാണ്. " വെള്ളത്തിലു കാലിട്ടു കുറേ നേരം ഇരുന്നാ സങ്കടമൊക്കെ ഒലിച്ചുപോകുന്ന പോലാ. കാലില്  മീനുകളു വന്നു കൊത്തും.ആകെ ഇക്കിളിം ചിരീം .തിരിച്ചുപോകുമ്പോഴും ആ ചിരി മുഖത്തും മനസ്സിലുമുണ്ടാവും.കരഞ്ഞോണ്ടാ വന്നേന്ന് ഞാൻ മറന്നു പോകും. അങ്ങനാ ഞാനന്നൊക്കെ വിഷമങ്ങളുമറന്നേരുന്നേ " .

അതിജീവിക്കാനുള്ള മാർഗമാണ് അസ്തിത്വത്തിൻ്റെ താക്കോൽ .നീലവേണിയും കഥ പറയുന്ന പെണ്ണും താന്താങ്ങളുടെ ഉൾപ്പിരിവുകൾക്ക് ഉത്തരം തേടുകയാണ്.

പ്രദീപ് എം നായരുടെ 'മരണച്ചിട്ടി' (മലയാളം, മാർച്ച് 15)ഒരു സിനിമയ്ക്ക് പറ്റിയ കഥയാണ്. രണ്ട് ഇൻഷുറൻസ് ഏജൻറുമാർ ശാന്തിപ്രഭ എന്ന സ്ത്രീയെ പോളിസിയെടുപ്പിക്കാൻ  ചെല്ലുകയാണ്.ശാന്തിപ്രഭ നാലുതവണ കല്യാണം കഴിച്ചിട്ടുണ്ട്. ഭർത്താക്കന്മാരെല്ലാം മരിച്ചുപോയി. ശാന്തിപ്രഭയാകട്ടെ അഴകിൻ്റെ തൂവലുകൾ പൊഴിക്കാതെ ഒരു പ്രഭ്വിയെ പോലെ കഴിയുകയാണ്. എന്നാൽ ഇൻഷുറൻസ് എടുപ്പിക്കാൻ ചെന്ന രണ്ടുപേരിലൊരാൾ ശാന്തിപ്രഭ എന്ന റിട്ടയേർഡ് അധ്യാപികയുടെ ഭർത്താക്കന്മാർ മരിച്ചുപോയതിൻ്റെ  രഹസ്യം കണ്ടുപിടിച്ചു. അവരുടെ മുറ്റത്തു വളർന്നു നിന്ന ഹെംലോക്ക് എന്ന ചെടിയാണ് വില്ലൻ.സോക്രട്ടീസിനെ കൊന്നത് ഹെംലോക്കിൻ്റെ അംശം ചായയിൽ കലർത്തി കൊടുത്താണെന്ന് അയാൾ പറയുന്നതോടെ ശാന്തിപ്രഭയുടെ മട്ടു  മാറി. അവർ ആ ചെടി അന്നു തന്നെ കത്തിച്ചു കളയുന്നു. ആ സ്ത്രീ ഭർത്താക്കന്മാരെ കൊന്നതാണെന്ന് വ്യക്തമായി.എന്നാൽ അത് കേസ്സാകണ്ടെ? .ഇൻഷുറൻസ് ഏജൻറുമാർക്ക് അതിലൊന്നും താത്പര്യമില്ല .കഥ എന്ന കലാരൂപത്തിനു ഈ രചന എന്തെങ്കിലും സംഭാവന ചെയ്തതായി തോന്നിയില്ല.

മാനസിയുടെ പഴയ ലോകം 

മാനസി എഴുപതുകളിലും എൺപതുകളിലും കേട്ട പേരാണ് കഥാകാരി മാനസിയുടേത്. എന്നാൽ അവർ തൻ്റെ  മാധ്യമത്തിൽ കാര്യമായ അന്വേഷണങ്ങൾക്കോ  പരീക്ഷണങ്ങൾക്കോ മുതിരാതെ അലസമായി കഴിയുകയായിരുന്നെന്ന്  മനസ്സിലാക്കിയത് വീട് ( ഭാഷാപോഷിണി, ഫെബ്രുവരി ) എന്ന കഥ വായിച്ചപ്പോഴാണ്. പരീക്ഷണാത്മകതയില്ലെങ്കിൽ കവിതയില്ല; കവിതയില്ലെങ്കിൽ കഥയുമില്ല. ഏത് അനുഭവവും  കവിതയായാണ് മനസ്സിൽ അവശേഷിക്കേണ്ടത്. അത് വിശദീകരിക്കാനാണ് പ്രത്യേക ഗദ്യം വേണ്ടത്. മാനസി എഴുതിയ കഥയിൽ  ഒരു സ്ത്രീ ഭർത്തൃവീട്ടിൽ പീഡനമനുഭവിക്കുകയാണ്. അന്ധവിശ്വാസവും മാമൂലമാണ് കഥാകാരി എഴുതുന്നത്. ജീർണ്ണിച്ച തറവാടുകളിൽ കെട്ടിക്കിടക്കുന്ന അന്ധതതമസ്സുകൾ ഇനിയും  എന്തിനെഴുതണം? ആ കാലം മാറിയില്ലേ ? മാനസി ഈ  കഥയെഴുതിയത് അറുപതുകളിലോ  എഴുപതുകളിലോ ആയിരിക്കുമെന്നാണ് ഞാൻ ചിന്തിച്ചത് .ഇപ്പോൾ പ്രസിദ്ധീകരിക്കാൻ നല്കിയതാകാം. കാരണം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇതുപോലൊരു കഥ ആരും തന്നെ എഴുതാൻ തയ്യാറാകില്ല. " പെണ്ണിൻ്റെ ചുരുണ്ടു മുരടിച്ച ചൂണ്ടുവിരൽ , തറവാടിന് ആപത്താണെന്ന് ജ്യോത്സൻ പറഞ്ഞ ദിവസം ദിലീപിൻ്റെ അച്ഛൻ എൻ്റെ  വിരിലിലേക്ക് തുറിച്ചുനോക്കി .ദിലീപിനെ മൂന്നു മാസം ഗർഭമായിരുന്നു എനിക്കന്ന് . പറയാൻ എപ്പോഴോ ബാക്കി വച്ച എന്തോ പറയും പോലെ ഭർത്താവ് ചെത്തിക്കളഞ്ഞ ചെറുവിരലിൻ്റെ കുറ്റി അവർ തൻ്റെ നേരെ നീട്ടി'' . ഇതുപോലുള്ള സംഭവങ്ങൾ ഇപ്പോൾ വിചിത്രമായി തോന്നുകയാണ്. മാനസിയുടെ സ്ത്രീകഥാപാത്രങ്ങൾ പുറംലോകം കാണാത്തവരാണ്.  അവർക്ക് കാലബോധമില്ല. എന്നാൽ ഇന്നത്തെ സ്ത്രീകൾക്ക് ഇതൊന്നും  വലിയ കാര്യമല്ല. ഇതിനപ്പുറത്തെ പ്രശ്നങ്ങളാണ് ഇപ്പോഴുള്ളത്. ഭർത്താവു കഴുത്തറത്ത് കൊല്ലുകയല്ലേ .സാധാരണ വീടുകളിലല്ല ;സാമ്പത്തികവും ലൈംഗികവുമായ പുതിയ കാര്യങ്ങൾ ഉദയം ചെയ്തിരിക്കുന്നു.  ജീവിക്കുക  അല്ലെങ്കിൽ മരിക്കുക എന്ന തീരുമാനമെടുത്തവരുമുണ്ട്. മാനസിയുടെ കഥയേക്കാൾ വളർന്ന ലോകമാണ് ഇന്നുള്ളത്.കഥ എഴുതിക്കഴിയുമ്പോഴേക്കും മാനസിയുടെ ലോകം പിന്നോട്ടു പോയിക്കഴിഞ്ഞിരിക്കും.  മാനസിയുടെ അനുഭവങ്ങൾ ദുർബലമാണ് .

ആർ. പവിത്രൻ്റെ 'ഭൂമി തുരക്കുന്ന കിഴവനും പാമ്പുമരവും' (പ്രഭാത രശ്‌മി ,ഒക്ടോബർ ) എന്ന കഥ  സാമാന്യം തരക്കേടില്ലാത്ത രീതിയിൽ പരാജയപ്പെട്ടു. ക്ളീഷേ വാചകങ്ങളും  അതിഭാവുകത്വപരമായ കാഴ്ചകളുമാണ് ഇതിലുള്ളത്. 'ജനിച്ചു  മണിക്കൂറുകൾക്ക് ശേഷമാണ് ഞാൻ കണ്ണുതുറന്നു ലോകം കാണാൻ തുടങ്ങിയത്' എന്ന് ആദ്യം വാചകം തന്നെ പിശകാണ് .ആർക്കാണ് ഇക്കാര്യത്തിൽ ഇത്ര കൃത്യതയുളളത്. ?ജനിച്ചാലുടനെ കാണുകയാണോ ? ഈ കഥയിലെ സംഭവങ്ങൾക്കൊന്നും  അടിസ്ഥാനമില്ല .മരത്തിൽ കയറുന്നതും എട്ടുകാലി വലകെട്ടുന്നതും മിഥുനങ്ങൾ തൂങ്ങിച്ചത്തതും കിഴവനും പാമ്പുമരവുമെല്ലാം അവ്യക്തതകൾ മാത്രമാണ്. ഒരു അനുവാചകന് ഇത് വായിക്കുന്നത് സാഹസമായിരിക്കും. ഈ കഥാകൃത്തിനു ആത്മാർത്ഥതയോ ലക്ഷ്യമോ ഇല്ല . 

ഗൊയ്റ്റിസോളോയുടെ പുനർവായനകൾ

ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും വലിയ പരീക്ഷണകുതുകിയും സാഹസികരചയിതാവും എന്ന്  പ്രശസ്ത നോവലിസ്റ്റ് കാർലോസ് ഫ്യൂവൻ്റിസ് വിശേഷിപ്പിച്ച സ്പാനീഷ് എഴുത്തുകാരൻ ഹുവാൻ ഗൊയ്റ്റിസോളോ (Juan Goytisolo, 1931-2017) 1956 മുതൽ പാരിസിലായിരുന്നു പ്രവർത്തനം. അവിടെവച്ചാണ് ലൂയി ബുനുവൽ, സാർത്ര് ,കമ്യൂ ,റെയ്മണ്ട് ക്യൂനോ , ജീ ദിബോർ, മാർഗരറ്റ് ഡ്യൂറാസ്  തുടങ്ങിയ പ്രതിഭകളെ പരിചയപ്പെടുന്നത്.

ഒരിക്കൽ ഗൊയ്റ്റിസോളോ ഇങ്ങനെ പറഞ്ഞു: ഫ്രഞ്ച് ചിന്തകനും ചലച്ചിത്രകാരനുമായ ജീ ദെബോറിൻ്റെ ' The society of the spectacle ' എന്ന പുസ്തകമാണ് ഞങ്ങളുടെ കാലഘട്ടത്തെ ശരിക്കും നിർവ്വചിച്ചത്, മാർക്സിനെക്കാൾ. എന്നാൽ നോവൽ ഏത് രീതിയിലും എഴുതാം. ഗദ്യത്തിലും കവിതയിലും. അതേസമയം ഇന്നത്തെ കവിതയ്ക്ക് വേറൊരു ആഖ്യാനരീതി സാധ്യമല്ല'.

തൻ്റെ 'ഹുവാൻ ദ് ലാൻഡ്ലസ്' എന്ന നോവൽ വീണ്ടും വായിച്ചപ്പോൾ നൂറ് പേജ് എഡിറ്റ് ചെയ്തു ഒഴിവാക്കേണ്ടി വന്നുവെന്ന് ഗൊയ്റ്റിസോളോ പറഞ്ഞു. പുനർ വായന ഹരമാണെനിക്ക് .സാഹിത്യകൃതികൾ  വീണ്ടും വായിക്കാൻ ക്ഷണിക്കുന്നു. വീണ്ടും വീണ്ടും വായിക്കുന്നവരെയാണ് ഞാൻ തേടുന്നത് .എല്ലാ  വേനലവധിക്കും ഞാൻ രണ്ടോ മൂന്നോ എഴുത്തുകാരെ, ദിദെറോ ,ഫ്ളോബർ ,  ടോൾസ്റ്റോയ് ,വീണ്ടും വായിക്കും' .

സേതുമാധവൻ്റെ ദു:ഖഗോപുരങ്ങൾ

മനസ്സിൽ കവിതയുള്ള കഥാകൃത്താണ് മുണ്ടൂർ സേതുമാധവൻ .അദ്ദേഹത്തിൻ്റെ  കഥകളുടെ ആഖ്യാനവഴിക്ക് സമാന്തരമായി ഒരു സ്വഗതാഖ്യാനവുമുണ്ട് .അദ്ദേഹം തന്നോടുതന്നെ സംസാരിക്കുകയാണെന്ന് തോന്നും. ആത്മീയമായ അന്തർഭാവങ്ങൾ ഉൾക്കൊണ്ട ഈ കഥാകൃത്ത് കവിതയിലാണ്  തൻ്റെ  പ്രതിപാദ്യത്തെ ചുരുൾ നിവർത്തുന്നത് .കാലം (പ്രഭാതരശ്മി, ഫെബ്രുവരി ) എന്ന കഥ അത് വ്യക്തമാക്കുകയാണ്.  വിനയനും വനജയും തമ്മിലുള്ള പ്രേമവും രതിസംഗമവും  കഴിഞ്ഞിട്ടെത്രയോ കാലമായി ! .എന്നാൽ എന്തിനെന്നറിയാതെ വിനയൻ ശോകാകുലനാകുന്നു. അയാൾ അവളെ തേടുകയാണ്, നദിയിലും കാറ്റിലും സന്ധ്യയിലും . ശോകനാശിനിയിൽ കാലുകൾ നീട്ടിയിരിക്കുമ്പോഴും സന്ധ്യ അയാളെ വനജയായി പ്രലോഭിപ്പിക്കുന്നു.


"വനജാ നീ എൻ്റെ ആരാണ്? ഞാൻ നിൻ്റെ ആരാണ് ? ആരുമല്ല .ആരുമാവാൻ വയ്യ . നാം രണ്ട് സമാന്തരരേഖകൾ. മലയിൽ നിന്നും ശോകനാശിനിയിലൂടെ ഒഴുകിപ്പോകുന്ന രണ്ടു ചിറ്റോളങ്ങൾ. അത്രമാത്രം' .മറ്റൊരിടത്ത് വിനയൻ്റെ  ആത്മപരിണാമത്തെ , ഉൾക്കോളിളക്കങ്ങളെ അനാവരണം ചെയ്തുകൊണ്ട് കഥാകൃത്ത് ഇങ്ങനെ എഴുതുന്നു: 

'' ശോകനാശിനി വിനയനിൽ എല്പിച്ച കാലത്തിൻ്റെ ദു:സ്വപ്നങ്ങളും ദു:ഖഗോപുരങ്ങളും ദുർന്നിമിത്തങ്ങളും ഒതുങ്ങി .ആകാശത്ത് ഒരു പേരില്ലാപ്പക്ഷി ആരെയോ നീട്ടി വിളിച്ചു. വരാൻ ആരുമില്ലാ എന്നറിഞ്ഞിട്ടും തൻ്റെ ഖേദത്തിനുള്ള ശമനത്തിനായി ഒരു നിലവിളി " .

കഥയിൽ കടന്നു വരുന്ന ഈ സ്വാഗത ഭാഷണം ആത്മാവിൻ്റെ വ്യോമ ലോകത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്.

ടി.പത്മനാഭൻ്റെ  സഹൃദയസംഗീതം

ഏതാനും മാസങ്ങൾക്ക് മുമ്പാണ് ടി.പത്മനാഭൻ  'ബാബു '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ) എന്ന കഥയെഴുതിയത്.പത്മനാഭൻ എന്ന കഥാകൃത്തിൻ്റെ ജീവിതത്തിലെ ഒരു സന്ദർഭം വിവരിക്കുകയാണ്.അതിൽ സഹൃദയത്വത്തിൻ്റെ പ്രഭാവമുണ്ട്. അദ്ദേഹം തൻ്റെ  മനസ്സിലെ  ഹരിതാഭമായ നിമിഷങ്ങൾക്ക് അനുസൃതമായി നല്ല മനുഷ്യരെ കാണുന്നു. വായനയും കവിതയും പ്രകൃതിയും ചേരുന്ന ഒരു ബിന്ദുവിലാണ് പത്മനാഭൻ്റെ കഥയുടെ  സംഗീതം ഒഴുകുന്നത്. ഒരു മയിൽപ്പീലി ശ്രീകൃഷ്ണനെ അന്വേഷിക്കുന്നതുപോലെ മനുഷ്യവികാരങ്ങൾ അതിൻ്റെ പ്രാചീനമായ ബാന്ധവം തേടുകയാണ്. കഥാകൃത്തിനെ സ്നേഹിച്ച ബാബു എന്ന വ്യക്തി ഇങ്ങനെ പറയുന്നു: ''ഒരിക്കലും മറക്കാൻ കഴിയാത്ത മറ്റൊന്നുകൂടിയുണ്ട്. എൻ്റെ രണ്ടു മക്കളുടെയും കല്യാണത്തിന് സാർ  വന്നിരുന്നു. കേവലം ഒരു ചടങ്ങായി വന്നു പോവുകയല്ല ഉണ്ടായത്. ആദ്യന്തം പങ്കെടുത്തു ഭക്ഷണവും കഴിച്ചേ പോയുള്ളൂ .എൻ്റെ മക്കൾക്ക് സ്നേഹത്തോടെ വിവാഹസമ്മാനവും  നൽകി .പൊന്നും പണവുമൊന്നുമായിരുന്നില്ല ;സാറെഴുതിയ പുസ്തകങ്ങളായിരുന്നു. എൻ്റെ മക്കൾ ആ പുസ്തകങ്ങൾ നിധിപോലെ സൂക്ഷിക്കുന്നുണ്ട്' .

 ഇതൊക്കെയല്ലേ  സൗഹൃദം? തനിക്ക് എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന് വിചാരിച്ചു സൗഹൃദങ്ങളിൽ നിന്നും മാറി നിൽക്കുന്നവരുടെ ഈ കാലത്ത് പത്മനാഭൻ്റെ ബാബു ഒരുണർവ്വാണ്. പത്മനാഭൻ്റെ ഏറ്റവും മികച്ച കഥയായി ഞാൻ കാണുന്നത് 'കത്തുന്ന ഒരു രഥചക്ര'മാണ്. എന്നാൽ  ചിലപ്പോൾ 'ഗൗരി ' എല്ലാ ധാരണകളെയും തെറ്റിച്ച് മുന്നിൽ വന്നുനിൽക്കും.

ജയനാരായണൻ്റെ നീലിമ

എൺപതുകളുടെ തുടക്കത്തിൽ ഞാൻ കൂത്താട്ടുകുളത്തു നിന്ന്  എറണാകുളത്ത് മിക്കവാറും പോകുമായിരുന്നു. കഥാകൃത്ത് ജയനാരായണനെ കാണാൻ വേണ്ടിയായിരുന്നു ആ യാത്രകൾ.അദ്ദേഹം താമസിച്ചിരുന്ന തേവരയിലെ ദീപാ ലോഡ്ജിൽ പോയിട്ടുണ്ട്. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായിരുന്ന ജയനാരായണനു  വലിയ സുഹൃത്ത് വലയം ഇല്ലായിരുന്നു. കുറച്ചൊക്കെ അന്തർമുഖനായിരുന്നു; പ്രസംഗിക്കില്ല. എന്നാൽ നല്ല വായനക്കാരനായിരുന്നു .കോഫിഹൗസ് ചർച്ചകൾ ഇഷ്ടമായിരുന്നു.  ജയനാരായണനൊപ്പം എത്ര പ്രാവശ്യം കെ.എൻ.ഷാജി ഫോർട്ടുകൊച്ചിയിൽ നടത്തിയിരുന്ന 'നിയോഗം ' മാസികയുടെ ഓഫീസിൽ പോയിരിക്കുന്നു. അന്ന് ഞാൻ നിയോഗത്തിൽ എഴുതുമായിരുന്നു.ഷാജിക്ക് അവിടെ സ്വന്തം പ്രസ്സ് ഉണ്ടായിരുന്നു. എൻ്റെ  ആത്മായനങ്ങളുടെ ഖസാക്ക് ' ( 1984) അച്ചടിച്ചത് ഷാജിയുടെ പ്രസ്സിലാണ്; നാഷണൽ ബുക്ക് സ്റ്റാൾ വിതരണം ചെയ്തു.ജയനാരായണൻ്റെ 'നീലപ്പക്ഷി ' ഉൾപ്പെടെയുള്ള കഥകളിൽ ഞാൻ കണ്ടത് അതീന്ദ്രിയവും യോഗാത്മകവുമായ  അതിഭൗതികലോകമാണ്. ലോകത്തിലെ അനീതിയെയും പൊരുത്തക്കേടിനെയും എതിർത്ത് തോല്പിക്കാൻ വേണ്ടി ജയനാരായണൻ തൻ്റെ കഥകളിൽ മനുഷ്യരുടെ അഭൗമരാഗസൗന്ദര്യം സൃഷ്ടിച്ചു.കഥകളെക്കുറിച്ചു സംസാരിച്ചുകൊണ്ട് ഞങ്ങൾ എറണാകുളത്തെ തെരുവുകളിലുടെ പല തവണ അലഞ്ഞിട്ടുണ്ട്. അദ്ദേഹം എനിക്ക് നാട്ടിലെ ലൈബ്രറികളിൽ കിട്ടാത്ത പുസ്തകങ്ങൾ വായിക്കാൻ തന്നു. അദ്ദേഹം വിലകൊടുത്തു വാങ്ങിയ ആംഗല ഭാഷാപുസ്തകങ്ങളായിരുന്നു. ഒരു സായാഹ്നയാത്രയിൽ ജയനാരായണൻ ഇങ്ങനെ പറഞ്ഞു: നമുക്ക് ഒരു നിറമേ ഉള്ളൂ; അത് ആകാശത്തിൻ്റെ നീലയാണ്. ഞാനതിൽ സർവ്വപ്രപഞ്ചത്തെയും കാണുന്നു. എൻ്റെ കഥകളിലാകെ ആ നീലയാണ്. അതിൽ വലിയവനോ ചെറിയവനോ ഇല്ല .സന്തുലിതവും അഗാധവുമാണത്. മറ്റൊരർഥത്തിൽ  അമൂർത്തവുമാണ്' .

ചരിത്രത്തെ നിരർത്ഥകമാക്കുന്നത്

പ്രകൃതിയിൽ കോടിക്കണക്കിന് ജീവികൾ ഒരു നിമിഷത്തിൽ  ജനിക്കുകയും മരിക്കുകയും ചെയ്യുകയാണല്ലോ. ആരും ഓർക്കുന്നില്ല. പ്രകൃതിയിൽ  ഓർമ്മകളും മറവികളും മാത്രമേയുള്ളൂ. ഓർക്കുന്നതു മനുഷ്യരാണ്. മനുഷ്യൻ്റെ  രോഗമാണ് ഓർമ്മകൾ ;മറവി എന്നതുപോലെ. ഇന്നലെകളിലെ കോടിക്കണക്കിന് മനുഷ്യരെ ഓർക്കാതെ മാനവവർഗ്ഗം ഇന്ന്  അലസമായി കടന്നുപോവുകയാണ്. ഇതാണ് വിധി .ഈ അവസ്ഥ യാഥാർത്ഥ്യം എന്ന് നാം വിളിക്കുന്നതിനെ മിഥ്യയാക്കി മാറ്റും.സലിൻ മാങ്കുഴി എഴുതിയ ഭൂതം (പ്രസാധകൻ ,മാർച്ച് ) വർത്തമാനകാലമാണോ ഭൂതകാലമാണോ നുണയെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട് .ചാനൽ പ്രൊഡ്യൂസർ അനൂപും രാജീവും തങ്ങളുടെ പൂർവ്വികരെ തേടി നടത്തുന്ന ചർച്ചയാണ് കഥ .ഒടുവിൽ രാജീവ് കൊല്ലപ്പെടുന്നു. ചരിത്രം നുണയാണെങ്കിൽ ഇന്നത്തെ ജീവിതവും നുണയാണ്.

എല്ലാവരും എഴുതേണ്ട

ഇന്ന് എല്ലാവരും എഴുതുന്നത് ജനാധിപത്യത്തിലെ വോട്ടവകാശം പോലെ ഭരണഘടനാപരമായ ഉത്തരവാദിത്വം എന്ന നിലയിലാണ്. സ്ഥിരമായി ചർച്ചചെയ്യുന്ന, ആഴമില്ലാത്ത ,കാഴ്ചപ്പാടില്ലാത്ത, മികച്ച ഭാഷയില്ലാത്ത കഥകൾ എല്ലാവരും എഴുതുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. യാതനയനുഭവിക്കുന്നവരാണ് എഴുതേണ്ടത്. മനുഷ്യാസ്തിത്വത്തിൻ്റെ ആഴത്തിലുള്ളത് കാണാൻ  ശ്രമിക്കണം .കൂടുതൽ പേരും വായനക്കാരാവുന്നതാണ് ഏറ്റവും നല്ലത്.അമേരിക്കൻ എഴുത്തുകാരി ഉൾസുല കെ ലെഗ്വിൻ (Ursula k LeGuin) ഇങ്ങനെ പറഞ്ഞു: 'But saying anybody can be a writer is kind of like saying anybody can compose a sonata 

ആർക്കും ഒരു സൊണാറ്റ (ഉപകരണ സംഗീതം) കമ്പോസ് ചെയ്യാനാവില്ലല്ലോ. അതുപോലെ മഹത്തായ കൃതികൾ എഴുതാൻ സാധാരണമായിട്ടുള്ള  എടുത്തശേഷി പോരാ. അതിനൊരു  പ്രത്യേക സിദ്ധി വേണം.

നെരൂദയുടെ ഭ്രാന്തമായ ചുംബനങ്ങൾ 

സബീന എം. സാലിയുടെ 'വസന്തത്തിലെ ചെറിമരങ്ങൾ' (മാധ്യമം ആഴ്ചപ്പതിപ്പ് ,മാർച്ച് 15) എന്ന കഥ ഞെട്ടിക്കുകയും ഉലയ്ക്കുകയും ചെയ്തു. ചിലിയൻ കവി പാബ്ളോ നെരൂദ വിപ്ളവപാർട്ടിയിലെ ചില പ്രമുഖരോടൊപ്പം ഒളിച്ചു താമസിക്കുന്നയിടത്തേക്ക്  ഫ്ളോറ എന്ന യുവതി സംഗീതവുമായി കടന്നുവരുന്നതാണ് കഥയിൽ ആവിഷ്കരിക്കുന്നത് .ആത്മാവിൻ്റെ  രസമുകുളങ്ങൾ ഉണർത്തുക മാത്രമല്ല ഈ കഥ ചെയ്യുന്നത് ;ചിലിയൻ പശ്ചാത്തലവും നെരൂദയുടെ ചിന്തകളും  ഒരു കവി മനസ്സിലൂടെ എന്നപോലെ കാണിച്ചുതരികയാണ്. തീവ്രവികാരങ്ങളിൽ സ്നാനം ചെയ്യുന്ന ഒരു വലിയ കവിയുടെ ആന്തരിക ഉന്മാദങ്ങളും വിസ്മയകരമായ ലൈംഗിക വെളിപാടുകളും ഈ കഥയിൽ സൂക്ഷ്മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്‌.വാക്കുകൾ നേരിൻ്റെ ചിറകുകൾ നേടുകയാണ്.  ഫ്ലോറയെ അടുത്തറിയുന്ന  നിമിഷത്തിൽ നെരൂദ തനിക്ക് സ്ത്രീശരീരങ്ങളോടുണ്ടായിരുന്ന ആസക്തിയും ആത്മാർപ്പണവും ഒരു മിസ്റ്റിക്കിൻ്റെ നിഷ്കളങ്കതയോടെ  അറിയിക്കുന്നു .

"ഏതോ ആദിമചോദനയിലെന്നവണ്ണം ,അയാളവളെ ഭ്രാന്തമായി  ചുംബിച്ചു.അയാളുടെ ചുണ്ടുകൾ ഉരസിയ അവളുടെ ശരീരഭാഗങ്ങളിലെല്ലാം തീ പടർന്നു പിടിക്കും പോലെ നേർത്ത ചോപ്പു നിറം പടർന്നു.ഓരോ രോമകൂപത്തിലും ചെറിപ്പൂക്കൾ വിടർന്നു .ചുംബനങ്ങൾ പൊള്ളിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്നതിനുസരിച്ച് ,ധമനികൾ ചോന്നു തുടുത്തു.സിരകളിലാകെ നീലിച്ച രക്തമുറഞ്ഞു. ആർത്തിയുടെ ആസ്വാദനതലങ്ങളിലേക്ക് ചേർത്തുപിടിക്കുന്തോറും അവൾ  വസന്തത്തിലെ ചെറി മരം പോലെ പൂത്തുലഞ്ഞു.

ഫ്ളോറയുമായുള്ള സംഭാഷണത്തിൽ നെരൂദ തൻ്റെ ജീവിതരഹസ്യം വെളിപ്പെടുത്തുന്നതിങ്ങനെയാണ്. "എങ്കിൽ വായനയാണ് എൻ്റെ  കരുത്ത്. അതെൻ്റെ ആത്മാവിനെ വരെ തണുപ്പിക്കുന്നു .കസൻദ് സാക്കിസിൻ്റെ 'സോർബ ദ് ഗ്രീക്ക് ' വായിച്ചതിൻ്റെ ഹാങ്ങോവറിലാണ് ഞാനിപ്പോൾ .സോർബയെ പോലെ സങ്കടം വന്നാൽ നൃത്തം വയ്ക്കണം. ഉന്മാദം തോന്നുമ്പോൾ സന്തൂർ വായിക്കണം .കേവലം ഒരു കഥാപാത്രമാണെങ്കിൽത്തന്നെയും, ജീവിതമേൽപ്പിക്കുന്ന ഏത് ആഘാതത്തെയും ചിരിച്ചുകൊണ്ടു നേരിടാൻ അലക്സി സോർബയെന്ന വൃദ്ധകഥാപാത്രത്തെ ഞാൻ മാതൃകയാക്കുന്നു. ജീവിക്കുന്ന ഓരോ നിമിഷവും പൂർണമായ ആനന്ദത്തോടെ ജീവിക്കുക " .സബീന ഈ  കഥ എഴുതാൻ നല്ലപോലെ അധ്വാനിച്ചിട്ടുണ്ട്. ഒരു സംസ്കാരത്തെ, അനുഭൂതിയെ, തീവ്രമായ അഭിലാഷത്തെ വാക്കുകളിൽ അവിഷ്കരിക്കാൻ ഈ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു എന്നറിയുന്നതിൽ  സന്തോഷമുണ്ട്.

തൻ്റെ പ്രേമഭാജനത്തിൻ്റെ ചിരിയെപ്പറ്റി നെരൂദ ഇങ്ങനെ പാടി :

But when your 

laughter enters

It (my struggle) rises to the sky

Seeking me

And it opens

For me all

The doors of life


ജൂലിയൻ ബാൺസ് സത്യത്തെ തേടുന്നു

The sense of an ending  ഉൾപ്പെടെ ഒരു ഡസൻ നോവലുകളുടെ രചയിതാവായ ജൂലിയൻ ബാൺസ് സാഹിത്യത്തിൻ്റെ സവിശേഷതയെക്കുറിച്ച് പറഞ്ഞത് ഇതാണ് :''ഒരു വലിയ സാഹിത്യകൃതിക്ക് ആഖ്യാനമികവ് , സ്വഭാവ ചിത്രീകരണം ,ശൈലി അങ്ങനെ പലതുമുണ്ട്. എന്നാൽ അത് ലോകത്തെ വിവരിക്കുന്നത്  മുമ്പൊരിക്കലും ആരും ചെയ്തിട്ടില്ലാത്തവിധമായിരിക്കും. വായനക്കാർ സ്വീകരിക്കുന്നത് പുതിയ സത്യങ്ങൾ പറഞ്ഞതുകൊണ്ടാണ്. ഔദ്യോഗിക വിശദീകരണങ്ങളിലോ, സർക്കാർ രേഖകളിലോ , പത്രങ്ങളിലോ ,ടെലിവിഷനിലോ  ഇതുവരെയും വന്നിട്ടില്ലാത്ത സത്യങ്ങളാണ് അതിലുണ്ടായിരിക്കുക. 'മാഡം ബോവറി'യുടെ പ്രത്യേകത അതാണ്. അതിൽ പറയുന്ന സ്ത്രീകളെപ്പറ്റി ,ആ സമൂഹത്തെപ്പറ്റി ലോകത്തൊരിടത്തും അതിനു മുമ്പ് പ്രതിപാദിച്ചിരുന്നില്ല" . 

മാറു മറയ്ക്കാത്ത സത്യം

അയൽ സംസ്ഥാനതൊഴിലാളിയെ വീട്ടിൽ ജോലിക്ക് വയ്ക്കുന്ന യുവതിയുടെ കാമകുതൂഹലങ്ങളാണ് ബി.എൻ. റോയ് 'അവനും അവളും അനുവാചകരും' (പ്രസാധകൻ ,ജനുവരി )എന്ന കഥയിൽ പറയുന്നത്. എരിവുള്ള ഭാഷയിലാണ് മാറുമറയ്ക്കാത്ത സത്യങ്ങൾ  എഴുതേണ്ടതെന്ന് റോയിക്കറിയാം. പക്ഷേ , ഇത്തരം കഥകൾകൊണ്ട് എന്താണ് പ്രയോജനമെന്ന് മനസ്സിലാകുന്നില്ല .

ടാഗോറും പുത്തേഴനും

കഥയിൽ പ്രകൃതിയുണ്ട് ;എസ് .കെ. പൊറ്റക്കാട് ,ഉറൂബ് ,എം .ടി എന്നീ കാഥികത്രയം പ്രകൃതിയെ ഒപ്പം കൂട്ടിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ മാനസികാപഗ്രഥനത്തിനു പ്രകൃതിയെ വിവരിക്കേണ്ടത് അത്യാവശ്യമാണ്‌.

രവീന്ദ്രനാഥ ടാഗോറിൻ്റെ 'വജ്രകഠിനം ' എന്ന കഥയിലെ ഈ ഭാഗം നോക്കൂ:

"കറുത്തവാവു കഴിഞ്ഞു.പത്തു ദിവസത്തിനു ശേഷം ഒരു രാത്രി .അക്കൊല്ലത്തെ വർഷാരംഭത്തിനു ശേഷം അന്നാണ് കാർമേഘങ്ങൾ നീങ്ങി ആകാശം നിർമ്മലമായി കാണപ്പെട്ടത്.ചന്ദ്രൻ നിർബാധമായി പ്രകാശിച്ചു .ഗാഢനിദ്രയെ പ്രാപിച്ചിരിക്കുന്ന ജീവലോകത്തിൻ്റെ തലയ്ക്കൽ ,അതിനെ കാത്തും കൊണ്ടിരിക്കുന്നതു പോലെ നിലാവ് തെളിഞ്ഞു.നിശ്ചഞ്ചലമായ ആ രാത്രി മനോഹരമായി വിളങ്ങി. രാജീവൻ ഉറങ്ങാതെ പുറത്തേക്ക് നോക്കി കൊണ്ട് ചിന്താമഗ്നനായി ജനാലയ്ക്കലിരിക്കുകയാണ്. ഉഷ്ണം  ബാധിച്ചിട്ടുള്ള കാട്ടുപ്രദേശത്തുനിന്ന് എന്തോ ഒരു വാസന പുറപ്പെട്ടിരുന്നു. പുറത്തുനിന്ന് അലസതയോടുകൂടി കരയുന്ന ചീകീടിൻ്റെ ശബ്ദം അകത്തു പ്രവേശിച്ചിരുന്നു. നാലുപുറവും വൃക്ഷസമൂഹങ്ങളോടു കൂടിയ തടാകം ചന്ദ്രരശ്മിയേറ്റ് , മിനുസപ്പെടുത്തിയ വെള്ളിപ്പലക പോലെ പ്രകാശിച്ചു. അങ്ങനെയുള്ള സമയത്ത് ഇന്നതെന്ന്  പ്രത്യേകിച്ച് വിവരിക്കാൻ കഴിയുന്ന വല്ല ചിന്തകളും മനുഷ്യർക്ക് ' സാധാരണമായുണ്ടാകുമോ എന്നു സംശയമാണ് " .

ടാഗോർ ഈ വിധം പ്രകൃതിയെ പഠിക്കുന്നതെന്തിനാണ്.? പ്രമുഖ വിമർശകനും പരിഭാഷകനുമായ  പുത്തേഴത്ത് രാമൻമേനോൻ  ഇങ്ങനെ വിശദീകരിക്കുന്നു:

''ടാഗോർ കഥകളിലെ പ്രകൃതി വർണ്ണനകൾ കഥയുടെ ഉദ്ദേശത്തിനു അനുരൂപങ്ങൾ ആകുന്നു. സ്ത്രീപുരുഷന്മാരുടെ സർവ്വസാധാരണ ങ്ങളായ ചില പ്രധാനവികാരങ്ങളുടെ 'വലുതാകപ്പെട്ട ' ചിത്രങ്ങളെയാണ് ടാഗോർ വരച്ചുകാണിക്കുന്നത്. കഥകളിൽ കാണപ്പെടുന്ന പ്രകൃതി വർണ്ണനകൾ ആ ഹൃദയവ്യാപാര ചിത്രങ്ങൾക്ക് പ്രകാശം കൊടുക്കുന്ന മണിദീപങ്ങൾ മാത്രമാകുന്നു. തനിക്ക് പ്രകൃതി വർണനക്ക് വൈദഗ്ദ്ധ്യമുണ്ടെന്ന് കാണിപ്പാനായി ടാഗോർ ആ വിഷയത്തിൽ പരിശ്രമിക്കുന്നില്ല. ലോകപ്രകൃതിയും മനുഷ്യപ്രകൃതിയും പരസ്പരം ദൃഢമായി ബന്ധിക്കപ്പെട്ടുകിടക്കുന്നു എന്ന അനശ്വരതത്ത്വത്തെ ആ പ്രകൃതി വർണനകൾ ഉദാഹരിക്കുന്നു. പ്രപഞ്ചാത്മാവും മനുഷ്യാത്മാവും  അദൃശ്യങ്ങളും അസ്പഷ്ടങ്ങളും ആയാലും ഏതോ ചില ദിവ്യ തന്തുക്കളാൽ അലംഘ്യമായ വിധത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത് " .

അതുകൊണ്ട് കഥാപാത്രങ്ങളെ ആവിഷ്കരിക്കുമ്പോൾ അതിൽ പ്രകൃതിയുമുണ്ട് എന്ന വസ്തുത കഥാകൃത്തുക്കൾ വിസ്മരിക്കരുത്. അപ്പോഴാണ് സഹിതമായതാണ് സാഹിത്യം എന്ന ആശയം പൂർണത തേടുന്നത് .

രചനകളുടെയും കാര്യത്തിൽ അപക്വമായ തിരഞ്ഞെടുപ്പുകളാണ്  അദ്ദേഹത്തിൻ്റെ ഭാഗത്തു നിന്നുണ്ടായത് . കഥയെഴുതാൻ കഴിവില്ലാത്ത ഉണ്ണി .ആറിൻ്റെ എത്ര മുഖചിത്രങ്ങളാണ് അദ്ദേഹം  അച്ചടിച്ചത്! .


എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021


ഇക്കിഗൈ: നവജീവിതത്തിൻ്റെ പൊരുൾ


 

എം.കെ.ഹരികുമാർ


ജപ്പാനിലെ ഓക്കിനാവയിൽ നൂറു വയസ്സിനു മുകളിൽ ജീവിച്ചിരിക്കുന്ന ധാരാളം പേരുണ്ട് .എന്തുകൊണ്ടാണ് ഇവർക്ക് വയസ്സായിട്ടും അല്ലലില്ലാതെ ജീവിക്കാനാകുന്നത്? .ഈ ചോദ്യമാണ് ഹെക്ടർ ഗാർസിയ (Hector García)  ഫ്രാൻസെസ് മിറാലേസ്(Frances Miralles) എന്നിവരെ ജീവിതത്തിൻ്റെ  ഇക്കിഗൈ എന്താണെന്ന് കണ്ടെത്താൻ പ്രേരിപ്പിച്ചത്. തങ്ങളുടെ ഗവേഷണത്തിൻ്റെയും പഠനത്തിൻ്റെയും  ഫലങ്ങൾ ലോകത്തെ അറിയിക്കണം എന്നാഗ്രഹിച്ച അവർ ഒരു പുസ്തകമെഴുതി: "ഇക്കിഗൈ - ദ് ജാപ്പനീസ് സീക്രട്ട് ടു എ ലോംഗ് ആൻഡ് ഹാപ്പി ലൈഫ് ' .

ജീവിതവിജയത്തിനു നീതിബോധവും ശാരീരികക്ഷമതയും വേണം .ശരീരം ക്ഷയിച്ചാൽ മനസ്സും ക്ഷയിക്കും. മനസ്സിനു ആരോഗ്യമുണ്ടായാൽ മതിയോ ?ശരീരത്തെ രോഗങ്ങളിൽ നിന്നു രക്ഷിക്കേണ്ടേ ? ഒരു സമഗ്രമായ ചികിത്സാരീതി മാത്രം പോരാ; സമഗ്രമായ അവബോധത്തിലേക്കുള്ള നോട്ടം ആവശ്യമാണ് .ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആരോഗ്യവും സന്തുലനവും ഏകീകരണവും സാധ്യമാക്കുന്ന പ്രായോഗിക സമീപനങ്ങൾ അനിവാര്യമാണ്. ഈ പുസ്തകം അതാണ് നല്കുന്നത്‌. പുസ്തകത്തിൻ്റെ ആദ്യപേജിൽ ഒരു ജാപ്പനീസ് പഴമൊഴി ഉദ്ധരിച്ചു  ചേർത്തിട്ടുണ്ട്. ഊർജ്ജസ്വലമായിരുന്നാൽ മതി, ദീർഘകാലം ജീവിക്കാൻ നിർബന്ധിതനാക്കും.എങ്ങനെയാണ് ഊർജസ്വലനായിരിക്കുക?. വെറുതെ പറഞ്ഞാൽ പോര ;ചിലർ സ്ഥിരമായി  ശാരീരികാഭ്യാസം ചെയ്യുന്നുണ്ട്. എന്നാൽ മാനസികമായ സ്വസ്ഥതയുള്ളവരല്ല. ഇവിടെ ഗ്രന്ഥകർത്താക്കൾ ഫ്ളോ (Flow) എന്ന ആശയം പരിചയപ്പെടുത്തുന്നുണ്ട്. മനശ്ശാസ്ത്രജ്ഞനായ മിഹാലി സിക്സെൻ്റ്മിഹാലിയുടെ ഗവേഷണഫലങ്ങളാണ് അവർ പങ്കു വയ്ക്കുന്നത് . നമ്മൾ ചെയ്യുന്നത് എന്തായാലും അതിൽ പൂർണ്ണമായി  മുഴുകുന്നതിൽ ഒരു ലഹരിയുണ്ട്. ഒരു ഓംലെറ്റ് ഉണ്ടാക്കുകയാണെന്ന് വിചാരിക്കുക. അതിൽ പൂർണ്ണമായി  മുഴുകണം. അപ്പോൾ ആ പ്രവൃർത്തിയിൽ മനസ്സു നിറയും. അതൊരു ഒഴുക്കാണ്. മനസ്സിനു  തടസ്സമില്ലാതെ സ്വയം നിറയാനുള്ള അവസരമാണത്. ഒരു സർജറി ചെയ്യുമ്പോൾ, ഒരു ഗണിതശാസ്ത്രജ്ഞൻ തൻ്റെ  ഫോർമുല ആവിഷ്കരിക്കുമ്പോൾ മറ്റൊന്നമല്ല സംഭവിക്കുന്നത്. ഇങ്ങനെ  ലഭിക്കുന്ന ഫ്ളോ വളരെ  ഗുണകരമാണ് .അത് മനസ്സിൽ കെട്ടിക്കിടക്കുന്ന വിഷാദത്തെ അകറ്റിക്കളയും .പകരം , സന്തോഷവും സർഗ്ഗാത്മകതയും കൊണ്ടുവരും.


 

സ്വച്ഛന്ദമായ ഒഴുക്ക്

ജീവിതത്തിൽ 'ഇക്കിഗൈ' ' (അർത്ഥപൂർണ്ണമായ ജീവിതം ) കണ്ടെത്തുന്നതിന് കുറുക്കുവഴികളില്ല. ഇക്കിഗൈ എന്നാൽ ജീവിതത്തിലെ സന്തോഷമാണ്. ഓരോ ദിവസവും രാവിലെ ഉണർന്ന് ഊർജസ്വലതയോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്തോ അത് ഇക്കിഗൈ ആണ്. എന്നാൽ ഇക്കിഗൈ കണ്ടെത്താൻ ഒരു പ്രധാന ഘടകം ആവശ്യമാണ്; ജീവിതത്തിൻ്റെ സ്വച്ഛന്ദമായ ഒഴുക്കിൽ എത്തിച്ചേരാനുള്ള കഴിവ് .ഭക്ഷണം കഴിക്കുകയോ മദ്യപിക്കുകയോ അധികനേരം ടി.വി.കാണുകയോ ചെയ്താൽ പെട്ടെന്നു സന്തോഷം ഉണ്ടാകുമായിരിക്കും. എന്നാൽ അതു പൊടുന്നനെ സന്തോഷം കെടുത്തിക്കളയും. അതിനു നിലനിൽപ്പില്ല .ഒരനുഭവം തന്നെ സന്തോഷകരമാകണം. അതിനു തുല്യമായ മറ്റൊന്ന് ഉണ്ടാകരുത്. പ്രൊഫഷനലുകൾ മിക്കപ്പോഴും അവർക്കിഷ്ടമുള്ള പ്രവൃത്തിയിലാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. ഇക്കിഗൈ കണ്ടെത്താൻ മനുഷ്യനു സ്വാഭാവിക കഴിവുണ്ടെന്നതിനു തെളിവാണിത്. ഒരു രാഷ്ട്രീയനേതാവിലും ക്രിക്കറ്റ് കളിക്കാരനിലും ചിത്രകാരനിലും ഇക്കിഗായ് സാധ്യമാണ് .ചെയ്യുന്ന പ്രവൃത്തിയിൽ നിന്നു തുടർച്ചയായി സന്തോഷകരമായ തരംഗങ്ങൾ അനുഭവിക്കാനാകുന്നുണ്ടെങ്കിൽ, ആർക്കാണ് ഒരാളെ അതിൽ നിന്നു പിന്തിരിപ്പിക്കാനാവുക ?സിക്സെൻ്റ്മിഹാലിയുടെ അഭിപ്രായത്തിൽ ഏതു പ്രായത്തിലുള്ളവർക്കും ഈ ഫ്ളോ സാധ്യമാണ് .

ഒക്കിനാവയിൽ ഗ്രന്ഥകാരന്മാർ കണ്ടത് ഈ ഫ്ളോയാണ്. ഇതിനു ചെയ്യുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവ് ആവശ്യമാണ്. അവർ എഴുതുന്നു: "നിങ്ങൾ ഒരു ഗ്രാഫിക് ഡിസൈനറാണെങ്കിൽ, നിങ്ങളുടെ അടുത്ത് പദ്ധതിക്ക് വേണ്ടി പുതിയൊരു സോഫ്റ്റ്വെയർ പ്രോഗ്രാം പരിശീലിക്കുക. നിങ്ങൾ ഒരു പ്രോഗ്രാമറാണെങ്കിൽ പുതിയൊരു പ്രോഗ്രാമിംഗ് ഭാഷ പഠിക്കുക .നിങ്ങൾ ഒരു ഡാൻസറാണെങ്കിൽ ,അടുത്ത ഘട്ടത്തിൽ അസാധ്യമെന്നു കരുതിയിരുന്നു ചില ചുവടുകൾ കൂടി ഉൾപ്പെടുത്താനാവുമോ എന്നു ശ്രമിച്ചു നോക്കുക " .

ഒരു സുരക്ഷിത മേഖലയിൽ തന്നെ തളച്ചിടപ്പെടുകയല്ല വേണ്ടത്; ഒരു പടി മുന്നോട്ടു പോകാൻ ശ്രമിക്കുക.

ഓക്കിനാവക്കാരുടെ ഭക്ഷണരീതി വ്യത്യസ്തമാണ് .മധുരം ,ഉപ്പ് എന്നിവ കുറച്ചുകൊണ്ടുള്ള ഭക്ഷണമാണ് അവർ ശീലിച്ചിട്ടുള്ളത് .അധികം കഴിക്കാറില്ല; ശരീരത്തിനാവശ്യമായത് ഒഴിവാക്കുകയുമില്ല.വിശപ്പ് പൂർണമായി മാറുന്നതുവരെ ഭക്ഷണം കഴിക്കില്ല. അല്പം വിശപ്പ് അവശേഷിച്ചിരിക്കണം. ഈ ശീലത്തെ ജപ്പാൻകാർ 'ഹാരാ ഹച്ചിബു 'എന്നാണ് വിളിക്കുക. പന്ത്രണ്ടാം നൂറ്റാണ്ടിലെ Zazen youjinki  എന്ന സെൻ ബുദ്ധിസ്റ്റ് ഗ്രന്ഥത്തിൽ, ആവശ്യമുള്ളതിൻ്റെ മൂന്നിലൊന്ന് ഭക്ഷണമേ സ്വീകരിക്കാവൂ എന്നു  രേഖപ്പെടുത്തിയിട്ടുള്ളത് ഗ്രന്ഥകാരന്മാർ ഉദ്ധരിക്കുന്നുണ്ട്. കോശങ്ങളിലെ ഓക്സിഡേഷൻ പ്രക്രിയയെ സാവധാനമാക്കുന്നതിനായി ഭക്ഷണത്തിൽ ആൻറി ഓക്സിഡൻ്റുകളായ കാരറ്റ് ,ഉള്ളി, കാബേജ് ,സോയാബീൻസ് , കുരുമുളകു തുടങ്ങിയവ അവർ ഉൾപ്പെടുത്തുന്നു.

ജീവിതത്തിനു ഒരർത്ഥം വേണം

"ഇക്കിഗൈ ഓരോ വ്യക്തിക്കും  ഭിന്നമായിരിക്കും. ചിലർക്ക് മനസ്സിന് സന്തോഷം നൽകുന്ന പ്രവൃത്തികളായിരിക്കില്ല മറ്റുള്ളവർ തിരഞ്ഞെടുക്കുന്നത്. പക്ഷേ, ഒരു കാര്യത്തിൽ നമ്മളെല്ലാം സമന്മാരാണ്, ജീവിതത്തിനു ഒരർത്ഥം വേണമെന്ന കാര്യത്തിൽ. ജീവിതത്തെ ഊഷ്മളമാക്കുന്നതായി തോന്നുന്ന കാര്യങ്ങളിൽ വ്യാപരിക്കുമ്പോൾ നമ്മൾ കൂടുതൽ സന്തോഷത്തോടെ ജീവിക്കുന്നു. ഈ ബന്ധം നഷ്ടപ്പെടുമ്പോൾ നിരാശയാണ് ഉണ്ടാവുക " - ഗാർസിയയും മിറാലേസും എഴുതുന്നു.


 

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ നമ്മെ പ്രലോഭിപ്പിക്കുന്ന പലതുമുണ്ട്. ശരീരത്തിനും മനസ്സിനും ഇണങ്ങാത്ത പലതിനോടും സമരസപ്പെടേണ്ടി വരുന്നു .പണം ,വിജയം, ശ്രദ്ധ ,ശക്തി തുടങ്ങിയവയെക്കുറിച്ചുള്ള ചിന്ത നമ്മെ സുഗമമായ പാതയിൽനിന്ന് വ്യതിചലിപ്പിക്കും. ജീവിതത്തിൻ്റെ ഇക്കിഗൈ കണ്ടെത്താൻ അവനവൻ്റെ ആന്തരികമായ സിദ്ധികളാണ് ഉപയോഗിക്കേണ്ടത്. ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്നു സ്വയം പിന്മാറുക .സന്തോഷവും ജീവിതവും നഷ്ടപ്പെടുത്താതിരിക്കുക എന്ന ഉപദേശമാണ് പ്രധാനം. സൂപ്പർ സെൻ്റിനേറിയൻസ് എന്ന പ്രയോഗം ഇന്ന് സാർവത്രികമായിട്ടുണ്ട് .ഈ പദസംയോജനം അദ്യം നടത്തിയത്   ,1970 ൽ ദ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൻ്റെ എഡിറ്റർ റോറിസ് മക്വേർട്ടറാണ്. 1990 കളോടെ ഈ പ്രയോഗം കൂടുതൽ  പ്രചാരത്തിലാകാൻ കാരണം വില്യം സ്ട്രോസ് ,നീൽ ഹോവെ എന്നിവർ ചേർന്നെഴുതിയ Generations എന്ന പുസ്തകത്തിൽ ഇതിനെപ്പറ്റി വിവരിച്ചതാണ്.

ഇന്ന് 300 മുതൽ 450 വരെ സൂപ്പർ സെൻ്റിനേറിയൻസ് ലോകത്തുണ്ട്. (നൂറുവയസ്സിനു മുകളിൽ പ്രായമുള്ളവർ) സന്തോഷകരമായ ജീവിതമുള്ളവർ , തീർച്ചയായും അവരുടെ ഇക്കിഗായ് കണ്ടെത്തിയവരായിരിക്കണം. ലോകത്തെ ഏതാനും സൂപ്പർ സെൻ്റിനേറിയൻസ് തങ്ങളുടെ ആയുർദൈർഘ്യത്തിൻ്റെ രഹസ്യം വെളിപ്പെടുത്തിയത് ഈ പുസ്തകത്തിൽ കാണുന്നു.

ആഹാരം കഴിക്കുകയും ഉറങ്ങുകയും  ചെയ്യുക. വിശ്രമിക്കാൻ പഠിക്കണം - മിസോവ ഒകാസയുടെ വാക്കുകളാണ്. നൂറ്റി ഇരുപതാം ജന്മദിനത്തിൽ ഫ്രാൻസിലെ ഷാനി കാൽമെൻ പറഞ്ഞു :ഞാൻ ചീത്തക്കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്; എന്നാൽ എല്ലാം നല്ലതിന് എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്.

കലയും ദീർഘായുസ്സും

സ്വന്തം ശരീരവും മനസ്സും എപ്പോഴും പ്രവർത്തനസജ്ജമായിരിക്കുകയാണെങ്കിൽ ദീർഘായുസ്സുണ്ടാകുമെന്ന് വാൾഡർ ബ്രൂറിംഗ് (മിനോസോട്ട) പറയുന്നു .ദീർഘായുസ്സിനായി കലയെ  ഉപയോഗിക്കുന്നവരുണ്ട് ."കല, ഏത് രൂപത്തിലും നമ്മുടെ ദിനങ്ങൾക്ക്  സന്തോഷവും ലക്ഷ്യവും നല്കുകയാണ് . സൗന്ദര്യം സ്വതന്ത്രമായി സൃഷ്ടിക്കുക , ആസ്വദിക്കുക .എല്ലാ മനുഷ്യർക്കും അതുൾക്കൊള്ളാനാകണം" .

One hundred views of Mount Fuji എന്ന പുസ്തകത്തിൻ്റെ ആമുഖത്തിൽ, പ്രമുഖ ജാപ്പനീസ് കലാകാരനായ ഹോകുസായ് (Hokusai, 1760-1849) യുടെ വാക്കുകൾ ഉദ്ധരിക്കുന്നുണ്ട് . ടെക്സ്റൈറൽ പ്രിൻറിംഗിനുവേണ്ടി കണ്ടുപിടിച്ച വുഡ്ബ്ലോക്ക് പ്രിൻ്റു മേക്കറായിരുന്നു ഹോക്കുസായ്. പേപ്പറിൽ അദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ പ്രശസ്തമാണ്. ഹോക്കു സായ്‌യുടെ വാക്കുകൾ: " എഴുപതു വയസ്സുവരെ ഞാൻ ചെയ്ത സൃഷ്ടികൾ എടുത്തുപറയത്തക്ക മൂല്യമുള്ളതായി തോന്നിയിരുന്നില്ല. എഴുപത്തിമൂന്നാം വയസ്സിലാണ് പ്രകൃതിയുടെയും മൃഗങ്ങളുടെയും പുല്ലുകളുടെയും മരങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും കീടങ്ങളുടെയും യഥാർത്ഥ ജീവിതം  ഞാൻ കണ്ടത്. തത്ഫലമായി  എൺപതാം വയസ്സിൽ ഞാൻ രചനയിൽ കൂടുതൽ മികവു നേടി. തൊണ്ണൂറുവയസ്സിൽ,  ഞാൻ വസ്തുക്കളുടെ ആന്തരരഹസ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുമായിരിക്കും . നൂറാം വയസ്സിൽ ഞാൻ അതിശയകരമായ ഒരു തലത്തിൽ എത്തിയിരിക്കും. നൂറ്റിപ്പത്തു വയസ്സിൽ , ഞാൻ ചെയ്യുന്നതെല്ലാം, ഓരോ ബിന്ദുവിലും, ഓരോ വരയിലും ജീവിതത്തിൽ നിന്ന് സഹജമായി ഉണ്ടായതായിരിക്കും " . 

പ്രായത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ തിരുത്തുന്ന ഒരു പ്രസ്താവനയാണല്ലോ ഇത്. ഏതു ഉയർന്ന പ്രായത്തിലും നമ്മുടെ പ്രവർത്തനക്ഷമത നശിക്കാതിരിക്കുന്നതിനു ഇത് തെളിവാണ്. അതുൾകൊള്ളാൻ നാം  ജാഗ്രതയോടെ ഇരിക്കണമെന്നു മാത്രം.

വ്യക്തമായ ഒരു ലക്ഷ്യമുള്ളയാളെ  ആർക്കും പരാജയപ്പെടുത്താനാവില്ലെന്ന തത്ത്വത്തിലേക്കാണ് ഇതെല്ലാം നമ്മെ  കൊണ്ടെത്തിക്കുന്നത്. ഒരാൾ സ്വന്തം ഇക്കിഗൈ കണ്ടെത്തുന്നത് എങ്ങനെയെന്ന് തിരക്കിയപ്പോൾ ലഭിച്ച ചില ഉത്തരങ്ങൾ ചുവടെ ചേർക്കുന്നു:

1)എൻ്റെ ദീർഘിച്ച ജീവിതത്തിൻ്റെ  രഹസ്യം ഞാൻ എന്നോട് തന്നെ പറയുന്ന ഈ വാക്കുകളാണ്: സാവധാനം പോവുക; റിലാക്സ് ചെയ്യുക .

മറ്റൊരാൾ ജീവിതാനന്ദം നേടുന്നത്  ഇങ്ങനെയാണ്: " ഞാൻ ഗ്രാമീണർക്കു വേണ്ടി സന്നദ്ധ പ്രവർത്തനം നടത്താറുണ്ട്. ഉദാഹരണത്തിന്, എൻ്റെ  സുഹൃത്തുക്കൾക്ക് ആശുപത്രിയിൽ പോകേണ്ട ആവശ്യം വന്നാൽ എൻ്റെ സ്വന്തം കാർ ഞാൻ വിട്ടു കൊടുക്കാറുണ്ട് " .

സ്വന്തം ആശയാഭിലാഷങ്ങൾക്ക് വേണ്ടി സ്വയം എറിഞ്ഞുകൊടുക്കാൻ തയ്യാറുണ്ടോ എന്ന് ഈ  ഗ്രന്ഥത്തിലൊരിടത്ത് ചോദിക്കുന്നുണ്ട്. സ്വന്തം ജീവിതാനന്ദം ഒരു വേദാന്തമാണ്;കർമ്മത്തിൻ്റെ വേദാന്തം.ഇതാണ് ഒരാളുടെ ഇക്കിഗൈ.



 HOME PAGE


എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

അരക്ഷിതാവസ്ഥയുടെ 

സൗന്ദര്യാത്മക പ്രശ്നങ്ങൾ


 

എം.കെ.ഹരികുമാർ


ഒരു കഥാകൃത്തിന് വേണ്ടത് ആഭ്യന്തരമായ അരക്ഷിതാവസ്ഥയാണ്. അതിലാണ് അയാളുടെ വിശേഷപ്പെട്ട കാഴ്ചകളുള്ളത്. പ്രസാധകരുടെ കണ്ണിലുണ്ണിയോ , അവാർഡ് തെണ്ടിയോ, പാർട്ടികളുടെ അടിമയോ ആരുവേണമെങ്കിലും ആയിരിക്കുമ്പോൾ ഈ അരക്ഷിതാവസ്ഥ ഉണ്ടാവില്ല .കാരണം അവനു അലട്ടലുകളൊന്നുമില്ലല്ലോ .അലട്ടപ്പെടാൻ കാരണങ്ങളൊന്നുമില്ല. ഒരു തരത്തിലുള്ള അലട്ടലും തനിക്കില്ല എന്ന് ഒരു കഥാകൃത്ത് ധരിക്കുന്നുണ്ടെങ്കിൽ അതിനേക്കാൾ വലിയ തിന്മ വേറെയില്ല. ഭൗതിക സൗകര്യങ്ങൾ ഉണ്ടായാലും മാനസികമായ അരാജകത്വം നഷ്ടപ്പെടാൻ പാടില്ല. അരക്ഷിതാവസ്ഥയില്ലാത്തവൻ സർക്കാർ സാഹിത്യകാരനാവുകയേയുള്ളു;അവൻ  സ്വന്തം പ്രതിച്ഛായയുടെ മിഥ്യാലോകത്ത്  കിടന്നു സ്വപ്നങ്ങൾ കണ്ടുറങ്ങിക്കൊള്ളും.വി.പി. ശിവകുമാറിൻ്റെ 'കോട്ടയം - സുൽത്താൻബത്തേരി ബസ് ' നോക്കൂ. കോട്ടയത്തുനിന്ന് ഭരണങ്ങാനത്തുകാരൻ എസ്തപ്പാൻ ചേട്ടൻ വയനാട്ടിലേക്ക് പോവുകയാണ്; ഒരു കുടിയേറ്റക്കാരനാണ് .കപ്പക്കാലുകളും റബ്ബർകോലുകളും കൂടെയുണ്ട്. എന്നാൽ നമ്മുടെ ശരാശരി കഥാകൃത്തുക്കൾ ആരെങ്കിലുമാണ് ഇത് എഴുതിയിരുന്നതെങ്കിൽ, പാലായിലെയും കൂത്താട്ടുകുളത്തെയും  ക്രിസ്ത്യാനികളുടെ ജീവിതം പറഞ്ഞു ബോറടിപ്പിച്ചേനെ. ശിവകുമാറിനു  പഴയതും ജീർണിച്ചതുമായ വിവരണങ്ങളിൽ താല്പര്യമില്ല. അദ്ദേഹം തന്നെ അലട്ടുന്ന കാര്യങ്ങളാണ് സൗന്ദര്യാത്മക ഭാവനയിൽ  പറയാൻ ശ്രമിക്കുന്നത്. സ്വസ്ഥത തരുന്ന വിഷയങ്ങൾ എഴുതേണ്ടതില്ല.അതിനൊക്കെ ഇവിടെ ധാരാളം പേരുണ്ട്.  അസ്വസ്ഥമാക്കുന്ന കാര്യങ്ങളിലാണ് നേരുള്ളത്. അതാണ് ആഴത്തിൽ ചെന്ന് അനാവരണം ചെയ്യേണ്ടത്.

എന്നാൽ എസ്തപ്പാൻ ചേട്ടൻ്റെ യാത്രയെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്‌. അത് ചിലപ്പോൾ കഥാകൃത്താകാം; അല്ലെങ്കിൽ വായിക്കുന്ന എന്നെപ്പോലുള്ളവരാകാം. കാമറ ഒടുവിൽ ,വായനക്കാരൻ്റെ നേരെ തിരിയുകയാണ്. തർക്കോവ്സ്കിയുടെ സിനിമയിൽ കാമറയെ നോക്കി സംസാരിക്കുന്ന കഥാപാത്രങ്ങളെ കണ്ടിട്ടുള്ളത്  ഓർക്കുകയാണ്. " നിസ്സാരമോ സാരവത്തോ എന്ന് വ്യക്തമല്ലാത്ത ചില ആശയക്കുഴപ്പങ്ങളിൽ പെടുകയാൽ  ജീവിതത്തിലൊരിക്കലും, ഒരു മണ്ഡലത്തിലും, ബോധപൂർവ്വമായ ഒരു തെരഞ്ഞെടുപ്പ് നടത്താൻ ഞങ്ങൾക്കിതേ വരെ കഴിഞ്ഞിട്ടില്ല. ഞങ്ങളുടെ കുരിശിൻ്റെ രണ്ടു തടിക്കഷണങ്ങളും ഇളകി വേർപെട്ടിരിക്കുന്നു. കോട്ടയം - സുൽത്താൻബത്തേരി ബസ് വീണ്ടെടുത്ത പറുദീസയിലേക്ക് മനുഷ്യരെയുംകൊണ്ടു കുതിക്കുന്ന ഒരു മേഘക്കീറായി ഇതാ തെന്നിയകന്നു പോകുന്നു!" .

ഇത് ശിവകുമാർ എഴുതുന്നതുകൊണ്ടു മാത്രം ഉണ്ടാകുന്ന യഥാർത്ഥ്യമാണ്. എ സ്തപ്പാൻ ചേട്ടൻ തൻ്റെ പ്രശ്നങ്ങൾ ഒരു കുടിയേറ്റത്തിലൂടെ പരിഹരിച്ചു. എന്നാൽ അങ്ങനെ അല്ലാത്തവരുണ്ട്. അവരുടെ അസ്തിത്വദുഃഖമാണ് കഥാകൃത്ത് ആരായുന്നത്. കുരിശിൻ്റെ തടക്കഷണങ്ങൾ ഇളകി വേർപെട്ട അവസ്ഥയിൽ ഇതാ അശരണരായി അവർ വീണിരിക്കുന്നു; എങ്ങോട്ടുപോകണമെന്ന് അറിയാത്തവരാണല്ലോ അവർ എന്നും.

കലാകാരൻ്റെ ലോകം 

ഏതാനും ദിവസം മുമ്പ് ഒരു കഥാകൃത്ത് ആധുനികതയെ  ആക്ഷേപിച്ച് അഭിമുഖത്തിൽ സംസാരിക്കുന്നതു കണ്ടു. ബൗദ്ധികമായ പാപ്പരത്തമുണ്ടെന്നു കരുതി അതു പുരപ്പുറത്തു കയറി നിന്നു വിളിച്ചു കൂവേണ്ട ആവശ്യമില്ല . അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ആധുനികതയുടെ കാലത്ത് നല്ല കഥകളൊന്നും ഉണ്ടായിട്ടില്ലത്രേ. അത്ഭുതം തന്നെ .ഈ കഥാകൃത്തിനും  അതുപോലുള്ളവർക്കും കലയെ സമീപിക്കാനുള്ള അടിസ്ഥാന യോഗ്യതയില്ല .കഥാകൃത്തിൻ്റെ പരീക്ഷണശാല കലയിലായിരിക്കണം; പത്രപ്രവർത്തനത്തിലല്ല.  ചിന്താപരമായ മികവിനൊപ്പം കലാപരമായ ഉയർന്ന മനസ്സും ആവശ്യമാണ്‌. എസ്.കെ.പൊറ്റെക്കാട് നല്ല എഴുത്തുകാരനാണ്; പക്ഷേ , അദ്ദേഹത്തെക്കാൾ വലിയ കലാകാരൻ വി.പി .ശിവകുമാറാണ്. ഇതു മനസ്സിലാക്കാനുള്ള വായനയും സിദ്ധിയും ഉണ്ടാവണമെന്നു മാത്രം.കലാപരമായി മുന്നോട്ട് പോകുമ്പോഴാണ് മറ്റുള്ളവർക്ക് കാണാൻ കഴിയാത്തത് കാണുന്നത്. അതുതന്നെയാണ് കാലത്തിനു മുന്നിൽ സഞ്ചരിക്കാൻ എഴുത്തുകാരനു സിദ്ധി നല്കുന്നത്. ആധുനികത എപ്പോഴുമുണ്ട്, അത് സ്വയം മനസ്സിലാക്കലും സത്യസന്ധതയുമാണ്;ജ്ഞാനമാണത്. അവിടെ കല വിജയിക്കുന്നു.കനമില്ലാത്ത വിഷയങ്ങൾ വർണക്കടലാസിൽ പൊതിഞ്ഞുവച്ചാൽ ആധുനികതയുണ്ടാവില്ല.

എമിലി സോളയുടെ  കഥ 

ഫ്രഞ്ച് എഴുത്തുകാരൻ എമിലി സോളയുടെ 'മരണം വരുന്ന വഴികൾ' എന്ന കഥയിൽ ഒരു വലിയ പ്രഭുവിൻ്റെ  മരണമാണ് പ്രതിപാദിക്കുന്നത്. ജീവിതം പ്രഭുവിൻ്റേതാണെങ്കിലും, അയാൾ മരണത്തിൻ്റെ ഏകാന്തതയെ വ്യക്തിത്വവൽക്കരിക്കുക മാത്രമാണ് ചെയ്യുന്നത്. അയാളിൽ ചൊരിഞ്ഞ അനാഥത്വവും നിന്ദയും മറച്ചുപിടിച്ചത് പ്രഭുത്വമായിരുന്നു;മരണത്തിലെ നിശ്ചലതയും ബാധിര്യവും നിശൂന്യതയും അയാളിൽ എപ്പോഴുമുണ്ടായിരുന്നു. മരിച്ച ശേഷം അയാളുടെ ശവം പള്ളി അധികാരികൾ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നതും വിവരിക്കുന്നു. അപ്പോൾ അയാൾ ഒരു ശവമായി ആ  ഘോഷയാത്രയിലുണ്ടല്ലോ. അയാളുടെ  അതുവരെയുള്ള ജീവിതത്തെ അപ്പോഴാണ് കഥാകൃത്ത് യാഥാർത്ഥ്യമാക്കി കാണിക്കുന്നത്.പ്രഭുവായി ജീവിച്ചപ്പോഴും അയാൾ മരണം തന്നെയായിരുന്നു; മരിച്ചപ്പോഴോ ? അപ്പോൾ നാം കാണുന്നത് അതുവരെയുണ്ടായിരുന്ന അയാളുടെ തിളങ്ങുന്ന പ്രഭുജീവിതത്തിൻ്റെ അസംബന്ധമായ അടിത്തട്ടാണ്. അതുവരെ മറഞ്ഞിരുന്നത് പെട്ടെന്നു പ്രത്യക്ഷമാകുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതുന്നത്? എമിലി സോളയെ  മരണം അലട്ടുന്നതുകൊണ്ടും കൂടുതൽ ചിന്തിക്കാൻ കഴിവുള്ളതുകൊണ്ടും  കലാകാരനായിരിക്കുന്നതുകൊണ്ടുമാണ് ഇതു സംഭവിക്കുന്നത്.

വെറും ഖണ്ഡികകൾ വേണ്ട

എന്തിനെക്കുറിച്ചെങ്കിലും കുറെ ഖണ്ഡികകൾ ,  ഫേസ്ബുക്കിലോ ,വാരാന്തത്തിലോ , എഴുതുന്നവരൊക്കെ എഴുത്തുകാരാണെന്നു തെറ്റിദ്ധരിക്കുന്നുണ്ടെന്ന് തോന്നുന്നു.  കത്തുകളെഴുതാനും ഫേസ്ബുക്ക്  പോസ്റ്റിടാനും ആർക്കും കഴിയും. എഴുത്തുകാരനാകാൻ ആ സിദ്ധി പോരാ .അതിനു ഉൾക്കാഴ്ചയും അതീതവീക്ഷണവും വേണം. ഓരോന്നിൽ നിന്നും ആത്മീയത വേർതിരിച്ചെടുക്കണം. ഉദയശങ്കർ എഴുതിയ 'പ്രാണനിൽ വെള്ള കീറുന്ന ' (കലാപൂർണ, മാർച്ച്)എന്ന കഥ സമീപനാളുകളിൽ വായിച്ച മികച്ച രചനയാണ്‌. ഒരു ക്യാൻസർ രോഗിയുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്. മനസ്സിൽ വലിയ ഭാരംവെച്ചുകൊണ്ടാണ് ഉദയശങ്കർ ഈ കഥയെഴുതിയത്. ഓരോ വാക്കിലും അസ്തിത്വത്തിൻ്റെ അകക്കാമ്പ് അനുഭവിക്കാം. നിലനില്പിൻ്റെ മുൾമുന വന്ന് നമ്മെ കുത്തി നോവിക്കും.

''പ്രാണനില്ലാതാകുന്ന ഒരു ഉടലാണ് നിൻ്റെ ജീവിതം എന്ന് തറപ്പിച്ചു പറയുന്നപോലെ, എ.സിയുടെ ശബ്ദോ ച്ചാരണങ്ങൾ " എന്ന് എഴുതുന്ന കഥാകൃത്ത് എത്ര ആഴത്തിൽ അനുഭവത്തെ ഖനനം  ചെയ്യുന്നു!. "ഹ്രസ്വവും നിഗൂഢവുമായ  നിശ്വാസങ്ങൾക്ക് ഒരർത്ഥവും സമ്മാനിച്ചിട്ടില്ല .ഓരോ മനുഷ്യനും സ്വന്തം നിദ്രാടനത്തിലേക്ക് കണ്ണുറപ്പിച്ചു. നിയോഗങ്ങളുടെ  ഒരു ചീട്ട് വിഫലതയുടെ തേങ്ങലുമായി  കൊണ്ടുനടക്കുന്നു , അവസാനത്തെ ആരംഭത്തിനായി. ഈ കല്ലുകുപ്പയിൽ  വിടരുന്നത് എൻ്റെ കറുത്ത റോസാപ്പൂക്കളാണ്" .

ഇതുപോലെയൊക്കെ എഴുതണമെങ്കിൽ സൂക്ഷ്മനിരീക്ഷണവും ഉൾക്കാഴ്ചയും  വേണം. വെറും ഖണ്ഡികകളല്ലിത്. ഉള്ളിൽ സംഭവിച്ച ചിതറൽ സകല നിയമങ്ങളും തെറ്റിച്ച് ഭാഷയായി  പുറത്തേക്ക് ഒഴുകുകയാണ്.ഉദയകുമാറിനെ ശ്രദ്ധിക്കേണ്ടവർ ശ്രദ്ധിക്കുന്നുണ്ട്. നിർഭാഗ്യവശാൽ ,ഈ കാലത്ത് പ്രതിഭയില്ലാത്ത പലരെയും  ഉയർത്തിക്കാണിക്കുന്നത് ഒരു ശീലമായിരിക്കുന്നു. അതിനിടയിൽ ഉദയശങ്കറിനെപ്പോലുള്ളവർക്ക് വേണ്ടത്ര ഇടം കിട്ടുന്നില്ല .ചിലരുടെ വ്യക്തിബന്ധങ്ങൾ സമൂഹത്തിനു തന്നെ ഭീഷണിയാവുകയാണ്.

തോമസ് മാത്യൂ എഴുതിയ 'പെങ്ങൾ' മനുഷ്യബന്ധങ്ങൾ അറ്റുപോയ ഈ കാലത്ത് സ്നേഹത്തിൻ്റെ  മന്ത്രച്ചരടുകൾ കാണിച്ചു തന്നു. കുടുംബത്തെ സ്നേഹിച്ച പെങ്ങളെ മനസ്സിൽ ആവാഹിക്കുകയാണ് ഒരാങ്ങള .അയാൾ അവരെ കാണാൻ ബസിൽ പോകുമ്പോൾ ചില ദൃശ്യങ്ങൾ വിവരിക്കുന്നു. അത് അയാളുടെ മനസിൻ്റെ ചിത്രമാവുകയാണ് - വാടി വഴുന്നുതൂങ്ങിയ പച്ചിലകളുമായി  മരിച്ചില്ലകൾ ...

ഗൊയ്റ്റിസോളോയുടെ പുനർവായനകൾ

ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും വലിയ പരീക്ഷണകുതുകിയും സാഹസികരചയിതാവും എന്ന്  പ്രശസ്ത നോവലിസ്റ്റ് കാർലോസ് ഫ്യൂവൻ്റിസ് വിശേഷിപ്പിച്ച സ്പാനീഷ് എഴുത്തുകാരൻ ഹുവാൻ ഗൊയ്റ്റിസോളോ (Juan Goytisolo, 1931-2017) 1956 മുതൽ പാരിസിലായിരുന്നു പ്രവർത്തനം. അവിടെവച്ചാണ് ലൂയി ബുനുവൽ, സാർത്ര് ,കമ്യൂ ,റെയ്മണ്ട് ക്യൂനോ , ജീ ദിബോർ, മാർഗരറ്റ് ഡ്യൂറാസ്  തുടങ്ങിയ പ്രതിഭകളെ പരിചയപ്പെടുന്നത്.

ഒരിക്കൽ ഗൊയ്റ്റിസോളോ ഇങ്ങനെ പറഞ്ഞു: ഫ്രഞ്ച് ചിന്തകനും ചലച്ചിത്രകാരനുമായ ജീ ദെബോറിൻ്റെ ' The society of the spectacle ' എന്ന പുസ്തകമാണ് ഞങ്ങളുടെ കാലഘട്ടത്തെ ശരിക്കും നിർവ്വചിച്ചത്, മാർക്സിനെക്കാൾ. എന്നാൽ നോവൽ ഏത് രീതിയിലും എഴുതാം. ഗദ്യത്തിലും കവിതയിലും. അതേസമയം ഇന്നത്തെ കവിതയ്ക്ക് വേറൊരു ആഖ്യാനരീതി സാധ്യമല്ല'.

തൻ്റെ 'ഹുവാൻ ദ് ലാൻഡ്ലസ്' എന്ന നോവൽ വീണ്ടും വായിച്ചപ്പോൾ നൂറ് പേജ് എഡിറ്റ് ചെയ്തു ഒഴിവാക്കേണ്ടി വന്നുവെന്ന് ഗൊയ്റ്റിസോളോ പറഞ്ഞു. പുനർ വായന ഹരമാണെനിക്ക് .സാഹിത്യകൃതികൾ  വീണ്ടും വായിക്കാൻ ക്ഷണിക്കുന്നു. വീണ്ടും വീണ്ടും വായിക്കുന്നവരെയാണ് ഞാൻ തേടുന്നത് .എല്ലാ  വേനലവധിക്കും ഞാൻ രണ്ടോ മൂന്നോ എഴുത്തുകാരെ, ദിദെറോ ,ഫ്ളോബർ ,  ടോൾസ്റ്റോയ് ,വീണ്ടും വായിക്കും' .

സേതുമാധവൻ്റെ ദു:ഖഗോപുരങ്ങൾ

മനസ്സിൽ കവിതയുള്ള കഥാകൃത്താണ് മുണ്ടൂർ സേതുമാധവൻ .അദ്ദേഹത്തിൻ്റെ  കഥകളുടെ ആഖ്യാനവഴിക്ക് സമാന്തരമായി ഒരു സ്വഗതാഖ്യാനവുമുണ്ട് .അദ്ദേഹം തന്നോടുതന്നെ സംസാരിക്കുകയാണെന്ന് തോന്നും. ആത്മീയമായ അന്തർഭാവങ്ങൾ ഉൾക്കൊണ്ട ഈ കഥാകൃത്ത് കവിതയിലാണ്  തൻ്റെ  പ്രതിപാദ്യത്തെ ചുരുൾ നിവർത്തുന്നത് .കാലം (പ്രഭാതരശ്മി, ഫെബ്രുവരി ) എന്ന കഥ അത് വ്യക്തമാക്കുകയാണ്.  വിനയനും വനജയും തമ്മിലുള്ള പ്രേമവും രതിസംഗമവും  കഴിഞ്ഞിട്ടെത്രയോ കാലമായി ! .എന്നാൽ എന്തിനെന്നറിയാതെ വിനയൻ ശോകാകുലനാകുന്നു. അയാൾ അവളെ തേടുകയാണ്, നദിയിലും കാറ്റിലും സന്ധ്യയിലും . ശോകനാശിനിയിൽ കാലുകൾ നീട്ടിയിരിക്കുമ്പോഴും സന്ധ്യ അയാളെ വനജയായി പ്രലോഭിപ്പിക്കുന്നു.

"വനജാ നീ എൻ്റെ ആരാണ്? ഞാൻ നിൻ്റെ ആരാണ് ? ആരുമല്ല .ആരുമാവാൻ വയ്യ . നാം രണ്ട് സമാന്തരരേഖകൾ. മലയിൽ നിന്നും ശോകനാശിനിയിലൂടെ ഒഴുകിപ്പോകുന്ന രണ്ടു ചിറ്റോളങ്ങൾ. അത്രമാത്രം' .മറ്റൊരിടത്ത് വിനയൻ്റെ  ആത്മപരിണാമത്തെ , ഉൾക്കോളിളക്കങ്ങളെ അനാവരണം ചെയ്തുകൊണ്ട് കഥാകൃത്ത് ഇങ്ങനെ എഴുതുന്നു:

'' ശോകനാശിനി വിനയനിൽ എല്പിച്ച കാലത്തിൻ്റെ ദു:സ്വപ്നങ്ങളും ദു:ഖഗോപുരങ്ങളും ദുർന്നിമിത്തങ്ങളും ഒതുങ്ങി .ആകാശത്ത് ഒരു പേരില്ലാപ്പക്ഷി ആരെയോ നീട്ടി വിളിച്ചു. വരാൻ ആരുമില്ലാ എന്നറിഞ്ഞിട്ടും തൻ്റെ ഖേദത്തിനുള്ള ശമനത്തിനായി ഒരു നിലവിളി " .

കഥയിൽ കടന്നു വരുന്ന ഈ സ്വാഗത ഭാഷണം ആത്മാവിൻ്റെ വ്യോമ ലോകത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്.

ടി.പത്മനാഭൻ്റെ  സഹൃദയസംഗീതം

ഏതാനും മാസങ്ങൾക്ക് മുമ്പാണ് ടി.പത്മനാഭൻ  'ബാബു '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ) എന്ന കഥയെഴുതിയത്.പത്മനാഭൻ എന്ന കഥാകൃത്തിൻ്റെ ജീവിതത്തിലെ ഒരു സന്ദർഭം വിവരിക്കുകയാണ്.അതിൽ സഹൃദയത്വത്തിൻ്റെ പ്രഭാവമുണ്ട്. അദ്ദേഹം തൻ്റെ  മനസ്സിലെ  ഹരിതാഭമായ നിമിഷങ്ങൾക്ക് അനുസൃതമായി നല്ല മനുഷ്യരെ കാണുന്നു. വായനയും കവിതയും പ്രകൃതിയും ചേരുന്ന ഒരു ബിന്ദുവിലാണ് പത്മനാഭൻ്റെ കഥയുടെ  സംഗീതം ഒഴുകുന്നത്. ഒരു മയിൽപ്പീലി ശ്രീകൃഷ്ണനെ അന്വേഷിക്കുന്നതുപോലെ മനുഷ്യവികാരങ്ങൾ അതിൻ്റെ പ്രാചീനമായ ബാന്ധവം തേടുകയാണ്. കഥാകൃത്തിനെ സ്നേഹിച്ച ബാബു എന്ന വ്യക്തി ഇങ്ങനെ പറയുന്നു: ''ഒരിക്കലും മറക്കാൻ കഴിയാത്ത മറ്റൊന്നുകൂടിയുണ്ട്. എൻ്റെ രണ്ടു മക്കളുടെയും കല്യാണത്തിന് സാർ  വന്നിരുന്നു. കേവലം ഒരു ചടങ്ങായി വന്നു പോവുകയല്ല ഉണ്ടായത്. ആദ്യന്തം പങ്കെടുത്തു ഭക്ഷണവും കഴിച്ചേ പോയുള്ളൂ .എൻ്റെ മക്കൾക്ക് സ്നേഹത്തോടെ വിവാഹസമ്മാനവും  നൽകി .പൊന്നും പണവുമൊന്നുമായിരുന്നില്ല ;സാറെഴുതിയ പുസ്തകങ്ങളായിരുന്നു. എൻ്റെ മക്കൾ ആ പുസ്തകങ്ങൾ നിധിപോലെ സൂക്ഷിക്കുന്നുണ്ട്' .

ഇതൊക്കെയല്ലേ  സൗഹൃദം? തനിക്ക് എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന് വിചാരിച്ചു സൗഹൃദങ്ങളിൽ നിന്നും മാറി നിൽക്കുന്നവരുടെ ഈ കാലത്ത് പത്മനാഭൻ്റെ ബാബു ഒരുണർവ്വാണ്. പത്മനാഭൻ്റെ ഏറ്റവും മികച്ച കഥയായി ഞാൻ കാണുന്നത് 'കത്തുന്ന ഒരു രഥചക്ര'മാണ്. എന്നാൽ  ചിലപ്പോൾ 'ഗൗരി ' എല്ലാ ധാരണകളെയും തെറ്റിച്ച് മുന്നിൽ വന്നുനിൽക്കും.

ജയനാരായണൻ്റെ നീലിമ

എൺപതുകളുടെ തുടക്കത്തിൽ ഞാൻ കൂത്താട്ടുകുളത്തു നിന്ന്  എറണാകുളത്ത് മിക്കവാറും പോകുമായിരുന്നു. കഥാകൃത്ത് ജയനാരായണനെ കാണാൻ വേണ്ടിയായിരുന്നു ആ യാത്രകൾ.അദ്ദേഹം താമസിച്ചിരുന്ന തേവരയിലെ ദീപാ ലോഡ്ജിൽ പോയിട്ടുണ്ട്. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായിരുന്ന ജയനാരായണനു  വലിയ സുഹൃത്ത് വലയം ഇല്ലായിരുന്നു. കുറച്ചൊക്കെ അന്തർമുഖനായിരുന്നു; പ്രസംഗിക്കില്ല. എന്നാൽ നല്ല വായനക്കാരനായിരുന്നു .കോഫിഹൗസ് ചർച്ചകൾ ഇഷ്ടമായിരുന്നു.  ജയനാരായണനൊപ്പം എത്ര പ്രാവശ്യം കെ.എൻ.ഷാജി ഫോർട്ടുകൊച്ചിയിൽ നടത്തിയിരുന്ന 'നിയോഗം ' മാസികയുടെ ഓഫീസിൽ പോയിരിക്കുന്നു. അന്ന് ഞാൻ നിയോഗത്തിൽ എഴുതുമായിരുന്നു.ഷാജിക്ക് അവിടെ സ്വന്തം പ്രസ്സ് ഉണ്ടായിരുന്നു. എൻ്റെ  ആത്മായനങ്ങളുടെ ഖസാക്ക് ' ( 1984) അച്ചടിച്ചത് ഷാജിയുടെ പ്രസ്സിലാണ്; നാഷണൽ ബുക്ക് സ്റ്റാൾ വിതരണം ചെയ്തു.ജയനാരായണൻ്റെ 'നീലപ്പക്ഷി ' ഉൾപ്പെടെയുള്ള കഥകളിൽ ഞാൻ കണ്ടത് അതീന്ദ്രിയവും യോഗാത്മകവുമായ  അതിഭൗതികലോകമാണ്. ലോകത്തിലെ അനീതിയെയും പൊരുത്തക്കേടിനെയും എതിർത്ത് തോല്പിക്കാൻ വേണ്ടി ജയനാരായണൻ തൻ്റെ കഥകളിൽ മനുഷ്യരുടെ അഭൗമരാഗസൗന്ദര്യം സൃഷ്ടിച്ചു.കഥകളെക്കുറിച്ചു സംസാരിച്ചുകൊണ്ട് ഞങ്ങൾ എറണാകുളത്തെ തെരുവുകളിലുടെ പല തവണ അലഞ്ഞിട്ടുണ്ട്. അദ്ദേഹം എനിക്ക് നാട്ടിലെ ലൈബ്രറികളിൽ കിട്ടാത്ത പുസ്തകങ്ങൾ വായിക്കാൻ തന്നു. അദ്ദേഹം വിലകൊടുത്തു വാങ്ങിയ ആംഗല ഭാഷാപുസ്തകങ്ങളായിരുന്നു. ഒരു സായാഹ്നയാത്രയിൽ ജയനാരായണൻ ഇങ്ങനെ പറഞ്ഞു: നമുക്ക് ഒരു നിറമേ ഉള്ളൂ; അത് ആകാശത്തിൻ്റെ നീലയാണ്. ഞാനതിൽ സർവ്വപ്രപഞ്ചത്തെയും കാണുന്നു. എൻ്റെ കഥകളിലാകെ ആ നീലയാണ്. അതിൽ വലിയവനോ ചെറിയവനോ ഇല്ല .സന്തുലിതവും അഗാധവുമാണത്. മറ്റൊരർഥത്തിൽ  അമൂർത്തവുമാണ്' .

ചരിത്രത്തെ നിരർത്ഥകമാക്കുന്നത്

പ്രകൃതിയിൽ കോടിക്കണക്കിന് ജീവികൾ ഒരു നിമിഷത്തിൽ  ജനിക്കുകയും മരിക്കുകയും ചെയ്യുകയാണല്ലോ. ആരും ഓർക്കുന്നില്ല. പ്രകൃതിയിൽ  ഓർമ്മകളും മറവികളും മാത്രമേയുള്ളൂ. ഓർക്കുന്നതു മനുഷ്യരാണ്. മനുഷ്യൻ്റെ  രോഗമാണ് ഓർമ്മകൾ ;മറവി എന്നതുപോലെ. ഇന്നലെകളിലെ കോടിക്കണക്കിന് മനുഷ്യരെ ഓർക്കാതെ മാനവവർഗ്ഗം ഇന്ന്  അലസമായി കടന്നുപോവുകയാണ്. ഇതാണ് വിധി .ഈ അവസ്ഥ യാഥാർത്ഥ്യം എന്ന് നാം വിളിക്കുന്നതിനെ മിഥ്യയാക്കി മാറ്റും.സലിൻ മാങ്കുഴി എഴുതിയ ഭൂതം (പ്രസാധകൻ ,മാർച്ച് ) വർത്തമാനകാലമാണോ ഭൂതകാലമാണോ നുണയെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട് .ചാനൽ പ്രൊഡ്യൂസർ അനൂപും രാജീവും തങ്ങളുടെ പൂർവ്വികരെ തേടി നടത്തുന്ന ചർച്ചയാണ് കഥ .ഒടുവിൽ രാജീവ് കൊല്ലപ്പെടുന്നു. ചരിത്രം നുണയാണെങ്കിൽ ഇന്നത്തെ ജീവിതവും നുണയാണ്.

എല്ലാവരും എഴുതേണ്ട

ഇന്ന് എല്ലാവരും എഴുതുന്നത് ജനാധിപത്യത്തിലെ വോട്ടവകാശം പോലെ ഭരണഘടനാപരമായ ഉത്തരവാദിത്വം എന്ന നിലയിലാണ്. സ്ഥിരമായി ചർച്ചചെയ്യുന്ന, ആഴമില്ലാത്ത ,കാഴ്ചപ്പാടില്ലാത്ത, മികച്ച ഭാഷയില്ലാത്ത കഥകൾ എല്ലാവരും എഴുതുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. യാതനയനുഭവിക്കുന്നവരാണ് എഴുതേണ്ടത്. മനുഷ്യാസ്തിത്വത്തിൻ്റെ ആഴത്തിലുള്ളത് കാണാൻ  ശ്രമിക്കണം .കൂടുതൽ പേരും വായനക്കാരാവുന്നതാണ് ഏറ്റവും നല്ലത്.അമേരിക്കൻ എഴുത്തുകാരി ഉൾസുല കെ ലെഗ്വിൻ (Ursula k LeGuin) ഇങ്ങനെ പറഞ്ഞു: 'But saying anybody can be a writer is kind of like saying anybody can compose a sonata

ആർക്കും ഒരു സൊണാറ്റ (ഉപകരണ സംഗീതം) കമ്പോസ് ചെയ്യാനാവില്ലല്ലോ. അതുപോലെ മഹത്തായ കൃതികൾ എഴുതാൻ സാധാരണമായിട്ടുള്ള  എടുത്തശേഷി പോരാ. അതിനൊരു  പ്രത്യേക സിദ്ധി വേണം.

നെരൂദയുടെ ഭ്രാന്തമായ ചുംബനങ്ങൾ

സബീന എം. സാലിയുടെ 'വസന്തത്തിലെ ചെറിമരങ്ങൾ' (മാധ്യമം ആഴ്ചപ്പതിപ്പ് ,മാർച്ച് 15) എന്ന കഥ ഞെട്ടിക്കുകയും ഉലയ്ക്കുകയും ചെയ്തു. ചിലിയൻ കവി പാബ്ളോ നെരൂദ വിപ്ളവപാർട്ടിയിലെ ചില പ്രമുഖരോടൊപ്പം ഒളിച്ചു താമസിക്കുന്നയിടത്തേക്ക്  ഫ്ളോറ എന്ന യുവതി സംഗീതവുമായി കടന്നുവരുന്നതാണ് കഥയിൽ ആവിഷ്കരിക്കുന്നത് .ആത്മാവിൻ്റെ  രസമുകുളങ്ങൾ ഉണർത്തുക മാത്രമല്ല ഈ കഥ ചെയ്യുന്നത് ;ചിലിയൻ പശ്ചാത്തലവും നെരൂദയുടെ ചിന്തകളും  ഒരു കവി മനസ്സിലൂടെ എന്നപോലെ കാണിച്ചുതരികയാണ്. തീവ്രവികാരങ്ങളിൽ സ്നാനം ചെയ്യുന്ന ഒരു വലിയ കവിയുടെ ആന്തരിക ഉന്മാദങ്ങളും വിസ്മയകരമായ ലൈംഗിക വെളിപാടുകളും ഈ കഥയിൽ സൂക്ഷ്മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്‌.വാക്കുകൾ നേരിൻ്റെ ചിറകുകൾ നേടുകയാണ്.  ഫ്ലോറയെ അടുത്തറിയുന്ന  നിമിഷത്തിൽ നെരൂദ തനിക്ക് സ്ത്രീശരീരങ്ങളോടുണ്ടായിരുന്ന ആസക്തിയും ആത്മാർപ്പണവും ഒരു മിസ്റ്റിക്കിൻ്റെ നിഷ്കളങ്കതയോടെ  അറിയിക്കുന്നു .

"ഏതോ ആദിമചോദനയിലെന്നവണ്ണം ,അയാളവളെ ഭ്രാന്തമായി  ചുംബിച്ചു.അയാളുടെ ചുണ്ടുകൾ ഉരസിയ അവളുടെ ശരീരഭാഗങ്ങളിലെല്ലാം തീ പടർന്നു പിടിക്കും പോലെ നേർത്ത ചോപ്പു നിറം പടർന്നു.ഓരോ രോമകൂപത്തിലും ചെറിപ്പൂക്കൾ വിടർന്നു .ചുംബനങ്ങൾ പൊള്ളിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്നതിനുസരിച്ച് ,ധമനികൾ ചോന്നു തുടുത്തു.സിരകളിലാകെ നീലിച്ച രക്തമുറഞ്ഞു. ആർത്തിയുടെ ആസ്വാദനതലങ്ങളിലേക്ക് ചേർത്തുപിടിക്കുന്തോറും അവൾ  വസന്തത്തിലെ ചെറി മരം പോലെ പൂത്തുലഞ്ഞു.

ഫ്ളോറയുമായുള്ള സംഭാഷണത്തിൽ നെരൂദ തൻ്റെ ജീവിതരഹസ്യം വെളിപ്പെടുത്തുന്നതിങ്ങനെയാണ്. "എങ്കിൽ വായനയാണ് എൻ്റെ  കരുത്ത്. അതെൻ്റെ ആത്മാവിനെ വരെ തണുപ്പിക്കുന്നു .കസൻദ് സാക്കിസിൻ്റെ 'സോർബ ദ് ഗ്രീക്ക് ' വായിച്ചതിൻ്റെ ഹാങ്ങോവറിലാണ് ഞാനിപ്പോൾ .സോർബയെ പോലെ സങ്കടം വന്നാൽ നൃത്തം വയ്ക്കണം. ഉന്മാദം തോന്നുമ്പോൾ സന്തൂർ വായിക്കണം .കേവലം ഒരു കഥാപാത്രമാണെങ്കിൽത്തന്നെയും, ജീവിതമേൽപ്പിക്കുന്ന ഏത് ആഘാതത്തെയും ചിരിച്ചുകൊണ്ടു നേരിടാൻ അലക്സി സോർബയെന്ന വൃദ്ധകഥാപാത്രത്തെ ഞാൻ മാതൃകയാക്കുന്നു. ജീവിക്കുന്ന ഓരോ നിമിഷവും പൂർണമായ ആനന്ദത്തോടെ ജീവിക്കുക " .സബീന ഈ  കഥ എഴുതാൻ നല്ലപോലെ അധ്വാനിച്ചിട്ടുണ്ട്. ഒരു സംസ്കാരത്തെ, അനുഭൂതിയെ, തീവ്രമായ അഭിലാഷത്തെ വാക്കുകളിൽ അവിഷ്കരിക്കാൻ ഈ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു എന്നറിയുന്നതിൽ  സന്തോഷമുണ്ട്.

തൻ്റെ പ്രേമഭാജനത്തിൻ്റെ ചിരിയെപ്പറ്റി നെരൂദ ഇങ്ങനെ പാടി :

But when your

laughter enters

It (my struggle) rises to the sky

Seeking me

And it opens

For me all

The doors of life

ജൂലിയൻ ബാൺസ് സത്യത്തെ തേടുന്നു

The sense of an ending  ഉൾപ്പെടെ ഒരു ഡസൻ നോവലുകളുടെ രചയിതാവായ ജൂലിയൻ ബാൺസ് സാഹിത്യത്തിൻ്റെ സവിശേഷതയെക്കുറിച്ച് പറഞ്ഞത് ഇതാണ് :''ഒരു വലിയ സാഹിത്യകൃതിക്ക് ആഖ്യാനമികവ് , സ്വഭാവ ചിത്രീകരണം ,ശൈലി അങ്ങനെ പലതുമുണ്ട്. എന്നാൽ അത് ലോകത്തെ വിവരിക്കുന്നത്  മുമ്പൊരിക്കലും ആരും ചെയ്തിട്ടില്ലാത്തവിധമായിരിക്കും. വായനക്കാർ സ്വീകരിക്കുന്നത് പുതിയ സത്യങ്ങൾ പറഞ്ഞതുകൊണ്ടാണ്. ഔദ്യോഗിക വിശദീകരണങ്ങളിലോ, സർക്കാർ രേഖകളിലോ , പത്രങ്ങളിലോ ,ടെലിവിഷനിലോ  ഇതുവരെയും വന്നിട്ടില്ലാത്ത സത്യങ്ങളാണ് അതിലുണ്ടായിരിക്കുക. 'മാഡം ബോവറി'യുടെ പ്രത്യേകത അതാണ്. അതിൽ പറയുന്ന സ്ത്രീകളെപ്പറ്റി ,ആ സമൂഹത്തെപ്പറ്റി ലോകത്തൊരിടത്തും അതിനു മുമ്പ് പ്രതിപാദിച്ചിരുന്നില്ല" .

മാറു മറയ്ക്കാത്ത സത്യം

അയൽ സംസ്ഥാനതൊഴിലാളിയെ വീട്ടിൽ ജോലിക്ക് വയ്ക്കുന്ന യുവതിയുടെ കാമകുതൂഹലങ്ങളാണ് ബി.എൻ. റോയ് 'അവനും അവളും അനുവാചകരും' (പ്രസാധകൻ ,ജനുവരി )എന്ന കഥയിൽ പറയുന്നത്. എരിവുള്ള ഭാഷയിലാണ് മാറുമറയ്ക്കാത്ത സത്യങ്ങൾ  എഴുതേണ്ടതെന്ന് റോയിക്കറിയാം. പക്ഷേ , ഇത്തരം കഥകൾകൊണ്ട് എന്താണ് പ്രയോജനമെന്ന് മനസ്സിലാകുന്നില്ല .

ടാഗോറും പുത്തേഴനും

കഥയിൽ പ്രകൃതിയുണ്ട് ;എസ് .കെ. പൊറ്റക്കാട് ,ഉറൂബ് ,എം .ടി എന്നീ കാഥികത്രയം പ്രകൃതിയെ ഒപ്പം കൂട്ടിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ മാനസികാപഗ്രഥനത്തിനു പ്രകൃതിയെ വിവരിക്കേണ്ടത് അത്യാവശ്യമാണ്‌.


രവീന്ദ്രനാഥ ടാഗോറിൻ്റെ 'വജ്രകഠിനം ' എന്ന കഥയിലെ ഈ ഭാഗം നോക്കൂ:

"കറുത്തവാവു കഴിഞ്ഞു.പത്തു ദിവസത്തിനു ശേഷം ഒരു രാത്രി .അക്കൊല്ലത്തെ വർഷാരംഭത്തിനു ശേഷം അന്നാണ് കാർമേഘങ്ങൾ നീങ്ങി ആകാശം നിർമ്മലമായി കാണപ്പെട്ടത്.ചന്ദ്രൻ നിർബാധമായി പ്രകാശിച്ചു .ഗാഢനിദ്രയെ പ്രാപിച്ചിരിക്കുന്ന ജീവലോകത്തിൻ്റെ തലയ്ക്കൽ ,അതിനെ കാത്തും കൊണ്ടിരിക്കുന്നതു പോലെ നിലാവ് തെളിഞ്ഞു.നിശ്ചഞ്ചലമായ ആ രാത്രി മനോഹരമായി വിളങ്ങി. രാജീവൻ ഉറങ്ങാതെ പുറത്തേക്ക് നോക്കി കൊണ്ട് ചിന്താമഗ്നനായി ജനാലയ്ക്കലിരിക്കുകയാണ്. ഉഷ്ണം  ബാധിച്ചിട്ടുള്ള കാട്ടുപ്രദേശത്തുനിന്ന് എന്തോ ഒരു വാസന പുറപ്പെട്ടിരുന്നു. പുറത്തുനിന്ന് അലസതയോടുകൂടി കരയുന്ന ചീകീടിൻ്റെ ശബ്ദം അകത്തു പ്രവേശിച്ചിരുന്നു. നാലുപുറവും വൃക്ഷസമൂഹങ്ങളോടു കൂടിയ തടാകം ചന്ദ്രരശ്മിയേറ്റ് , മിനുസപ്പെടുത്തിയ വെള്ളിപ്പലക പോലെ പ്രകാശിച്ചു. അങ്ങനെയുള്ള സമയത്ത് ഇന്നതെന്ന്  പ്രത്യേകിച്ച് വിവരിക്കാൻ കഴിയുന്ന വല്ല ചിന്തകളും മനുഷ്യർക്ക് ' സാധാരണമായുണ്ടാകുമോ എന്നു സംശയമാണ് " .

ടാഗോർ ഈ വിധം പ്രകൃതിയെ പഠിക്കുന്നതെന്തിനാണ്.? പ്രമുഖ വിമർശകനും പരിഭാഷകനുമായ  പുത്തേഴത്ത് രാമൻമേനോൻ  ഇങ്ങനെ വിശദീകരിക്കുന്നു:

''ടാഗോർ കഥകളിലെ പ്രകൃതി വർണ്ണനകൾ കഥയുടെ ഉദ്ദേശത്തിനു അനുരൂപങ്ങൾ ആകുന്നു. സ്ത്രീപുരുഷന്മാരുടെ സർവ്വസാധാരണ ങ്ങളായ ചില പ്രധാനവികാരങ്ങളുടെ 'വലുതാകപ്പെട്ട ' ചിത്രങ്ങളെയാണ് ടാഗോർ വരച്ചുകാണിക്കുന്നത്. കഥകളിൽ കാണപ്പെടുന്ന പ്രകൃതി വർണ്ണനകൾ ആ ഹൃദയവ്യാപാര ചിത്രങ്ങൾക്ക് പ്രകാശം കൊടുക്കുന്ന മണിദീപങ്ങൾ മാത്രമാകുന്നു. തനിക്ക് പ്രകൃതി വർണനക്ക് വൈദഗ്ദ്ധ്യമുണ്ടെന്ന് കാണിപ്പാനായി ടാഗോർ ആ വിഷയത്തിൽ പരിശ്രമിക്കുന്നില്ല. ലോകപ്രകൃതിയും മനുഷ്യപ്രകൃതിയും പരസ്പരം ദൃഢമായി ബന്ധിക്കപ്പെട്ടുകിടക്കുന്നു എന്ന അനശ്വരതത്ത്വത്തെ ആ പ്രകൃതി വർണനകൾ ഉദാഹരിക്കുന്നു. പ്രപഞ്ചാത്മാവും മനുഷ്യാത്മാവും  അദൃശ്യങ്ങളും അസ്പഷ്ടങ്ങളും ആയാലും ഏതോ ചില ദിവ്യ തന്തുക്കളാൽ അലംഘ്യമായ വിധത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത് " .

അതുകൊണ്ട് കഥാപാത്രങ്ങളെ ആവിഷ്കരിക്കുമ്പോൾ അതിൽ പ്രകൃതിയുമുണ്ട് എന്ന വസ്തുത കഥാകൃത്തുക്കൾ വിസ്മരിക്കരുത്. അപ്പോഴാണ് സഹിതമായതാണ് സാഹിത്യം എന്ന ആശയം പൂർണത തേടുന്നത് .

കെ പി അപ്പൻ്റെ സ്റ്റാമ്പ് ഫോട്ടോ

കെ.പി.അപ്പൻ അന്തരിച്ചപ്പോൾ അന്നത്തെ  മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ കവറിൽ അദ്ദേഹത്തിൻ്റെ ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോയാണ് വന്നത്.  അന്നു വലിയ മുഖചിത്രമായി കൊടുത്തിരുന്നത് ചാനൽ അവതാരകനായ നികേഷ്കുമാറിൻ്റെ  ഫോട്ടോയായിരുന്നു. അന്നത്തെ ആഴ്ചപ്പതിപ്പിൻ്റെ ചുമതലക്കാരനായിരുന്ന കമൽറാം സജീവിൻ്റെ സാഹിത്യവിരുദ്ധതയും വായനക്കുറവും ഉപരിപ്ളവ ബുദ്ധിയുമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. കമൽറാമിനു  നല്ല സാഹിത്യത്തെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. അദ്ദേഹം മികച്ച സാഹിത്യം വായിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല .സാഹിത്യപരമായ ലേഖനങ്ങളുടെയും മറ്റു രചനകളുടെയും കാര്യത്തിൽ അപക്വമായ തിരഞ്ഞെടുപ്പുകളാണ്  അദ്ദേഹത്തിൻ്റെ ഭാഗത്തു നിന്നുണ്ടായത് . 


എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

ദയ എന്ന സാർവ്വദേശീയ മതപാർലമെൻറ്

 



എം.കെ.ഹരികുമാർ






ഇന്നു മതങ്ങൾ ഒരു വിളംബരവും ഉദ്ഘോഷണവുമാണ് .എല്ലാ ചുവരുകളിലും മതങ്ങൾ അടയാളമായെങ്കിലും കാണാം. എല്ലായിടത്തും മതചർച്ചകളുണ്ട്.  മതാനുയായികളെപോലെ തന്നെ, മത സാരത്തിൻ്റെ ശരിയായ വക്താക്കളെന്ന് അവകാശപ്പെട്ടുകൊണ്ട് മതേതരവാദികളുടെ പുതിയ കൂട്ടവും എല്ലായിടത്തും നിരക്കുകയാണ്. മതാനുയായികളും മതേതരമതക്കാരും തമ്മിലുള്ള അർഥരഹിതമായ ചർച്ചകളായി തീർന്നിട്ടുണ്ട് നമ്മുടെ മതപഠനങ്ങൾ. ശ്രീനാരായണഗുരു എത്രയോ മുമ്പേ മതസാരത്തെ നിർവ്വചിച്ചതാണെന്നോർക്കണം; ഒരു മതത്തിൻെറയല്ല ,സർവമതത്തിൻ്റെ യും. നന്മ മതിയെങ്കിൽ എന്തുകൊണ്ട് സാർവദേശീയ മതസാരം എന്ന ഒരു പാർലമെൻറ് നമുക്ക് അംഗീകരിച്ചു കൂടാ ?

നാമ വൈജാത്യങ്ങൾക്കപ്പുറത്ത്

നാമരൂപരമ്യത

സാർവദേശീയ മതസാരം എന്ന പാർലമെൻ്റ് ഗുരുവാണ് ആവിഷ്കരിച്ചത്.ഗുരു ആ പേര് ഉപയോഗിച്ചിട്ടില്ലായിരിക്കാം. പക്ഷേ ,ഗുരു വിഭാവന ചെയ്യുന്ന അഖിലലോക മതാത്മകതയുടെ സത്ത ഇതിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. സർവമതസമ്മേളനം പോലെയുള്ള, വ്യവഹാരലോകത്തിലെ സമുന്നതമായ സമന്വയപാഠമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അതിനുമപ്പുറം ഒരു സാരം ബോധ്യപ്പെടുകയും ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. നാമവൈജാത്യങ്ങളിൽ നാമരൂപരമ്യത എന്ന പരമമായ അവബോധത്തിലേക്ക് നമുക്ക് സഞ്ചരിക്കാനുള്ള പാതയാണത്. മനുഷ്യൻ പല വഴിക്ക് പിരിഞ്ഞു പോകാനുള്ളവനാണ്. മഹാനായ  ജർമ്മൻ ചിന്തകൻ ഷോപ്പനോർ ( Schopenhauer) മനുഷ്യജീവിതം മഹാദുഃഖമാണെന്ന് പറഞ്ഞതിൻ്റെ  നിരാശയിൽ നിന്നു ഇനിയും നമുക്ക് കരകയറാനായിട്ടില്ല. വിയോഗവും വിഷാദവുമാണത്രേ മനുഷ്യജീവിതത്തിൽ ബാക്കിയാവുന്നത്. എത്ര സ്നേഹിതരായാലും ,ബന്ധുക്കളായാലും ,ഒരേ മതത്തിൽപ്പെട്ടവരായാലും അന്തിമമായി ഒറ്റയ്ക്കൊറ്റയ്ക്ക് പിരിഞ്ഞു പോകേണ്ടതുണ്ട്; എല്ലാവരും അതാണല്ലോ ചെയ്യുന്നത്. എവിടേക്കാണ് പോകുന്നതെന്ന് അറിയാതെയുള്ള വിടവാങ്ങൽ ഉത്തരമില്ലാത്ത പ്രതിഭാസമാണ്; അപരിഹാര്യമായ നഷ്ടമാണ്. അവിടെയാണ് ഈ നശ്വരവും ബധിരവുമായ ജീവിതത്തെ സാർത്ഥവാഹകൻ്റെ സന്മനസുകൊണ്ട്  സമുദ്ധരിക്കേണ്ടതിൻ്റെ  ആവശ്യകതയിലേക്ക് ഗുരു ഉദ്ബോധനവുമായി കടന്നുവന്നത്‌.

 കൊല്ലാവ്രതമുത്തമമാമതിലും 

തിന്നാവ്രതമെത്രയുമുത്തമമാം,

എല്ലാ മതസാരവുമോർക്കിലിതെ- ന്നല്ലേ പറയേണ്ടതു ധാർമികരേ?

(ജീവകാരുണ്യപഞ്ചകം )

 

അരുളാൽ വരുമിമ്പമൻപക -

ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും

ഇരുളൻപിനെ മാറ്റുമല്ലലിൻ

കരുവാകും കരുവാമിതേതിനും

(അനുകമ്പാദശകം)



ദയ ശരീരത്തിൽ പ്രവേശിക്കുന്നത്

കൊല്ലാതെയും കൊന്നതിനെ തിന്നാതെയുമിരിക്കുന്നതാണ് മതസാരമെന്നു ഗുരു പറഞ്ഞത് എത്ര കൃത്യമായിട്ടാണ്! .ധർമ്മം പറയുന്നവർ ഇതോർക്കണമെന്നും സൂചിപ്പിക്കുന്നുണ്ട്. ഇന്ന് എല്ലാവരും ധർമ്മമാണല്ലോ പറയുന്നത്. പ്രസംഗത്തിലും പൊതുജീവിതത്തിലും ധർമ്മം നിറഞ്ഞു കവിഞ്ഞിരിക്കുന്നതുകൊണ്ട് നടക്കാൻ പറ്റാതായിട്ടുണ്ട്.  കൊറോണ വൈറസ് പടരാനിടയാക്കിയ ചൈനയിലെ 'വെറ്റ് മാർക്കറ്റു'കളും അതേപോലെ മറ്റിടങ്ങളിൽ പ്രവർത്തിക്കുന്ന കൊല്ലൽ കേന്ദ്രങ്ങളും ധാർമ്മികതയുടെയും മത സാരത്തിൻ്റെയും ലംഘനം മാത്രമല്ല, അതിക്രമങ്ങളുമല്ലേ ?ഈ സാഹചര്യത്തോടു രുചിപരമായും വൈകാരികമായും അടുത്തു കഴിയുന്ന ഒരു സമൂഹത്തിൽ ദയ എങ്ങനെയാണ് ഉൽഭവിക്കുന്നത് ? തിന്മയും സദാചാര രഹിത്യവും ഹിംസയും വെറുപ്പും സാർവത്രികമായ ജന്മവാസനകളായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് എങ്ങനെയാണ് ദയ ഒരു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്? ദയ മനുഷ്യശരീരത്തിൽ പ്രവർത്തിച്ചാൽ തന്നെ അതിന് വളരാനൊക്കുമോ? ഗുരു പറഞ്ഞ സാർവ്വദേശീയ മതപാർലമെൻറ് എന്ന മതസാരം ഈ ദയ തന്നെയാണ്.ദയയില്ലാത്തവൻ മനുഷ്യനല്ല; അവൻ വെറും അസ്ഥിയും തൊലിയും സിരകളുമുള്ള ഒരു ശരീരം മാത്രമാണ് .ശരീരം പോലുമല്ല, നാറുന്ന ജഡമാണത്രേ.

"അരുളില്ലയതെങ്കിലസ്ഥി തോൽ

സിര നാറുന്നൊരുടുമ്പു താനവൻ"

ഈ പ്രസ്താവത്തിൽ നിന്ന് ഗുരു എത്ര പ്രക്ഷോഭത്തോടെയാണ് ഈ വിഷയത്തെ വീക്ഷിച്ചതെന്ന്  കാണാവുന്നതാണ് .ദയ വെറുതെ ഉണ്ടാവുകയില്ല ;എന്നാൽ മനുഷ്യനിലുണ്ട് .അവൻ്റെ  ശരീരത്തിലല്ല, കൈവിരലുകളിലല്ല , തലമുടിയിലല്ല ,കണ്ണുകളിലുമല്ല ;മനസ്സിനുള്ളിൽ, മനസ്സിൻ്റെ ആഴങ്ങളിൽ. ഒരാൾ അതിനായി രണ്ടാമതൊന്നു ജനിക്കണം; അല്ലെങ്കിൽ നാറുന്ന ജഡമായി തുടരേണ്ടിവരും. "ജീവിതത്തിലുടനീളം നിലനിൽക്കുന്ന ദയയേക്കാൾ നമ്മുടെ ജീവിതത്തെയും  മറ്റുള്ളവരുടെ ജീവിതത്തെയും സുന്ദരമാക്കുന്ന വേറൊന്നില്ലെന്ന് " റഷ്യൻ സാഹിത്യകാരനായ ടോൾസ്റ്റോയ് പറഞ്ഞത് ഓർക്കുകയാണ് .മനുഷ്യൻ എപ്പോഴും ഒരേ വികാരവുമായിട്ടല്ല സഞ്ചരിക്കുന്നത്. അവനു ഉയർച്ചയും താഴ്ചയുമുണ്ട് ;സന്തോഷവും ദുഃഖവുമുണ്ടല്ലോ. എന്നാൽ  ഇതെല്ലാം സംഭവിക്കുമ്പോഴും ,അവൻ സ്വന്തം ദയയെ തടവിലാക്കാൻ അനുവദിക്കാതിരിക്കേണ്ടതുണ്ട്. അപ്പോഴേ ദയ പ്രവർത്തിക്കൂ. അല്ലെങ്കിൽ ദയയെ മോചിപ്പിക്കാൻ പ്രയത്നിക്കേണ്ടി വരും . ഒരാളിൽ സ്വാഭാവികമായി ദയ  ഉണരണമെന്നില്ല. ദയയെ നാമറിയണം; ഉണർത്തണം. ഓരോ ദിവസത്തിലെയും നിഷ്ഠയും ചിന്തയുമായി അത്  വളരേണ്ടതുണ്ട് .

അവനവനിലേക്കുള്ള തുരങ്കം

വിദ്യാസമ്പന്നരായ വ്യക്തികൾ പോലും എല്ലാറ്റിലും ദോഷം കാണുകയോ എല്ലാറ്റിനെയും സംശയത്തോടെ നോക്കുകയോ ചെയ്യുന്നതിനെ മഹത്വവത്ക്കരിക്കുന്ന പ്രവണതയാണ് ഇന്നു കാണുന്നത്. ലോകം നിയമം കൊണ്ടാണന്നു നിലനിൽക്കുന്നത്, ദയ കൊണ്ടല്ല. മനുഷ്യനിൽ നിന്ന് അത്യദ്ധ്വാനത്താൽ പുറത്തുവരുന്ന ദയ ഒരു പ്രവാഹമായി ഉരുത്തിരിയുമ്പോഴാണ് ലോകത്തിനു മഹത്വമുണ്ടാകുന്നത്.

അമേരിക്കൻ എഴുത്തുകാരൻ  ജാക്ക് കെറൗഖ് (Jack Kerouac) ഒരു കവിതയിൽ ദയയുടെ വിശ്വരൂപം ഇങ്ങനെ വരയ്ക്കുന്നു:

"നിങ്ങൾ കാണുന്ന ലോകം 

നിങ്ങളുടെ മനസ്സിലെ 

ഒരു ചലച്ചിത്രമാണ് .

പാറകൾ ഇത് കാണുന്നില്ല അനുഗ്രഹീതരായി ഒരിടത്തിരിക്കുക

പൊറുക്കുകയും മറക്കുകയും ചെയുക.

എല്ലാവരോടും 

എല്ലായയ്പ്പോഴും 

ദയ കാണിക്കക

ഇതാണെല്ലാം.

ഇതാണ് ആ സന്ദേശം

ആരും ഇത് മനസ്സിലാക്കുന്നില്ല കേൾക്കുന്നില്ല" .

ജീവിതത്തിലെ എല്ലാ വിഷമപ്രശ്നങ്ങൾക്കും കാരണം ദയയില്ലാതാകുന്നുതുകൊണ്ടാണെന്ന് ഗുരു പറയുന്നതും  ശ്രദ്ധേയമാകുകയാണ്. അരുൾ  ഉണ്ടെങ്കിൽ ജീവിതം ഇമ്പമുള്ളതായിത്തീരും (അരുളാൽ വരുമിമ്പം).അൻപകന്നാലോ ? വരും അല്ലൽ. ഇരുട്ട് അൻപിനെ ഇല്ലാതാക്കും. ഏതാണ് ഈ ഇരുട്ട് ? വിവരക്കേടു തന്നെ .മനുഷ്യൻ അധ:പതിച്ചാൽ അൻപ് ഇല്ലാതാകും; അതിലൂടെ ഇരുട്ട് വ്യാപിക്കും.

കൊല്ലുമ്പോൾ വേദനിക്കുന്നത് മറ്റു ജീവികളാണല്ലോ. കൊന്നു തിന്നുമ്പോൾ വേദനയുമില്ല. വേദനയറിയാതെ തിന്നു രസിക്കുന്നവരിൽ അൻപ് ഉണ്ടാകുകയില്ല. അതുകൊണ്ടു  കൊല്ലുന്നവനിൽ ദയ അജ്ഞാതമായി ശേഷിക്കും. അവിടെയാണ് ദയയുടെ അജ്ഞാതമായ ഉറവ കണ്ടെത്താൻ ഒരാൾ തന്നിലേക്കുതന്നെ തുരങ്കം നിർമ്മിക്കേണ്ടിവരുന്നത് .


നമ്മുടെ ജീവിതം യഥാർത്ഥ്യമാകുന്നത് നിരന്തരമായ ദയയിലൂടെയാണ്. വല്ലപ്പോഴും ചെയ്യുന്ന ഒരു ദയാപ്രവർത്തനത്തിലൂടെയല്ല.  സംഗീതജ്ഞനായ ജോൺ കേജ് (John Cage) ജീവിതത്തിൽ മനസ്സാന്നിധ്യം നിലനിർത്തണമെന്നും അതിനു വേണ്ടി ലളിതമായ മാർഗങ്ങളാണ് വേണ്ടതെന്നും  പറഞ്ഞത് ഇതിനോടു ചേർത്തുവച്ചു കാണേണ്ടതാണ്. ദയ മനസ്സിലുണ്ടായിരിക്കണം. 

ശരീരത്തിന് ആരോഗ്യം പോലെയാണ് മനസ്സിന് ദയയെന്ന് ടോൾസ്റ്റോയ് പറഞ്ഞതു എന്തുകൊണ്ടാണ് ? ദയ നമ്മെ സ്വതന്ത്രമാക്കുന്നതുകൊണ്ടാണ്. ഒരാൾക്ക് സ്വതന്ത്രനാകാൻ ഈ ഒരു വഴിയേയുള്ളൂ എന്ന വലിയ ആശയത്തിലേക്ക് വരികയാണ്. എതിർപ്പും ക്ഷോഭവും നിരീശ്വരത്വവും നമ്മെ അസ്വതന്ത്രമാക്കുകയാണ്.കാരണം ,  മനുഷ്യനു യഥേഷ്ടം മറ്റുള്ളവരെ സ്നേഹിക്കാനും ദയയോടെയിരിക്കാനും സഹായിക്കാത്തവയാണ് ഇതെല്ലാം. മനുഷ്യൻ്റെ സ്വാതന്ത്ര്യത്തെ എങ്ങനെ ഒരതീതമതമാക്കാമെന്ന് ഗുരു ചിന്തിച്ചതായി കാണുന്നു. അവൻ്റെ  വൈകാരിക ബന്ധങ്ങൾ മറികടന്ന് സർഗാത്മക ഏകത്വത്തിലേക്ക് പ്രയാണം ചെയ്യാനുള്ള കടന്നുവഞ്ചിയാണ് ദയ .

ആ കപ്പലിൽ കയറുന്നത്

യഥാർത്ഥ മനുഷ്യനാകാൻ

ദൈവദശകത്തിലൂടെ ഇത് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:

"നാവികൻ നീ 

ഭവാബ്ധിക്കോ 

രാവിവൻതോണി 

നിൻ പദം "

ഭഗവാൻ ഒരു കപ്പിത്താനാണ്.ആവിക്കപ്പലിലാണ് ഭഗവാൻ സഞ്ചരിക്കുന്നത്. അതിലേക്കാണ് നമുക്ക് പ്രവേശനം വേണ്ടത് .ഒരിടത്തേക്കും പോകാനില്ലാതെ, ശവസമാനമായി, മൃതജീവിതം തള്ളിനീക്കുന്ന മനുഷ്യർക്ക് മുന്നോട്ടുപോകാൻ ഈ ആവിക്കപ്പൽ വേണം. അതുമായി ഭഗവാൻ വരേണ്ടതുണ്ട് .എന്നാൽ ആ കപ്പലിൽ കയറിയാലോ? "ഞങ്ങളെ കാത്തുകൊള്ളണമെന്നാണ് പ്രാർത്ഥന;സുരക്ഷിതരാക്കണമെന്ന് . എന്നു പറഞ്ഞാൽ, ദയയുള്ള മനുഷ്യരാക്കണമെന്ന് . ദയയില്ലെങ്കിൽ നാറുന്ന ജഡം മാത്രമാണ് മനുഷ്യനെന്ന് പറഞ്ഞിട്ടുള്ള ഗുരു, ഭഗവാൻ കൊണ്ടുവരുന്ന കപ്പലിൽ സുരക്ഷിതത്വം വേണമെന്ന് പ്രാർത്ഥിക്കുമ്പോൾ ,അത് ദയയുള്ള മനുഷ്യാസ്തിത്വത്തിലേക്കുള്ള സഞ്ചാരമാണ്. അവിടെ മാത്രമാണ് യഥാർത്ഥ സുരക്ഷയുള്ളത്. അസ്തിത്വത്തിൻ്റെ നിരർത്ഥകതയെ മറികടക്കുന്ന  പ്രക്രിയയാണ് ദയ. അവിടെനിന്ന് കൈവിടരുതെന്നാണ് ഗുരുവിൻ്റെ അടുത്ത ആവശ്യം. അതായത് , ജീവിതാവസാനം വരെ ദയയോടെ മനുഷ്യനായിരിക്കണം. അങ്ങനെ ജീവിക്കുമ്പോൾ ജഡചിന്ത ഒഴിഞ്ഞുപോകും; നാറ്റം ഇല്ലാതാകും. ജന്മത്തിൻ്റെ നിരർത്ഥകത മാറി നൈരന്തര്യത്തിലേക്ക് പദമൂന്നും . അവിടെ മനുഷ്യൻ ദൈവപദമാണ്. മനുഷ്യൻ ദൈവമാകുകയോ , ദൈവത്തിൻ്റെ  അംഗമാകുകയോ ചെയ്യുകയാണ്.

ജീവിതത്തിന് ഒരർത്ഥമുണ്ടാക്കാനാണ് ഗുരു യത്നിച്ചത്.ഇതിൻ്റെ ഭാഗമായാണ് ദയയെ മതസാരമെന്ന അർത്ഥത്തിൽ ഗുരു ആഴുള്ള അനുഭവമാക്കിയത്. ലോകത്തിലെ മഹത്തായ മതപാർലമെൻ്റ് ഈ ദയയാണ് .ഇത് കേവലം നൈമിഷികമായ ഒരു വികാരമല്ല; സമീപനമല്ല; നോട്ടമല്ല. അതിലുപരി സാകല്യമായ, കൂടുതൽ വ്യാപ്തിയുള്ള ജൈവമേഖലയുടെ കണ്ടെത്തലാണ്.  ഒരു യഥാർത്ഥ മനുഷ്യനായി മാറാൻ ഉത്കടമായ വൈകാരികലോകം ആവശ്യമാണ്. മാനസികമായ തിന്മകളെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. ഒരു വലിയ ജാതിയിൽ ജനിച്ചാൽ ഇതു കൈവരുകയില്ല .കൂടുതൽ പരിവർത്തനത്തിനായി പൊരുതേണ്ടി വരും .അതാണ് നവമനുഷ്യൻ എന്ന ആശയം .ഗുരു മനുഷ്യൻ എന്നു പറഞ്ഞത് ഈ നവപ്പിറവിയെ ലക്ഷ്യമാക്കിയാണ്.അത് നാം എപ്പോഴും കാണുന്ന മനുഷ്യാകാരമല്ല; മറച്ച് അതിനുള്ളിലെ ധർമ്മവും ദയയുമാണ്.


എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 ബോധത്തിൻ്റെ ഉദയം


 

എം.കെ.ഹരികുമാർ


ഒരാൾ നിത്യേന ഇരുപതു മിനിറ്റുനേരം വായിക്കുകയാണെങ്കിൽ ഒരു വർഷംകൊണ്ട് രണ്ടു ദശലക്ഷം വാക്കുകൾ എന്ന ലക്ഷ്യം കണ്ടെത്താനാവുമെന്ന് ഒരു ഗവേഷകൻ പറഞ്ഞത് ഓർക്കുകയാണ്‌. ക്രമേണ ഇതു ഏറ്റവും കാമ്യമായ ബോധത്തിൻ്റെ ഉദയമായിത്തീരുകയും ചെയ്യും. വായന ഒരു ശീലമാക്കണമെന്നു പറയുമ്പോൾ മുഴുവൻ സമയവും പുസ്തകവുമായിരിക്കണമെന്നല്ല അർത്ഥം; വായന നമ്മുടെ  സംസ്കാരമാകണം. നമ്മൾ കുളിക്കുകയും ശ്വസിക്കുകയും ചെയ്യുന്നപോലെ അനിവാര്യമാക്കേണ്ട പ്രവൃത്തിയാണിത്. രാത്രി ഉറങ്ങാൻ  പോകുന്നതിനുമുമ്പ് അഞ്ചു മിനിറ്റ് നേരം ഒരു പുസ്തകം വായിച്ചാലും ഫലപ്രദമാണ്. ഒരു വലിയ പുസ്തകം - ടോൾസ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' അല്ലെങ്കിൽ തോമസ് മന്നിൻ്റെ ' ദ് മാജിക് മൗണ്ടൻ' -ഒരാഴ്ചകൊണ്ട് വായിച്ചുതീർക്കണമെന്ന് ആരും പറയില്ല. ചിലരുടെ ധാരണ ലൈബ്രറിയിൽ പോയി പുസ്തകം എടുത്തുകൊണ്ടുവന്ന് ഒരാഴ്ചക്കുള്ളിൽ  വായിച്ചു തിരിച്ചേല്പിക്കേണ്ടതുകൊണ്ടു  സമയം കിട്ടുന്നില്ലെന്നാണ്‌.എന്നാൽ വായിക്കാൻ വേണ്ടി പ്രത്യേക സമയമില്ല .എന്നാൽ ഏറ്റവും നല്ല സമയം വായനയ്ക്കായി നല്കുന്നത് നല്ലതാണ്.


മറ്റേതു കാര്യവും പോലെയാണ് വായന. വായിക്കുന്നവൻ്റെ മുന്നിൽ സ്വർഗ്ഗമാണുള്ളത്. പുസ്തകം ധൃതിയിൽ വായിക്കേണ്ടതില്ല. അഞ്ചോ ആറോ മാസമെടുത്തു വലിയ പുസ്തകങ്ങൾ വായിച്ചാൽ മതി. അമേരിക്കയിലെ മഹാപരിസ്ഥിതി സ്നേഹിയായ തോറോയുടെ 'വാൽഡൻ ' എന്ന വനവിവരണ ഗ്രന്ഥം ഒരു വർഷമെടുത്തു വായിച്ചാൽ മതി. വായന നമുക്കു മാനസിക ഉന്നമനമാണ് തരുന്നത്. വായന പ്രാർത്ഥനപോലെയാണ്. പ്രാർത്ഥിക്കുമ്പോൾ നമ്മെക്കാൾ  വലിയ ശക്തിയുമായി നാം ഏകാന്ത സംഭാഷണത്തിനാണ് മുതിരുന്നത്. അതുപോലെയാണ് വായന. വായിക്കുമ്പോൾ ഒരു പുതിയ ഭാഷയുടെ സ്പന്ദനങ്ങൾ നാം കേട്ടു തുടങ്ങുന്നു. അത് ഒരു കാന്തിക മേഖലയാണ് ;ആത്മീയസഞ്ചാരമാണ്; വൈകാരിക ഉച്ചകോടിയാണ്.


പക്ഷികൾക്ക് പാടാനറിയുന്നതുപോലെ മനുഷ്യർക്ക് വായിക്കാനുമറിയാം. മനുഷ്യൻ വായിക്കുന്നത് സംഗീതോപകരണത്തിൽ വിരലോടിക്കുന്നതുപോലെ പവിത്രമായാണ്. പുസ്തകവുമായി യാത്ര ചെയ്യുന്നവർ അതാണ് സൂചിപ്പിക്കുന്നത്. തലയണയ്ക്കടിയിൽ പുസ്തകം സ്ഥിരമായി സൂക്ഷിക്കുന്നവരുണ്ട്.തലവച്ച് കിടക്കാനല്ല ; ഉറങ്ങുന്നതിനു മുമ്പ് അത്യാവശ്യമായ ഔഷധം സേവിക്കുന്നതു പോലെ രണ്ടു വാചക മെങ്കിലും വായിക്കാൻ .അല്ലെങ്കിൽ ഉറക്കം മുറിയുമ്പോൾ എഴുന്നേറ്റു വന്ന് വായിക്കാൻ.


ദുബായിൽ പതിമൂന്നു ദിവസം താമസിക്കേണ്ടി വന്ന ഘട്ടത്തിൽ അവിടുത്തെ റൂളറുടെ ഓഫീസിൽ ജോലിചെയ്യുന്ന ബിജുവിൻ്റെ  വീട്ടിലാണ് ഞാൻ കഴിഞ്ഞത്. അദ്ദേഹത്തിനു എൻ്റെ 'നവാദ്വൈതം വിജയൻ്റെ  നോവലുകളുടെ ' എന്ന പുസ്തകം വളരെ ഇഷ്ടമായിരുന്നു. ഞാൻ തിരിച്ചുപോന്ന ശേഷം ഫോണിൽ സംസാരിച്ചപ്പോഴാണ് അദ്ദേഹം തൻ്റെ  വായനയുടെ രഹസ്യം വെളിപ്പെടുത്തിയത്‌.എൻ്റെ 'നവാദ്വൈതം', അദ്ദേഹം തലയണയ്ക്കടിയിൽ സൂക്ഷിച്ചിരിക്കയാണത്രേ. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് ഏതാനും വാക്യങ്ങൾ വായിക്കും. വിശുദ്ധമായ ആ വായനയെക്കുറിച്ച് അറിഞ്ഞപ്പോൾ അതിശയിച്ചുപോയി. ഇങ്ങനെയും വായിക്കാം.


തടിച്ച പുസ്തകങ്ങൾ കണ്ടു ഭയക്കുന്നവരുണ്ട്.വായിക്കാത്ത നമ്മൾ ആ പുസ്തകത്തെ ഭയന്നാൽ ,അതെഴുതിയ ആളിനെ നാമെങ്ങനെ മനസിലാക്കും? . ആയിരം പേജുള്ള നോവൽ ആരെങ്കിലും വായിക്കുമോ എന്ന് ചോദിച്ചാൽ എവറസ്റ്റിൽ ആരെങ്കിലും കയറുമോ എന്ന് ചോദിക്കുന്നതു പോലെ അസംബന്ധമാണത്. അതു  വായിക്കേണ്ടവൻ അതിലേക്ക് പ്രവേശിക്കാതിരിക്കില്ല. പുസ്തകം ആരെയും ബലമായി പിടിച്ച് വായിപ്പിക്കുകയില്ല. അത് എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്. ഒരു ദിവസംകൊണ്ടു  വായിക്കേണ്ടതില്ല. എവറസ്റ്റിൽ കയറുന്നപോലെ സാവധാനം പരിശ്രമിക്കുക.


ഒരു പുതിയ ലോകത്തെക്കുറിച്ച്, മനുഷ്യാവസ്ഥയെക്കുറിച്ച് നമുക്ക് എങ്ങനെയാണ് ബോധമുണ്ടാകുന്നത്?പത്രപാരായണത്തിൽ നിന്നു വാർത്തകളേ കിട്ടൂ; ആശയങ്ങൾ ലഭിക്കുകയില്ല .അതിനു പുസ്തകങ്ങൾ വായിക്കണം. ജവഹർലാൽ നെഹ്റു പത്രവായനയെ ഒരു 'വായന 'യായി കാണാതിരുന്നത് അതുകൊണ്ടാണ്. ലോകത്തിൻ്റെ പുരോഗതിയും ആഴവും വായനയിലൂടെയാണ് ലഭിക്കുന്നത്.അങ്ങനെ നമ്മുടെ ചിന്താപരമായ ജീവിതത്തിൻ്റെ അതിർത്തികൾ മാറ്റിവയ്ക്കപ്പെടുകയാണ്.


അമെരിക്കൻ സാഹിത്യകാരനായ റിച്ചാർഡ് ബാക് രചിച്ച 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ' എന്ന നോവൽ കടൽകാക്കകളുടെ കഥയാണ് പറയുന്നത്. ഒരു കാക്ക പ്രതിബന്ധങ്ങളെ തട്ടിമാറ്റി പ്രബുദ്ധതയുടെ ആകാശം സ്വന്തമാക്കുന്നു. ഫ്രഞ്ച് എഴുത്തുകാരി മേരി ഡാരിസ്ക് രചിച്ച 'പിഗ് ടെയ്ൽസ്' നവീനമായ ഒരു കലാസൃഷ്ടിയാണ്. സൗന്ദര്യപരിപാലന കേന്ദ്രത്തിൽ നല്ലപോലെ ജീവിച്ച ആ യുവതി ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു പന്നിയായി മാറുകയാണ്! . അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ അർത്ഥമറിയാൻ ഇതു സഹായിക്കുന്നുണ്ട്; ഫ്രാൻസ് കാഫ്കയുടെ 'മെറ്റാമോർഫോസിസ്' എന്ന കഥയിൽ ഒരു യുവാവ് പെട്ടെന്നൊരു ദിവസം ഷഡ്പദമായി മാറുന്നതുപോലെ.


ഇന്ത്യയിലെ വലിയ ചലച്ചിത്രസംവിധായകനായ മൃണാൾ സെൻ തൻ്റെ സിനിമാപ്രവേശത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു :"ഒരു ദിവസം യാദൃച്ഛികമായാണ് ഞാൻ റുഡോൾഫ് അർണീം എഴുതിയ 'ഫിലിം ആസ് ആർട്ട് ' എന്ന പുസ്തകം വായിക്കാനിടയായത്. സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് ഞാൻ ആദ്യം വായിച്ച പുസ്തകമായിരുന്നു അത്. 1943 ലെ ആ വായന എന്നെ വികാരഭരിതനാക്കി.സിനിമയ്ക്ക് സ്വന്തമായി ഒരു തത്ത്വശാസ്ത്രമുണ്ടെന്ന് ഞാനൊരിക്കലും മനസ്സിലാക്കിയിരുന്നില്ല .പിന്നീട് ഞാൻ വ്ളാഡിമിർ നിൽസൺ രചിച്ച 'സിനിമ ആസ് എ ഗ്രാഫിക് ആർട്ട് ' വായിച്ചു. എനിക്കത് പൂർണമായി മനസ്സിലായില്ല. എന്നാൽ  ത്രസിപ്പിക്കുന്നതായിരുന്നു .അതിൽ നിന്ന് സിനിമയുടെ സൗന്ദര്യശാസ്ത്രമെന്താണെന്ന് ഞാൻ പഠിച്ചു " .ഇങ്ങനെയാണ് വായന പ്രവർത്തിക്കുന്നത്.



വായിക്കുമ്പോൾ മറ്റുള്ളവരെക്കൂടി നമ്മുടെ ഭാഗമാക്കുകയാണ്‌, മറ്റുള്ളവർ സൃഷ്ടിച്ച ലോകങ്ങൾ ,കണ്ടെത്തിയ ലോകങ്ങൾ . തകഴിയുടെ 'ചെമ്മീൻ' വായിക്കുന്ന ഒരാൾക്ക് അതിലെ കറുത്തമ്മ എന്ന കഥാപാത്രം ഷീലയാണെന്നു തോന്നുകയില്ല ;അങ്ങനെ തോന്നുന്നത്  'ചെമ്മീൻ'സിനിമ കണ്ടവരുടെ പ്രശ്നമാണ്. കറുത്തമ്മയെ ഓരോ വായനക്കാരനും സ്വന്തം നിലയിൽ സങ്കല്പിക്കും. കേശവദേവിൻ്റെ  'ഓടയിൽ നിന്ന് ' വായിച്ചപ്പോൾ അതിൽ റിക്ഷ വലിക്കുന്ന പപ്പു എന്ന കഥാപാത്രം എൻ്റെ സങ്കല്പത്തിൽ  വളരെ മെലിഞ്ഞ, നല്ല ഉയരമുള്ള ആളായിരുന്നു. സത്യൻ മനസ്സിൽ വന്നതേയില്ല.  ഇതാണ് വായന നല്കുന്ന സ്വാതന്ത്ര്യം .


ഗാന്ധിജിക്ക് വായനാശീലം ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻസ്വാതന്ത്ര്യ സമരം മറ്റൊരു വഴിക്കാകുമായിരുന്നു. ഗാന്ധിജിക്ക് അഹിംസ എന്ന ആശയം എവിടുന്ന് കിട്ടി ? അദ്ദേഹം തന്നെ ഇത് വിശദീകരിച്ചിട്ടുണ്ട് .അക്കാലത്ത് അദ്ദേഹത്തിന് ടോൾസ്റ്റോയുമായി കത്തിടപാടുകൾ ഉണ്ടായിരുന്നു. ടോൾസ്റ്റോയിയുടെ ലേഖനങ്ങളിൽ നിന്നാണ് ഗാന്ധിജി അഹിംസാസിദ്ധാന്തം എന്താണെന്ന് ഹൃദിസ്ഥമാക്കിയത് .അതുപോലെ തോറോയുടെ 'സിവിൾ ഡിസൊബീഡിയൻസ്' എന്ന ലേഖനത്തിൽ നിന്നാണ് അദ്ദേഹം നിസ്സഹകരണ സമരം എന്ന ആശയം ഉൾക്കൊണ്ടത്. ഇത് രണ്ടും അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വിജയകരമായി പരീക്ഷിച്ചു.


നമ്മളോരോരുത്തരും ഓരോ  സ്വാതന്ത്ര്യസമരപോരാളിയാണ്. എന്തിൽ നിന്നുള്ള സ്വാതന്ത്ര്യം? ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞല്ലോ, അവനവനിൽ നിന്നുള്ള സ്വാതന്ത്ര്യം .അനുനിമിഷം നമ്മെ വലയം ചെയ്യുന്ന അന്ധകാരത്തോടാണ് നമുക്ക് ഏറ്റുമുട്ടാനുള്ളത് .അന്ധകാരത്തിൽ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത്. ബോധത്തിൻ്റെ ഉദയം എന്ന മഹാസിദ്ധി ആർജിക്കാൻ വായനയാണ് ആശ്രയം.


എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 സ്വന്തം ഗേഹം തേടുന്ന വാക്കുകൾ


 

എം.കെ.ഹരികുമാർ

എസ് .രമേശൻനായരുമായി ദീർഘമായി സംസാരിക്കാൻ എനിക്ക് അവസരം കിട്ടിയത് പത്തനംതിട്ട 'ദേശത്തുടി' സംഘടിപ്പിച്ച ഒരു പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്തശേഷം ഞങ്ങൾ കാറിൽ എറണാകുളത്തേക്ക് തിരിച്ചുവരുമ്പോഴായിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യയുമുണ്ടായിരുന്നു. കൂടുതലും സ്വകാര്യ സംഭാഷണങ്ങളായിരുന്നു.തനിക്ക് ചായ ഇല്ലാതെ ജീവിക്കാനാവില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞത് തിരുവല്ലയിലെ ഒരു വെജിറ്റേറിയൻ റെസ്റ്റൊറൻ്റിൽ വച്ചായിരുന്നു. 'അഷ്ടാംഗഹൃദയ'ത്തിൽ ചായയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും  രാജാക്കന്മാർ തെയിലച്ചെടി  നട്ടുവളർത്തിയത് ഹൃദ്രോഗത്തെ തടയും എന്ന കാരണത്താലാണെന്നും രമേശൻനായർ വിശദീകരിച്ചു. ദിവസം മൂന്നോ നാലോ ചായ കുടിച്ചാലും അധികമാവില്ലത്രേ. ഞാനും ഒരു ചായ പ്രിയനാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം സന്തോഷം മറച്ചുവച്ചതുമില്ല.

പിന്നീട് ഞങ്ങൾ നേരിട്ട് കാണുമ്പോഴും  ഫോൺ വിളിക്കുമ്പോഴും സൗഹൃദം നിരുപാധികമായി തുടർന്നു. എറണാകുളത്ത് വച്ചുകണ്ട അവസരത്തിൽ 'ഗുരുപൂർണിമ ' എന്ന കൃതി ചർച്ചയിലേക്ക് കടന്നു വന്നു. ഗുരുവിനെക്കുറിച്ച് സമഗ്രമായ ഒരു കാവ്യം അപൂർവമാണല്ലോ. ഒരു വലിയ ദൗത്യംപോലെയാണ് അദ്ദേഹം അത് ചെയ്തത്.ശുദ്ധവും നിർമമവുമായ ഒരു കാവ്യപദകോശം എന്ന നിലയിലാണ് ഞാൻ അതിനെ നോക്കി കാണുന്നത്. എൻ്റെ കൈയിൽ 'ഗുരുപൂർണിമ 'പുസ്തകരൂപത്തിലില്ലെന്ന് സൂചിപ്പിച്ചപ്പോൾ ഉടനെ അദ്ദേഹം അടുത്തുള്ള ബുക്ക്ഷോപ്പിൽ നിന്നും അത് വാങ്ങി കൈയൊപ്പിട്ടു തരുകയും ചെയ്തു. തൻ്റെ പുസ്തകങ്ങളുടെ പ്രൂഫ് നാല് തവണയെങ്കിലും പരിശോധിക്കാറുണ്ടെന്ന കാര്യവും അദ്ദേഹം പങ്കുവച്ചു.

എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ കവി ജെ.ടി. ആമ്പല്ലൂരിൻ്റെ ജന്മദിന സമ്മേളനത്തിൽ പങ്കെടുക്കാൻ ഞാനും രമേശൻനായരും ഉൾപ്പെടുന്ന പ്രഭാഷകരുടെ ഒരു നിര തന്നെയുണ്ടായിരുന്നു. ഞാനന്ന് ആത്മീയമായ വേദാന്തത്തെക്കുറിച്ചും നീതിസാരത്താൽ വികസ്വരമായ മാനവജീവിതത്തെക്കുറിച്ചുമാണ് സംസാരിച്ചത്.പ്രസംഗമധ്യേ ഞാൻ ശ്രീകൃഷ്ണൻ്റെ മായയെക്കുറിച്ച് പരാമർശിച്ചത് ഓർക്കുകയാണ്. ഒരിക്കൽ നാരദമുനി എന്താണ് മായ എന്ന് ശ്രീകൃഷ്ണനോട് ചോദിച്ചതിനെക്കുറിച്ചായിരുന്നു എൻ്റെ സംഭാഷണം.

ശ്രീകൃഷ്ണൻ പറഞ്ഞു, അല്പം ക്ഷമിക്കൂ , താമസിയാതെ അതിൻ്റെ  അർത്ഥം വ്യക്തമാക്കുന്നതാണ് .അത് കേട്ട് നാരദൻ പതിവുപോലെ സഞ്ചാരം തുടർന്നു. കുറേ മാസങ്ങൾ കഴിഞ്ഞ്, ഒരു ദേശത്ത് നിൽക്കുമ്പോൾ നാരദന് കടുത്ത മഴയും കാറ്റും അഭിമുഖീകരിക്കേണ്ടി വന്നു. ഗത്യന്തരമില്ലാതെ നാരദൻ തൊട്ടടുത്ത് കണ്ട ഒരു വീട്ടിലേക്ക് കയറിച്ചെന്നു.അവിടെ ഒരു സ്ത്രീ തനിച്ചുതാമസിക്കുകയായിരുന്നു.എന്നാൽ മഴ തോർന്നിട്ടും നാരദൻ അവിടം വിട്ട് പോയില്ല. അദ്ദേഹം ആ സ്ത്രീയിൽ അനുരക്തനായി കഴിഞ്ഞിരുന്നു. അദ്ദേഹം അവിടെ സ്ഥിരതാമസമായി. അവളിൽ അദ്ദേഹത്തിനു മക്കളുണ്ടായി.കാലം കടന്നു പോയി.നാരദൻ വീണ്ടും  യാത്രയിലായി. മറ്റൊരു പ്രളയവും പേമാരിയും കഴിഞ്ഞാണ് നാരദൻ തൻ്റെ മക്കളുടെയും ഭാര്യയുടെയും അടുത്തേക്ക്  തിരിച്ചെത്തിയത് .എന്നാൽ അവിടെ ഭാര്യയോ മക്കളോ ഒന്നുമില്ലായിരുന്നു. വീടും അപ്രത്യക്ഷമായിരുന്നു. എല്ലാം വെള്ളത്തിൽ ഒഴുകിപ്പോകുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ,വിഷണ്ണനായി നിൽക്കുകയായിരുന്ന നാരദൻ്റെ അടുത്തേക്ക് ശ്രീകൃഷ്ണൻ വന്നത് അപ്പോഴാണ്. മഹാഗുരുവും ജ്ഞാനിയുമായ ശ്രീകൃഷ്ണൻ നാരദൻ്റെ അവസ്ഥ മനസ്സിലാക്കി അദ്ദേഹത്തോട് പറഞ്ഞു, കുറേ നാൾ മുമ്പ് എന്താണ് മായ എന്ന് ചോദിച്ചിരുന്നല്ലോ ,ഇതാണ് മായ എന്ന്. തൻ്റെ നഷ്ടത്തെ കണ്മുന്നിൽ കണ്ട നാരദന് മായയുടെ അർത്ഥം ഗ്രഹിക്കാനായത് അപ്പോഴാണ് .എല്ലാം ഉണ്ടെന്നു തോന്നുന്നതാണ്. ഒന്നും ശാശ്വതമല്ല.


 

ഈ പ്രസംഗം കഴിഞ്ഞ് വീട്ടിൽ വന്ന എന്നെ അന്ന് വൈകിട്ട് രമേശൻ നായർ വിളിച്ചു. ഹരികുമാറിൻ്റെ  കൈയിൽ എൻ്റെ ഏതെല്ലാം പുസ്തകങ്ങളുണ്ട് എന്ന് അദ്ദേഹം സ്നേഹപൂർവ്വം ആരാഞ്ഞു.ചില പുസ്തകങ്ങളുടെ പേര് ഞാൻ പറഞ്ഞു. അത് പോരാ ,അദ്ദേഹം പറഞ്ഞു, എൻ്റെ എല്ലാ പുസ്തകങ്ങളും ഹരികുമാറിൻ്റെ പക്കലുണ്ടാവണം. അത് എനിക്കൊരു ആനന്ദമാണ്. അങ്ങനെ ആവട്ടെയെന്ന് ഞാൻ അറിയിച്ചു.തുടർന്ന് ഒരാഴ്ചക്കുള്ളിൽ  അദ്ദേഹത്തിൻ്റെ സകല പുസ്തകളുടെയും ഓരോ കോപ്പി കൈയൊപ്പിട്ട് കൊറിയറായി എനിക്ക് അയച്ചുതരികയായിരുന്നു. ഞാൻ നന്ദി അറിയിച്ചു.

ഒരില കണ്ടാൽ അത് ഏത് മരത്തിൻ്റേതാണെന്നും അതിന് എത്ര വലിപ്പമുണ്ടെന്നും പറയാൻ കഴിയുന്ന തരത്തിലുള്ള ജ്ഞാനം രമേശൻ നായർക്കുണ്ടായിരുന്നു. അത് വിശേഷപ്പെട്ട ജ്ഞാനമാണ്.

വാക്കിനെക്കുറിച്ചുള്ള സാകല്യജീവിതശ്രുതി ആവിഷ്കരിക്കുകയാണ് 'വാക്ക് ' എന്ന കവിതയിൽ .വാക്കിൻ്റെ വിരാട് പ്രപഞ്ചം കാണാനായി കവി തപസ്സിനെ ആശ്രയിക്കുന്നു. പാരമ്പര്യബിംബങ്ങൾ രമേശൻനായർക്ക് ഒഴിവാക്കാനാവില്ല. അദ്ദേഹം അതിൽ സ്വയം ദർശിക്കുന്നു.

വാക്കേ ,താമരനൂൽക്കിനാവു കരളിൽ-  ക്കോർക്കുന്ന പൂമാലയി

ന്നാർക്കാ,ണഞ്ജനബിംബനിഷ്ടമനുരാ-

ഗം ഭക്തിമുക്‌തിപ്രദം!"

ഈ ഭാഷ രമേശൻനായരുടെ ഒരു അവബോധച്ചിമിഴാണ്. അദ്ദേഹം അങ്ങനെയാണ് സമീപിക്കുന്നത്. അദ്ദേഹം പൂർവ്വജീവിതമഹിമാ പദങ്ങളിൽ നിന്ന് വീണ്ടും ഊർജ്ജം തേടുകയാണ്.ഈ കവി കവിതയെഴുതുന്നത് ഒരു നിലവിളക്കിൻ്റെ മുന്നിലിരുന്നാണ് എന്ന് സങ്കല്പിക്കാവുന്നതാണ്;അദ്ദേഹത്തിന് പവിത്രമായ ഒരു പ്രവൃത്തിയാണത്. സ്വയം ശുദ്ധീകരിക്കുന്നതോടൊപ്പം ലോകത്തെയും ശുദ്ധീകരിക്കുക എന്ന പ്രാർത്ഥന അതിൻ്റെ പിന്നിലുണ്ട്. കവിതയുടെ ശുദ്ധീകരണപ്രക്രിയയിൽ ഏർപ്പെടുന്നതോടെ കവിക്ക് പരാത്മ പദഘോഷയാത്രയിൽ ചേരാൻ  അധികസമയം വേണ്ടിവരുന്നില്ല. മറ്റുള്ള വസ്തുക്കളുടെ ആത്മലോചനമാണ് തെളിയുന്നത്. രാമകഥയും ഗുരുപ്രസാദവും കളിവെട്ടവും നളനും മേലാടയും കസവും താമരനൂൽക്കിനാവും അഞ്ജനബിംബവും വൃന്ദാവനവും കടന്നുവരുന്നു .അമൃതും ഗരുഡനും ഈ കവിക്ക് വഴികാട്ടിയാകുകയാണ്.

എങ്കിലും കാതലായ ഒരു വിഷയത്തെ മുട്ടിത്തുറക്കാൻ രമേശൻനായർക്കറിയാം.

"വാക്കേ ,നീ നെടുമോഹനിദ്രയുണരൂ

ലോകം നമിക്കുന്ന തൃ - 

ക്കാൽക്കൽ,പ്പാൽക്കടലിൻ നടക്കല ടിയൻ 

പാടാം പഴംപാണനായ്

കേൾക്കാമോ തുടിയോളമെൻ്റെഹൃദയ -ത്തിൻ താളം?മെന്നാലുണർ-

ന്നേല്ക്കൂ ,സൃഷ്ടികളെപ്പുലർത്തി നിലനിർ-

ത്തൂ തൽസ്ഥിതിപ്രാഭവം !"


വാക്ക് ഉണരണം.എങ്ങനെ ഉണരും ?അതിനായി തപം ചെയ്യണം .വാക്ക് അതിലൂടെ പുറത്തു വിടുന്ന ശബ്ദമാണ് .എന്നാൽ ആ ശബ്ദത്തിനുള്ളിൽ ഒരു പൂർവ്വനിശ്ചിത വസ്തുവില്ല.പൂച്ച എന്ന ശബ്ദത്തിൽ പൂച്ച എന്ന ജീവിയില്ല .ശബ്ദം വേറെ, വസ്തു വേറെ. വാക്കിനർത്ഥം കൊടുക്കുമ്പോഴാണ് വസ്തുവുണ്ടാകുന്നത്‌. അർത്ഥം ആരു  കൊടുക്കും? അത് നമ്മുടെയുള്ളിലാണ്.വാക്കുകൾ പ്രതിനിധാനം ചെയ്യുന്ന അർത്ഥത്തെയല്ല ,അതിനപ്പുറമുള്ള ഉണ്മയെയാണ് തേടേണ്ടത് .അത് നമ്മുടെ ഉള്ളിലാണുള്ളത് .അത് പൂർണമായി അവതരിപ്പിക്കാൻ  ഒരു കവിക്കും കഴിയില്ല. നമ്മളെല്ലാം വാക്കിൻ്റെ നിശ്ശബ്ദതയ്ക്കും നിസ്സംഗതയ്ക്കും മുമ്പിൽ ചെന്ന് നിവേദനം സമർപ്പിക്കുകയാണ്, ആന്തരികാർത്ഥത്തിലേക്ക് നമ്മെ എത്തിക്കാൻ .തത്ത്വമസി എന്ന പ്രയോഗത്തിൽ ഇതുപോലൊരു പ്രക്രിയയുണ്ട്. വാക്കുകളുടെ നിശ്ചിതാർത്ഥങ്ങളെ വകഞ്ഞുമാറ്റി വിദൂരമായ ഒരു ലക്ഷ്യത്തിലേക്ക് ആത്മാവിനെ ക്ഷണിച്ചു കൊണ്ടുപോകുന്ന പദമാണത്.രമേശൻനായർ വാക്കിൻ്റെ മൗനത്തെപ്പറ്റി ബോധവാനായിരുന്നു. അതുകൊണ്ടാണ് വാക്കിനോട് നിദ്രയിൽ നിന്നുണരാൻ അദ്ദേഹം പ്രാർത്ഥിക്കുന്നത്.

സമകാലിക ദുരവസ്ഥയ്ക്കെതിരെ ശക്തമായി പൊരുതിക്കൊണ്ടിരുന്ന കവിയാണദ്ദേഹം. മറ്റൊരു രീതിയിൽ പറഞ്ഞാൽ കാലത്തിൻ്റെ വിമർശകൻ.

"ദൈവത്തെയും വിറ്റുതിന്നുന്നൂ

കയ്യിട്ടു ഭണ്ഡാരം കക്കുന്നൂ

വിശ്വാസമൊക്കെയവിശ്വാസം വിശ്വസിക്കാനീ ധനം മാത്രം!

ധർമ്മമധർമ്മമായ്ത്തീരുന്നൂ

എന്നാൽ മറിച്ചും ഭവിക്കുന്നൂ

ഇല്ലാ പരുന്തും പറക്കില്ലാ

എല്ലാം പണംകൊണ്ടു നേടുന്നൂ.

ചത്തവർ ചത്തൂ തെളിവില്ല 

മറ്റൊരാൾ കൊന്നെന്നറിയില്ല.

ഒക്കെപ്പണത്തിൻ മഹാജാലം 

ധിക്കാരമത്രേയധികാരം !"

(ഉണ്ണി തിരിച്ചുവരുന്നു)

മനുഷ്യനിൽ ക്രൂരത മാത്രമാണ് വളരുന്നത്. സ്നേഹം ഒരു ഭാവനയോ കെട്ടുകഥയോ ആയിരിക്കുന്നു. മനുഷ്യൻ വെറുമൊരു സോദ്ദേശ്യ കഥാപാത്രമാകാനാണ് ശ്രമിക്കുന്നത്. കഥാപാത്രമായതുകൊണ്ട് അവനു ചതുരവടിവുകളാണവശ്യം,  ആർജ്ജവത്വമോ സുതാര്യതയോ വേണ്ടല്ലോ.

"പഴമയെത്തള്ളിപ്പറഞ്ഞിട്ട് 

പുതുമയെ വാരിപ്പുണർന്നീടാൻ

അമ്മാത്തുനിന്നും പുറപ്പെട്ട് 

ആഴക്കടലിൽ നാം വീണില്ലേ ?

ഇന്നയൽക്കാരനെ സ്നേഹിക്കാൻ

ദൈവമേ വന്നു പറഞ്ഞാലും

ദൈവത്തെക്കൂടി വെറുക്കും നാം

ദൈവങ്ങൾ നമ്മൾക്കു നേതാക്കൾ!

അച്ഛനെയമ്മയെ സ്നേഹിക്കാൻ

മക്കളെ മാറോടണച്ചീടാൻ

പെറ്റകുടുംബത്തെ മാനിക്കാൻ

ഉറ്റബന്ധുക്കളെപ്പാലിക്കാൻ 

ഒട്ടുമേ നേരം കളയാതെ പൊട്ടിത്തെറിച്ചു നാമോടുന്നൂ 

എന്തിനീ നെട്ടോട്ടമെന്നാർക്കും

ചിന്തയില്ലെന്നതാണാശ്വാസം!"

നിശൂന്യമായ ഈ ഓട്ടത്തെ പരിഹസിക്കാനും വിമർശിക്കാനും തയ്യാറായ കവിയെന്ന നിലയിൽ രമേശൻനായർക്ക് പ്രസക്തിയുണ്ട്. ആരോടും ആത്മാർത്ഥതയില്ലാതെ ജീവിച്ചു വിജയങ്ങൾ നേടുന്നുവെന്ന് അഭിമാനിക്കുന്നവരുടെ മാനസികാവസ്ഥ എന്താണ് ?തകർന്ന സംസ്കാരത്തിൻ്റെ സൂക്ഷിപ്പുകാരായി തരംതാഴുകയാണോ നാം?.


 

സ്ത്രീധനത്തിൻ്റെ പേരിൽ സ്ത്രീകളെ കൊല്ലുന്നതും ഗുണ്ടകളെ വിട്ട് ശത്രുക്കളെ വകവരുത്തുന്നതും ഒരു നാട്ടാചാരമായി കഴിഞ്ഞല്ലോ. ഇവിടെയാണ് ഇത്തരം പ്രവൃത്തികൾ, കാലത്തിൻ്റെ മനസാക്ഷിയുടെ പ്രാതിനിധ്യമേറ്റെടുത്ത് ഒരു കവി ചർച്ച ചെയ്യുന്നത്. അന്ധതമസ്സുകൾ ഒന്നിനു പിറകെ ഒന്നായി വരുന്നത് കവി കാണുകയാണ്. ഇരുട്ടിൽ  തിരിച്ചറിയാനാവാതെ പരസ്പരം വെട്ടി മരിക്കുകയാണ് നമ്മൾ എന്ന തിരിച്ചറിവിലേക്ക് അദ്ദേഹം സ്വാഭാവികമായി എത്തുന്നത് ഇങ്ങനെയാണ്:

"ജാതികൾ തമ്മിൽ തലതല്ലി 

നൂറായ്ച്ചിതറുന്നൊരീ നാട്ടിൽ 

ഓരോ മതവും പടവെട്ടി 

ചോരപ്പുഴ തീർക്കുമീ നാട്ടിൽ 

ദുഷ്ട ദു:ശാസനർ പാഞ്ചാലീ 

വസ്ത്രം പറിക്കുന്നൊരീ നാട്ടിൽ സംഘടിക്കുന്നതിൻ തോന്ന്യാസം

സങ്കടമാക്കുന്നൊരീ നാട്ടിൽ

പങ്കെടുക്കുന്നതിനു സങ്കടം ആകുന്നു രാവണൻ സീതയെക്കട്ടാലും

ചോരതിളയ്ക്കാത്തൊരീ നാട്ടിൽ

കേരളമെന്ന പേർ കേട്ടാലോ

ആരിലുണ്ടാരിലുണ്ടഭിമാനം?"

സമകാലീനരായ പല കവികളും ഇതൊന്നും എഴുതിയിട്ടില്ല. ചിലർ സമൂഹത്തിൽ നിന്ന് ഒളിച്ചോടി സ്വയം വക്രീകരിച്ചും അപനിർമ്മിച്ചും അതാര്യതയിൽ ജീവിച്ചു . സാമൂഹിക തിന്മകൾക്കെതിരെ പോരാടാനുള്ള യുക്തി പലർക്കും നഷ്ടപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. പലരും വ്യക്തിപരമായ പദവിക്കും ലാഭത്തിനുമായി സ്വയം ഉഴിഞ്ഞുവച്ചിരിക്കയാണ്. കൺമുന്നിലുള്ള അരുതായ്കകൾക്കെതിരെ മുഖംതിരിച്ച ശേഷം ദുർഗ്രഹമായ ഭാഷ സൃഷ്ടിക്കുന്നതിൽ അർത്ഥമില്ല.രമേശൻനായർ ഈ കാലത്തെ വിമർശിക്കുകയും വിലയിരുത്തുകയും ചെയ്തത് പരിപാവനമായ കർമ്മം എന്ന നിലയിലാണ്. 

'ഉണ്ണി തിരിച്ചുവരുന്നു' എന്ന കവിത രമേശൻനായരുടെ ഏറ്റവും മികച്ച രചനയാണെന്ന് പറയട്ടെ .ഈ കവിതയിലാണ് അദ്ദേഹം നിശിതമായ നിലപാടുകളും കാഴ്ചകളും അവതരിപ്പിക്കുന്നത്. സമകാല സംസ്കൃതിയുടെ സ്വാർത്ഥവും ക്രൂരവുമായ തോരാട്ടങ്ങളിൽ വേദനിച്ച കവിയാണ് രമേശൻനായർ. അദ്ദേഹം ഉള്ളിൽ ആരുമറിയാതെ കരഞ്ഞു .ആ കരച്ചിൽ സ്ഫോടനശേഷിയുള്ള വാക്കുകളായി പുറത്തേക്ക് കുതിച്ചു.ജീവിതം തന്നെ ഒരു വലിയ കെണിയോ തെറ്റോ അബദ്ധമോ ആകുന്ന ആധുനികകാലത്ത് കവിത എന്ത് ചെയ്തുവെന്ന ചോദ്യത്തിന് 'ഉണ്ണി തിരിച്ചുവരുന്നു' ഒരു ഉത്തരമാണ്.

ജീവിതം തന്നെ അധാർമ്മികമായിതീർന്ന ഒരു ഘട്ടത്തിൽ അതിൽനിന്ന് ധർമ്മത്തെ വേർതിരിച്ചെടുക്കുന്നത് പാഴ് വേലയായിരിക്കും. രമേശൻനായർ  ഈ വിഷമവൃത്തം ശരിക്കും ഉൾക്കൊള്ളുകയും അതിൻ്റെ പേരിൽ സ്വയം പീഡിപ്പിക്കുകയും ചെയ്തു. കാലം തന്നിലേക്ക്  ചൊരിഞ്ഞിടുന്നത് ആത്മനിന്ദയും പരിതാപവുമാണെന്ന് തിരിച്ചറിയുന്ന ഒരു മനസ്സാണ് അദ്ദേഹം  കൊണ്ടുനടന്നത്.ഇതിൽ നിന്ന്  രക്ഷനേടാനാണ് രമേശൻനായർ കൃഷ്ണഗീതികളിൽ അഭയം പ്രാപിച്ചത് .

സമസ്താപരാധങ്ങളും തന്നിലൂടെ കഴുകിക്കളയാൻ കവി കണ്ണൻ്റെ വിരാട് മണ്ഡലത്തെയാണ് കാംക്ഷിച്ചത്. പരിവർത്തനത്തിൻ്റെ ഒരു തീനാമ്പായി കൃഷ്ണനെ കാണുകയാണ്. മറ്റു മാർഗമില്ലാതെ ,അനാഥത്വത്തിൽ വെന്ത് നീറിയാണ് കവി കൃഷ്ണനെയോർക്കുന്നത് .ശൂന്യതയെ ഉന്മൂലനം ചെയ്യാൻ ജീവിതം അശക്തമാകുന്നത് നമുക്ക് അനുഭവപ്പെടുകയാണ് .

'വാക്കേ ,ദ്വാരകയെത്രദൂരെ?യവിടേയ്

ക്കെത്താതെയീപ്പാഴ്മരം

കായ്ക്കില്ലാ ,തളിരിട്ടുതാരുമണിയി,

ല്ലാദൂരമാരാദ്ധ്യമാം.

ഈക്കാലം പഴുതേ നരച്ചുനരകിച്ചൂ ,പങ്കജാക്ഷൻ്റെ കാ-

ലോർക്കാതേ,യവിലിൻ്റെ കയ്പു മധുരി 

പ്പിക്കട്ടെ കൃഷ്ണാർപ്പണം!

സമകാലികജീവിതത്തിൽ   ഇടപെടാനും തിരുത്താനും കഴിഞ്ഞില്ലെങ്കിൽ കവിയില്ല ,കവിതയില്ല .മഹാനായ ജർമ്മൻ കവി ഗൊയ്ഥെ കാലത്തിൻ്റെ രോഗങ്ങളെ ചികിത്സിച്ച ഭിഷഗ്വരനായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വാക്കുകളിലൂടെ ചികിത്സിക്കാനാവും.ലോകത്തെ കവിതകളിലൂടെ വിറപ്പിച്ച ഷെല്ലിക്ക് വാക്കുകൾ മരുന്നുപോലെയായിരുന്നു; ചിലപ്പോൾ ആയുധവും.

സൂക്ഷ്മതയിൽ നിന്ന് ബൃഹത്തായ, Macrocosm (സമൂലപ്രപഞ്ചം) എന്ന തലത്തിലേക്കാണ് കവികൾ സഞ്ചരിക്കേണ്ടത്.

We do not have to visit a madhouse to find disordered minds;our planet is the mental institution of the universe എന്ന് ഗൊയ്ഥെ പറഞ്ഞത് ഈ  Macrocosm കാണിച്ചുതരുന്നു. നമ്മളെല്ലാം വലിയൊരു വിതാനത്തിൽ രോഗികളാണ് .നമുക്ക് ഇനിയും നന്നാവാനുണ്ട്. കാട്ടാളത്തത്തിൽനിന്ന് കൂടുതൽ പരിഷ്കൃതിയുടെ ഉള്ളടക്കമുള്ള കാടകങ്ങളായി പരിവർത്തനപ്പെടേണ്ടതുണ്ട്. അതുകൊണ്ടാണ് ഗൊയ്ഥെ ഈ ലോകം ഒരു മാനസിക കേന്ദ്രമാണെന്ന് പറഞ്ഞത്.

കവികൾ തിരിച്ചറിയപ്പെടാത്ത നിയമ സാമാജികന്മാരാണെന്ന് ഷെല്ലി പറഞ്ഞത് ,ഈ  പരിവർത്തനവാഞ്ജ യെ തല്ലിക്കെടുത്താനുള്ളതല്ലെന്ന് ഓർമിപ്പിക്കുന്നു .അധികാരികളെ വിമർശിച്ചു കവിതയെഴുതിയതിൻ്റെ പേരിൽ ഷെല്ലിയെ കലാലയത്തിൽ നിന്ന് പിരിച്ചുവിടുകയാണ് ചെയ്തത്.എന്നാൽ ഷെല്ലി ആ കലാശാലയേക്കാൾ വലിയ വ്യക്തിത്വമായി ,വികാരമായി വളർന്നു. 

വാക്കുകൾക്ക് നമ്മുടെ സത്തയിലേക്ക് തുളച്ചുകയറാനുള്ള ശേഷിയുണ്ടെന്ന് താൻ വിചാരിക്കുന്നില്ലെന്ന് ഷെല്ലി വിവരിച്ചിട്ടുണ്ട്. അദ്ദേഹം തുടർന്ന് ഇങ്ങനെ എഴുതി:

"Rightly used they may make evident our ignorance of ourselves, and this is much. ശരിയായി ഉപയോഗിച്ചാൽ  നമ്മുടെ അജ്ഞതയെ വാക്കുകൾ  കാണിച്ചുതരും.

അതുതന്നെയാണ് കവികൾ ചെയ്തുകൊണ്ടിരിക്കുന്നത്.രമേശൻനായരും അതാണ് ലക്ഷ്യം വച്ചത്.കാലത്തിൻ്റെ താപം തന്നിലേക്ക് ആവാഹിച്ച അദ്ദേഹം അതിൻ്റെ  ആന്തരികമായ ക്ഷോഭത്തെ ഇങ്ങനെ പ്രകടമാക്കി:

"ഉണ്ണി ,മനസ്സിലെ കാരമുള്ളായ്

നിന്നെ നോവിക്കുന്നതെന്താണ് ?

നിൻ്റെ നൈരാശ്യനിശീഥങ്ങൾ പൊൻവെട്ടമാകുന്നതെന്നാണ്?

പാലിക്കപ്പെട്ടോരു വാക്കിൻ്റെ 

പാലത്തിലക്കരേയ്ക്കെന്നാണ് ?"

ഈ ചോദ്യങ്ങൾ മുഴങ്ങുകയാണ് കാലങ്ങളിലൂടെ....


എഴുത്തുകാരൻ ഭാഷയിൽ പ്രാപഞ്ചികമായ സൂക്ഷ്മധ്വനികൾ തേടണം : എം.കെ.ഹരികുമാർ

  പൂത്തോട്ട സഹോദരനയ്യപ്പൻ മെമ്മോറിയൽ കോളേജ് ഓഫ് എജ്യുക്കേഷൻ്റെ കോളജ് യൂണിയൻ്റെയും ആർട്സ് ക്ലബ്ബിൻ്റെയും  ഉദ്ഘാടനം എം.കെ. ഹരികുമാർ നിർവഹിക്...