സൗന്ദര്യത്തിൻ്റെ ജ്വാല നിറയുന്ന നോവൽ
ജീ തുളസീധരൻ ഭോപ്പാൽ
എല്ലാ കലകളെയും കുറിച്ചുമുള്ള ഗൗരവമേറിയ ചിന്തകളാണ് ദാർശനികനും എഴുത്തുകാരനുമായ എം. കെ.ഹരികുമാറിൻ്റെ രചനകളിലൂടെ നാം
കടന്നുപോകുമ്പോൾ കാണുന്നത്.
കല
നിർമ്മിക്കുന്ന ലോകം സത്യാത്മകമായിരിക്കണമെന്ന് നിർബന്ധമുള്ള
ഒരെഴുത്തുകാരനാണ് ഹരികുമാർ. അതിൻ്റെ ഭാഗമായ ചിന്തയാണ് ,തൻ്റെ
കലാപരിസരത്ത് സ്വതന്ത്രവിഹാരം നടത്തിയ വാൻ ഗോഗിനെക്കുറിച്ച് ഒരു
സാഹിതീശില്പം നിർമ്മിക്കുകയെന്നത് .
വിള വിളഞ്ഞുനിൽക്കുന്ന ഗോതമ്പ് പാടങ്ങളിൽ
സന്ധ്യാനേരത്തെ കുങ്കുമ നിറത്തിനൊപ്പം, സൂര്യചന്ദ്രന്മാരെ പോലും തൻ്റേതായ രീതിയിൽ വരച്ച മറ്റൊരു 'ചിത്ര'മാണ് 'വാൻഗോഗിന് ' എന്ന നോവൽ.
ജീവചരിതാഖ്യായികയുടെ തുടക്കംതന്നെ ഗ്രീക്ക്പുരാണങ്ങളുടെ ചരിത്രം അന്വേഷിച്ചു കൊണ്ടാണ്.
'വിൻസെന്റ്
വാൻഗോഗ് ഇന്ന് ഒരു മിത്താണ് .മാനസിക ,ലൈംഗിക രോഗങ്ങളാൽ വലഞ്ഞു ജീവിതം
ഹോമിച്ച ഒരു കലാകാരൻ . കലയ്ക്കു വേണ്ടി ജീവിച്ച ഒരു മനുഷ്യൻ സ്വന്തം ചെവി
മുറിച്ചു ഭ്രാന്ത് ആഘോഷിച്ചു എന്നാണ് ചർച്ച .വിദ്യാർത്ഥികൾക്ക് പഠിക്കാൻ
ഒരു കാറ്റഗറിയും വിഷയവുമാണ് വാൻഗോഗ് .എങ്കിലും, ഞാൻ പുതിയൊരു വാൻഗോഗിനെ
അന്വേഷിക്കുകയാണ് .വാൻഗോഗല്ല ചെവി മുറിച്ചത് എന്ന് ഈ നോവൽ വായിച്ചാൽ
വ്യക്തമാകും' - ഹരികുമാർ എഴുതുന്നു.
'അതിനു
ഇടവരുത്തിയ സാഹചര്യം ഒരു നോവലിസ്റ്റിന്റെ ഭാവനയുടെ സ്വാതന്ത്ര്യം
ഉപയോഗിച്ചും ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലും യുക്തിയുടെ പിൻബലം മറയാക്കിയും
ഇവിടെ അവതരിപ്പിക്കുകയാണ്.
തിയോഡർ എന്ന സാങ്കല്പിക
നോവലിസ്റ്റ് വാൻഗോഗിനെക്കുറിച്ചുള്ള ചില അസാധാരണ റിപ്പോർട്ടുകൾ
തേടിപ്പിടിച്ചു വായനക്കാരുടെ മുമ്പിൽ വയ്ക്കുകയാണ്. തിയോഡോർ സമാഹരിക്കുന്ന
രൂപത്തിലാണ് നോവൽ പ്രത്യക്ഷപ്പെടുന്നത്. ഇതിൽ ഭാവനാധിഷ്ഠിതമായ
കഥാപാത്രങ്ങളും സന്ദർഭങ്ങളുമണ്ട്. അവനവനോടു സത്യസന്ധനാകാൻ വിധിക്കപ്പെട്ട
ഒരു കലാകാരൻ എങ്ങനെയാണ് ഏതുകാലത്തും വ്യവസ്ഥാപിത കൗശലങ്ങൾക്ക്
പുറത്താകുന്നതെന്ന് ഈ വാൻഗോഗ് കാണിച്ചുതരും'.
ഈ
നോവലിന്റെ ഘടനതന്നെ എല്ലാ നോവൽ സങ്കൽപങ്ങളെയും തിരുത്തിക്കുറിക്കുന്നതാണ്
.'ശ്രീനാരായണായ ' എന്ന ദാർശനിക നോവലിൽ ആവിഷ്കരിച്ചിരിക്കുന്ന അതേ
രൂപഘടനയാണ് ഇവിടെ വാൻ ഗോഗിലും കാണുന്നത്. വിവേകചൂടാമണി എന്ന ദാർശനിക
മാസികയുടെ വിശേഷാൽ പതിപ്പിൽ പ്രസിദ്ധീകരിക്കാൻ ആ കാലഘട്ടത്തിലെ ഏറ്റവും
പ്രശസ്തരായ പ്രഗത്ഭരായ പതിനഞ്ച് എഴുത്തുകാരോട് ശ്രീനാരായണഗുരുവിന്റെ
ജീവിതവും ദർശനവും വരച്ചുകാട്ടാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യത്തിലൂടെയാണ്
നോവൽ ആരംഭിക്കുന്നത്. നോവലിന്റെ സാധാരണ ചട്ടക്കൂടുകളെ അതിലംഘിച്ചുകൊണ്ട്
ഒരു പുതിയ
ഭാഷാധൈഷണിക ലോകജാലകം കെട്ടിപ്പൊക്കുക എന്ന
ദൗത്യം ഏറ്റെടുത്ത് അവതരിപ്പിച്ച ഒരു പുണ്യ പ്രവാചകനെപ്പോലെയാണ് നോവൽ എന്ന
ഈ പ്രത്യേക പതിപ്പിന്റെ പത്രാധിപരായ മോഹനാംഗൻ പാറശാലയെ
നാം കാണുന്നത്.
'വാൻഗോഗിന്
' എന്ന കൃതിയിലാകട്ടെ മരണമടഞ്ഞു മൂന്നു ദിവസത്തിനുള്ളിൽ ഫ്രാൻസിലെ ചില
പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. തിയഡോർഎന്ന
നോവലിസ്റ്റാണ് സവിശേഷതയാർന്ന അഞ്ച് ഖണ്ഡങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്
.ഇതിൽ ആദ്യത്തെ രണ്ടു റിപ്പോർട്ടുകൾ യഥാക്രമം നിക്കോളസ് വിൽഹം , സ്റ്റാൻലി
പയസ്സ് എന്നിവർ എഴുതിയതാണ്. മൂന്നാമത്തേത് മാർസൽ
യൂബേ
എന്ന പത്രപ്രവർത്തകൻ വാൻഗോഗിന്റെ കലാജീവിതത്തിലെ ചില സംഭവങ്ങൾ ചേർത്തുവച്ച
എഴുതിയ ജീവചരിത്രവിവരണമാണ്. നാലാമത്തേത് വാൻഗോഗിന്റെ പ്രിയസുഹൃത്തും
സഹവാസിയുമായിരുന്ന പോൾ ഗോഗിന്റെ ഡയറിയിൽ നിന്നുള്ള കുറെ ഭാഗങ്ങളാണ്.
അഞ്ചാമത്തേത് വാൻഗോഗ് സ്വയം വെടിവച്ച് മരിക്കുന്നതിനു മുമ്പ് തന്റെ മുറിയിൽ
വന്ന് സംസാരിച്ചതിനെ ആധാരമാക്കി പോൾ ഫയദോർ എന്ന ചലച്ചിത്രകാരൻ ഒരു
പത്രത്തിന് നൽകിയ റിപ്പോർട്ടിലെ കുറിച്ച് ഭാഗമാണ് .മരണത്തിലേക്ക് നയിച്ച
സംഘർഷം ഇതിൽ വ്യക്തമാണ്. ഇത്രയും തിരഞ്ഞെടുക്കുന്നത് വാൻഗോഗ് സ്വന്തം
കാതുമുറിച്ചു എന്ന നുണ തിരുത്തുന്നതിന്
വേണ്ടിയാണ് .അതിനുള്ള തെളിവുകൾ നിരത്താൻ റിപ്പോർട്ടുകൾക്കും ഗോഗിന്റെ ഡയറിക്കും കഴിയുമെന്ന് വിശ്വസിക്കുന്നു.
വാൻഗോഗ്
പുറംലോകത്തെ നിരാകരിക്കുകയല്ല ചെയ്തത്; തനിക്ക് വഴങ്ങാത്ത യുക്തിയും
ഗർവ്വും പുലർത്തിയ ആ ലോകത്തെ തൻ്റേതായ രീതിയിൽ മിതപ്പെടുത്തുകയും,
ചിട്ടപ്പെടുത്തുകയുമാണ് ചെയ്തത് .പുറത്തേക്ക് പോകാൻ തന്നെപ്പോലെയുള്ള
മനസ്സുകളാണ് ആ ചിത്രകാരന് വേണ്ടിയിരുന്നത്.
അത്
ലഭിക്കില്ല എന്ന ബോധ്യമായതോടെ അദ്ദേഹം തൻ്റെ ഉള്ളിലേക്ക് തന്നെ ആ ലോകത്തെ
അന്വേഷിച്ചു പോയി .പ്രക്ഷുബ്ധമായ ഒരു മനസ്സ് അതിൻ്റെ തന്നെ പൊട്ടിത്തെറിയിൽ
നിന്ന് രക്ഷ നേടുന്നതിനുള്ള ഉപായം കണ്ടെത്തും.
ഇങ്ങനെ വാൻഗോഗിന്റെ വർണ്ണ വിസ്മയങ്ങൾ ഏൽക്കാത്ത ജീവിതത്തിലേക്ക് കടന്നുചെല്ലാൻ തിയോഡർ തിരഞ്ഞെടുത്ത വഴികളും ശ്രദ്ധേയമാണ് .
'എൻ്റെ
ചിത്രങ്ങൾ വിറ്റു പോകുന്നില്ല എന്ന വസ്തുത ഞാൻ നിഷേധിക്കുന്നില്ല .പക്ഷേ
ഒരു കാലം വരും .എൻ്റ ചിത്രങ്ങൾക്ക്, ഉപയോഗിച്ചിരിക്കുന്ന ചായങ്ങളെക്കാൾ
വിലയുണ്ടെന്ന് മനുഷ്യർ തിരിച്ചറിയുന്ന കാലം ' എന്ന വിൻസന്റ് വാൻഗോഗിൻ്റെ
വാചകം സത്യമാവുകയായിരുന്നു. "വരക്കാൻ മാത്രമാണ് ഞാൻ ജീവിക്കുന്നത് എനിക്ക്
അതിനേകഴിയൂ"- വാൻ ഗോഗ് ഒരു സുഹൃത്തിന് എഴുതി.
വാൻഗോഗ് മരിച്ചിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ . അദ്ദേഹത്തെ അറിയുന്ന പലരും ഇപ്പോൾ ധാരാളം വിശേഷങ്ങൾ പറയുന്നുണ്ട് .
എല്ലാവരും
കഴിഞ്ഞതെല്ലാം തിരുത്തിപ്പറയുകയാണ്. ചെവിയറ്റ് ആശുപത്രിയിൽ കഴിഞ്ഞ
അദ്ദേഹത്തിന് കുറച്ചൊക്കെ ഓർമ്മപ്പിശകും വിഭ്രാന്തിയും ഉണ്ടായിരുന്നു .അത്
നേരു തന്നെയാണോ എന്ന് ഉറപ്പിച്ചു പറയാനാവില്ല. എന്നാൽ വരയ്ക്കാനായി മാത്രം
ജീവിച്ച അദ്ദേഹം തൻ്റെ ഭയവും ഭ്രാന്തും ചിത്രങ്ങൾക്കായി
ഉപയോഗിക്കുകയായിരുന്നു.
ഗുരു നിത്യചൈതന്യയതിക്ക് വളരെയിഷ്ടപ്പെട്ട ഒരു ചിത്രകാരനായിരുന്നു വിൻസെന്റ് വാൻ ഗോഗ് .
ഗുരു
നിത്യ എഴുതുന്നു : "സംഗീതജ്ഞനിൽ നിന്ന് ഒരു സ്വരഗീതി ഉയർന്നുവരുമ്പോൾ ,
ചിത്രകാരൻ തൂലികാചലനം നിറഞ്ഞ നിറത്തെ ചിലപ്പോൾ സാന്ദ്രമാക്കിയും ചിലപ്പോൾ
വിവർണ്ണമാക്കിയും കൊണ്ടുവരുമ്പോൾ , കവി ഹൃദയത്തിലെ വാക്കുകൾ നാവിൽ നിന്ന്
പ്രാണനിൽകൂടി ബാഹ്യാന്തരീക്ഷത്തിൽനിന്ന് വൈഖരിയായിത്തീരുമ്പോൾ
സാക്ഷിയായിരിക്കുന്ന ശ്രോതാവിൽ യാദൃശ്ചികമായ ശ്രുത്യനുഭവവും ,
വർണ്ണാനുഭവവും വാക്യശ്രവണവും പൊടുന്നനെ ഉയരുന്നു. ഗുരുവിന്റെ നിരീക്ഷണങ്ങൾ
വാൻഗോഗിന്റെ ക്യാൻവാസുകളിൽ വാരിവിതറിയ വർണ്ണക്കുട്ടുകളിൽ നമുക്ക് കാണാം.
ലോകത്തിലെ
എല്ലാ മികച്ച കലാസൃഷ്ടികൾക്കുമെന്നതുപോലെ ഈ നോവലിനും പല അർഥതലങ്ങളുണ്ട്.
ഒരു സാധാരണ വായനക്കാരന് പെട്ടെന്നു കണ്ടെത്താൻ സാധിക്കുകയില്ലായിരിക്കാം.
സത്യാന്വേഷണത്തെ തൻ്റെ ചിന്തയുടെ
ജീവശ്വാസമാക്കി
മാറ്റിയ ഒരു വിമർശകന് അവ കാണാതെ പോകാൻ പറ്റുകയില്ല. എഴുത്തുകാരന്റെ
ബോധമനസ്സും ഉപബോധ മനസ്സും ഒത്തുചേരുന്ന സങ്കീർണ്ണമായ ഒരു അവസ്ഥയിൽ നിന്നാണ്
സൃഷ്ടിയുടെ പ്രഥമ നിർമ്മാണം നടക്കുക .
വാൻഗോഗ് തന്റെ പ്രണയത്തെക്കുറിച്ച് പറയുന്നത് നോക്കുക:
"നിങ്ങൾക്ക്
ഞാൻ മനോരോഗിയായി ഇരിക്കുന്നതാണ് നല്ലത്. അത് പ്രചരിപ്പിച്ചാൽ എൻ്റെ
ചിത്രങ്ങൾ കാണാനും ആരും വരി കയില്ലല്ലോ .എനിക്ക് പണമില്ലാത്തതുകൊണ്ട്
നിങ്ങളെ പോലെയുള്ളവരെ വിളിക്കാനാവില്ല. അധികാരകേന്ദ്രങ്ങളിൽ ഇതുപോലെ ഉള്ളവർ
എക്കാലത്തും അടയിരിക്കും എന്നെപോലുള്ളവരെ മനോരോഗിയാക്കാൻ. ഞാൻ വരയ്ക്കുന്ന
ചിത്രങ്ങൾ പൊതു സമൂഹം അംഗീകരിക്കുന്നില്ല എന്ന് പറയുന്ന നിങ്ങൾ തന്നെയാണ് ആ
ചിത്രങ്ങളുടെ വിൽപന സാധ്യതയെക്കുറിച്ച് പറയുന്നത് . വാസ്തവത്തിൽ എന്തിനാണ്
എന്നെ പിന്തുടരുന്നത് ?നിങ്ങൾ പറയുന്നതെല്ലാം കരുതിക്കൂട്ടി ഉണ്ടാക്കിയ
കഥകളാണ് .എൻ്റെ മനോരോഗകഥയും അതുപോലെ ഒന്നാണ്. പ്രാണനുവേണ്ടി
നിലവിളിക്കുമ്പോൾ ഏതൊരുവനും ഭ്രാന്തനായി മാറും. പ്രാണനുവേണ്ടി നിലകൊള്ളേണ്ട
ഘട്ടം വന്നാൽ മാത്രമേ അതറിയൂ. പിൻവാങ്ങലിന് പരിധിയുണ്ട്
.അതിനപ്പുറത്തേക്ക് പോകേണ്ടി വരുമ്പോൾ മാനവും പദവിയുമെല്ലാം വേണ്ടെന്ന്
വയ്ക്കും. വലിയൊരാൾക്കൂട്ടത്തിൽ ഒരുവന് തന്റെ ജീവൻ രക്ഷിക്കാനായി
എല്ലാവരോടും യാചിക്കേണ്ട അവസ്ഥ വരുന്നത് ആലോചിച്ചുനോക്കൂ. ചിലർക്ക് സംഘം
ചേരാൻ പ്രയാസമായിരിക്കും. ആരെയും വെറുക്കാതെ തന്നെ ഒറ്റപ്പെട്ടു പോകുന്നു.
ചിലർ അവനവന്റ കാഴ്ചകൾക്കായി ആന്തരിക ദുരിതമനുഭവിക്കുന്നു. എനിക്ക് എന്റെ
ചിത്രങ്ങൾക്ക് വേണ്ടി ഒരു കൂട്ടത്തിൽ നിന്നു മാറി പോകേണ്ടതുണ്ടായിരുന്നു.
ഓരോ വസ്തുവും എന്നോട് സംവദിക്കുന്നത് എങ്ങനെയാണെന്നാണ് ഞാൻ നോക്കുക. അത്
വിശേഷപ്പെട്ട ഏകാന്തതയാണ്. എൻ്റെ കാലത്ത് ധാരാളം പേർ വരച്ച ശൈലിയോ
വർണ്ണവിന്യാസമോ എന്നെ സ്വാധീനിക്കാതിരുന്നത് , ഞാൻ ഒരു സ്കൂളിലും
ഉൾപ്പെടാതിരുന്നതു കൊണ്ടാണ്. അതുകൊണ്ട് ആരുടെയും ശിഷ്യനായില്ല.
ആകാനൊക്കുകയും ഇല്ല .എനിക്ക് യജമാനനില്ല. ഞാനൊരു ഉടമസ്ഥനില്ലാത്ത നായയാണ്.
അതുകൊണ്ട് ഞാൻ അർദ്ധരാത്രിയിൽ കുരച്ചുകൊണ്ടിരിക്കും. അതിനു കണ്ടെത്തുന്ന
കാരണങ്ങൾ , ഇരുമ്പു കൂട്ടിൽ നല്ല ആഹാരം കഴിച്ചു കൃത്യനിഷ്ഠയോടെ കുരക്കുന്ന
തടിച്ച നായ്ക്കളിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഇരുട്ടിലൂടെ ഞാൻ
ചികഞ്ഞെടുക്കുന്ന ശബ്ദങ്ങളോ ചലനങ്ങളോ എന്നെ കുരയിലേക്ക് നയിക്കുന്നു
.ചിലപ്പോൾ ഞാൻ തന്നെ ആ കുര ഇടയ്ക്കു വച്ച് ഉപേക്ഷിക്കും. അതിലാണ് ഞാൻ
ജീവിക്കുന്നത് .അവർക്കത് അനായാസം പരസ്പരം വിനിമയം ചെയ്യാവുന്നതുകൊണ്ടാണ്.
പക്ഷേ എനിക്ക് എന്റെ ചിത്രങ്ങൾക്കാധാരമായ വസ്തുക്കൾ യഥാർത്ഥത്തിലുള്ളതു
തന്നെയാണ് .ഇല്ലാത്തതൊന്നും ഞാൻ വരച്ചിട്ടില്ല. എനിക്ക് അത് യാഥാർത്ഥ്യം
മാത്രമല്ല ,ജീവനുള്ള വസ്തുക്കളുമാണ്. അതെല്ലാം നിലനിൽക്കുന്നതാണ്. ആ
വസ്തുക്കൾ എന്നിലേക്കു വരികയാണ്. അതുപോലെ ഞാൻ അവയിലേക്കും എത്തുന്നു. ഈ
വരവും പോക്കും വികാരനിർഭരമാണ്. ഇതിൻ്റെ രൂക്ഷമായ സംഘർഷം പൂർണമായി
ഉപയോഗിക്കാൻ സാവകാശം വേണം. ഒരു ബിന്ദുവിലേക്ക് ശ്രദ്ധിക്കാൻ ആവശ്യമായ സമയം
വേണം. സമയം എന്ന് പറഞ്ഞത് ഘടികാര സമയം അല്ല .എൻ്റെ കണ്ണുകൾക്കും മനസ്സിനും
ആവശ്യമായ സമയമാണ് .അത് ഉള്ളിലേക്ക് തിരിഞ്ഞിരിക്കുന്ന മനസ്സാണ്.
അതുകൊണ്ടുതന്നെ എൻ്റെ രൂപങ്ങളിൽ, ചിത്രങ്ങളിൽ ഞാൻ മാത്രമേയുള്ളൂ .അത്
എൻ്റെ തന്നെ മറ്റൊരു ആഖ്യാനമാണ് .ഞാൻ സാമ്പ്രദായിക സ്കൂളിൽ
പഠിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സ്വന്തമായി വരയ്ക്കാനായത്.പ്രകൃതി എന്നെ
അങ്ങനെ നയിച്ചു. ഒരുപക്ഷേ, പ്രകൃതിയുടെ ആവശ്യമായിരിക്കാം. ഓരോ
വ്യക്തിയുടെയും ഘടനയിലുള്ള സിദ്ധിക്കും സാധ്യതയ്ക്കും അനുസരിച്ച് പ്രകൃതി
അതിനെ സ്വതന്തമായി വിടുന്നു. എന്നെ ഒരു ചിത്രകലാ അദ്ധ്യാപന്റെ കീഴിൽ
പരിശീലനത്തിന് അയച്ചിരുന്നെങ്കിൽ, എല്ലാവർക്കും സ്വീകാര്യനായ
നിറക്കൂട്ടുകാരനാവുമായിരുന്നു. എന്റെ ചിത്രങ്ങൾ വാങ്ങാൻ പലരും
തിക്കിത്തിരക്കുമായിരുന്നു. എന്റെ ഗുരുനാഥന്റെ പേരിൽ എനിക്ക് ചിത്രങ്ങൾ
വിൽക്കാമായിരുന്നു. ഓരോ ചിത്രത്തിലും എന്റെ അദ്ധ്യാപകൻ പറഞ്ഞുതന്ന പാഠങ്ങൾ
എഴുന്നു നില്കുമായിരുന്നു. ഒരു വിദ്യാലയത്തിലെ കലാസംബന്ധിയായ സാരോപദേശങ്ങൾ
അത്രയും എന്റെ ക്യാൻവാസിൽ നിറയുമായിരുന്നു. എന്നാൽ ഒഴിഞ്ഞ ചുമരുകളിൽ
തന്നിഷ്ടം കോറിയിടാൻ നോക്കിയപ്പോഴാണ് ഞാൻ ചിത്രകാരനായത്. എന്റെ
ജീവിതത്തേയും അതുപോലെ ഞാൻ ചിട്ടപ്പെടുത്താതെ വിടുകയായിരുന്നു " .
കേവലം
മുപ്പത്തിയേഴു വയസ്സുവരെ മാത്രം ജീവിച്ച് 2100-ൽ അധികം ചിത്രങ്ങൾ വരച്ച്,
അവിവാഹിതനായി ജീവിച്ചു .പ്രണയവും വിരഹവും കലാപവും ജീവിതഭാഗമായി കണ്ട
എക്കാലത്തെയും മികച്ച ചിത്രകാരന്റെ ജീവിതത്തിലേക്ക് പ്രകാശം പരത്തുന്നതാണ്
'വാൻഗോഗിന്' എന്ന് നോവലിലൂടെ കടന്നുപോകുന്ന ആർക്കും പറയാനാകും.
No comments:
Post a Comment