Friday, August 13, 2021

എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021

 അഗാധതകളിൽ സന്ധിക്കുന്ന 

ആശയങ്ങളുടെ നദി




എം.കെ.ഹരികുമാറുമായി അഭിമുഖം/
മലയാലപ്പുഴ സുധൻ, വാസുദേവൻ കെ.വി.

ചോദ്യം :സാഹിത്യ നഭോമണ്ഡലത്തിലെ ശുഭ്രനക്ഷത്രം..സാഹിത്യ കുതുകികൾക്കൊരു ദിശാ സൂചകം. നാലു പതിറ്റാണ്ടുകളിലേറെയായി എം.കെ. ഹരികുമാറിന്റെ സാഹിത്യ സപര്യ. ഈവേളയിൽ എങ്ങനെ വിലയിരുത്തുന്നു താങ്കൾ അങ്ങയുടെ സാഹിത്യ പ്രയാണം?  സ്വന്തം രചനകൾക്കൊപ്പം മറ്റു കലാ സാഹിത്യ അവലോകനങ്ങൾക്ക്, വിമർശനങ്ങൾക്ക് സഹായമായത് താങ്കളുടെ ആഴത്തിലുള്ള, പരന്ന വായന മാത്രമാണോ? എഴുത്തിന്റെ ഈ വേറിട്ട ശൈലി പിന്തുടരാൻ പ്രേരണ അഥവാ റോൾ മോഡൽ ആയി ആരെങ്കിലുമുണ്ടോ?

എം.കെ.ഹരികുമാർ:ഓരോ ഘട്ടത്തിലെയും വായനയും ജീവിതവുമാണ് എന്നെ രൂപാന്തരപ്പെടുത്തുന്നത്. 'ആത്മായനങ്ങളുടെ ഖസാക്ക് ' എന്ന കൃതി എഴുതിയത് 1984 ലാണ്. അന്നു  ഞാൻ എം.എ. വിദ്യാർത്ഥിയായിരുന്നു. അന്തർമുഖവും അന്തക്കരണാത്മകവുമായ ഒരു യാത്രയുടെ ഫലമാണത്. ഒ.വി. വിജയൻ ഒരു കത്തിലൂടെ എന്നോട് പറഞ്ഞത് താങ്കൾ ഭാഷയുടെ രതിയിൽ മുഴുകുന്നവെന്നാണ്. ഭാഷയെ തന്നെ അങ്ങേയറ്റം ലഹരിയോടെ കാണേണ്ടതുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത് .

പക്ഷേ ,ആ പുസ്തകം എഴുതുമ്പോൾ ഞാൻ നിസ്സഹായനായിരുന്നു. എൻ്റെ   സൗന്ദര്യാത്മക ,അതീന്ദ്രിയ ,സറിയലിസ്റ്റിക് ഉദ്വേഗങ്ങളാണ് ആ പുസ്തകം രചിക്കാനിടയാക്കിയത്.അന്ന് അത് അങ്ങനെയേ എഴുതാനൊക്കൂ. എൻ്റെ മനസിൽ നിന്നു വരുന്നതാണല്ലോ. യുക്തിയിലൂടെ ,പാണ്ഡിത്യത്തിലൂടെ സാഹിത്യകൃതിയെ സമീപിക്കുന്നതിനു പകരം ,ആത്മീയവും അതീന്ദ്രിയവുമായ ഒരു വഴിയാണ് എനിക്ക് തുറന്നുകിട്ടിയത് .സ്വയം  ആവിഷ്കരിക്കാനുള്ള സമ്മർദ്ദം എന്നിൽ ശക്തമായിരുന്നു.

മലയാലപ്പുഴ സുധൻ



വായന എന്നെ വല്ലാതെ പ്രലോഭിപ്പിച്ചിട്ടുണ്ട്, മോഹിപ്പിച്ചിട്ടുണ്ട് ,കരയിപ്പിച്ചിട്ടുണ്ട് ,സ്വപ്നത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട് ,മനസ്സിൽ ആഴത്തിൽ മുറിവേല്പിച്ചിട്ടുണ്ട് .പക്ഷേ ,ഞാൻ വായിച്ചത്, എനിക്ക് എന്തെല്ലാം തകർക്കാനുണ്ട്, പുതുക്കിപ്പണിയാനുണ്ട് എന്നറിയാനാണ്. ആശയങ്ങളുടെ അഗാധതകളിൽ പലതും സന്ധിക്കുന്ന  ഒരു നദിയുണ്ട്. ഞാനവിടെ മിക്കപ്പോഴും എത്താറുണ്ട് .എന്നാൽ റോൾ മോഡലായി ആരുമില്ല. എന്നിലൂടെയാണ് ഞാൻ വിവിധ ഘട്ടങ്ങൾ താണ്ടിയത്. അതിൻ്റെ  സമകാലിക ബോധത്തിന് പുസ്തകങ്ങളും സംസ്കാരങ്ങളും സഹായിച്ചു.
വാസുദേവൻ കെ.വി.


ചോദ്യം :സാഹിത്യ നിരൂപകൻ എം.കെ.ഹരികുമാർ എന്ന പേരിനോടൊപ്പം മലയാളി ചേർത്തുവെക്കുന്ന വാക്ക് 'അക്ഷരജാലകം'. കഴിഞ്ഞ ഇരുപതിനാല്‌ വർഷങ്ങളായി വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ  വെളിച്ചം കാണുന്ന വിമർശനസാഹിത്യ രൂപം അക്ഷരജാലകം. സാഹിത്യ വാരഫലം കോളത്തിന്റെ തുടർച്ച എന്ന ധാരണ പ്രബുദ്ധ മലയാളികൾക്ക്. പ്രൊ. എം. കൃഷ്ണൻ നായർക്ക് ശേഷം എം.കെ. ഹരികുമാർ എന്ന ചിന്ത നീതിപൂർവ്വമാണോ?  സാഹിത്യവാരഫലം  താങ്കൾ മാതൃകയാക്കിയോ?


 എം.കെ.ഹരികുമാർ: 'അക്ഷരജാലകം' എന്ന പംക്തിയിലൂടെയാണ് എനിക്ക് വായനക്കാരെ ലഭിച്ചത്. വല്ലാതെ അടുപ്പമുള്ള കുറെ വായനക്കാർ .എൻ്റെ പുസ്തകങ്ങൾ വായിക്കാത്തവർ ,പ്രസംഗം കേൾക്കാത്തവർ ,അപരിചിതർ തുടങ്ങിയവർ എന്നിലേക്കു വന്നു .അക്ഷരജാലകത്തിനു വായനക്കാരല്ല ,ആരാധകരാണുള്ളത്.  അതിൽ എഴുതുന്ന വിഷയങ്ങളെക്കുറിച്ച് പലരും ചർച്ച ചെയ്യുന്നു. ദിവസവും ഒരു കോളെങ്കിലും വരാറുണ്ട്, അക്ഷരജാലകം വായിച്ചതിൻ്റെ ഇഷ്ടംകൊണ്ടാണ് വിളിക്കുന്നത്‌.

'അക്ഷരജാലകം' ഇനിയും പുസ്തകമായിട്ടില്ല. പക്ഷേ ,അതിൻ്റെ മിക്കവാറും ഭാഗങ്ങൾ പല സൈറ്റുകളിലായി കിടപ്പുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും  വായിക്കപ്പെടുന്നത്. പഴയലക്കങ്ങൾ സ്ഥിരമായി വായിക്കുന്ന ധാരാളം പേരുണ്ട് .

'സാഹിത്യവാരഫലം'എന്ന പംക്തിയെ  'അക്ഷരജാലക'വുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല. ആനുകാലികങ്ങളിൽ വരുന്ന രചനകളെക്കുറിച്ച് എഴുതുന്നതുകൊണ്ട് രണ്ടിനെയും താരതമ്യം ചെയ്യുന്നതിൽ അർഥമില്ല. അക്ഷരജാലകത്തിൽ  വെറും 20 ശതമാനം മാത്രമേ ആനുകൂല്യങ്ങളുക്കുറിച്ചുള്ള വിമർശനങ്ങൾ ഉണ്ടാകാറുള്ളൂ. ചിന്താപരമായി എന്തെങ്കിലും കണ്ടുപിടിക്കാനാണ് ഞാനെഴുതുന്നത്. ഒരാശയലോകത്തിൻ്റെ നിർമ്മാണമാണ് ഓരോ ലക്കവും. സംസ്കാരം വിലയ്ക്ക് വാങ്ങാമെന്നും ഇന്നത്തെ മനുഷ്യർ നവമാധ്യമവൽക്കരിക്കപ്പെട്ട അശരീരികളാണെന്നും ഞാൻ ഈ കോളത്തിലാണ് എഴുതിയത് .ഉത്തര- ഉത്തരാധുനികത എന്ന സങ്കേതം ആദ്യമായി പരിചയപ്പെടുത്തിയത് അക്ഷരജാലകത്തിലാണ്, 2010 ൽ. അന്ന് അതിനെക്കുറിച്ച് മലയാളത്തിൽ ഒരു ചർച്ചയുമുണ്ടായിട്ടില്ല .ഇപ്പോഴുമില്ല. ഞാൻ 2012 ൽ  'ഉത്തര-ഉത്തരാധുനികത' എന്ന പുസ്തകമെഴുതി.റയോൾ ഇഷൽമാൻ ,അലൻ കിർബി, സാമുവൽ റോബേർട്സ് , നിക്കോളാസ് ബോറിയ തുടങ്ങിയ ചിന്തകന്മാരുമായി അഭിമുഖം നടത്തിയാണ് ഞാൻ ആധികാരികമായി എഴുതിയത്.


ഞാൻ അക്ഷരകാലകമെഴുതിയത്  'സാഹിത്യവാരഫല'ത്തിനു ശേഷമല്ല.ചിലർ കഥയറിയാതെ കളവു പ്രചരിപ്പിക്കുന്നുണ്ട്. എം.കൃഷ്ണൻ നായരുടെ പംക്തി 'മലയാളം' വാരികയിൽ ഉള്ളപ്പോൾ തന്നെ എൻ്റെ 'അക്ഷരജാലകം' വായനക്കാർ സ്വീകരിച്ചിരുന്നു .എനിക്ക് ഒരിക്കലും വായനക്കാർ ഇല്ലാതിരുന്നിട്ടില്ല. 1998 ൽ കേരളകൗമുദിയിലാണ് 'അക്ഷരജാലകം'തുടങ്ങിയത്. പിന്നീട് കലാകൗമുദിയിലേക്ക് മാറുന്നത് 2005ലാണ്.ഇപ്പോൾ മെട്രോവാർത്ത പത്രത്തിൽ തുടരുന്നു.ഇരുപത്തിനാലാമത്തെ വർഷത്തിലും വായനക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന പംക്തിയാണത്, ഒരേയൊരു പംക്തിയാണത്.മലയാളത്തിൽ ഇപ്പോൾ ഒരു കോളമിസ്റ്റേയുള്ളൂ എന്നു ഒരു വായനക്കാരൻ പറഞ്ഞത് ഈയർത്ഥത്തിലാണ്.

എം. കൃഷ്ണൻനായർ എനിക്ക് ഒരിക്കലും അലട്ടലായിട്ടില്ല. ഞങ്ങളുടെ രണ്ടുപേരുടെയും വഴികൾ വ്യത്യസ്തമാണ്. ഞാൻ ആധുനികത, ഉത്തരാധുനികത, ഉത്തര- -ഉത്തരാധുനികത, നവാദ്വൈതം, വ്യാജയഥാർത്ഥ്യം ,ഉൽപരിവർത്തനം, തനിമനസ്സ് തുടങ്ങിയ സിദ്ധാന്തങ്ങളിലൂടെയാണ് ഞാൻ എൻ്റെ നവീനചിന്തകൾ ആവിഷ്കരിച്ചത് .ഇതിൽ നവാദ്വൈതം തൊട്ടുള്ളതെല്ലാം എൻ്റെ തത്ത്വശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളാണ്.എന്നാൽ കൃഷ്ണൻനായരുടേത് വേറൊരു രീതിയാണ്. അദ്ദേഹം ഒരു റൊമാൻറിക് സൗന്ദര്യബോധത്തിലാണ് നിലയുറപ്പിച്ചത് .

അദ്ദേഹം പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തി .സ്വന്തം അനുഭവങ്ങൾ എഴുതി. ലൈംഗിക പരാമർശങ്ങളും കുറവല്ലായിരുന്നു. സത്യത്തിൽ എന്നെ അലട്ടുന്നതൊന്നും കൃഷ്ണൻനായരിലില്ലായിരുന്നു.



ചോദ്യം : ഇലകൾക്കിടയിൽ ഒളിച്ചിരുന്ന ഒരു പക്ഷി വിളിച്ചു പറയുന്നത് കേട്ടു.
'വല്ലാതെ ബോറടിച്ചു'
ഒരു പുത്തൻ ജന്മത്തെക്കുറിച്ച് ചിന്തിക്കാതെ,
ഉത്തരങ്ങൾ പറയാതെ ഒന്ന് പറക്കുന്നതാണ് വിപ്ലവം എന്ന് പറയാൻ തോന്നുന്നു. "
 താങ്കൾ കുറിച്ചിട്ട വരികളാണിത്.  അരാഷ്ട്രീയവാദം പെരുകുന്ന കാലഘട്ടം ഇത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം കൂച്ചു വിലങ്ങുകളാൽ നിയന്ത്രിക്കപ്പെടുന്ന നാളുകളുടെ തിരിച്ചുവരവാണ് ഇതെന്ന തോന്നലുണ്ടോ?
രാഷ്ട്രീയ വൽക്കരിക്കപ്പെട്ട അക്കാദമികൾ, വായനാദരിദ്രർ നയിക്കുന്ന പുരസ്‌കാരസമിതികൾ..വരിയുടക്കപ്പെടുന്ന എഴുത്തുകാർ. ഇനിയെത്രനാൾവരെ ഈ സൃഷ്ട്ടാക്കളെ  ചങ്ങലക്കിടൽ?  ചങ്ങല പൊട്ടിച്ചു പുറത്തിറങ്ങേണ്ടതല്ലേ ഉദാത്ത രചനകൾ?

എം.കെ.ഹരികുമാർ :രാഷ്ട്രീയബോധം അനിവാര്യമാണ്. അഹത്തിനും അദ്വൈതത്തിനും  പുഴുവിനും പറവയ്ക്കും പട്ടിക്കും വരെ  രാഷ്ട്രീയമുണ്ട്. എന്നാൽ രാഷ്ട്രീയം എന്ന പേരിൽ അരാഷ്ട്രീയവാദം പ്രോത്സാഹിപ്പിക്കരുത്. പ്രകൃതിയില്ലാതെ രാഷ്ട്രീയം പാടില്ല. വനനശീകരണം, പരിസ്ഥിതി നശീകരണം ,ജന്തു പീഡനം തുടങ്ങിയ കാര്യങ്ങളിൽ പലർക്കും അഭിപ്രായമില്ലാതാവുന്നത് അരാഷ്ട്രീയതയുടെ ലക്ഷണമാണ്. മലിനീകരണത്തിനെതിരെ  സംസാരിക്കണം. പ്ലാസ്റ്റിക് ,കടലിനെയും വീഴുങ്ങുകയാണ്. ഇതിനെതിരെ മിണ്ടാത്ത രാഷ്ട്രീയം അരാഷ്ട്രീയമാണ്.

എഴുത്തുകാർ സംഘടിതശക്തികളുടെ ഭാഗമായി നിൽക്കുകയേയുള്ളൂ. അവരുടെ വിധിയാണത്. ഭരണകൂടവും   അധികാരവും സഹായിച്ചില്ലെങ്കിൽ എഴുത്തുകാരെ ആരു ശ്രദ്ധിക്കുമെന്നാണ് കണ്ടുപിടിക്കേണ്ടത്. സ്വതന്ത്രരാവണമെങ്കിൽ സൃഷ്ടിപരമായ ഊർജം വേണം. ഇപ്പോഴത്തെ ഭൂരിപക്ഷം സാഹിത്യകാരന്മാർക്കും ബൃഹത്തായ കർമ്മശേഷിയില്ല .സൃഷ്ടിപരമായ ഊർജ്ജം കുറവാണ് .മൂന്നുവർഷം കഷ്ടപ്പെട്ടാണ് ചിലർ ഒരു കവിത എഴുതിയുണ്ടാക്കുന്നത്. പ്രതിഭ വറ്റിയവർ എന്തൊക്കെയോ കുറിക്കുകയാണ്.
സ്വാഭാവികമായ ഒഴുക്കില്ല. അതുകൊണ്ടുതന്നെ എഴുതുമ്പോൾ കവിതയുടെയോ, ആന്തരസംഗീതത്തിൻ്റെയോ ലയമുണ്ടാകില്ല .ഇന്നത്തെ ഗദ്യം ആരുടെയെങ്കിലും മനസിൽ കയറുമോ ? സകല ചെറ്റത്തരവും അതിൽ നിഴലിച്ചു കാണാം. സംഗീതവും കവിതയും ഉള്ളിലുണ്ടെങ്കിലേ നല്ല ഗദ്യമെഴുതാനാവൂ.

ചോദ്യം : വായനക്കാരാണ് ദൈവം " അടുത്തിടെ കാണാൻ ഇടയായ താങ്കളുടെ പ്രസ്താവന.  അതിന് കാലിക പ്രാധാന്യം  ഏതളവുവരെയുണ്ട്?
ഭേദപ്പെട്ട രചനകളും, നല്ല രചയിതാക്കളും ഇന്നില്ല എന്നു മുറവിളി ഉയരുന്നകാലത്ത്  എഴുത്തുകാരും ഭരണകൂടവും മാത്രമാണോ അതിന് കാരണക്കാർ??  മാറി വരുന്ന തലമുറകൾക്ക് അവരുടെ ആസ്വാദനക്ഷമതയിൽ കൈവന്ന ഏറ്റക്കുറച്ചിലുകൾ.. അതും കാരണമല്ലേ ഈ ദുര്യോഗത്തിന്.? രചനാമേന്മ ചികയാതെ എഴുത്തിലെ രാഷ്ട്രീയവും, എഴുത്തുകാരന്റെ ജാതി മത വർഗ്ഗ നിലപാടുകളും നോക്കി സൃഷ്ടിയെ പുകഴ്ത്തുകയും ഇകഴ്ത്തുകയും ചെയ്യുന്ന സ്വയം നിരൂപകവേഷമണിയുന്ന  ഇന്നത്തെ വായനക്കാരെ നമ്മൾ ദൈവമായി കാണേണ്ടതുണ്ടോ??

 എം.കെ.ഹരികുമാർ: ഇന്നു  ആഘോഷിക്കപ്പെടുന്ന എഴുത്തുകാർ ക്രമേണ വിസ്മൃതരാവാം. സാഹിത്യ അക്കാദമികളും മറ്റും ഗ്രൂപ്പുകളിയുടെ ഭാഗമായി തുടരെ അസത്യം പറഞ്ഞ് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. യഥാർത്ഥ വായന വേറെ നടക്കണം. എല്ലാ സംഘടിത ,നിഗൂഢ ,വ്യക്തിവാദ ദോഷൈകദൃക്കുകളെയും മറികടന്നു വേണം ഒരു പുസ്തകം കൈയിലെടുക്കാൻ .അക്കാദമികളുടെ പാത പിന്തുടർന്ന് അനേകം ചെറു ഗ്രൂപ്പുകൾ നടത്തി തിന്മയുടെയും രഹസ്യ അജണ്ടയുടെയും നടത്തിപ്പുകാരാകാനാണ് 'ഇന്നു ' മാസിക പോലുള്ള സംരംഭങ്ങൾ ശ്രമിക്കുന്നത്.ഇവർക്ക് ഭ്രമണം ചെയ്യാൻ എന്നും കുറേപ്പേരുണ്ടാവും. മറ്റുള്ളവരെ ആ നുകത്തിൽ കെട്ടിയിടാമെന്നാണ്‌ മണമ്പൂർ രാജൻബാബുമാരുടെ ശ്രമം .

അതുകൊണ്ട് എപ്പോഴും നല്ല വായനക്കാരാണ് യഥാർത്ഥ ജഡ്ജിമാർ .അതേസമയം സാഹിത്യം ആസ്വദിക്കാൻ കഴിവുള്ളവർ കുറഞ്ഞുവരുകയാണ് .ആസ്വാദന നിലവാരം ഇടിഞ്ഞു. മൂന്നാമതും നാലാമതും കൈ മറിഞ്ഞതല്ല ,നൂറാമതും ഇരുനൂറാമതും  കൈമറിഞ്ഞു വന്ന വിവരങ്ങളാണ് പലരും ഇന്നു പാഠങ്ങളായി മനസ്സിലാക്കുന്നത്.


ചോദ്യം :നിശ്ചിതവും കൃത്രിമവുമായ സാഹചര്യങ്ങളിൽ  തളച്ചിടപ്പെടുന്നവരുടെ വ്യക്തിപരമായ സൗഖ്യക്കുറവാണ് പലരും  കവിത എന്ന പേരിൽ പുറത്തേക്ക് വിടുന്നത് .കവിതയുടെ അലൗകികമായ മാനം  നഷ്ടപ്പെട്ടിരിക്കുന്നു .വാക്കുകളിലൂടെ യുക്തി അന്വേഷിച്ചു പുറപ്പെടുന്ന വ്യക്തിയിൽനിന്ന് കവിതയ്ക്കാവശ്യമായ ജൈവസംഗീതം ലഭിക്കുകയില്ല.
 കലാ സാഹിത്യ രാഷ്ട്രീയ പ്രബുദ്ധതയുടെ എഴുപത്-എൺപതുകളുടെ സുവർണ്ണകാലം. കഥയെഴുത്തും, കവിത കുറിക്കലുമായി അന്നത്തെ തലമുറ. ആ കാലഘട്ടത്തെ പ്രതിനിധിയായ താങ്കൾ എന്തു കൊണ്ട് വേറിട്ട പാത സാഹിത്യനിരൂപണം തെരഞ്ഞെടുത്തു?
ഇന്നത്തെ സാഹിത്യ നിരൂപണം പ്രസാധക താൽപ്പര്യങ്ങൾ അനുസരിച്ചുള്ള കുഴലൂത്തായി അധഃപതിച്ചതെന്തുകൊണ്ടാണ്? പോക്കർ സാഹിബിനും, വി.സി. ശ്രീജൻ മാഷിനും ശേഷം ശ്രദ്ധേയരായ സാഹിത്യനിരൂപകറുടെ അഭാവം ഉണ്ടായതെന്തുകൊണ്ടാവണം?



എം.കെ.ഹരികുമാർ :എഴുപതുകളിൽ ഞാൻ എഴുതി തുടങ്ങിയിട്ടില്ല. 1981 ലാണ് എൻ്റെ  ആദ്യലേഖനം -ഒരു സ്വച്ഛതയുടെ നിമിഷവും ഒരു സ്ഥൂലതയുടെ നിമിഷവും - അച്ചടിച്ചുവരുന്നത്. കൂത്താട്ടുകളത്തു നിന്ന് പ്രസിദ്ധീകരിച്ച ഒരു ചെറിയ കഥാസമാഹാരത്തിൻ്റെ  അവതാരികയായിരുന്നു അത്. എൻ്റെ സുഹൃത്ത് സുഭാഷ് ചാർവാകയായിരു ന്നു പ്രസാധകൻ. എൻ്റെ  ആശയപരമായ ആകുലതകളും തത്വചിന്താപരമായ അന്വേഷണങ്ങളും  ജ്ഞാനദാഹവുമാണ് എന്നെ സാഹിത്യ വിമർശനത്തിൽ എത്തിച്ചത്. സാഹിത്യകൃതിയുടെ കഥ നീട്ടിപ്പറഞ്ഞ് സ്വാരസ്യം എഴുതുന്ന ടൈപ്പല്ല; ഞാൻ പാരമ്പര്യവാദത്തിൻ്റെ തനിപ്പകർപ്പല്ല ;ഞാൻ പിന്തിരിപ്പനല്ല; .ഒ.വി.വിജയനെ  ഭൗതികവാദിയാക്കാൻ നടക്കുന്ന ഡോക്ടറേറ്റുകാരനല്ല ;ഞാൻ മലയാളം എം.എ. ക്ലാസിലെ ചതുരവടിവു ബ്രാൻഡല്ല. ഞാനൊരു തണ്ടുമുളയാണ് (Radicant); തണ്ടിൽ നിന്നും മുളച്ചു പൊന്തുകയാണ്. തണ്ട്  എവിടെയാണെങ്കിലും അവിടെനിന്ന് കിളിർത്തു വരും. വിത്ത് വേണമെന്നില്ല. തടിച്ച പുസ്തകങ്ങളുടെ പകർപ്പെഴുത്തുകാരനോ ഉദ്ധരണികളുടെ അട്ടിപ്പേറവകാശിയോ അല്ല .എന്നിലൂടെയാണ് ഞാൻ നേരുകളെക്കുറിച്ച് ചിന്തിക്കുന്നത്‌.എൻ്റെ ശരീരത്തിലൂടെയാണ് ഞാൻ അനുഭവിക്കുന്നത്‌.

എൻ്റെ വിമർശനം എഴുത്തുകാരന് വേണ്ടിയുള്ളതല്ല .ആർക്കെങ്കിലും വേണ്ടി ഞാൻ വിമർശനം എഴുതാറില്ല. ഞാൻ എൻ്റെ ബോധങ്ങൾക്ക് വേണ്ടിയാണ് എഴുതുന്നത്.സാഹിത്യ കൃതിയെ എന്നിലൂടെയാണ് ഞാൻ വായിക്കുന്നത്. എന്നെത്തന്നെ പ്രതിബിംബിപ്പിച്ചു കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത് .നോവലിൻ്റെ ഖ്യാതി നിലനിർത്താനോ തകർക്കാനോ അല്ല.  എൻ്റെ വീക്ഷണപരവും ദാർശനികവുമായ ആലോചനകളുടെ ഒരു പരീക്ഷണശാലയായാണ് ഞാൻ സാഹിത്യകൃതിയെ സമീപിക്കുന്നത്.


ഇന്ന് സാഹിത്യവിമർശൻ രാഷ്ട്രീയപാർട്ടികൾക്കും, എഴുത്തുകാരുടെ പേരിൽ ഉണ്ടാക്കിയിട്ടുള്ള സ്മാരകകമ്മിറ്റിക്കാർക്കും വേണ്ടിയാണ് എഴുതുന്നത് .പകൽ ഇരുട്ടാണെന്ന് അതിവേഗത്തിൽ എഴുതികൊടുത്ത് പ്രതിഫലം പറ്റി യാതൊരു ടെൻഷനുമില്ലാതെ വീട്ടിലേക്ക് തിരിച്ചു പോകുന്നവരാണ് മിക്കവരും. സ്വന്തം കാഴ്ചപ്പാട് എന്നേ  അവർക്ക് നഷ്ടപ്പെട്ടു. സത്യമെന്നു തോന്നുന്നതിനുവേണ്ടി നിലകൊള്ളാനുള്ള സ്കൂളിംഗ് അവർക്കില്ല.




ചോദ്യം :ഗുരുദേവചിന്തകൾ ഇഴകീറി പഠിച്ച് എഴുത്തിൽ സമന്വയിപ്പിച്ച സാഹിത്യ- ദാർശനിക വിമർശകൻ താങ്കൾ. നമ്മുടെ ഗുരു പരമ്പരകളിൽ മറക്കാനാവാത്ത നാമധേയം ശങ്കരാചാര്യരുടേത്.  ഗുരുദേവ ദർശനങ്ങളുടെ അന്ത:സത്ത  എഴുത്തുകളിൽ വിളക്കിച്ചേർക്കുന്ന താങ്കൾ ഗുരുദേവ- ശങ്കരദർശനങ്ങളുടെ വ്യതിരക്തിത  വ്യക്തമാക്കുമോ?


എം.കെ.ഹരികുമാർ: ഗുരുവിനെക്കുറിച്ച് ഞാനെഴുതിയ 'ശ്രീനാരായണായ ' എന്ന നോവൽ ഇതിനകം തന്നെ ചിന്തിക്കുന്ന, നവീനകലയെ സ്നേഹിക്കുന്നവരുടെ മുഖ്യചർച്ചാവിഷയമായിട്ടുണ്ട്. എനിക്ക് കുറെ പ്രതികരണങ്ങൾ ലഭിച്ചു. ഗുരുവിനെക്കുറിച്ച് ഞാൻ എഴുതിയ ലേഖനങ്ങൾ വേറെയാണ്. കൃതികളുടെ വ്യാഖ്യാനമോ, പഠനമോ അല്ല ഞാനെഴുതുന്നത് .എന്താണ് ഗുരു ചെയ്തതെന്ന് പരിശോധിച്ചശേഷം, വ്യാഖ്യാനത്തിലൂടെ ആഴത്തിലേക്കിറങ്ങി നവചിന്താപരിസരം സൃഷ്ടിക്കുകയാണ് ഞാൻ ചെയ്യാറുള്ളത്. എൻ്റെ  ഭാഷയാണത്. പുതിയ ലോകപശ്ചാത്തലത്തിൽ കാണാനാണ് എൻ്റെ ശ്രമം .


ശ്രീനാരായണായ ഒരു നവമായ ലോകമാണ്. ഭാവനയുടെ മാജിക്ക് എന്നു പറയാം. രൂപപരവും സൗന്ദര്യാത്മകവുമായ ഒരു നൂതന സങ്കേതമാണത്. പല കേന്ദ്രങ്ങളുള്ള വൃത്തമെന്ന് പറയാവുന്ന പോലെയുള്ള ഒരു രചന .മലയാളനോവലിൽ ഇതുപോലൊരു കൃതി അടുത്ത അമ്പതു വർഷത്തിനിടയിൽ പോലും സംഭവിക്കുകയില്ല.

ശങ്കരാചാര്യരുടെയും  ശ്രീനാരായണഗുരുവിൻ്റെയും വഴികൾ രണ്ടായിരുന്നല്ലോ. ശങ്കരാചാര്യർ മഠങ്ങൾ സ്ഥാപിക്കുകയും ഹിന്ദു തത്ത്വചിന്തയെ ക്രോഡീകരിക്കുകയും ചെയ്തു. ഗുരു വേറെ എഴുതുകയാണ് ചെയ്തത്. ദൈവദശകം, ആത്‌മോപദേശശതകം തുടങ്ങിയ കൃതികൾ ഉദാഹരണം.

ശങ്കരാചാര്യർ ഉപനിഷത്ത് അദ്വൈതത്തിൻ്റെ ധൈഷണിക പാതയാണ് പിന്തുടർന്നത്. ഗുരു പ്രായോഗിക അദ്വൈതത്തെ  ജീവിതത്തിലെ സാധാരണ സംഭവങ്ങളിൽപോലും പ്രതിഷ്ഠിക്കാൻ പ്രയത്നിച്ചു. ഊണുകഴിക്കുന്നതിൽ  പോലും അദ്വൈതം ഉണ്ടാകും, ബ്രാഹ്മണനും പുലയനും ഒരുമിച്ചിരുന്നാൽ.

ചോദ്യം :"കഥാകാരാ കഥ എവിടെ?" എന്ന് വായനക്കാർ മുറവിളി കൂട്ടുന്ന കഥയില്ലാ കാലം ഇത്.  കാരൂരിന്റെ, ചെറുകാടിന്റെ, ബഷീറിന്റെ, ടി. പദ്മനാഭന്റെ, മാധവിക്കുട്ടിയുടെ, ഗ്രേസിയുടെയൊക്കെ  കഥകൾ വായിച്ചു വളർന്നവരാണ്  ഇന്നത്തെ മുതിർന്ന തലമുറ. കഥയുടെ സർഗ്ഗവസന്തം പൂത്തുലഞ്ഞ കാലം അത്.  എന്തുകൊണ്ടാണ് ഇന്ന് നല്ല കഥകൾക്ക് ക്ഷാമം അനുഭവപ്പെടുന്നത്?  കഥയെഴുത്തിൽ പുതുതലമുറ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്??


എം.കെ.ഹരികുമാർ: കഥയുടെ നല്ല കാലം ഓർമ്മകളിലാണുള്ളത്. ബഷീറിൻ്റെയും  തകഴിയുടെയും ദേവിൻ്റെയും കഥകൾ  പ്രധാനമാണ്. ഉറൂബിൻ്റെയും പൊറ്റെക്കാട്ടിൻ്റെയും വർക്കിയുടെയും കഥകളുണ്ട്. ആ കൂട്ടത്തിലൊന്നും ഗ്രേസിയെ ചേർക്കണ്ട .ഗ്രേസിയെ പോലുള്ളവർക്ക് ഒന്നും തന്നെ പറയാനില്ല .കുറെ പഴയ ചിന്തകൾ മാത്രം.

ഒ.വി.വിജയൻ്റെ പാറകൾ ,സ്നേഹത്തിൻ്റെ ശ്രാദ്ധം ,മറുകുകൾ ,നീലിമ ,പശുവിൻ്റെ കണ്ണുകൾ ,അരിമ്പാറ തുടങ്ങിയ രചനകൾ എനിക്കു എന്നും വിസ്മയമാണ്.

വി.പി.ശിവകുമാറിൻ്റെ കഥാപാത്രങ്ങൾ ,പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'വിൻസെൻ്റ് വാൻഗോഗ് ബഷീറിൻ്റെ മുറിയിൽ ' എന്നീ കഥകൾ എപ്പോഴും മനസിലുണ്ട്.എം.ടി.യുടെ ഷെർലക്ക് ,മാധവിക്കുട്ടിയുടെ 'സോനാഗാച്ചി ' ,ടി.പത്മനാഭൻ്റെ 'കത്തുന്ന ഒരു രഥചക്രം ' എന്നീ കഥകൾ വീണ്ടും വായിക്കാൻ പ്രേരിപ്പിക്കാറുണ്ട്.

ജയനാരായണൻ ,ടി.ആർ ,വിക്ടർ ലീനസ് ,യു.പി.ജയരാജ്  തുടങ്ങിയവരെ മറക്കാനാവില്ല. എന്നാൽ കാക്കനാടനാകട്ടെ എന്നും പ്രലോഭനമാണ്.കത്തിജ്വലിച്ച ഭാഷയിലാ ണ് അദ്ദേഹം എഴുതിയത്.ഇന്നത്തെ കഥാകൃത്തുക്കൾക്ക് കഥയുണ്ട് ,കലയില്ല .കൃത്രിമമായി സൃഷ്ടിച്ച ,പരാജയഭീതി നിറഞ്ഞ അന്തരീക്ഷമാണ് മിക്കവർക്കുമുള്ളത്. 


ചോദ്യം :അക്ഷരജാലകത്തിലൂടെ താങ്കൾ വരയുടെ മാസ്മരികതയും, സെല്ലുലോയ്ഡ് കാഴ്ചാനുഭവങ്ങളും പങ്കുവെക്കുന്നു. ചിത്രകല അന്യംനിന്നു പോവുന്നു എന്ന ആശങ്ക താങ്കളെയും അലോസരപ്പെടുത്തുന്നുണ്ടോ?
ഒരു ചിത്രരചന സംവദിക്കുന്നതന്ത്  എന്ന് തിരിച്ചറിയാത്തവരുടെ വേദിയായി, അവിടെനിന്നും നമ്മുടെ ഭിത്തികൾ അലങ്കരിക്കാൻ ചിത്രം വാങ്ങിക്കൂട്ടുന്ന പൊങ്ങച്ചമനസ്സുകൾ ഓരോ ചിത്രപ്രദർശനങ്ങളിലും. വിപണി കണ്ട് വരച്ചിടുന്ന ചിത്രകാരന്മാർ.. ഇതൊക്കെയല്ലേ ചിത്രകലയ്‌ക്കേറ്റ അപചയം?  
അതുപോലെ തീയേറ്ററുകൾ വിട്ടൊഴിഞ്ഞ് ഓ.ടി. പി.പ്ലാറ്റ്ഫോമിലേക്ക് കൂടുമാറുന്ന നാളുകളിൽ സിനിമാ പ്രവർത്തകരും സ്വയം അപ്ഡേറ്റ് ആവേണ്ടതല്ലേ?


എം.കെ.ഹരികുമാർ:ചിത്രകലയെ നമ്മൾ തഴഞ്ഞിരിക്കുകയാണ് .ഞാൻ 'വാൻഗോഗിന് ' എന്ന നോവൽ എഴുതിയപ്പോൾ ആരാണ് വാൻഗോഗ് എന്നു ചോദിച്ചവരുണ്ട്.നമുക്ക് നഷ്ടപ്പെട്ട ഒരു വലിയ  ചിത്രകലാസംസ്കാരമുണ്ട് .അതു തേടിപ്പിടിക്കണം.പത്താം ക്ലാസ് പഠനം കഴിഞ്ഞു പുറത്തിറങ്ങുന്നവർ റെന്വേ, മാറ്റിസ് തുടങ്ങിയവരെപോലും അറിയുന്നില്ലെങ്കിൽ വിദ്യാഭ്യാസത്തിനു സാരമായി എന്തോ സംഭവിച്ചു എന്നാണർത്ഥം. അദ്ധ്യാപകരെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള പഠനം മതിയാവില്ല .


അമേരിക്കൻ പ്രകൃതിസ്നേഹി തോറോയുടെ കൃതികൾ ഇഷ്ടമാണ്. വാൽഡൻ മാത്രമല്ല ,ലേഖനങ്ങളും. റിൽക്കേ ,പെസ്സോവ ,യേറ്റ്സ് എന്നിവരുടെ ലേഖനങ്ങൾ വായിക്കാൻ ആസക്തിയാണ്.ദസ്തയെവ്സ്കിയുടെ നോവലുകൾ മിക്കപ്പോഴും വായിക്കും. കാഫ്ക എപ്പോഴും ഒരു അലട്ടലാണ്. കാഫ്കയാണ് ,ഇരുപതാം നൂറ്റാണ്ടിലെ പുതിയ രചനാരീതി കണ്ടുപിടിച്ചത്. ടോൾസ്റ്റോയിയുടെ കഥകൾ ജീവിതമൂല്യവിചാരം തരുന്നു. എമിലി സോളയുടെ 'The Death of Olivier Bécaille ' (1884) ടോൾസ്റ്റോയിയുടെ 'The Death of Ivan Illich ' (1886) എന്നീ രചനകൾ മരണത്തെയാണ് പ്രമേയമാക്കിയിരിക്കുന്നത്. എനിക്ക് രണ്ടു കൃതികളും മഹത്തായ അനുഭവം തന്നു. സാഹിത്യകലയുടെ പാരമ്യത്തിലേക്ക് എന്നെയെത്തിച്ചു.
അതുപോലെ ,കാഫ്കയുടെ  Josephine the Singer, or the Mouse Folk (1924) എന്ന കഥയും റിച്ചാർഡ് ബാക്ക് എഴുതിയ Jonathan Livingston Seagull (1970) എന്ന ചെറുനോവലും എന്നെ എന്നും വിസ്മയിപ്പിക്കുന്നു.


എനിക്ക് വലിയ ആദരവ് വായനക്കാരിൽ നിന്നു ലഭിച്ചിട്ടുണ്ട്, പലരും ദീർഘകാലം തമസ്കരിക്കാൻ ശ്രമിച്ചിട്ടും .ഓരോ മിനിട്ടിലും ഞാൻ വായിക്കപ്പെടുന്നു. ഇൻ്റർനെറ്റിൽ എൻ്റെ കൃതികൾ സുലഭമാണല്ലോ .അവിടെ വായിക്കപ്പെടുന്നു എന്നറിയാൻ സഹായിക്കുന്ന ഡേറ്റയുണ്ട്.
ലോകത്തിൻ്റെ ഏതോക്കെയോ കോണുകളിലിരുന്ന് അവർ സ്നേഹം ചൊരിയുന്നു. 

 

HOME PAGE 


No comments:

Post a Comment

എഴുത്തുകാരൻ ഭാഷയിൽ പ്രാപഞ്ചികമായ സൂക്ഷ്മധ്വനികൾ തേടണം : എം.കെ.ഹരികുമാർ

  പൂത്തോട്ട സഹോദരനയ്യപ്പൻ മെമ്മോറിയൽ കോളേജ് ഓഫ് എജ്യുക്കേഷൻ്റെ കോളജ് യൂണിയൻ്റെയും ആർട്സ് ക്ലബ്ബിൻ്റെയും  ഉദ്ഘാടനം എം.കെ. ഹരികുമാർ നിർവഹിക്...