ഗസ്റ്റ് എഡിറ്റോറിയൽ
ഒരേയൊരു കോളമിസ്റ്റ് ,
വാക്കുകളുടെ മഴ ,
വെളിപാട്
രാജേന്ദ്രൻ നിയതി
അഭിധ എന്ന സാഹിത്യ സംഘടനയുടെ ഒരു പരിപാടി 2018ആഗസ്റ്റ് മാസം രണ്ടാം വാരത്തോടെ ആറ്റിങ്ങലിൽ വച്ച് നടക്കുമ്പോഴാണ് ഞാൻ എം.കെ.ഹരികുമാറിനെ ആദ്യമായി നേരിട്ടു കാണുന്നത്.അന്നവിടെ അദ്ദേഹത്തിൻ്റെ ജലഛായ,ശ്രീനാരായണായ,വാൻഗോഗിന് എന്നീ കൃതികൾ ചർച്ചയ്ക്കുവയ്ക്കുകയുണ്ടായി.പുറത്ത് മഴ ശക്തമായി പെയ്തുകൊണ്ടിരുന്നു.കേരളത്തിലെ പ്രളയത്തിൻ്റെ ആരംഭമായിരുന്നു ആ മഴയെന്ന് നാമാരും അന്ന് അറിഞ്ഞിരുന്നില്ല.അക്ഷരജാലകത്തിലൂടെ ഹരികുമാർ എനിക്ക് ചിരപരിചിതനായിരുന്നു.ആറ്റിങ്ങലിൽ വച്ച് അദ്ദേഹവുമായി പരിചയപ്പെടുമ്പോൾ മുതിർന്ന ഒരു എഴുത്തുകാരൻ എന്ന നാട്യങ്ങളൊന്നുമില്ലാതെ സാധാരണമാം വിധം എന്നോട് സംസാരിക്കുകയുണ്ടായി.
രാജേന്ദ്രൻ നിയതി |
ചർച്ചയ്ക്കുള്ള മറുപടിയിൽ തൻ്റെ നവാദ്വൈത സിദ്ധാന്തവും ,സ്യൂഡോറിയലിസവും ചുരുങ്ങിയ വാക്കുകളിൽ ഹരികുമാർ വിവരിച്ചു.പുസ്തകാവതാരകർക്കാർക്കും അദ്ദേഹത്തിൻ്റെ കൃതികളിലെ ആഴം കണ്ടെത്താൻ സാധിച്ചില്ല എന്ന ബോധം വളരെക്കാലം അലട്ടിക്കൊണ്ടിരുന്നു.ഈ ചർച്ചയ്ക്കു ശേഷമാണ് ശ്രീനാരായണ എന്ന നോവൽ ഞാൻ വായിക്കുന്നത്."സത്യം എപ്പോഴും നമ്മോടൊപ്പം സ്ഥിരമായിരിക്കില്ല.അത് നമ്മളിൽ നിലനിൽക്കാത്തത് ,നാം ഓരോ മാത്രയും നമ്മിൽ നിന്നുതന്നെ മാഞ്ഞുപോകുന്നതുകൊണ്ടാണ്." തുടങ്ങിയ പ്രവാചക സ്വഭാവമുള്ള രചനാരീതി മലയാളത്തിൽ അന്യമാണ്.കാലഭേദങ്ങളുടെ കൊടുങ്കാറ്റിനപ്പുറം നിലയുറപ്പിക്കാൻ കഴിയുന്ന കരുത്ത് ഈ നോവലിനുണ്ട്.സാമ്പ്രദായിക നോവൽ വായനയിലൂടെ സമീപിക്കുമ്പോൾ ശ്രീനാരായണയിലെ പ്രകൃതി പ്രതിഭാസങ്ങൾ ചേതനാരഹിതമാണെന്നും എനിക്ക് ബോധ്യപ്പെട്ടു.1990 കൾ മുതൽ ഹരികുമാർ രൂപപ്പെടുത്തിയതും ഒരു ദശാബ്ദം കൊണ്ട് സിദ്ധാന്തവത്കരിച്ചതുമാണ് നവാദ്വൈതം.
ആറ്റിങ്ങലിൽ ചർച്ച ചെയ്ത മൂന്ന് കൃതികളിലും നമ്മുടെ സംസ്കാരത്തിനകത്ത് ഒരു വ്യാജ ചരിത്രം സൃഷ്ടിച്ച് അതിലൂടെ യഥാർത്ഥ്യത്തെ അന്വേഷിക്കുക ആയിരുന്നു.ഈ കൃതികളിലെ സ്യൂഡോറിയലിസം ഇപ്രകാരമാണ് പ്രവർത്തിച്ചിട്ടുള്ളത്.ജലഛായ, ശ്രീനാരായണായ,വാൻഗോഗിന് എന്നീ നോവലുകൾ വാക്കുകളെ ആഗിരണം ചെയ്ത് ഇതര വാക്കുകളുമായി കൂട്ടിയോജിപ്പിച്ച് പുതിയ അർത്ഥ തലം സൃഷ്ടിക്കുകയാണ്."നവാദ്വൈതത്തെ ആഗിരണം എന്നു വിളിക്കാം.മറ്റൊന്നിനെ വലിച്ചെടുത്ത് പുതുക്കുക എന്ന അർത്ഥത്തിൽ" എന്ന് ഹരികുമാർ എഴുതിയത് ഇതുമൂലമാണ്.അതിനു ശേഷമാണ് ഹരികുമാറിൻ്റെ കൃതികൾ തേടിപ്പിടിച്ച് ഞാൻ വായിക്കാൻ തുടങ്ങിയത്.അതിൽ ആത്മായനങ്ങളുടെ ഖസാക്ക് എന്നെ ഏറെ സ്വാധീനിച്ചു.വിമർശനത്തിൻ്റെ വേറിട്ടൊരു വഴി ഈ ഗ്രന്ഥത്തിലുടനീളം കാണാം.വിജയനിലെ പ്രകൃതി പ്രതിഭാസം നവാദ്വൈതം പൂണ്ട് ആത്മായനങ്ങളുടെ ഖസാക്കിൽ വിരിയുകയാണ്.നവാദ്വൈതം വിജയൻ്റെ നോവലുകളിലൂടെ എന്ന കൃതി നവാദ്വൈതത്തെ സിദ്ധാന്തപരമായി സ്ഥായി ആക്കുന്നു.
നവാദ്വൈതം തത്ത്വവും
എന്നെ ചീഫ് എഡിറ്ററായി നിയോഗിച്ച ഫയർസർവ്വീസസ് എന്ന മാസിക ഇക്കാലത്ത് പ്രവർത്തിച്ച് വരികയായിരുന്നു.ഒരു സംഘടനയുടെ പ്രസിദ്ധീകരണം ആണെങ്കിലും സാഹിത്യത്തിന് ഏറെ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന ഈ മാസികയിൽ ഹരികുമാറിനെ പോലെ ഉന്നതരായ സാഹിത്യകാരൻമാർ എഴുതുമോ എന്ന ആശങ്ക എന്നിലുണ്ടായെങ്കിലും ആദ്യ സമീപനത്തിൽ തന്നെ അദ്ദേഹം സ്ഥിരമായ ഒരു പംക്തി കൈകാര്യം ചെയ്യാമെന്ന് സമ്മതിക്കുക ഉണ്ടായി.നവാദ്വൈതം തത്ത്വവും പ്രയോഗവും എന്ന ശീർഷകത്തിൽ പതിനാറ് ലക്കങ്ങൾ ഇപ്പോൾ പിന്നിട്ടിരിക്കുന്നു.ചോദ്യോത്തര രൂപേണ ക്രമപ്പെടുത്തിയ സാഹിത്യ സംവാദം ചുരുങ്ങിയ സമയത്തിനകത്തു വച്ചുതന്നെ സാഹിത്യ പ്രേമികളുടെ ഇടയിൽ സ്ഥാനം പിടിച്ചു.
"ഒരെഴുത്തുകാരൻ ആദ്യ കൃതി തൊട്ട് നിരസിച്ചുകൊണ്ടിരുന്നാലേ പുതിയ മേഖലകളിലേക്ക് നീങ്ങാനൊക്കു.എഴുത്തുകാരൻ തൻ്റെ ആദ്യ കൃതിയുടെ തടവറയിൽ കിടക്കേണ്ടതില്ല.അയാൾ ഉള്ളിൽ അനേകം വൈരുദ്ധ്യങ്ങളെ നേരിടുന്നുണ്ടാകും.ചിന്തിക്കുന്ന വ്യക്തിക്ക് എല്ലാറ്റിനും ഉത്തരം ഉണ്ടാകണമെന്നില്ല.ഉത്തരമില്ല എന്ന് തിരിച്ചറിയുന്നത് വലിയ അറിവാണ്.എല്ലാം പരിഹരിക്കാനല്ല ഒരാൾ എഴുതുന്നത്."എന്ന് ഹരികുമാർ എഴുത്തുകാർക്ക് സ്പഷ്ടത നൽകുന്നു.
നവാദ്വൈത സിദ്ധാന്തം എഴുത്തിനെയും വായനയെയും നവീകരിക്കുന്നു."ഭാവനയുടെ ചതുപ്പുനിലങ്ങളാണ് എവിടെയുമുള്ളത്.കണ്ടും കേട്ടും മടുപ്പിച്ച കാര്യങ്ങൾ പിന്നെയും പിന്നെയും ഉപയോഗിക്കുന്നത് ഒരു ക്രൂരതയാണ് " എന്നത് എഴുത്തുകാർക്കുള്ള താക്കീതാണ്.നവ മാധ്യമങ്ങളെ സാഹിത്യവുമായി കൂട്ടിയിണക്കി ചർച്ചയ്ക്കു വിധേയമാക്കിയ മറ്റൊരു വിമർശകൻ ഉണ്ടാകാനിടയില്ല."
ഫെയ്സ് ബുക്ക് ഒരു മാധ്യമവും കലയുമാണ്.ഒരാൾ എന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്യുന്നതോടെ അയാൾക്ക് ഇൻ്റർ നെറ്റ് അധിഷ്ഠിത മേഖലയിൽ വലിയ പരിവേഷം കിട്ടുകയായി.സോഷ്യൽ മീഡിയയും വാട്സ് ആപ്പ് ഗ്രൂപ്പുകളും ട്വിറ്റർ,ഇൻസ്റ്റഗ്രാം പോലുള്ള ഷെയറിംഗ് സൈറ്റുകളും മനുഷ്യന് കലാകാരൻ്റെ മുഖം നൽകുന്നുണ്ട്.ഇവിടെയൊന്നും ഫ്യൂഡൽ മാധ്യമ പ്രഭുക്കളോ ഉച്ചനീചത്വമോ ഇല്ല." ഇപ്രകാരം സാഹിത്യത്തെയും സാഹിത്യ വിമർശനത്തെയും ഉയർത്തുന്നതിൽ ഹരികുമാറിൻ്റെ ധിഷണാപരമായ ഇടപെടലുകൾ വലുതാണ്.
ഒരേയൊരു കോളമിസ്റ്റ്
ഹരികുമാർ എഴുത്തിൻ്റെ നാല്പത്തിയൊന്നാം
വർഷത്തിലേക്ക് കടക്കുകയാണ്. അതേസമയം, അക്ഷരജാലകം എന്ന കോളം ഇരുപത്തിമൂന്നു
വർഷം പിന്നിട്ടിരിക്കുകയാണ്. ഇതുപോലെ സ്ഥിരപ്രതിഷ്ഠ നേടിയ വേറൊരു
പംക്തിയില്ലല്ലോ.
ഈ ഓണപ്പതിപ്പിനു പിന്നിൽ ഹരികുമാറിൻ്റെ
രചനാജീവിതത്തിൻ്റെയും വിവിധ ചിന്താമണ്ഡലങ്ങളെ സംയോജിപ്പിച്ചു കൊണ്ടുള്ള
അദ്ദേഹത്തിൻ്റെ ആശയ പ്രപഞ്ചത്തെയും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യമുണ്ട്.
മുൻപതിപ്പുകൾ പോലെ ഇതും വായനക്കാർക്ക് പ്രിയങ്കരമായിരിക്കുമെന്നു
ഉറപ്പുണ്ട്.
മലയാളത്തിൻ്റെ ഒരേയൊരു കോളമിസ്റ്റ് എന്ന നിലയിലും
സമകാലീന സാഹിത്യത്തിലെ മൗലികതയുള്ള പ്രധാന സാഹിത്യചിന്തകനെന്ന നിലയിലും ഈ
പതിപ്പ് പ്രസക്തമാവുകയാണ്.
No comments:
Post a Comment