ദയ എന്ന സാർവ്വദേശീയ മതപാർലമെൻറ്
എം.കെ.ഹരികുമാർ
ഇന്നു മതങ്ങൾ ഒരു വിളംബരവും ഉദ്ഘോഷണവുമാണ് .എല്ലാ ചുവരുകളിലും മതങ്ങൾ അടയാളമായെങ്കിലും കാണാം. എല്ലായിടത്തും മതചർച്ചകളുണ്ട്. മതാനുയായികളെപോലെ തന്നെ, മത സാരത്തിൻ്റെ ശരിയായ വക്താക്കളെന്ന് അവകാശപ്പെട്ടുകൊണ്ട് മതേതരവാദികളുടെ പുതിയ കൂട്ടവും എല്ലായിടത്തും നിരക്കുകയാണ്. മതാനുയായികളും മതേതരമതക്കാരും തമ്മിലുള്ള അർഥരഹിതമായ ചർച്ചകളായി തീർന്നിട്ടുണ്ട് നമ്മുടെ മതപഠനങ്ങൾ. ശ്രീനാരായണഗുരു എത്രയോ മുമ്പേ മതസാരത്തെ നിർവ്വചിച്ചതാണെന്നോർക്കണം; ഒരു മതത്തിൻെറയല്ല ,സർവമതത്തിൻ്റെ യും. നന്മ മതിയെങ്കിൽ എന്തുകൊണ്ട് സാർവദേശീയ മതസാരം എന്ന ഒരു പാർലമെൻറ് നമുക്ക് അംഗീകരിച്ചു കൂടാ ?
നാമ വൈജാത്യങ്ങൾക്കപ്പുറത്ത്
നാമരൂപരമ്യത
സാർവദേശീയ മതസാരം എന്ന പാർലമെൻ്റ് ഗുരുവാണ് ആവിഷ്കരിച്ചത്.ഗുരു ആ പേര് ഉപയോഗിച്ചിട്ടില്ലായിരിക്കാം. പക്ഷേ ,ഗുരു വിഭാവന ചെയ്യുന്ന അഖിലലോക മതാത്മകതയുടെ സത്ത ഇതിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. സർവമതസമ്മേളനം പോലെയുള്ള, വ്യവഹാരലോകത്തിലെ സമുന്നതമായ സമന്വയപാഠമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അതിനുമപ്പുറം ഒരു സാരം ബോധ്യപ്പെടുകയും ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. നാമവൈജാത്യങ്ങളിൽ നാമരൂപരമ്യത എന്ന പരമമായ അവബോധത്തിലേക്ക് നമുക്ക് സഞ്ചരിക്കാനുള്ള പാതയാണത്. മനുഷ്യൻ പല വഴിക്ക് പിരിഞ്ഞു പോകാനുള്ളവനാണ്. മഹാനായ ജർമ്മൻ ചിന്തകൻ ഷോപ്പനോർ ( Schopenhauer) മനുഷ്യജീവിതം മഹാദുഃഖമാണെന്ന് പറഞ്ഞതിൻ്റെ നിരാശയിൽ നിന്നു ഇനിയും നമുക്ക് കരകയറാനായിട്ടില്ല. വിയോഗവും വിഷാദവുമാണത്രേ മനുഷ്യജീവിതത്തിൽ ബാക്കിയാവുന്നത്. എത്ര സ്നേഹിതരായാലും ,ബന്ധുക്കളായാലും ,ഒരേ മതത്തിൽപ്പെട്ടവരായാലും അന്തിമമായി ഒറ്റയ്ക്കൊറ്റയ്ക്ക് പിരിഞ്ഞു പോകേണ്ടതുണ്ട്; എല്ലാവരും അതാണല്ലോ ചെയ്യുന്നത്. എവിടേക്കാണ് പോകുന്നതെന്ന് അറിയാതെയുള്ള വിടവാങ്ങൽ ഉത്തരമില്ലാത്ത പ്രതിഭാസമാണ്; അപരിഹാര്യമായ നഷ്ടമാണ്. അവിടെയാണ് ഈ നശ്വരവും ബധിരവുമായ ജീവിതത്തെ സാർത്ഥവാഹകൻ്റെ സന്മനസുകൊണ്ട് സമുദ്ധരിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്ക് ഗുരു ഉദ്ബോധനവുമായി കടന്നുവന്നത്.
കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം,
എല്ലാ മതസാരവുമോർക്കിലിതെ- ന്നല്ലേ പറയേണ്ടതു ധാർമികരേ?
(ജീവകാരുണ്യപഞ്ചകം )
അരുളാൽ വരുമിമ്പമൻപക -
ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും
ഇരുളൻപിനെ മാറ്റുമല്ലലിൻ
കരുവാകും കരുവാമിതേതിനും
(അനുകമ്പാദശകം)
ദയ ശരീരത്തിൽ പ്രവേശിക്കുന്നത്
കൊല്ലാതെയും കൊന്നതിനെ തിന്നാതെയുമിരിക്കുന്നതാണ് മതസാരമെന്നു ഗുരു പറഞ്ഞത് എത്ര കൃത്യമായിട്ടാണ്! .ധർമ്മം പറയുന്നവർ ഇതോർക്കണമെന്നും സൂചിപ്പിക്കുന്നുണ്ട്. ഇന്ന് എല്ലാവരും ധർമ്മമാണല്ലോ പറയുന്നത്. പ്രസംഗത്തിലും പൊതുജീവിതത്തിലും ധർമ്മം നിറഞ്ഞു കവിഞ്ഞിരിക്കുന്നതുകൊണ്ട് നടക്കാൻ പറ്റാതായിട്ടുണ്ട്. കൊറോണ വൈറസ് പടരാനിടയാക്കിയ ചൈനയിലെ 'വെറ്റ് മാർക്കറ്റു'കളും അതേപോലെ മറ്റിടങ്ങളിൽ പ്രവർത്തിക്കുന്ന കൊല്ലൽ കേന്ദ്രങ്ങളും ധാർമ്മികതയുടെയും മത സാരത്തിൻ്റെയും ലംഘനം മാത്രമല്ല, അതിക്രമങ്ങളുമല്ലേ ?ഈ സാഹചര്യത്തോടു രുചിപരമായും വൈകാരികമായും അടുത്തു കഴിയുന്ന ഒരു സമൂഹത്തിൽ ദയ എങ്ങനെയാണ് ഉൽഭവിക്കുന്നത് ? തിന്മയും സദാചാര രഹിത്യവും ഹിംസയും വെറുപ്പും സാർവത്രികമായ ജന്മവാസനകളായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് എങ്ങനെയാണ് ദയ ഒരു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത്? ദയ മനുഷ്യശരീരത്തിൽ പ്രവർത്തിച്ചാൽ തന്നെ അതിന് വളരാനൊക്കുമോ? ഗുരു പറഞ്ഞ സാർവ്വദേശീയ മതപാർലമെൻറ് എന്ന മതസാരം ഈ ദയ തന്നെയാണ്.ദയയില്ലാത്തവൻ മനുഷ്യനല്ല; അവൻ വെറും അസ്ഥിയും തൊലിയും സിരകളുമുള്ള ഒരു ശരീരം മാത്രമാണ് .ശരീരം പോലുമല്ല, നാറുന്ന ജഡമാണത്രേ.
"അരുളില്ലയതെങ്കിലസ്ഥി തോൽ
സിര നാറുന്നൊരുടുമ്പു താനവൻ"
ഈ പ്രസ്താവത്തിൽ നിന്ന് ഗുരു എത്ര പ്രക്ഷോഭത്തോടെയാണ് ഈ വിഷയത്തെ വീക്ഷിച്ചതെന്ന് കാണാവുന്നതാണ് .ദയ വെറുതെ ഉണ്ടാവുകയില്ല ;എന്നാൽ മനുഷ്യനിലുണ്ട് .അവൻ്റെ ശരീരത്തിലല്ല, കൈവിരലുകളിലല്ല , തലമുടിയിലല്ല ,കണ്ണുകളിലുമല്ല ;മനസ്സിനുള്ളിൽ, മനസ്സിൻ്റെ ആഴങ്ങളിൽ. ഒരാൾ അതിനായി രണ്ടാമതൊന്നു ജനിക്കണം; അല്ലെങ്കിൽ നാറുന്ന ജഡമായി തുടരേണ്ടിവരും. "ജീവിതത്തിലുടനീളം നിലനിൽക്കുന്ന ദയയേക്കാൾ നമ്മുടെ ജീവിതത്തെയും മറ്റുള്ളവരുടെ ജീവിതത്തെയും സുന്ദരമാക്കുന്ന വേറൊന്നില്ലെന്ന് " റഷ്യൻ സാഹിത്യകാരനായ ടോൾസ്റ്റോയ് പറഞ്ഞത് ഓർക്കുകയാണ് .മനുഷ്യൻ എപ്പോഴും ഒരേ വികാരവുമായിട്ടല്ല സഞ്ചരിക്കുന്നത്. അവനു ഉയർച്ചയും താഴ്ചയുമുണ്ട് ;സന്തോഷവും ദുഃഖവുമുണ്ടല്ലോ. എന്നാൽ ഇതെല്ലാം സംഭവിക്കുമ്പോഴും ,അവൻ സ്വന്തം ദയയെ തടവിലാക്കാൻ അനുവദിക്കാതിരിക്കേണ്ടതുണ്ട്. അപ്പോഴേ ദയ പ്രവർത്തിക്കൂ. അല്ലെങ്കിൽ ദയയെ മോചിപ്പിക്കാൻ പ്രയത്നിക്കേണ്ടി വരും . ഒരാളിൽ സ്വാഭാവികമായി ദയ ഉണരണമെന്നില്ല. ദയയെ നാമറിയണം; ഉണർത്തണം. ഓരോ ദിവസത്തിലെയും നിഷ്ഠയും ചിന്തയുമായി അത് വളരേണ്ടതുണ്ട് .
അവനവനിലേക്കുള്ള തുരങ്കം
വിദ്യാസമ്പന്നരായ വ്യക്തികൾ പോലും എല്ലാറ്റിലും ദോഷം കാണുകയോ എല്ലാറ്റിനെയും സംശയത്തോടെ നോക്കുകയോ ചെയ്യുന്നതിനെ മഹത്വവത്ക്കരിക്കുന്ന പ്രവണതയാണ് ഇന്നു കാണുന്നത്. ലോകം നിയമം കൊണ്ടാണന്നു നിലനിൽക്കുന്നത്, ദയ കൊണ്ടല്ല. മനുഷ്യനിൽ നിന്ന് അത്യദ്ധ്വാനത്താൽ പുറത്തുവരുന്ന ദയ ഒരു പ്രവാഹമായി ഉരുത്തിരിയുമ്പോഴാണ് ലോകത്തിനു മഹത്വമുണ്ടാകുന്നത്.
അമേരിക്കൻ എഴുത്തുകാരൻ ജാക്ക് കെറൗഖ് (Jack Kerouac) ഒരു കവിതയിൽ ദയയുടെ വിശ്വരൂപം ഇങ്ങനെ വരയ്ക്കുന്നു:
"നിങ്ങൾ കാണുന്ന ലോകം
നിങ്ങളുടെ മനസ്സിലെ
ഒരു ചലച്ചിത്രമാണ് .
പാറകൾ ഇത് കാണുന്നില്ല അനുഗ്രഹീതരായി ഒരിടത്തിരിക്കുക
പൊറുക്കുകയും മറക്കുകയും ചെയുക.
എല്ലാവരോടും
എല്ലായയ്പ്പോഴും
ദയ കാണിക്കക
ഇതാണെല്ലാം.
ഇതാണ് ആ സന്ദേശം
ആരും ഇത് മനസ്സിലാക്കുന്നില്ല കേൾക്കുന്നില്ല" .
ജീവിതത്തിലെ എല്ലാ വിഷമപ്രശ്നങ്ങൾക്കും കാരണം ദയയില്ലാതാകുന്നുതുകൊണ്ടാണെന്ന് ഗുരു പറയുന്നതും ശ്രദ്ധേയമാകുകയാണ്. അരുൾ ഉണ്ടെങ്കിൽ ജീവിതം ഇമ്പമുള്ളതായിത്തീരും (അരുളാൽ വരുമിമ്പം).അൻപകന്നാലോ ? വരും അല്ലൽ. ഇരുട്ട് അൻപിനെ ഇല്ലാതാക്കും. ഏതാണ് ഈ ഇരുട്ട് ? വിവരക്കേടു തന്നെ .മനുഷ്യൻ അധ:പതിച്ചാൽ അൻപ് ഇല്ലാതാകും; അതിലൂടെ ഇരുട്ട് വ്യാപിക്കും.
കൊല്ലുമ്പോൾ വേദനിക്കുന്നത് മറ്റു ജീവികളാണല്ലോ. കൊന്നു തിന്നുമ്പോൾ വേദനയുമില്ല. വേദനയറിയാതെ തിന്നു രസിക്കുന്നവരിൽ അൻപ് ഉണ്ടാകുകയില്ല. അതുകൊണ്ടു കൊല്ലുന്നവനിൽ ദയ അജ്ഞാതമായി ശേഷിക്കും. അവിടെയാണ് ദയയുടെ അജ്ഞാതമായ ഉറവ കണ്ടെത്താൻ ഒരാൾ തന്നിലേക്കുതന്നെ തുരങ്കം നിർമ്മിക്കേണ്ടിവരുന്നത് .
നമ്മുടെ ജീവിതം യഥാർത്ഥ്യമാകുന്നത് നിരന്തരമായ ദയയിലൂടെയാണ്. വല്ലപ്പോഴും ചെയ്യുന്ന ഒരു ദയാപ്രവർത്തനത്തിലൂടെയല്ല. സംഗീതജ്ഞനായ ജോൺ കേജ് (John Cage) ജീവിതത്തിൽ മനസ്സാന്നിധ്യം നിലനിർത്തണമെന്നും അതിനു വേണ്ടി ലളിതമായ മാർഗങ്ങളാണ് വേണ്ടതെന്നും പറഞ്ഞത് ഇതിനോടു ചേർത്തുവച്ചു കാണേണ്ടതാണ്. ദയ മനസ്സിലുണ്ടായിരിക്കണം.
ശരീരത്തിന് ആരോഗ്യം പോലെയാണ് മനസ്സിന് ദയയെന്ന് ടോൾസ്റ്റോയ് പറഞ്ഞതു എന്തുകൊണ്ടാണ് ? ദയ നമ്മെ സ്വതന്ത്രമാക്കുന്നതുകൊണ്ടാണ്. ഒരാൾക്ക് സ്വതന്ത്രനാകാൻ ഈ ഒരു വഴിയേയുള്ളൂ എന്ന വലിയ ആശയത്തിലേക്ക് വരികയാണ്. എതിർപ്പും ക്ഷോഭവും നിരീശ്വരത്വവും നമ്മെ അസ്വതന്ത്രമാക്കുകയാണ്.കാരണം , മനുഷ്യനു യഥേഷ്ടം മറ്റുള്ളവരെ സ്നേഹിക്കാനും ദയയോടെയിരിക്കാനും സഹായിക്കാത്തവയാണ് ഇതെല്ലാം. മനുഷ്യൻ്റെ സ്വാതന്ത്ര്യത്തെ എങ്ങനെ ഒരതീതമതമാക്കാമെന്ന് ഗുരു ചിന്തിച്ചതായി കാണുന്നു. അവൻ്റെ വൈകാരിക ബന്ധങ്ങൾ മറികടന്ന് സർഗാത്മക ഏകത്വത്തിലേക്ക് പ്രയാണം ചെയ്യാനുള്ള കടന്നുവഞ്ചിയാണ് ദയ .
ആ കപ്പലിൽ കയറുന്നത്
യഥാർത്ഥ മനുഷ്യനാകാൻ
ദൈവദശകത്തിലൂടെ ഇത് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
"നാവികൻ നീ
ഭവാബ്ധിക്കോ
രാവിവൻതോണി
നിൻ പദം "
ഭഗവാൻ ഒരു കപ്പിത്താനാണ്.ആവിക്കപ്പലിലാണ് ഭഗവാൻ സഞ്ചരിക്കുന്നത്. അതിലേക്കാണ് നമുക്ക് പ്രവേശനം വേണ്ടത് .ഒരിടത്തേക്കും പോകാനില്ലാതെ, ശവസമാനമായി, മൃതജീവിതം തള്ളിനീക്കുന്ന മനുഷ്യർക്ക് മുന്നോട്ടുപോകാൻ ഈ ആവിക്കപ്പൽ വേണം. അതുമായി ഭഗവാൻ വരേണ്ടതുണ്ട് .എന്നാൽ ആ കപ്പലിൽ കയറിയാലോ? "ഞങ്ങളെ കാത്തുകൊള്ളണമെന്നാണ് പ്രാർത്ഥന;സുരക്ഷിതരാക്കണമെന്ന് . എന്നു പറഞ്ഞാൽ, ദയയുള്ള മനുഷ്യരാക്കണമെന്ന് . ദയയില്ലെങ്കിൽ നാറുന്ന ജഡം മാത്രമാണ് മനുഷ്യനെന്ന് പറഞ്ഞിട്ടുള്ള ഗുരു, ഭഗവാൻ കൊണ്ടുവരുന്ന കപ്പലിൽ സുരക്ഷിതത്വം വേണമെന്ന് പ്രാർത്ഥിക്കുമ്പോൾ ,അത് ദയയുള്ള മനുഷ്യാസ്തിത്വത്തിലേക്കുള്ള സഞ്ചാരമാണ്. അവിടെ മാത്രമാണ് യഥാർത്ഥ സുരക്ഷയുള്ളത്. അസ്തിത്വത്തിൻ്റെ നിരർത്ഥകതയെ മറികടക്കുന്ന പ്രക്രിയയാണ് ദയ. അവിടെനിന്ന് കൈവിടരുതെന്നാണ് ഗുരുവിൻ്റെ അടുത്ത ആവശ്യം. അതായത് , ജീവിതാവസാനം വരെ ദയയോടെ മനുഷ്യനായിരിക്കണം. അങ്ങനെ ജീവിക്കുമ്പോൾ ജഡചിന്ത ഒഴിഞ്ഞുപോകും; നാറ്റം ഇല്ലാതാകും. ജന്മത്തിൻ്റെ നിരർത്ഥകത മാറി നൈരന്തര്യത്തിലേക്ക് പദമൂന്നും . അവിടെ മനുഷ്യൻ ദൈവപദമാണ്. മനുഷ്യൻ ദൈവമാകുകയോ , ദൈവത്തിൻ്റെ അംഗമാകുകയോ ചെയ്യുകയാണ്.
ജീവിതത്തിന് ഒരർത്ഥമുണ്ടാക്കാനാണ് ഗുരു യത്നിച്ചത്.ഇതിൻ്റെ ഭാഗമായാണ് ദയയെ മതസാരമെന്ന അർത്ഥത്തിൽ ഗുരു ആഴുള്ള അനുഭവമാക്കിയത്. ലോകത്തിലെ മഹത്തായ മതപാർലമെൻ്റ് ഈ ദയയാണ് .ഇത് കേവലം നൈമിഷികമായ ഒരു വികാരമല്ല; സമീപനമല്ല; നോട്ടമല്ല. അതിലുപരി സാകല്യമായ, കൂടുതൽ വ്യാപ്തിയുള്ള ജൈവമേഖലയുടെ കണ്ടെത്തലാണ്. ഒരു യഥാർത്ഥ മനുഷ്യനായി മാറാൻ ഉത്കടമായ വൈകാരികലോകം ആവശ്യമാണ്. മാനസികമായ തിന്മകളെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. ഒരു വലിയ ജാതിയിൽ ജനിച്ചാൽ ഇതു കൈവരുകയില്ല .കൂടുതൽ പരിവർത്തനത്തിനായി പൊരുതേണ്ടി വരും .അതാണ് നവമനുഷ്യൻ എന്ന ആശയം .ഗുരു മനുഷ്യൻ എന്നു പറഞ്ഞത് ഈ നവപ്പിറവിയെ ലക്ഷ്യമാക്കിയാണ്.അത് നാം എപ്പോഴും കാണുന്ന മനുഷ്യാകാരമല്ല; മറച്ച് അതിനുള്ളിലെ ധർമ്മവും ദയയുമാണ്.
No comments:
Post a Comment