Thursday, July 29, 2021

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021


ഇക്കിഗൈ: നവജീവിതത്തിൻ്റെ പൊരുൾ


 

എം.കെ.ഹരികുമാർ


ജപ്പാനിലെ ഓക്കിനാവയിൽ നൂറു വയസ്സിനു മുകളിൽ ജീവിച്ചിരിക്കുന്ന ധാരാളം പേരുണ്ട് .എന്തുകൊണ്ടാണ് ഇവർക്ക് വയസ്സായിട്ടും അല്ലലില്ലാതെ ജീവിക്കാനാകുന്നത്? .ഈ ചോദ്യമാണ് ഹെക്ടർ ഗാർസിയ (Hector García)  ഫ്രാൻസെസ് മിറാലേസ്(Frances Miralles) എന്നിവരെ ജീവിതത്തിൻ്റെ  ഇക്കിഗൈ എന്താണെന്ന് കണ്ടെത്താൻ പ്രേരിപ്പിച്ചത്. തങ്ങളുടെ ഗവേഷണത്തിൻ്റെയും പഠനത്തിൻ്റെയും  ഫലങ്ങൾ ലോകത്തെ അറിയിക്കണം എന്നാഗ്രഹിച്ച അവർ ഒരു പുസ്തകമെഴുതി: "ഇക്കിഗൈ - ദ് ജാപ്പനീസ് സീക്രട്ട് ടു എ ലോംഗ് ആൻഡ് ഹാപ്പി ലൈഫ് ' .

ജീവിതവിജയത്തിനു നീതിബോധവും ശാരീരികക്ഷമതയും വേണം .ശരീരം ക്ഷയിച്ചാൽ മനസ്സും ക്ഷയിക്കും. മനസ്സിനു ആരോഗ്യമുണ്ടായാൽ മതിയോ ?ശരീരത്തെ രോഗങ്ങളിൽ നിന്നു രക്ഷിക്കേണ്ടേ ? ഒരു സമഗ്രമായ ചികിത്സാരീതി മാത്രം പോരാ; സമഗ്രമായ അവബോധത്തിലേക്കുള്ള നോട്ടം ആവശ്യമാണ് .ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആരോഗ്യവും സന്തുലനവും ഏകീകരണവും സാധ്യമാക്കുന്ന പ്രായോഗിക സമീപനങ്ങൾ അനിവാര്യമാണ്. ഈ പുസ്തകം അതാണ് നല്കുന്നത്‌. പുസ്തകത്തിൻ്റെ ആദ്യപേജിൽ ഒരു ജാപ്പനീസ് പഴമൊഴി ഉദ്ധരിച്ചു  ചേർത്തിട്ടുണ്ട്. ഊർജ്ജസ്വലമായിരുന്നാൽ മതി, ദീർഘകാലം ജീവിക്കാൻ നിർബന്ധിതനാക്കും.എങ്ങനെയാണ് ഊർജസ്വലനായിരിക്കുക?. വെറുതെ പറഞ്ഞാൽ പോര ;ചിലർ സ്ഥിരമായി  ശാരീരികാഭ്യാസം ചെയ്യുന്നുണ്ട്. എന്നാൽ മാനസികമായ സ്വസ്ഥതയുള്ളവരല്ല. ഇവിടെ ഗ്രന്ഥകർത്താക്കൾ ഫ്ളോ (Flow) എന്ന ആശയം പരിചയപ്പെടുത്തുന്നുണ്ട്. മനശ്ശാസ്ത്രജ്ഞനായ മിഹാലി സിക്സെൻ്റ്മിഹാലിയുടെ ഗവേഷണഫലങ്ങളാണ് അവർ പങ്കു വയ്ക്കുന്നത് . നമ്മൾ ചെയ്യുന്നത് എന്തായാലും അതിൽ പൂർണ്ണമായി  മുഴുകുന്നതിൽ ഒരു ലഹരിയുണ്ട്. ഒരു ഓംലെറ്റ് ഉണ്ടാക്കുകയാണെന്ന് വിചാരിക്കുക. അതിൽ പൂർണ്ണമായി  മുഴുകണം. അപ്പോൾ ആ പ്രവൃർത്തിയിൽ മനസ്സു നിറയും. അതൊരു ഒഴുക്കാണ്. മനസ്സിനു  തടസ്സമില്ലാതെ സ്വയം നിറയാനുള്ള അവസരമാണത്. ഒരു സർജറി ചെയ്യുമ്പോൾ, ഒരു ഗണിതശാസ്ത്രജ്ഞൻ തൻ്റെ  ഫോർമുല ആവിഷ്കരിക്കുമ്പോൾ മറ്റൊന്നമല്ല സംഭവിക്കുന്നത്. ഇങ്ങനെ  ലഭിക്കുന്ന ഫ്ളോ വളരെ  ഗുണകരമാണ് .അത് മനസ്സിൽ കെട്ടിക്കിടക്കുന്ന വിഷാദത്തെ അകറ്റിക്കളയും .പകരം , സന്തോഷവും സർഗ്ഗാത്മകതയും കൊണ്ടുവരും.


 

സ്വച്ഛന്ദമായ ഒഴുക്ക്

ജീവിതത്തിൽ 'ഇക്കിഗൈ' ' (അർത്ഥപൂർണ്ണമായ ജീവിതം ) കണ്ടെത്തുന്നതിന് കുറുക്കുവഴികളില്ല. ഇക്കിഗൈ എന്നാൽ ജീവിതത്തിലെ സന്തോഷമാണ്. ഓരോ ദിവസവും രാവിലെ ഉണർന്ന് ഊർജസ്വലതയോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്തോ അത് ഇക്കിഗൈ ആണ്. എന്നാൽ ഇക്കിഗൈ കണ്ടെത്താൻ ഒരു പ്രധാന ഘടകം ആവശ്യമാണ്; ജീവിതത്തിൻ്റെ സ്വച്ഛന്ദമായ ഒഴുക്കിൽ എത്തിച്ചേരാനുള്ള കഴിവ് .ഭക്ഷണം കഴിക്കുകയോ മദ്യപിക്കുകയോ അധികനേരം ടി.വി.കാണുകയോ ചെയ്താൽ പെട്ടെന്നു സന്തോഷം ഉണ്ടാകുമായിരിക്കും. എന്നാൽ അതു പൊടുന്നനെ സന്തോഷം കെടുത്തിക്കളയും. അതിനു നിലനിൽപ്പില്ല .ഒരനുഭവം തന്നെ സന്തോഷകരമാകണം. അതിനു തുല്യമായ മറ്റൊന്ന് ഉണ്ടാകരുത്. പ്രൊഫഷനലുകൾ മിക്കപ്പോഴും അവർക്കിഷ്ടമുള്ള പ്രവൃത്തിയിലാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. ഇക്കിഗൈ കണ്ടെത്താൻ മനുഷ്യനു സ്വാഭാവിക കഴിവുണ്ടെന്നതിനു തെളിവാണിത്. ഒരു രാഷ്ട്രീയനേതാവിലും ക്രിക്കറ്റ് കളിക്കാരനിലും ചിത്രകാരനിലും ഇക്കിഗായ് സാധ്യമാണ് .ചെയ്യുന്ന പ്രവൃത്തിയിൽ നിന്നു തുടർച്ചയായി സന്തോഷകരമായ തരംഗങ്ങൾ അനുഭവിക്കാനാകുന്നുണ്ടെങ്കിൽ, ആർക്കാണ് ഒരാളെ അതിൽ നിന്നു പിന്തിരിപ്പിക്കാനാവുക ?സിക്സെൻ്റ്മിഹാലിയുടെ അഭിപ്രായത്തിൽ ഏതു പ്രായത്തിലുള്ളവർക്കും ഈ ഫ്ളോ സാധ്യമാണ് .

ഒക്കിനാവയിൽ ഗ്രന്ഥകാരന്മാർ കണ്ടത് ഈ ഫ്ളോയാണ്. ഇതിനു ചെയ്യുന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ അറിവ് ആവശ്യമാണ്. അവർ എഴുതുന്നു: "നിങ്ങൾ ഒരു ഗ്രാഫിക് ഡിസൈനറാണെങ്കിൽ, നിങ്ങളുടെ അടുത്ത് പദ്ധതിക്ക് വേണ്ടി പുതിയൊരു സോഫ്റ്റ്വെയർ പ്രോഗ്രാം പരിശീലിക്കുക. നിങ്ങൾ ഒരു പ്രോഗ്രാമറാണെങ്കിൽ പുതിയൊരു പ്രോഗ്രാമിംഗ് ഭാഷ പഠിക്കുക .നിങ്ങൾ ഒരു ഡാൻസറാണെങ്കിൽ ,അടുത്ത ഘട്ടത്തിൽ അസാധ്യമെന്നു കരുതിയിരുന്നു ചില ചുവടുകൾ കൂടി ഉൾപ്പെടുത്താനാവുമോ എന്നു ശ്രമിച്ചു നോക്കുക " .

ഒരു സുരക്ഷിത മേഖലയിൽ തന്നെ തളച്ചിടപ്പെടുകയല്ല വേണ്ടത്; ഒരു പടി മുന്നോട്ടു പോകാൻ ശ്രമിക്കുക.

ഓക്കിനാവക്കാരുടെ ഭക്ഷണരീതി വ്യത്യസ്തമാണ് .മധുരം ,ഉപ്പ് എന്നിവ കുറച്ചുകൊണ്ടുള്ള ഭക്ഷണമാണ് അവർ ശീലിച്ചിട്ടുള്ളത് .അധികം കഴിക്കാറില്ല; ശരീരത്തിനാവശ്യമായത് ഒഴിവാക്കുകയുമില്ല.വിശപ്പ് പൂർണമായി മാറുന്നതുവരെ ഭക്ഷണം കഴിക്കില്ല. അല്പം വിശപ്പ് അവശേഷിച്ചിരിക്കണം. ഈ ശീലത്തെ ജപ്പാൻകാർ 'ഹാരാ ഹച്ചിബു 'എന്നാണ് വിളിക്കുക. പന്ത്രണ്ടാം നൂറ്റാണ്ടിലെ Zazen youjinki  എന്ന സെൻ ബുദ്ധിസ്റ്റ് ഗ്രന്ഥത്തിൽ, ആവശ്യമുള്ളതിൻ്റെ മൂന്നിലൊന്ന് ഭക്ഷണമേ സ്വീകരിക്കാവൂ എന്നു  രേഖപ്പെടുത്തിയിട്ടുള്ളത് ഗ്രന്ഥകാരന്മാർ ഉദ്ധരിക്കുന്നുണ്ട്. കോശങ്ങളിലെ ഓക്സിഡേഷൻ പ്രക്രിയയെ സാവധാനമാക്കുന്നതിനായി ഭക്ഷണത്തിൽ ആൻറി ഓക്സിഡൻ്റുകളായ കാരറ്റ് ,ഉള്ളി, കാബേജ് ,സോയാബീൻസ് , കുരുമുളകു തുടങ്ങിയവ അവർ ഉൾപ്പെടുത്തുന്നു.

ജീവിതത്തിനു ഒരർത്ഥം വേണം

"ഇക്കിഗൈ ഓരോ വ്യക്തിക്കും  ഭിന്നമായിരിക്കും. ചിലർക്ക് മനസ്സിന് സന്തോഷം നൽകുന്ന പ്രവൃത്തികളായിരിക്കില്ല മറ്റുള്ളവർ തിരഞ്ഞെടുക്കുന്നത്. പക്ഷേ, ഒരു കാര്യത്തിൽ നമ്മളെല്ലാം സമന്മാരാണ്, ജീവിതത്തിനു ഒരർത്ഥം വേണമെന്ന കാര്യത്തിൽ. ജീവിതത്തെ ഊഷ്മളമാക്കുന്നതായി തോന്നുന്ന കാര്യങ്ങളിൽ വ്യാപരിക്കുമ്പോൾ നമ്മൾ കൂടുതൽ സന്തോഷത്തോടെ ജീവിക്കുന്നു. ഈ ബന്ധം നഷ്ടപ്പെടുമ്പോൾ നിരാശയാണ് ഉണ്ടാവുക " - ഗാർസിയയും മിറാലേസും എഴുതുന്നു.


 

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ നമ്മെ പ്രലോഭിപ്പിക്കുന്ന പലതുമുണ്ട്. ശരീരത്തിനും മനസ്സിനും ഇണങ്ങാത്ത പലതിനോടും സമരസപ്പെടേണ്ടി വരുന്നു .പണം ,വിജയം, ശ്രദ്ധ ,ശക്തി തുടങ്ങിയവയെക്കുറിച്ചുള്ള ചിന്ത നമ്മെ സുഗമമായ പാതയിൽനിന്ന് വ്യതിചലിപ്പിക്കും. ജീവിതത്തിൻ്റെ ഇക്കിഗൈ കണ്ടെത്താൻ അവനവൻ്റെ ആന്തരികമായ സിദ്ധികളാണ് ഉപയോഗിക്കേണ്ടത്. ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്നു സ്വയം പിന്മാറുക .സന്തോഷവും ജീവിതവും നഷ്ടപ്പെടുത്താതിരിക്കുക എന്ന ഉപദേശമാണ് പ്രധാനം. സൂപ്പർ സെൻ്റിനേറിയൻസ് എന്ന പ്രയോഗം ഇന്ന് സാർവത്രികമായിട്ടുണ്ട് .ഈ പദസംയോജനം അദ്യം നടത്തിയത്   ,1970 ൽ ദ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൻ്റെ എഡിറ്റർ റോറിസ് മക്വേർട്ടറാണ്. 1990 കളോടെ ഈ പ്രയോഗം കൂടുതൽ  പ്രചാരത്തിലാകാൻ കാരണം വില്യം സ്ട്രോസ് ,നീൽ ഹോവെ എന്നിവർ ചേർന്നെഴുതിയ Generations എന്ന പുസ്തകത്തിൽ ഇതിനെപ്പറ്റി വിവരിച്ചതാണ്.

ഇന്ന് 300 മുതൽ 450 വരെ സൂപ്പർ സെൻ്റിനേറിയൻസ് ലോകത്തുണ്ട്. (നൂറുവയസ്സിനു മുകളിൽ പ്രായമുള്ളവർ) സന്തോഷകരമായ ജീവിതമുള്ളവർ , തീർച്ചയായും അവരുടെ ഇക്കിഗായ് കണ്ടെത്തിയവരായിരിക്കണം. ലോകത്തെ ഏതാനും സൂപ്പർ സെൻ്റിനേറിയൻസ് തങ്ങളുടെ ആയുർദൈർഘ്യത്തിൻ്റെ രഹസ്യം വെളിപ്പെടുത്തിയത് ഈ പുസ്തകത്തിൽ കാണുന്നു.

ആഹാരം കഴിക്കുകയും ഉറങ്ങുകയും  ചെയ്യുക. വിശ്രമിക്കാൻ പഠിക്കണം - മിസോവ ഒകാസയുടെ വാക്കുകളാണ്. നൂറ്റി ഇരുപതാം ജന്മദിനത്തിൽ ഫ്രാൻസിലെ ഷാനി കാൽമെൻ പറഞ്ഞു :ഞാൻ ചീത്തക്കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്; എന്നാൽ എല്ലാം നല്ലതിന് എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്.

കലയും ദീർഘായുസ്സും

സ്വന്തം ശരീരവും മനസ്സും എപ്പോഴും പ്രവർത്തനസജ്ജമായിരിക്കുകയാണെങ്കിൽ ദീർഘായുസ്സുണ്ടാകുമെന്ന് വാൾഡർ ബ്രൂറിംഗ് (മിനോസോട്ട) പറയുന്നു .ദീർഘായുസ്സിനായി കലയെ  ഉപയോഗിക്കുന്നവരുണ്ട് ."കല, ഏത് രൂപത്തിലും നമ്മുടെ ദിനങ്ങൾക്ക്  സന്തോഷവും ലക്ഷ്യവും നല്കുകയാണ് . സൗന്ദര്യം സ്വതന്ത്രമായി സൃഷ്ടിക്കുക , ആസ്വദിക്കുക .എല്ലാ മനുഷ്യർക്കും അതുൾക്കൊള്ളാനാകണം" .

One hundred views of Mount Fuji എന്ന പുസ്തകത്തിൻ്റെ ആമുഖത്തിൽ, പ്രമുഖ ജാപ്പനീസ് കലാകാരനായ ഹോകുസായ് (Hokusai, 1760-1849) യുടെ വാക്കുകൾ ഉദ്ധരിക്കുന്നുണ്ട് . ടെക്സ്റൈറൽ പ്രിൻറിംഗിനുവേണ്ടി കണ്ടുപിടിച്ച വുഡ്ബ്ലോക്ക് പ്രിൻ്റു മേക്കറായിരുന്നു ഹോക്കുസായ്. പേപ്പറിൽ അദ്ദേഹം നിർമ്മിച്ച ചിത്രങ്ങൾ പ്രശസ്തമാണ്. ഹോക്കു സായ്‌യുടെ വാക്കുകൾ: " എഴുപതു വയസ്സുവരെ ഞാൻ ചെയ്ത സൃഷ്ടികൾ എടുത്തുപറയത്തക്ക മൂല്യമുള്ളതായി തോന്നിയിരുന്നില്ല. എഴുപത്തിമൂന്നാം വയസ്സിലാണ് പ്രകൃതിയുടെയും മൃഗങ്ങളുടെയും പുല്ലുകളുടെയും മരങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും കീടങ്ങളുടെയും യഥാർത്ഥ ജീവിതം  ഞാൻ കണ്ടത്. തത്ഫലമായി  എൺപതാം വയസ്സിൽ ഞാൻ രചനയിൽ കൂടുതൽ മികവു നേടി. തൊണ്ണൂറുവയസ്സിൽ,  ഞാൻ വസ്തുക്കളുടെ ആന്തരരഹസ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുമായിരിക്കും . നൂറാം വയസ്സിൽ ഞാൻ അതിശയകരമായ ഒരു തലത്തിൽ എത്തിയിരിക്കും. നൂറ്റിപ്പത്തു വയസ്സിൽ , ഞാൻ ചെയ്യുന്നതെല്ലാം, ഓരോ ബിന്ദുവിലും, ഓരോ വരയിലും ജീവിതത്തിൽ നിന്ന് സഹജമായി ഉണ്ടായതായിരിക്കും " . 

പ്രായത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ തിരുത്തുന്ന ഒരു പ്രസ്താവനയാണല്ലോ ഇത്. ഏതു ഉയർന്ന പ്രായത്തിലും നമ്മുടെ പ്രവർത്തനക്ഷമത നശിക്കാതിരിക്കുന്നതിനു ഇത് തെളിവാണ്. അതുൾകൊള്ളാൻ നാം  ജാഗ്രതയോടെ ഇരിക്കണമെന്നു മാത്രം.

വ്യക്തമായ ഒരു ലക്ഷ്യമുള്ളയാളെ  ആർക്കും പരാജയപ്പെടുത്താനാവില്ലെന്ന തത്ത്വത്തിലേക്കാണ് ഇതെല്ലാം നമ്മെ  കൊണ്ടെത്തിക്കുന്നത്. ഒരാൾ സ്വന്തം ഇക്കിഗൈ കണ്ടെത്തുന്നത് എങ്ങനെയെന്ന് തിരക്കിയപ്പോൾ ലഭിച്ച ചില ഉത്തരങ്ങൾ ചുവടെ ചേർക്കുന്നു:

1)എൻ്റെ ദീർഘിച്ച ജീവിതത്തിൻ്റെ  രഹസ്യം ഞാൻ എന്നോട് തന്നെ പറയുന്ന ഈ വാക്കുകളാണ്: സാവധാനം പോവുക; റിലാക്സ് ചെയ്യുക .

മറ്റൊരാൾ ജീവിതാനന്ദം നേടുന്നത്  ഇങ്ങനെയാണ്: " ഞാൻ ഗ്രാമീണർക്കു വേണ്ടി സന്നദ്ധ പ്രവർത്തനം നടത്താറുണ്ട്. ഉദാഹരണത്തിന്, എൻ്റെ  സുഹൃത്തുക്കൾക്ക് ആശുപത്രിയിൽ പോകേണ്ട ആവശ്യം വന്നാൽ എൻ്റെ സ്വന്തം കാർ ഞാൻ വിട്ടു കൊടുക്കാറുണ്ട് " .

സ്വന്തം ആശയാഭിലാഷങ്ങൾക്ക് വേണ്ടി സ്വയം എറിഞ്ഞുകൊടുക്കാൻ തയ്യാറുണ്ടോ എന്ന് ഈ  ഗ്രന്ഥത്തിലൊരിടത്ത് ചോദിക്കുന്നുണ്ട്. സ്വന്തം ജീവിതാനന്ദം ഒരു വേദാന്തമാണ്;കർമ്മത്തിൻ്റെ വേദാന്തം.ഇതാണ് ഒരാളുടെ ഇക്കിഗൈ.



 HOME PAGE


No comments:

Post a Comment

എഴുത്തുകാരൻ ഭാഷയിൽ പ്രാപഞ്ചികമായ സൂക്ഷ്മധ്വനികൾ തേടണം : എം.കെ.ഹരികുമാർ

  പൂത്തോട്ട സഹോദരനയ്യപ്പൻ മെമ്മോറിയൽ കോളേജ് ഓഫ് എജ്യുക്കേഷൻ്റെ കോളജ് യൂണിയൻ്റെയും ആർട്സ് ക്ലബ്ബിൻ്റെയും  ഉദ്ഘാടനം എം.കെ. ഹരികുമാർ നിർവഹിക്...