കൂത്താട്ടുകുളം
:
ഓർമ്മകളുടെ പൂമൂടിയ ഇടവഴികൾ
എം.കെ.ഹരികുമാർ
കൂത്താട്ടുകുളം ഹൈസ്കൂൾ ഒരു പുരാതന തറവാടാണ്; പഠിച്ചവർക്കെല്ലാം ഓർമ്മകളിൽ അവകാശമുള്ളത് .പഠിച്ചവരാണ് നമ്മളെല്ലാം ,ജയിച്ചവരോ തോറ്റവരോ അല്ല.ഓർമ്മകൾ മറ്റൊരാൾക്ക് അപഹരിക്കാനാവില്ലല്ലോ. അവിടെ പഠിക്കുമ്പോഴല്ല ,പഠിച്ചശേഷം, വർഷങ്ങൾ കഴിഞ്ഞാണ് നമ്മുടെ ഓർമ്മകൾ അമ്മയുടെ പുഞ്ചിരിപോലെ മനോഹരമാകുന്നത്.
ഇംഗ്ലീഷ് സാഹിത്യകാരിയായ വിർജീനിയ വുൾഫ് പറഞ്ഞു, വർത്തമാനകാലത്ത് വൈകാരിക ബന്ധം കുറവാന്നെന്ന്. അതായത് ,ഒരു ക്ലാസിലെ ബഞ്ചിലിരുന്ന് ,അദ്ധ്യാപകരെ ഭയന്ന്, പരീക്ഷയെ പേടിസ്വപ്നം കണ്ട് ,വിശന്ന് ,മുഷിഞ്ഞ് , നിരാശപ്പെട്ടു വർഷങ്ങൾ താണ്ടുമ്പോൾ ക്ളാസ് വിജയമോ പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കോ മാത്രമാവും ഓർമ്മയിൽ തങ്ങിനിൽക്കുക. ഇന്ന് പഠനം ഒരു മത്സരമായതോടെ സഹപാഠികളെ പോലും മിക്കപ്പോഴും ഓർക്കാനാവില്ല. എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ നാം മനസ്സിലെ ഒഴിഞ്ഞ കോണുകളിൽ ഇരുട്ടു മൂടിക്കിടക്കുന്ന പഠനകാലം ചിലപ്പോഴൊക്കെ ഓർത്തു നോക്കും. ഓർമ്മകൾ നക്ഷത്രങ്ങളെ പോലെയാണ്, ചിലപ്പോൾ നശിക്കും. പിന്നെ തമോഗർത്തമായിരിക്കും. ആ തമോഗർത്തിലൂടെ നടന്നു വെളിച്ചത്തിൻ്റെ കെട്ടുപോയ കറ്റകൾ തെളിക്കുമ്പോഴാണ് നമുക്ക് പുതിയ ഓർമ്മകളുണ്ടാവുന്നത്.ഇപ്പോൾ ഓർക്കുമ്പോൾ സ്കൂൾ പഠനകാലം മനസ്സിൻ്റെ നിർമ്മാണമായിരുന്നുവെന്ന് മനസ്സിലാകുന്നു. പല ചിമിഴിലൂടെ നോക്കിയാൽ തെളിഞ്ഞുവരുന്ന വർണ്ണമേഘസംക്രമണപലായനങ്ങൾ. ഇതുപോലെ പലരുടെയും മനസ്സിൽ സ്കൂൾകാലം മേഘപടലങ്ങളായി നീങ്ങുന്നുണ്ടാവും, എവിടേക്ക് ?
എഴുപതുകളിലെ കാര്യമാണ് പറയുന്നത്, മുണ്ടുടുത്ത ആൺകുട്ടികൾ നിരയായി നിലനിൽക്കുന്നതു കാണാൻ എന്തു രസമായിരുന്നു! ഇപ്പോൾ അങ്ങനെയൊരു കാഴ്ചയില്ലല്ലോ. പെൺകുട്ടികൾ പാവാടയും ബ്ലൗസുമണിഞ്ഞ് അസംബ്ലിക്ക് കൂട്ടമായി വരുമ്പോൾ ഒരു ചലച്ചിത്രഗാനമെങ്കിലും പ്രേമാർദ്രമായി മനസ്സിലൂടെ കടന്നുപോകാതിരിക്കില്ല .
മുണ്ട് അന്നത്തെ വിദ്യാർത്ഥികളുടെ ഒരു സാംസ്കാരിക പെരുമാറ്റമാനക ( അളവുകോൽ )മായിരുന്നു. ടൗണിൽ അവിചാരിതമായി കുട്ടപ്പൻസാറോ ഭട്ടതിരിസാറോ മുന്നിൽ വന്നുപെട്ടാൽ വിദ്യാർത്ഥി മടക്കിക്കുത്തിയ മുണ്ട് താഴ്ത്തിയിട്ട് ബഹുമാനം കാണിക്കും. ഇപ്പോൾ ആദരം കാണിക്കാൻ അങ്ങനെയൊരു മാനകമില്ല .
വി.ഡി.ജോസഫ്സാർ ഗണിതശാസ്ത്രം പഠിപ്പിക്കുമ്പോൾ സൗകുമാര്യശാന്തതയാവും ക്ളാസിൽ. സാറിനെ ഭയന്നിട്ടല്ല ;സാറിൻ്റെ സൗമ്യഭാവത്തിൻ്റെ നിറവിൽ. അപ്പോൾ സ്കൂളിൻ്റെ പടിഞ്ഞാറുവശത്തുള്ള പാടത്ത് കന്നുപൂട്ടുന്നുണ്ടാവും.കൂത്താട്ടുകുളത്തിൻ്റെ കർഷകാരവം. തോട്ടിറമ്പിൽ ,കൈതക്കാട്ടിൽ പക്ഷിക്കൂട്ടം . ഞാറുനട്ട പാടങ്ങളിൽ പരൽമീനുകൾ നീന്തിത്തുടിക്കുന്നതു കണ്ടിട്ടുണ്ട് , ഉച്ചയൂണിനു ധൃതിപ്പെട്ട് ഓടുമ്പോൾ. അന്ന് അത് അധികനേരം കണ്ടുനിൽക്കാനായില്ല.
ചെരുപ്പില്ലാതെ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ എത്രയോ തലമുറകളാണ് കടന്നുപോയത് ! . ഞങ്ങളുടെ കാലത്ത് കുട്ടികൾക്ക് ചെരുപ്പില്ലായിരുന്നു. വാച്ചും ഉണ്ടായിരുന്നില്ല .ഡ്രിൽ പീരിയഡിൽ പുറത്തുപോയാൽ ഫുട്ബോൾ കളി ഉറപ്പാണ്; മഴയാണെങ്കിൽ പോലും. ചെറിയാൻസാറിൻ്റെ സംഘത്തിൽ ചേർന്നാൽ ബാസ്കറ്റ്ബോൾ കളിക്കാം; വായുവിൽ ചവിട്ടി ഉയർന്ന് ബാസ്ക്കറ്റിലേക്ക് പന്തെറിയാൻ പഠിപ്പിച്ചത് സാറാണ്. നന്ദി.
സി .ജെ. സ്മാരക പ്രസംഗങ്ങൾ ഒരു രൂപ ടിക്കറ്റ് വച്ച് നടത്തിയിരുന്നത് ഈ സ്കൂൾ ഹാളിലാണ്. എത്രയെത്ര ഉജ്വല പ്രസംഗങ്ങൾ .മനസിനെ സംഗീതമാക്കി ,നിശാഭരിതമാക്കുന്ന വൈക്കം ചന്ദ്രശേഖരൻനായരുടെ പ്രസംഗം ഇപ്പോഴും ഓർമ്മയുടെ ഷോകേസിൽ ഭദ്രമാണ്.
സേവനവാരം ഉണ്ടായിരുന്നല്ലോ. വിദ്യാർത്ഥികളുടെ ശുചീകരണ പ്രവർത്തനം. കപ്പയും അരിയും പച്ചക്കറികളും കുട്ടികൾ തന്നെ സ്കൂളിൽ കൊണ്ടുവന്ന് പാചകം ചെയ്യും. കപ്പയും മുളക് ചമ്മന്തിയും ആളൊഴിഞ്ഞ ഇടങ്ങളിലേക്ക് കൊണ്ടുവന്ന് കൂട്ടുകാരോടൊപ്പം കഴിക്കുന്നത് എത്ര ഭാഗ്യമായിരുന്നു.
മുളകിന് എരി പോരാ എന്ന് എന്തുകൊണ്ട് തോന്നിയില്ല ?കൗമാരത്തിലെ രസപടകുതൂഹലങ്ങൾ!
'കൈമ'യുടെ ഫുട്ബോൾ മത്സരങ്ങൾ ആ ഗ്രൗണ്ടിലാണ് നടന്നത്.ഇപ്പോഴും മാത്തുക്കുട്ടി ഗോളിയായി നിൽക്കുന്നത് മനസ്സിൽ കാണാം. നമ്പൂതിരിയും ബേബിയും പ്രതിരോധസേനയിയിലുണ്ട് .കൊച്ചു ബേബി ഗോളടിക്കാൻ പായുകയാണ്, രാജഗോപാൽ ഒപ്പമുണ്ട്.
സി .കെ .ജീവൻ്റെ ചിത്രപ്രദർശനം കാണാൻ ശ്രീദേവിസാറാണ് ടൗണിൽ കൊണ്ടുപോയത് .നാലാമത്തെ മണിക്കൂറും തുടർച്ചയായി മലയാളം ക്ലാസെടുക്കുന്ന വി.എൻ.രാധാമണി സാറിൻ്റെ മുഖത്ത് ആ ഭാരം പ്രകടമായിരുന്നു.
എന്നും രാവിലെ നേരത്തെ എത്തുന്ന സി.എൻ. കുട്ടപ്പൻ സാർ സ്റ്റാഫ് റൂമിൽ വെറുതെ ഇരിക്കില്ല. മൂന്നു തവണയെങ്കിലും സ്കൂളിന് വലംവയ്ക്കും .ബഹളമുണ്ടാക്കുന്നവരെ കൈയോടെ പിടികൂടി ശിക്ഷിക്കും.
സ്കൂൾ കലോത്സവത്തിന് വേണ്ടി 'അനുശാസനപർവ്വം' എന്ന നാടകം എഴുതി സംവിധാനം ചെയ്ത് ,കുട്ടികളെ അഭിനയിപ്പിച്ച ഒരു അദ്ധ്യാപകനേ ഉണ്ടാവൂ: കെ.എൻ.ജി.സാർ. ചോനമ്മല മാത്യൂസാറിൻ്റെ പ്രസരിപ്പും ടി.കെ.ജോൺസാറിൻ്റെ ബൗദ്ധികഭാവവും സുകുമാരൻസാറിൻ്റെ ശാന്തതയും എം.എൻ.രാധാമണി സാറിൻ്റെ സ്നേഹവും വാമനൻ നമ്പൂതിരിസാറിൻ്റെ തമാശയും ഒരു കാര്യം പഠിപ്പിച്ചു :വിജയമോ പരാജയമോ ആപേക്ഷികമാണ്.പക്ഷേ, വിദ്യാർഥി തോൽക്കുന്നില്ല. അവൻ ഓർമ്മകളുടെ വലിയൊരു ശേഖരം സമ്പാദിക്കുകയാണ്. കാലത്തിനു കൂപ്പുകൈ .
ഒരു വിദ്യാർത്ഥി ക്ളാസിലിരുന്ന് പുറത്തേക്കു നോക്കിയതിനു തമ്പാൻസാർ നല്ലൊരു ശിക്ഷ കൊടുത്തു. ബുധനാഴ്ച ചന്തയ്ക്ക് എത്ര പോത്തുകൾ റോഡിലൂടെ കടന്നു പോയി എന്ന് കൃത്യമായി കണക്കെടുക്കണം. ചന്തയിൽ നിന്ന് തിരിച്ചുകൊണ്ടുപോകുന്ന പോത്തുകളുടെ എണ്ണവും കൃത്യമായിരിക്കണം.
വീണ്ടും ക്ലാസ് മുറി .എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണത്തിലെ ഒരു ഭാഗം കുട്ടപ്പൻസാർ ഇപ്പോഴും പഠിപ്പിക്കുന്നു. പുറത്ത് കാറ്റിനു രാമബാണങ്ങളുടെ വേഗം. വെളിമ്പുറങ്ങളിൽ ദശരഥൻ്റെ സാന്ത്വനശ്ലോകങ്ങളുടെ വെയിൽ.ഓർമ്മകളിൽ വസിഷ്ഠമുനിയുടെ മന്ത്രോച്ചാരണം:
തപ... തപ ...
No comments:
Post a Comment