പക്ഷിക്കരച്ചിലുകളിൽ ആത്മാവിനു
കേൾക്കാനുള്ളത്
എം.കെ.ഹരികുമാർ
മലയാളികളായ പലരും ഇപ്പോൾ മലയാളിയുടെ കഥ എഴുതാറില്ല. എത്ര പേർക്ക് മലയാളിയുടെ ജീവിതത്തെ ആഴത്തിൽ അറിയാം ? മലയാളിയേയോ അവൻ്റെ ജീവിതത്തയോ സ്വന്തം നിലയിൽ അടുത്തുനിന്നു നോക്കാൻ കഴിയുന്നില്ല. പാർട്ടികളുടെയോ സമുദായങ്ങളുടെ യോ അനുസരണയുള്ള കുട്ടികളായി പലരും സിനിമയെ മുന്നിൽകണ്ട് കഥയെഴുതുകയാണ്. മലയാളിജീവിതത്തെ അതിൻ്റെ ഗന്ധത്തിലും രുചിയിലും ഓർമ്മയിലും വികാരത്തിലും ഒപ്പിയെടുക്കാൻ കഴിഞ്ഞാൽ ഇ.ഹരികുമാറിൻ്റെ ശ്രീപാർവ്വതിയുടെ പാദം എന്ന കഥയോടു മത്സരിക്കാം. കഥാരചന മത്സരമല്ല .എങ്കിലും പറയുകയാണ്. ഒരു ടിപ്പിക്കൽ മലയാളകഥയായി ചൂണ്ടിക്കാട്ടാവുന്നതാണ് 'ശ്രീപാർവ്വതിയുടെ പാദം ' .
ഹരികുമാറിൻ്റെ മനസ്സിൽ ഈ പ്രകൃതിസ്നേഹവും മിത്തും എന്നുമുണ്ടായിരുന്നു. യാതൊരു അതിഭാവുകത്വവുമില്ല; അതിഭൗതിക വ്യാമോഹവുമില്ല. സ്വപ്നവും സരളതയും അലിഞ്ഞു ചേർന്ന നിഷ്കളങ്കതയുടെ ദൈവിക പരിസരമാണ് കഥാകൃത്ത് സൃഷ്ടിക്കുന്നത്.ഈ കഥയിൽ മഴ മനുഷ്യരെ കൂട്ടിയിണക്കുന്ന കാലമായി പ്രത്യക്ഷപ്പെടുകയാണ് .മനസ്സിലെ സ്നേഹമായ ഈർപ്പം നിലനിർത്താൻ കഥാകൃത്ത് ആഖ്യാനത്തിൽ പെയിൻറു ചെയ്തു ചേർത്ത സൗകുമാര്യതയാണത്. എറണാകുളത്ത് മഴ എത്ര നിർവികാരമാണ്,പുറത്തെ ഈറനായ കർക്കിടകസന്ധ്യകളുടെ അസ്വാസ്ഥ്യം എന്നൊക്കെ എഴുതുന്നു. ഹരികുമാറിൻ്റെ ഈ കഥയിലെ പക്ഷി ക്കരച്ചിലുകൾ കാവ്യാത്മാവിൻ്റെ സ്വരസവിശേഷതയാണ്.അത് ആത്മാവിൻ്റെ ശ്രവണേന്ദ്രിയങ്ങളെ പ്രലോഭിപ്പിക്കുകയാണ്.പല പക്ഷികൾ ചിലച്ച് ഒരു സംഗീതമുണ്ടാക്കുന്നതായി കഥാകൃത്ത് സൂചിപ്പിക്കുന്നു. മനുഷ്യൻ അവന് അപ്രാപ്യമായ ,നിഗൂഢസംഗീതത്തിനായി അലയുകയാണ്. ഹെർമ്മൻ ഹെസ്സെയുടെ 'സിദ്ധാർത്ഥ 'യിൽ ആ സംഗീതം നദിയിൽ നിന്നാണ് ലഭിക്കുന്നത്.
മകനും അമ്മയും അരുതാത്ത കഥ പറയുന്നു
പി .എഫ്. മാത്യൂസ് എഴുതിയ കയ്പ് (എഴുത്ത് , മാർച്ച് )വായനക്കാരനെ കൈപ്പുനീർ കുടിപ്പിച്ചു. ഒരു അമ്മയും മകനും സിനിമാക്കഥ പറഞ്ഞു ഉടക്കുകയാണ്.പിന്നെ മകനും അമ്മയും കാറിൽ പുറത്തേക്ക് പോകുകയാണ്.അമ്മയുടെ കാമുകൻ വിളിക്കുന്നു. കാമുകനു വേറൊരു കാമുകി ഉണ്ടത്രേ. ആ കാമുകിയെ അമ്മയുടെ വീട്ടിലേക്ക് കൊണ്ടുവരട്ടെ എന്നാണ് അയാൾ ചോദിക്കുന്നത്. നല്ല കാമുകനും നല്ല ചോദ്യവും. പിന്നീട് അമ്മ മകനോട് ഈ കാര്യം പറയുകയാണ്. എന്തിനാണ് ഇതൊക്കെ ചർച്ച ചെയ്യുന്നത്? മലയാളകഥയിലെ ചിന്താശൂന്യതയും അനുഭവദാരിദ്ര്യവും ഇതിനേക്കാൾ നന്നായി ഉദാഹരിക്കാൻ പറ്റിയ വേറൊരു കഥ കാണില്ല. ഒരു കഥ എഴുതുന്നത് പത്രമാസികൾക്ക് വേണ്ടിയാകരുത് .എസ് .രാമകൃഷ്ണൻ്റെ 'തെക്കോട്ട് പോകുന്ന കുതിരകൾ' വായിച്ചുനോക്കണം. ഒരു പുരാതനകാലത്തെ സൂക്ഷ്മേന്ദ്രിയങ്ങൾകൊണ്ട് അദ്ദേഹം വാചികമായി ഉയർത്തിക്കൊണ്ടു വരുന്നു .കഥയെഴുതുന്നത് ജീവിതത്തെ അറിയാനും അറിയിക്കാനുമാണ്; പത്രാധിപന്മാർക്ക് വേണ്ടിയല്ല.
ഷൊളഖോവിൻ്റെ കന്നുമേക്കാരൻ
റഷ്യൻ സാഹിത്യകാരനായ മിഖായേൽ ഷൊളഖോവിൻ്റെ 'കന്നുമേക്കാരൻ' (Th Herdsman) വായിക്കുമ്പോൾ റിയലിസമൊക്കെ ഉയർന്ന് എങ്ങനെ ഐന്ദ്രിയമാകുന്നുവെന്ന് ബോധ്യപ്പെടും.കന്നുകാലികൾ , ജീർണിച്ച മാംസത്തിൻ്റെ ഗന്ധം, അനാഥത്വം, പരാധീനത, അധികാരികൾ ചെയ്യുന്ന ക്രൂരതയ്ക്ക് മുന്നിൽ മാനവരാശിയുടെ ദയനീയമായ പ്രാർത്ഥന തുടങ്ങിയവ ബോധ്യപ്പെടും. ചൂഷണത്തെക്കുറിച്ച് കന്നുമേക്കാരനായ ഗ്രിഗോരി പത്രത്തിൽ എഴുതിയതറിഞ്ഞ് ചൂഷകൻ വന്നിരിക്കയാണ് , ആ പത്രവുമായി .ഗ്രിഗോരിയെ ആ ചൂഷകൻ വെടിവച്ചു കൊല്ലുന്നു. ഗ്രിഗോരിയുടെ വായിലേക്കാണ് അയാൾ വെടിവച്ചത്.അതും പോരാഞ്ഞ് ,കൂടെ വന്നവൻ ഗ്രിഗോരിയുടെ വായിലേക്ക് മണ്ണു കോരിയിടുന്നു. ഇതാണ് കഥ. ഈ കഥ എഴുതിയതുകൊണ്ട് മനുഷ്യവർഗ്ഗത്തിന് പ്രയോജനമുണ്ടായി. ചൂഷകരുടെ ഈ വെടിയും മണ്ണുവാരിയിടലും ഇന്നും സമൂഹത്തിൻ്റെ അധികാര ശ്രേണിയിൽ കാണാം. ചില സാഹിത്യപത്രാധിപന്മാരിൽ പോലും ഈ മനോഭാവം നിലനിൽക്കുന്നു. മനസ്സിനെ വിട്ടുമാറാതെ അസ്വസ്ഥപ്പെടുത്തിയ , ദീർഘകാലം മനസ്സിൽ കനലായി എരിഞ്ഞ കഥയാണിത്.
പ്രണയം ,ഭാഷ ,ഏകവേദം
ഇരവിയുടെ 'തീണ്ടാരി (കാലം 1950)' , വി.ജി.എം.ലേഖയുടെ 'മിഖായേൽ എന്ന പത്താമത്തെ പുരുഷൻ' എന്നീ കഥകൾക്ക് (കാലം, ത്രൈമസികം )സമകാലപ്രസക്തിയുണ്ട്. ഇരവി ആദിവാസികളുടെ ജീവിതത്തിൽ തീണ്ടാരിയായ പെൺകുട്ടി അനുഭവിക്കേണ്ടിവരുന്ന യാതനകൾ വിശദമാക്കുന്നു. കഥയിൽ ഉപയോഗിച്ചിരിക്കുന്നത് ആദിവാസികളുടെ സംസാരഭാഷയാണ്. നഷ്ടപ്പെട്ടു പോകുമായിരുന്ന വാക്കുകൾ വീണ്ടെടുക്കുന്നു എന്ന പ്രത്യേകതയുണ്ട്. വർത്തമാനകാലത്തും തീണ്ടാരിയായ പെണ്ണുങ്ങൾക്ക് അയിത്തമുണ്ടല്ലോ. ഇരവി എപ്പോഴും വളരെ ഋജുവായി കഥ പറയുന്ന രീതിയാണ് അവലംബിക്കാറുള്ളത്.
ലേഖയുടെ 'മിഖായേൽ 'ജാതിമതങ്ങൾക്കതീതമായ ഒരു പ്രേമത്തെ വിഭാവന ചെയ്യുന്നിടത്താണ് പ്രസക്തമാകുന്നത്. ആർക്കും വേണ്ടാത്ത ജൂതനായ മിഖായേലിനെ പ്രാർത്ഥനയിൽ എണ്ണം തികയ്ക്കാനായി സമുദായം തെരഞ്ഞെടുക്കുന്നു. എന്നാൽ അവനെ നേരത്തെ മുതൽ സ്നേഹിച്ചിരുന്ന ദിയാബാനു അവനോടു പറഞ്ഞു: ''നമുക്ക് ഇസ്രയേലിലേക്ക് പോകാം. നമ്മുടെ രണ്ട് വേദങ്ങളെ ഒരു വാക്കിലെഴുതി ഒരു വേദമാക്കാം" . ഈ വേദം നമ്മുടെ ഒരു ജാതി ഒരു മതം ഒരു ദൈവം തന്നെയാണ് .ഉത്തരം ഉന്നതമായ വിശ്വദർശനം മനസ്സിൽ കൊണ്ടു നടക്കുന്ന എഴുത്തുകാരെ ഇന്നു കാണാനില്ലല്ലോ. രണ്ടു വർഷം മുമ്പു രാമനുണ്ണി മാതൃഭൂമി ഓണപ്പതിപ്പിലെഴുതിയ കഥയിൽ ശ്രീനാരായണ ഗുരുവിനെയും വാഗ്ഭടാനന്ദനെയും ആക്ഷേപിക്കുകയാണ് ചെയ്തത്. ആലോചനയില്ലാത്ത ,ബുദ്ധിശൂന്യനായ ,പിന്തിരിപ്പൻ എഴുത്തുകാരനാണ് രാമനുണ്ണി. ഇത്തരം വിടുവായത്തരം ആർക്കുവേണ്ടി വിടുപണി ചെയ്യുന്നതിൻ്റെ ഫലമായുണ്ടായ അധ:പതനമാണെന്ന് ഏത് കുട്ടിക്കും മനസ്സിലാകും.പലതിൻ്റെയും വാലായി നടക്കാൻ സ്വയം തീറെഴുതിക്കൊടുത്ത എഴുത്തുകാരെ ഇന്ന് ധാരാളമായി കാണാനുണ്ട്.
ജിസ ജോസിൻ്റെ 'തീർത്ഥശ്രാദ്ധം'(പ്രസാധകൻ ,മാർച്ച്) രണ്ട് പാവപ്പെട്ട സ്ത്രീകൾ മാനസ പരിവർത്തനത്തിനായി കോവിലിൽ പോകുന്നതിൻ്റെ ചിത്രം നല്കുന്നു. അവരുടെ ചുരം കയറിയുള്ള യാത്രയും സംഭാഷണങ്ങളും രസകരമാണ്. ഓരോരുത്തരും ചുമക്കുന്ന ഭാരം വ്യത്യസ്തമാണല്ലോ; അതിജീവിക്കുന്നത് ഓരോ വിധത്തിലാണ്. ഒരാൾ സ്വന്തം അസ്തിത്വത്തെയാണ് അന്വേഷിക്കുന്നത്. അതിൻ്റെ താക്കോൽ തേടി ഓരോ വ്യക്തിയും ദുഃഖം പേറുന്നു. നീലവേണിയും കഥപറയുന്ന പെണ്ണും താന്താങ്ങളുടെ ഉൾപ്പിരിവുകൾക്ക് ഉത്തരം തേടുകയാണ്. " വെള്ളത്തിലു കാലിട്ടു കുറേ നേരം ഇരുന്നാ സങ്കടമൊക്കെ ഒലിച്ചുപോകുന്ന പോലാ. കാലില് മീനുകളു വന്നു കൊത്തും.ആകെ ഇക്കിളിം ചിരീം .തിരിച്ചുപോകുമ്പോഴും ആ ചിരി മുഖത്തും മനസ്സിലുമുണ്ടാവും.കരഞ്ഞോണ്ടാ വന്നേന്ന് ഞാൻ മറന്നു പോകും. അങ്ങനാ ഞാനന്നൊക്കെ വിഷമങ്ങളുമറന്നേരുന്നേ " .
അതിജീവിക്കാനുള്ള മാർഗമാണ് അസ്തിത്വത്തിൻ്റെ താക്കോൽ .നീലവേണിയും കഥ പറയുന്ന പെണ്ണും താന്താങ്ങളുടെ ഉൾപ്പിരിവുകൾക്ക് ഉത്തരം തേടുകയാണ്.
പ്രദീപ് എം നായരുടെ 'മരണച്ചിട്ടി' (മലയാളം, മാർച്ച് 15)ഒരു സിനിമയ്ക്ക് പറ്റിയ കഥയാണ്. രണ്ട് ഇൻഷുറൻസ് ഏജൻറുമാർ ശാന്തിപ്രഭ എന്ന സ്ത്രീയെ പോളിസിയെടുപ്പിക്കാൻ ചെല്ലുകയാണ്.ശാന്തിപ്രഭ നാലുതവണ കല്യാണം കഴിച്ചിട്ടുണ്ട്. ഭർത്താക്കന്മാരെല്ലാം മരിച്ചുപോയി. ശാന്തിപ്രഭയാകട്ടെ അഴകിൻ്റെ തൂവലുകൾ പൊഴിക്കാതെ ഒരു പ്രഭ്വിയെ പോലെ കഴിയുകയാണ്. എന്നാൽ ഇൻഷുറൻസ് എടുപ്പിക്കാൻ ചെന്ന രണ്ടുപേരിലൊരാൾ ശാന്തിപ്രഭ എന്ന റിട്ടയേർഡ് അധ്യാപികയുടെ ഭർത്താക്കന്മാർ മരിച്ചുപോയതിൻ്റെ രഹസ്യം കണ്ടുപിടിച്ചു. അവരുടെ മുറ്റത്തു വളർന്നു നിന്ന ഹെംലോക്ക് എന്ന ചെടിയാണ് വില്ലൻ.സോക്രട്ടീസിനെ കൊന്നത് ഹെംലോക്കിൻ്റെ അംശം ചായയിൽ കലർത്തി കൊടുത്താണെന്ന് അയാൾ പറയുന്നതോടെ ശാന്തിപ്രഭയുടെ മട്ടു മാറി. അവർ ആ ചെടി അന്നു തന്നെ കത്തിച്ചു കളയുന്നു. ആ സ്ത്രീ ഭർത്താക്കന്മാരെ കൊന്നതാണെന്ന് വ്യക്തമായി.എന്നാൽ അത് കേസ്സാകണ്ടെ? .ഇൻഷുറൻസ് ഏജൻറുമാർക്ക് അതിലൊന്നും താത്പര്യമില്ല .കഥ എന്ന കലാരൂപത്തിനു ഈ രചന എന്തെങ്കിലും സംഭാവന ചെയ്തതായി തോന്നിയില്ല.
മാനസിയുടെ പഴയ ലോകം
മാനസി എഴുപതുകളിലും എൺപതുകളിലും കേട്ട പേരാണ് കഥാകാരി മാനസിയുടേത്. എന്നാൽ അവർ തൻ്റെ മാധ്യമത്തിൽ കാര്യമായ അന്വേഷണങ്ങൾക്കോ പരീക്ഷണങ്ങൾക്കോ മുതിരാതെ അലസമായി കഴിയുകയായിരുന്നെന്ന് മനസ്സിലാക്കിയത് വീട് ( ഭാഷാപോഷിണി, ഫെബ്രുവരി ) എന്ന കഥ വായിച്ചപ്പോഴാണ്. പരീക്ഷണാത്മകതയില്ലെങ്കിൽ കവിതയില്ല; കവിതയില്ലെങ്കിൽ കഥയുമില്ല. ഏത് അനുഭവവും കവിതയായാണ് മനസ്സിൽ അവശേഷിക്കേണ്ടത്. അത് വിശദീകരിക്കാനാണ് പ്രത്യേക ഗദ്യം വേണ്ടത്. മാനസി എഴുതിയ കഥയിൽ ഒരു സ്ത്രീ ഭർത്തൃവീട്ടിൽ പീഡനമനുഭവിക്കുകയാണ്. അന്ധവിശ്വാസവും മാമൂലമാണ് കഥാകാരി എഴുതുന്നത്. ജീർണ്ണിച്ച തറവാടുകളിൽ കെട്ടിക്കിടക്കുന്ന അന്ധതതമസ്സുകൾ ഇനിയും എന്തിനെഴുതണം? ആ കാലം മാറിയില്ലേ ? മാനസി ഈ കഥയെഴുതിയത് അറുപതുകളിലോ എഴുപതുകളിലോ ആയിരിക്കുമെന്നാണ് ഞാൻ ചിന്തിച്ചത് .ഇപ്പോൾ പ്രസിദ്ധീകരിക്കാൻ നല്കിയതാകാം. കാരണം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇതുപോലൊരു കഥ ആരും തന്നെ എഴുതാൻ തയ്യാറാകില്ല. " പെണ്ണിൻ്റെ ചുരുണ്ടു മുരടിച്ച ചൂണ്ടുവിരൽ , തറവാടിന് ആപത്താണെന്ന് ജ്യോത്സൻ പറഞ്ഞ ദിവസം ദിലീപിൻ്റെ അച്ഛൻ എൻ്റെ വിരിലിലേക്ക് തുറിച്ചുനോക്കി .ദിലീപിനെ മൂന്നു മാസം ഗർഭമായിരുന്നു എനിക്കന്ന് . പറയാൻ എപ്പോഴോ ബാക്കി വച്ച എന്തോ പറയും പോലെ ഭർത്താവ് ചെത്തിക്കളഞ്ഞ ചെറുവിരലിൻ്റെ കുറ്റി അവർ തൻ്റെ നേരെ നീട്ടി'' . ഇതുപോലുള്ള സംഭവങ്ങൾ ഇപ്പോൾ വിചിത്രമായി തോന്നുകയാണ്. മാനസിയുടെ സ്ത്രീകഥാപാത്രങ്ങൾ പുറംലോകം കാണാത്തവരാണ്. അവർക്ക് കാലബോധമില്ല. എന്നാൽ ഇന്നത്തെ സ്ത്രീകൾക്ക് ഇതൊന്നും വലിയ കാര്യമല്ല. ഇതിനപ്പുറത്തെ പ്രശ്നങ്ങളാണ് ഇപ്പോഴുള്ളത്. ഭർത്താവു കഴുത്തറത്ത് കൊല്ലുകയല്ലേ .സാധാരണ വീടുകളിലല്ല ;സാമ്പത്തികവും ലൈംഗികവുമായ പുതിയ കാര്യങ്ങൾ ഉദയം ചെയ്തിരിക്കുന്നു. ജീവിക്കുക അല്ലെങ്കിൽ മരിക്കുക എന്ന തീരുമാനമെടുത്തവരുമുണ്ട്. മാനസിയുടെ കഥയേക്കാൾ വളർന്ന ലോകമാണ് ഇന്നുള്ളത്.കഥ എഴുതിക്കഴിയുമ്പോഴേക്കും മാനസിയുടെ ലോകം പിന്നോട്ടു പോയിക്കഴിഞ്ഞിരിക്കും. മാനസിയുടെ അനുഭവങ്ങൾ ദുർബലമാണ് .
ആർ. പവിത്രൻ്റെ 'ഭൂമി തുരക്കുന്ന കിഴവനും പാമ്പുമരവും' (പ്രഭാത രശ്‌മി ,ഒക്ടോബർ ) എന്ന കഥ സാമാന്യം തരക്കേടില്ലാത്ത രീതിയിൽ പരാജയപ്പെട്ടു. ക്ളീഷേ വാചകങ്ങളും അതിഭാവുകത്വപരമായ കാഴ്ചകളുമാണ് ഇതിലുള്ളത്. 'ജനിച്ചു മണിക്കൂറുകൾക്ക് ശേഷമാണ് ഞാൻ കണ്ണുതുറന്നു ലോകം കാണാൻ തുടങ്ങിയത്' എന്ന് ആദ്യം വാചകം തന്നെ പിശകാണ് .ആർക്കാണ് ഇക്കാര്യത്തിൽ ഇത്ര കൃത്യതയുളളത്. ?ജനിച്ചാലുടനെ കാണുകയാണോ ? ഈ കഥയിലെ സംഭവങ്ങൾക്കൊന്നും അടിസ്ഥാനമില്ല .മരത്തിൽ കയറുന്നതും എട്ടുകാലി വലകെട്ടുന്നതും മിഥുനങ്ങൾ തൂങ്ങിച്ചത്തതും കിഴവനും പാമ്പുമരവുമെല്ലാം അവ്യക്തതകൾ മാത്രമാണ്. ഒരു അനുവാചകന് ഇത് വായിക്കുന്നത് സാഹസമായിരിക്കും. ഈ കഥാകൃത്തിനു ആത്മാർത്ഥതയോ ലക്ഷ്യമോ ഇല്ല .
ഗൊയ്റ്റിസോളോയുടെ പുനർവായനകൾ
ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും വലിയ പരീക്ഷണകുതുകിയും സാഹസികരചയിതാവും എന്ന് പ്രശസ്ത നോവലിസ്റ്റ് കാർലോസ് ഫ്യൂവൻ്റിസ് വിശേഷിപ്പിച്ച സ്പാനീഷ് എഴുത്തുകാരൻ ഹുവാൻ ഗൊയ്റ്റിസോളോ (Juan Goytisolo, 1931-2017) 1956 മുതൽ പാരിസിലായിരുന്നു പ്രവർത്തനം. അവിടെവച്ചാണ് ലൂയി ബുനുവൽ, സാർത്ര് ,കമ്യൂ ,റെയ്മണ്ട് ക്യൂനോ , ജീ ദിബോർ, മാർഗരറ്റ് ഡ്യൂറാസ് തുടങ്ങിയ പ്രതിഭകളെ പരിചയപ്പെടുന്നത്.
ഒരിക്കൽ ഗൊയ്റ്റിസോളോ ഇങ്ങനെ പറഞ്ഞു: ഫ്രഞ്ച് ചിന്തകനും ചലച്ചിത്രകാരനുമായ ജീ ദെബോറിൻ്റെ ' The society of the spectacle ' എന്ന പുസ്തകമാണ് ഞങ്ങളുടെ കാലഘട്ടത്തെ ശരിക്കും നിർവ്വചിച്ചത്, മാർക്സിനെക്കാൾ. എന്നാൽ നോവൽ ഏത് രീതിയിലും എഴുതാം. ഗദ്യത്തിലും കവിതയിലും. അതേസമയം ഇന്നത്തെ കവിതയ്ക്ക് വേറൊരു ആഖ്യാനരീതി സാധ്യമല്ല'.
തൻ്റെ 'ഹുവാൻ ദ് ലാൻഡ്ലസ്' എന്ന നോവൽ വീണ്ടും വായിച്ചപ്പോൾ നൂറ് പേജ് എഡിറ്റ് ചെയ്തു ഒഴിവാക്കേണ്ടി വന്നുവെന്ന് ഗൊയ്റ്റിസോളോ പറഞ്ഞു. പുനർ വായന ഹരമാണെനിക്ക് .സാഹിത്യകൃതികൾ വീണ്ടും വായിക്കാൻ ക്ഷണിക്കുന്നു. വീണ്ടും വീണ്ടും വായിക്കുന്നവരെയാണ് ഞാൻ തേടുന്നത് .എല്ലാ വേനലവധിക്കും ഞാൻ രണ്ടോ മൂന്നോ എഴുത്തുകാരെ, ദിദെറോ ,ഫ്ളോബർ , ടോൾസ്റ്റോയ് ,വീണ്ടും വായിക്കും' .
സേതുമാധവൻ്റെ ദു:ഖഗോപുരങ്ങൾ
മനസ്സിൽ കവിതയുള്ള കഥാകൃത്താണ് മുണ്ടൂർ സേതുമാധവൻ .അദ്ദേഹത്തിൻ്റെ കഥകളുടെ ആഖ്യാനവഴിക്ക് സമാന്തരമായി ഒരു സ്വഗതാഖ്യാനവുമുണ്ട് .അദ്ദേഹം തന്നോടുതന്നെ സംസാരിക്കുകയാണെന്ന് തോന്നും. ആത്മീയമായ അന്തർഭാവങ്ങൾ ഉൾക്കൊണ്ട ഈ കഥാകൃത്ത് കവിതയിലാണ് തൻ്റെ പ്രതിപാദ്യത്തെ ചുരുൾ നിവർത്തുന്നത് .കാലം (പ്രഭാതരശ്മി, ഫെബ്രുവരി ) എന്ന കഥ അത് വ്യക്തമാക്കുകയാണ്. വിനയനും വനജയും തമ്മിലുള്ള പ്രേമവും രതിസംഗമവും കഴിഞ്ഞിട്ടെത്രയോ കാലമായി ! .എന്നാൽ എന്തിനെന്നറിയാതെ വിനയൻ ശോകാകുലനാകുന്നു. അയാൾ അവളെ തേടുകയാണ്, നദിയിലും കാറ്റിലും സന്ധ്യയിലും . ശോകനാശിനിയിൽ കാലുകൾ നീട്ടിയിരിക്കുമ്പോഴും സന്ധ്യ അയാളെ വനജയായി പ്രലോഭിപ്പിക്കുന്നു.
"വനജാ നീ എൻ്റെ ആരാണ്? ഞാൻ നിൻ്റെ ആരാണ് ? ആരുമല്ല .ആരുമാവാൻ വയ്യ . നാം രണ്ട് സമാന്തരരേഖകൾ. മലയിൽ നിന്നും ശോകനാശിനിയിലൂടെ ഒഴുകിപ്പോകുന്ന രണ്ടു ചിറ്റോളങ്ങൾ. അത്രമാത്രം' .മറ്റൊരിടത്ത് വിനയൻ്റെ ആത്മപരിണാമത്തെ , ഉൾക്കോളിളക്കങ്ങളെ അനാവരണം ചെയ്തുകൊണ്ട് കഥാകൃത്ത് ഇങ്ങനെ എഴുതുന്നു:
'' ശോകനാശിനി വിനയനിൽ എല്പിച്ച കാലത്തിൻ്റെ ദു:സ്വപ്നങ്ങളും ദു:ഖഗോപുരങ്ങളും ദുർന്നിമിത്തങ്ങളും ഒതുങ്ങി .ആകാശത്ത് ഒരു പേരില്ലാപ്പക്ഷി ആരെയോ നീട്ടി വിളിച്ചു. വരാൻ ആരുമില്ലാ എന്നറിഞ്ഞിട്ടും തൻ്റെ ഖേദത്തിനുള്ള ശമനത്തിനായി ഒരു നിലവിളി " .
കഥയിൽ കടന്നു വരുന്ന ഈ സ്വാഗത ഭാഷണം ആത്മാവിൻ്റെ വ്യോമ ലോകത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്.
ടി.പത്മനാഭൻ്റെ സഹൃദയസംഗീതം
ഏതാനും മാസങ്ങൾക്ക് മുമ്പാണ് ടി.പത്മനാഭൻ 'ബാബു '(മാതൃഭൂമി ആഴ്ചപ്പതിപ്പ് ) എന്ന കഥയെഴുതിയത്.പത്മനാഭൻ എന്ന കഥാകൃത്തിൻ്റെ ജീവിതത്തിലെ ഒരു സന്ദർഭം വിവരിക്കുകയാണ്.അതിൽ സഹൃദയത്വത്തിൻ്റെ പ്രഭാവമുണ്ട്. അദ്ദേഹം തൻ്റെ മനസ്സിലെ ഹരിതാഭമായ നിമിഷങ്ങൾക്ക് അനുസൃതമായി നല്ല മനുഷ്യരെ കാണുന്നു. വായനയും കവിതയും പ്രകൃതിയും ചേരുന്ന ഒരു ബിന്ദുവിലാണ് പത്മനാഭൻ്റെ കഥയുടെ സംഗീതം ഒഴുകുന്നത്. ഒരു മയിൽപ്പീലി ശ്രീകൃഷ്ണനെ അന്വേഷിക്കുന്നതുപോലെ മനുഷ്യവികാരങ്ങൾ അതിൻ്റെ പ്രാചീനമായ ബാന്ധവം തേടുകയാണ്. കഥാകൃത്തിനെ സ്നേഹിച്ച ബാബു എന്ന വ്യക്തി ഇങ്ങനെ പറയുന്നു: ''ഒരിക്കലും മറക്കാൻ കഴിയാത്ത മറ്റൊന്നുകൂടിയുണ്ട്. എൻ്റെ രണ്ടു മക്കളുടെയും കല്യാണത്തിന് സാർ വന്നിരുന്നു. കേവലം ഒരു ചടങ്ങായി വന്നു പോവുകയല്ല ഉണ്ടായത്. ആദ്യന്തം പങ്കെടുത്തു ഭക്ഷണവും കഴിച്ചേ പോയുള്ളൂ .എൻ്റെ മക്കൾക്ക് സ്നേഹത്തോടെ വിവാഹസമ്മാനവും നൽകി .പൊന്നും പണവുമൊന്നുമായിരുന്നില്ല ;സാറെഴുതിയ പുസ്തകങ്ങളായിരുന്നു. എൻ്റെ മക്കൾ ആ പുസ്തകങ്ങൾ നിധിപോലെ സൂക്ഷിക്കുന്നുണ്ട്' .
ഇതൊക്കെയല്ലേ സൗഹൃദം? തനിക്ക് എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന് വിചാരിച്ചു സൗഹൃദങ്ങളിൽ നിന്നും മാറി നിൽക്കുന്നവരുടെ ഈ കാലത്ത് പത്മനാഭൻ്റെ ബാബു ഒരുണർവ്വാണ്. പത്മനാഭൻ്റെ ഏറ്റവും മികച്ച കഥയായി ഞാൻ കാണുന്നത് 'കത്തുന്ന ഒരു രഥചക്ര'മാണ്. എന്നാൽ ചിലപ്പോൾ 'ഗൗരി ' എല്ലാ ധാരണകളെയും തെറ്റിച്ച് മുന്നിൽ വന്നുനിൽക്കും.
ജയനാരായണൻ്റെ നീലിമ
എൺപതുകളുടെ തുടക്കത്തിൽ ഞാൻ കൂത്താട്ടുകുളത്തു നിന്ന് എറണാകുളത്ത് മിക്കവാറും പോകുമായിരുന്നു. കഥാകൃത്ത് ജയനാരായണനെ കാണാൻ വേണ്ടിയായിരുന്നു ആ യാത്രകൾ.അദ്ദേഹം താമസിച്ചിരുന്ന തേവരയിലെ ദീപാ ലോഡ്ജിൽ പോയിട്ടുണ്ട്. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനായിരുന്ന ജയനാരായണനു വലിയ സുഹൃത്ത് വലയം ഇല്ലായിരുന്നു. കുറച്ചൊക്കെ അന്തർമുഖനായിരുന്നു; പ്രസംഗിക്കില്ല. എന്നാൽ നല്ല വായനക്കാരനായിരുന്നു .കോഫിഹൗസ് ചർച്ചകൾ ഇഷ്ടമായിരുന്നു. ജയനാരായണനൊപ്പം എത്ര പ്രാവശ്യം കെ.എൻ.ഷാജി ഫോർട്ടുകൊച്ചിയിൽ നടത്തിയിരുന്ന 'നിയോഗം ' മാസികയുടെ ഓഫീസിൽ പോയിരിക്കുന്നു. അന്ന് ഞാൻ നിയോഗത്തിൽ എഴുതുമായിരുന്നു.ഷാജിക്ക് അവിടെ സ്വന്തം പ്രസ്സ് ഉണ്ടായിരുന്നു. എൻ്റെ ആത്മായനങ്ങളുടെ ഖസാക്ക് ' ( 1984) അച്ചടിച്ചത് ഷാജിയുടെ പ്രസ്സിലാണ്; നാഷണൽ ബുക്ക് സ്റ്റാൾ വിതരണം ചെയ്തു.ജയനാരായണൻ്റെ 'നീലപ്പക്ഷി ' ഉൾപ്പെടെയുള്ള കഥകളിൽ ഞാൻ കണ്ടത് അതീന്ദ്രിയവും യോഗാത്മകവുമായ അതിഭൗതികലോകമാണ്. ലോകത്തിലെ അനീതിയെയും പൊരുത്തക്കേടിനെയും എതിർത്ത് തോല്പിക്കാൻ വേണ്ടി ജയനാരായണൻ തൻ്റെ കഥകളിൽ മനുഷ്യരുടെ അഭൗമരാഗസൗന്ദര്യം സൃഷ്ടിച്ചു.കഥകളെക്കുറിച്ചു സംസാരിച്ചുകൊണ്ട് ഞങ്ങൾ എറണാകുളത്തെ തെരുവുകളിലുടെ പല തവണ അലഞ്ഞിട്ടുണ്ട്. അദ്ദേഹം എനിക്ക് നാട്ടിലെ ലൈബ്രറികളിൽ കിട്ടാത്ത പുസ്തകങ്ങൾ വായിക്കാൻ തന്നു. അദ്ദേഹം വിലകൊടുത്തു വാങ്ങിയ ആംഗല ഭാഷാപുസ്തകങ്ങളായിരുന്നു. ഒരു സായാഹ്നയാത്രയിൽ ജയനാരായണൻ ഇങ്ങനെ പറഞ്ഞു: നമുക്ക് ഒരു നിറമേ ഉള്ളൂ; അത് ആകാശത്തിൻ്റെ നീലയാണ്. ഞാനതിൽ സർവ്വപ്രപഞ്ചത്തെയും കാണുന്നു. എൻ്റെ കഥകളിലാകെ ആ നീലയാണ്. അതിൽ വലിയവനോ ചെറിയവനോ ഇല്ല .സന്തുലിതവും അഗാധവുമാണത്. മറ്റൊരർഥത്തിൽ അമൂർത്തവുമാണ്' .
ചരിത്രത്തെ നിരർത്ഥകമാക്കുന്നത്
പ്രകൃതിയിൽ കോടിക്കണക്കിന് ജീവികൾ ഒരു നിമിഷത്തിൽ ജനിക്കുകയും മരിക്കുകയും ചെയ്യുകയാണല്ലോ. ആരും ഓർക്കുന്നില്ല. പ്രകൃതിയിൽ ഓർമ്മകളും മറവികളും മാത്രമേയുള്ളൂ. ഓർക്കുന്നതു മനുഷ്യരാണ്. മനുഷ്യൻ്റെ രോഗമാണ് ഓർമ്മകൾ ;മറവി എന്നതുപോലെ. ഇന്നലെകളിലെ കോടിക്കണക്കിന് മനുഷ്യരെ ഓർക്കാതെ മാനവവർഗ്ഗം ഇന്ന് അലസമായി കടന്നുപോവുകയാണ്. ഇതാണ് വിധി .ഈ അവസ്ഥ യാഥാർത്ഥ്യം എന്ന് നാം വിളിക്കുന്നതിനെ മിഥ്യയാക്കി മാറ്റും.സലിൻ മാങ്കുഴി എഴുതിയ ഭൂതം (പ്രസാധകൻ ,മാർച്ച് ) വർത്തമാനകാലമാണോ ഭൂതകാലമാണോ നുണയെന്ന ചോദ്യം ഉന്നയിക്കുന്നുണ്ട് .ചാനൽ പ്രൊഡ്യൂസർ അനൂപും രാജീവും തങ്ങളുടെ പൂർവ്വികരെ തേടി നടത്തുന്ന ചർച്ചയാണ് കഥ .ഒടുവിൽ രാജീവ് കൊല്ലപ്പെടുന്നു. ചരിത്രം നുണയാണെങ്കിൽ ഇന്നത്തെ ജീവിതവും നുണയാണ്.
എല്ലാവരും എഴുതേണ്ട
ഇന്ന് എല്ലാവരും എഴുതുന്നത് ജനാധിപത്യത്തിലെ വോട്ടവകാശം പോലെ ഭരണഘടനാപരമായ ഉത്തരവാദിത്വം എന്ന നിലയിലാണ്. സ്ഥിരമായി ചർച്ചചെയ്യുന്ന, ആഴമില്ലാത്ത ,കാഴ്ചപ്പാടില്ലാത്ത, മികച്ച ഭാഷയില്ലാത്ത കഥകൾ എല്ലാവരും എഴുതുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. യാതനയനുഭവിക്കുന്നവരാണ് എഴുതേണ്ടത്. മനുഷ്യാസ്തിത്വത്തിൻ്റെ ആഴത്തിലുള്ളത് കാണാൻ ശ്രമിക്കണം .കൂടുതൽ പേരും വായനക്കാരാവുന്നതാണ് ഏറ്റവും നല്ലത്.അമേരിക്കൻ എഴുത്തുകാരി ഉൾസുല കെ ലെഗ്വിൻ (Ursula k LeGuin) ഇങ്ങനെ പറഞ്ഞു: 'But saying anybody can be a writer is kind of like saying anybody can compose a sonata
ആർക്കും ഒരു സൊണാറ്റ (ഉപകരണ സംഗീതം) കമ്പോസ് ചെയ്യാനാവില്ലല്ലോ. അതുപോലെ മഹത്തായ കൃതികൾ എഴുതാൻ സാധാരണമായിട്ടുള്ള എടുത്തശേഷി പോരാ. അതിനൊരു പ്രത്യേക സിദ്ധി വേണം.
നെരൂദയുടെ ഭ്രാന്തമായ ചുംബനങ്ങൾ
സബീന എം. സാലിയുടെ 'വസന്തത്തിലെ ചെറിമരങ്ങൾ' (മാധ്യമം ആഴ്ചപ്പതിപ്പ് ,മാർച്ച് 15) എന്ന കഥ ഞെട്ടിക്കുകയും ഉലയ്ക്കുകയും ചെയ്തു. ചിലിയൻ കവി പാബ്ളോ നെരൂദ വിപ്ളവപാർട്ടിയിലെ ചില പ്രമുഖരോടൊപ്പം ഒളിച്ചു താമസിക്കുന്നയിടത്തേക്ക് ഫ്ളോറ എന്ന യുവതി സംഗീതവുമായി കടന്നുവരുന്നതാണ് കഥയിൽ ആവിഷ്കരിക്കുന്നത് .ആത്മാവിൻ്റെ രസമുകുളങ്ങൾ ഉണർത്തുക മാത്രമല്ല ഈ കഥ ചെയ്യുന്നത് ;ചിലിയൻ പശ്ചാത്തലവും നെരൂദയുടെ ചിന്തകളും ഒരു കവി മനസ്സിലൂടെ എന്നപോലെ കാണിച്ചുതരികയാണ്. തീവ്രവികാരങ്ങളിൽ സ്നാനം ചെയ്യുന്ന ഒരു വലിയ കവിയുടെ ആന്തരിക ഉന്മാദങ്ങളും വിസ്മയകരമായ ലൈംഗിക വെളിപാടുകളും ഈ കഥയിൽ സൂക്ഷ്മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്.വാക്കുകൾ നേരിൻ്റെ ചിറകുകൾ നേടുകയാണ്. ഫ്ലോറയെ അടുത്തറിയുന്ന നിമിഷത്തിൽ നെരൂദ തനിക്ക് സ്ത്രീശരീരങ്ങളോടുണ്ടായിരുന്ന ആസക്തിയും ആത്മാർപ്പണവും ഒരു മിസ്റ്റിക്കിൻ്റെ നിഷ്കളങ്കതയോടെ അറിയിക്കുന്നു .
"ഏതോ ആദിമചോദനയിലെന്നവണ്ണം ,അയാളവളെ ഭ്രാന്തമായി ചുംബിച്ചു.അയാളുടെ ചുണ്ടുകൾ ഉരസിയ അവളുടെ ശരീരഭാഗങ്ങളിലെല്ലാം തീ പടർന്നു പിടിക്കും പോലെ നേർത്ത ചോപ്പു നിറം പടർന്നു.ഓരോ രോമകൂപത്തിലും ചെറിപ്പൂക്കൾ വിടർന്നു .ചുംബനങ്ങൾ പൊള്ളിക്കുകയും മുറിപ്പെടുത്തുകയും ചെയ്യുന്നതിനുസരിച്ച് ,ധമനികൾ ചോന്നു തുടുത്തു.സിരകളിലാകെ നീലിച്ച രക്തമുറഞ്ഞു. ആർത്തിയുടെ ആസ്വാദനതലങ്ങളിലേക്ക് ചേർത്തുപിടിക്കുന്തോറും അവൾ വസന്തത്തിലെ ചെറി മരം പോലെ പൂത്തുലഞ്ഞു.
ഫ്ളോറയുമായുള്ള സംഭാഷണത്തിൽ നെരൂദ തൻ്റെ ജീവിതരഹസ്യം വെളിപ്പെടുത്തുന്നതിങ്ങനെയാണ്. "എങ്കിൽ വായനയാണ് എൻ്റെ കരുത്ത്. അതെൻ്റെ ആത്മാവിനെ വരെ തണുപ്പിക്കുന്നു .കസൻദ് സാക്കിസിൻ്റെ 'സോർബ ദ് ഗ്രീക്ക് ' വായിച്ചതിൻ്റെ ഹാങ്ങോവറിലാണ് ഞാനിപ്പോൾ .സോർബയെ പോലെ സങ്കടം വന്നാൽ നൃത്തം വയ്ക്കണം. ഉന്മാദം തോന്നുമ്പോൾ സന്തൂർ വായിക്കണം .കേവലം ഒരു കഥാപാത്രമാണെങ്കിൽത്തന്നെയും, ജീവിതമേൽപ്പിക്കുന്ന ഏത് ആഘാതത്തെയും ചിരിച്ചുകൊണ്ടു നേരിടാൻ അലക്സി സോർബയെന്ന വൃദ്ധകഥാപാത്രത്തെ ഞാൻ മാതൃകയാക്കുന്നു. ജീവിക്കുന്ന ഓരോ നിമിഷവും പൂർണമായ ആനന്ദത്തോടെ ജീവിക്കുക " .സബീന ഈ കഥ എഴുതാൻ നല്ലപോലെ അധ്വാനിച്ചിട്ടുണ്ട്. ഒരു സംസ്കാരത്തെ, അനുഭൂതിയെ, തീവ്രമായ അഭിലാഷത്തെ വാക്കുകളിൽ അവിഷ്കരിക്കാൻ ഈ കഥാകാരിക്ക് കഴിഞ്ഞിരിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്.
തൻ്റെ പ്രേമഭാജനത്തിൻ്റെ ചിരിയെപ്പറ്റി നെരൂദ ഇങ്ങനെ പാടി :
But when your
laughter enters
It (my struggle) rises to the sky
Seeking me
And it opens
For me all
The doors of life
ജൂലിയൻ ബാൺസ് സത്യത്തെ തേടുന്നു
The sense of an ending ഉൾപ്പെടെ ഒരു ഡസൻ നോവലുകളുടെ രചയിതാവായ ജൂലിയൻ ബാൺസ് സാഹിത്യത്തിൻ്റെ സവിശേഷതയെക്കുറിച്ച് പറഞ്ഞത് ഇതാണ് :''ഒരു വലിയ സാഹിത്യകൃതിക്ക് ആഖ്യാനമികവ് , സ്വഭാവ ചിത്രീകരണം ,ശൈലി അങ്ങനെ പലതുമുണ്ട്. എന്നാൽ അത് ലോകത്തെ വിവരിക്കുന്നത് മുമ്പൊരിക്കലും ആരും ചെയ്തിട്ടില്ലാത്തവിധമായിരിക്കും. വായനക്കാർ സ്വീകരിക്കുന്നത് പുതിയ സത്യങ്ങൾ പറഞ്ഞതുകൊണ്ടാണ്. ഔദ്യോഗിക വിശദീകരണങ്ങളിലോ, സർക്കാർ രേഖകളിലോ , പത്രങ്ങളിലോ ,ടെലിവിഷനിലോ ഇതുവരെയും വന്നിട്ടില്ലാത്ത സത്യങ്ങളാണ് അതിലുണ്ടായിരിക്കുക. 'മാഡം ബോവറി'യുടെ പ്രത്യേകത അതാണ്. അതിൽ പറയുന്ന സ്ത്രീകളെപ്പറ്റി ,ആ സമൂഹത്തെപ്പറ്റി ലോകത്തൊരിടത്തും അതിനു മുമ്പ് പ്രതിപാദിച്ചിരുന്നില്ല" .
മാറു മറയ്ക്കാത്ത സത്യം
അയൽ സംസ്ഥാനതൊഴിലാളിയെ വീട്ടിൽ ജോലിക്ക് വയ്ക്കുന്ന യുവതിയുടെ കാമകുതൂഹലങ്ങളാണ് ബി.എൻ. റോയ് 'അവനും അവളും അനുവാചകരും' (പ്രസാധകൻ ,ജനുവരി )എന്ന കഥയിൽ പറയുന്നത്. എരിവുള്ള ഭാഷയിലാണ് മാറുമറയ്ക്കാത്ത സത്യങ്ങൾ എഴുതേണ്ടതെന്ന് റോയിക്കറിയാം. പക്ഷേ , ഇത്തരം കഥകൾകൊണ്ട് എന്താണ് പ്രയോജനമെന്ന് മനസ്സിലാകുന്നില്ല .
ടാഗോറും പുത്തേഴനും
കഥയിൽ പ്രകൃതിയുണ്ട് ;എസ് .കെ. പൊറ്റക്കാട് ,ഉറൂബ് ,എം .ടി എന്നീ കാഥികത്രയം പ്രകൃതിയെ ഒപ്പം കൂട്ടിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ മാനസികാപഗ്രഥനത്തിനു പ്രകൃതിയെ വിവരിക്കേണ്ടത് അത്യാവശ്യമാണ്.
രവീന്ദ്രനാഥ ടാഗോറിൻ്റെ 'വജ്രകഠിനം ' എന്ന കഥയിലെ ഈ ഭാഗം നോക്കൂ:
"കറുത്തവാവു കഴിഞ്ഞു.പത്തു ദിവസത്തിനു ശേഷം ഒരു രാത്രി .അക്കൊല്ലത്തെ വർഷാരംഭത്തിനു ശേഷം അന്നാണ് കാർമേഘങ്ങൾ നീങ്ങി ആകാശം നിർമ്മലമായി കാണപ്പെട്ടത്.ചന്ദ്രൻ നിർബാധമായി പ്രകാശിച്ചു .ഗാഢനിദ്രയെ പ്രാപിച്ചിരിക്കുന്ന ജീവലോകത്തിൻ്റെ തലയ്ക്കൽ ,അതിനെ കാത്തും കൊണ്ടിരിക്കുന്നതു പോലെ നിലാവ് തെളിഞ്ഞു.നിശ്ചഞ്ചലമായ ആ രാത്രി മനോഹരമായി വിളങ്ങി. രാജീവൻ ഉറങ്ങാതെ പുറത്തേക്ക് നോക്കി കൊണ്ട് ചിന്താമഗ്നനായി ജനാലയ്ക്കലിരിക്കുകയാണ്. ഉഷ്ണം ബാധിച്ചിട്ടുള്ള കാട്ടുപ്രദേശത്തുനിന്ന് എന്തോ ഒരു വാസന പുറപ്പെട്ടിരുന്നു. പുറത്തുനിന്ന് അലസതയോടുകൂടി കരയുന്ന ചീകീടിൻ്റെ ശബ്ദം അകത്തു പ്രവേശിച്ചിരുന്നു. നാലുപുറവും വൃക്ഷസമൂഹങ്ങളോടു കൂടിയ തടാകം ചന്ദ്രരശ്മിയേറ്റ് , മിനുസപ്പെടുത്തിയ വെള്ളിപ്പലക പോലെ പ്രകാശിച്ചു. അങ്ങനെയുള്ള സമയത്ത് ഇന്നതെന്ന് പ്രത്യേകിച്ച് വിവരിക്കാൻ കഴിയുന്ന വല്ല ചിന്തകളും മനുഷ്യർക്ക് ' സാധാരണമായുണ്ടാകുമോ എന്നു സംശയമാണ് " .
ടാഗോർ ഈ വിധം പ്രകൃതിയെ പഠിക്കുന്നതെന്തിനാണ്.? പ്രമുഖ വിമർശകനും പരിഭാഷകനുമായ പുത്തേഴത്ത് രാമൻമേനോൻ ഇങ്ങനെ വിശദീകരിക്കുന്നു:
''ടാഗോർ കഥകളിലെ പ്രകൃതി വർണ്ണനകൾ കഥയുടെ ഉദ്ദേശത്തിനു അനുരൂപങ്ങൾ ആകുന്നു. സ്ത്രീപുരുഷന്മാരുടെ സർവ്വസാധാരണ ങ്ങളായ ചില പ്രധാനവികാരങ്ങളുടെ 'വലുതാകപ്പെട്ട ' ചിത്രങ്ങളെയാണ് ടാഗോർ വരച്ചുകാണിക്കുന്നത്. കഥകളിൽ കാണപ്പെടുന്ന പ്രകൃതി വർണ്ണനകൾ ആ ഹൃദയവ്യാപാര ചിത്രങ്ങൾക്ക് പ്രകാശം കൊടുക്കുന്ന മണിദീപങ്ങൾ മാത്രമാകുന്നു. തനിക്ക് പ്രകൃതി വർണനക്ക് വൈദഗ്ദ്ധ്യമുണ്ടെന്ന് കാണിപ്പാനായി ടാഗോർ ആ വിഷയത്തിൽ പരിശ്രമിക്കുന്നില്ല. ലോകപ്രകൃതിയും മനുഷ്യപ്രകൃതിയും പരസ്പരം ദൃഢമായി ബന്ധിക്കപ്പെട്ടുകിടക്കുന്നു എന്ന അനശ്വരതത്ത്വത്തെ ആ പ്രകൃതി വർണനകൾ ഉദാഹരിക്കുന്നു. പ്രപഞ്ചാത്മാവും മനുഷ്യാത്മാവും അദൃശ്യങ്ങളും അസ്പഷ്ടങ്ങളും ആയാലും ഏതോ ചില ദിവ്യ തന്തുക്കളാൽ അലംഘ്യമായ വിധത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത് " .
അതുകൊണ്ട് കഥാപാത്രങ്ങളെ ആവിഷ്കരിക്കുമ്പോൾ അതിൽ പ്രകൃതിയുമുണ്ട് എന്ന വസ്തുത കഥാകൃത്തുക്കൾ വിസ്മരിക്കരുത്. അപ്പോഴാണ് സഹിതമായതാണ് സാഹിത്യം എന്ന ആശയം പൂർണത തേടുന്നത് .
രചനകളുടെയും കാര്യത്തിൽ അപക്വമായ തിരഞ്ഞെടുപ്പുകളാണ് അദ്ദേഹത്തിൻ്റെ ഭാഗത്തു നിന്നുണ്ടായത് . കഥയെഴുതാൻ കഴിവില്ലാത്ത ഉണ്ണി .ആറിൻ്റെ എത്ര മുഖചിത്രങ്ങളാണ് അദ്ദേഹം അച്ചടിച്ചത്! .
No comments:
Post a Comment