പക്ഷികൾ
എം.കെ. ഹരികുമാർ
നമ്മൾ ഒരു മഴക്കാലത്താണ്
കണ്ടത് .
കുടപിടിച്ച് മഴച്ചില്ലകളിൽ ചവിട്ടി
നമ്മൾ നടന്നു.
ആർത്തു പൂത്ത
മരങ്ങൾ താഴ്‌വരകളെ
പ്രഭാപൂരിതമാക്കി.
നമ്മളിപ്പോൾ വിവശരാണ്.
ഋതുക്കൾ ക്രമം തെറ്റാതെ
വന്നുപോയിരിക്കുന്നു.
എല്ലാം മുഖം മാറ്റി .
ഗ്രാമത്തിലെ തെരുവുകളിലോ,
കടകളിലെ ചാരുബെഞ്ചുകളിലോ
അമ്പലത്തിലേക്കുള്ള വഴിയിലോ
നഗരത്തിലേക്കുള്ള ബസുകളിലോ
പരിചയക്കാർ ആരുമില്ല.
മുഖം തരാത്തവർ,
മനസ്സു തരാത്തവർ.
വെയിലിനു പോലും പേര് നഷ്ടപ്പെട്ടിരിക്കുന്നു ,
ഊരും.
കാറ്റിന് പഴയ വാതിലുകളൊന്നും ഓർമ്മയില്ല.
നമ്മൾ വെറും
കാവ്യബിംബങ്ങൾ മാത്രം .
ഉയരമുള്ള ഒരു വൃക്ഷത്തിൽ നിന്ന് ഇരുവശത്തേക്കും
പറക്കുന്നവർ .
No comments:
Post a Comment