ബോധത്തിൻ്റെ ഉദയം
എം.കെ.ഹരികുമാർ
ഒരാൾ നിത്യേന ഇരുപതു മിനിറ്റുനേരം വായിക്കുകയാണെങ്കിൽ ഒരു വർഷംകൊണ്ട് രണ്ടു ദശലക്ഷം വാക്കുകൾ എന്ന ലക്ഷ്യം കണ്ടെത്താനാവുമെന്ന് ഒരു ഗവേഷകൻ പറഞ്ഞത് ഓർക്കുകയാണ്. ക്രമേണ ഇതു ഏറ്റവും കാമ്യമായ ബോധത്തിൻ്റെ ഉദയമായിത്തീരുകയും ചെയ്യും. വായന ഒരു ശീലമാക്കണമെന്നു പറയുമ്പോൾ മുഴുവൻ സമയവും പുസ്തകവുമായിരിക്കണമെന്നല്ല അർത്ഥം; വായന നമ്മുടെ സംസ്കാരമാകണം. നമ്മൾ കുളിക്കുകയും ശ്വസിക്കുകയും ചെയ്യുന്നപോലെ അനിവാര്യമാക്കേണ്ട പ്രവൃത്തിയാണിത്. രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് അഞ്ചു മിനിറ്റ് നേരം ഒരു പുസ്തകം വായിച്ചാലും ഫലപ്രദമാണ്. ഒരു വലിയ പുസ്തകം - ടോൾസ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' അല്ലെങ്കിൽ തോമസ് മന്നിൻ്റെ ' ദ് മാജിക് മൗണ്ടൻ' -ഒരാഴ്ചകൊണ്ട് വായിച്ചുതീർക്കണമെന്ന് ആരും പറയില്ല. ചിലരുടെ ധാരണ ലൈബ്രറിയിൽ പോയി പുസ്തകം എടുത്തുകൊണ്ടുവന്ന് ഒരാഴ്ചക്കുള്ളിൽ വായിച്ചു തിരിച്ചേല്പിക്കേണ്ടതുകൊണ്ടു സമയം കിട്ടുന്നില്ലെന്നാണ്.എന്നാൽ വായിക്കാൻ വേണ്ടി പ്രത്യേക സമയമില്ല .എന്നാൽ ഏറ്റവും നല്ല സമയം വായനയ്ക്കായി നല്കുന്നത് നല്ലതാണ്.
മറ്റേതു കാര്യവും പോലെയാണ് വായന. വായിക്കുന്നവൻ്റെ മുന്നിൽ സ്വർഗ്ഗമാണുള്ളത്. പുസ്തകം ധൃതിയിൽ വായിക്കേണ്ടതില്ല. അഞ്ചോ ആറോ മാസമെടുത്തു വലിയ പുസ്തകങ്ങൾ വായിച്ചാൽ മതി. അമേരിക്കയിലെ മഹാപരിസ്ഥിതി സ്നേഹിയായ തോറോയുടെ 'വാൽഡൻ ' എന്ന വനവിവരണ ഗ്രന്ഥം ഒരു വർഷമെടുത്തു വായിച്ചാൽ മതി. വായന നമുക്കു മാനസിക ഉന്നമനമാണ് തരുന്നത്. വായന പ്രാർത്ഥനപോലെയാണ്. പ്രാർത്ഥിക്കുമ്പോൾ നമ്മെക്കാൾ വലിയ ശക്തിയുമായി നാം ഏകാന്ത സംഭാഷണത്തിനാണ് മുതിരുന്നത്. അതുപോലെയാണ് വായന. വായിക്കുമ്പോൾ ഒരു പുതിയ ഭാഷയുടെ സ്പന്ദനങ്ങൾ നാം കേട്ടു തുടങ്ങുന്നു. അത് ഒരു കാന്തിക മേഖലയാണ് ;ആത്മീയസഞ്ചാരമാണ്; വൈകാരിക ഉച്ചകോടിയാണ്.
പക്ഷികൾക്ക് പാടാനറിയുന്നതുപോലെ മനുഷ്യർക്ക് വായിക്കാനുമറിയാം. മനുഷ്യൻ വായിക്കുന്നത് സംഗീതോപകരണത്തിൽ വിരലോടിക്കുന്നതുപോലെ പവിത്രമായാണ്. പുസ്തകവുമായി യാത്ര ചെയ്യുന്നവർ അതാണ് സൂചിപ്പിക്കുന്നത്. തലയണയ്ക്കടിയിൽ പുസ്തകം സ്ഥിരമായി സൂക്ഷിക്കുന്നവരുണ്ട്.തലവച്ച് കിടക്കാനല്ല ; ഉറങ്ങുന്നതിനു മുമ്പ് അത്യാവശ്യമായ ഔഷധം സേവിക്കുന്നതു പോലെ രണ്ടു വാചക മെങ്കിലും വായിക്കാൻ .അല്ലെങ്കിൽ ഉറക്കം മുറിയുമ്പോൾ എഴുന്നേറ്റു വന്ന് വായിക്കാൻ.
ദുബായിൽ പതിമൂന്നു ദിവസം താമസിക്കേണ്ടി വന്ന ഘട്ടത്തിൽ അവിടുത്തെ റൂളറുടെ ഓഫീസിൽ ജോലിചെയ്യുന്ന ബിജുവിൻ്റെ വീട്ടിലാണ് ഞാൻ കഴിഞ്ഞത്. അദ്ദേഹത്തിനു എൻ്റെ 'നവാദ്വൈതം വിജയൻ്റെ നോവലുകളുടെ ' എന്ന പുസ്തകം വളരെ ഇഷ്ടമായിരുന്നു. ഞാൻ തിരിച്ചുപോന്ന ശേഷം ഫോണിൽ സംസാരിച്ചപ്പോഴാണ് അദ്ദേഹം തൻ്റെ വായനയുടെ രഹസ്യം വെളിപ്പെടുത്തിയത്.എൻ്റെ 'നവാദ്വൈതം', അദ്ദേഹം തലയണയ്ക്കടിയിൽ സൂക്ഷിച്ചിരിക്കയാണത്രേ. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് ഏതാനും വാക്യങ്ങൾ വായിക്കും. വിശുദ്ധമായ ആ വായനയെക്കുറിച്ച് അറിഞ്ഞപ്പോൾ അതിശയിച്ചുപോയി. ഇങ്ങനെയും വായിക്കാം.
തടിച്ച പുസ്തകങ്ങൾ കണ്ടു ഭയക്കുന്നവരുണ്ട്.വായിക്കാത്ത നമ്മൾ ആ പുസ്തകത്തെ ഭയന്നാൽ ,അതെഴുതിയ ആളിനെ നാമെങ്ങനെ മനസിലാക്കും? . ആയിരം പേജുള്ള നോവൽ ആരെങ്കിലും വായിക്കുമോ എന്ന് ചോദിച്ചാൽ എവറസ്റ്റിൽ ആരെങ്കിലും കയറുമോ എന്ന് ചോദിക്കുന്നതു പോലെ അസംബന്ധമാണത്. അതു വായിക്കേണ്ടവൻ അതിലേക്ക് പ്രവേശിക്കാതിരിക്കില്ല. പുസ്തകം ആരെയും ബലമായി പിടിച്ച് വായിപ്പിക്കുകയില്ല. അത് എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്. ഒരു ദിവസംകൊണ്ടു വായിക്കേണ്ടതില്ല. എവറസ്റ്റിൽ കയറുന്നപോലെ സാവധാനം പരിശ്രമിക്കുക.
ഒരു പുതിയ ലോകത്തെക്കുറിച്ച്, മനുഷ്യാവസ്ഥയെക്കുറിച്ച് നമുക്ക് എങ്ങനെയാണ് ബോധമുണ്ടാകുന്നത്?പത്രപാരായണത്തിൽ നിന്നു വാർത്തകളേ കിട്ടൂ; ആശയങ്ങൾ ലഭിക്കുകയില്ല .അതിനു പുസ്തകങ്ങൾ വായിക്കണം. ജവഹർലാൽ നെഹ്റു പത്രവായനയെ ഒരു 'വായന 'യായി കാണാതിരുന്നത് അതുകൊണ്ടാണ്. ലോകത്തിൻ്റെ പുരോഗതിയും ആഴവും വായനയിലൂടെയാണ് ലഭിക്കുന്നത്.അങ്ങനെ നമ്മുടെ ചിന്താപരമായ ജീവിതത്തിൻ്റെ അതിർത്തികൾ മാറ്റിവയ്ക്കപ്പെടുകയാണ്.
അമെരിക്കൻ സാഹിത്യകാരനായ റിച്ചാർഡ് ബാക് രചിച്ച 'ജോനഥൻ ലിവിംഗ്സ്റ്റൺ സീഗൾ' എന്ന നോവൽ കടൽകാക്കകളുടെ കഥയാണ് പറയുന്നത്. ഒരു കാക്ക പ്രതിബന്ധങ്ങളെ തട്ടിമാറ്റി പ്രബുദ്ധതയുടെ ആകാശം സ്വന്തമാക്കുന്നു. ഫ്രഞ്ച് എഴുത്തുകാരി മേരി ഡാരിസ്ക് രചിച്ച 'പിഗ് ടെയ്ൽസ്' നവീനമായ ഒരു കലാസൃഷ്ടിയാണ്. സൗന്ദര്യപരിപാലന കേന്ദ്രത്തിൽ നല്ലപോലെ ജീവിച്ച ആ യുവതി ഏവരെയും ഞെട്ടിച്ചുകൊണ്ട് ഒരു പന്നിയായി മാറുകയാണ്! . അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ അർത്ഥമറിയാൻ ഇതു സഹായിക്കുന്നുണ്ട്; ഫ്രാൻസ് കാഫ്കയുടെ 'മെറ്റാമോർഫോസിസ്' എന്ന കഥയിൽ ഒരു യുവാവ് പെട്ടെന്നൊരു ദിവസം ഷഡ്പദമായി മാറുന്നതുപോലെ.
ഇന്ത്യയിലെ വലിയ ചലച്ചിത്രസംവിധായകനായ മൃണാൾ സെൻ തൻ്റെ സിനിമാപ്രവേശത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു :"ഒരു ദിവസം യാദൃച്ഛികമായാണ് ഞാൻ റുഡോൾഫ് അർണീം എഴുതിയ 'ഫിലിം ആസ് ആർട്ട് ' എന്ന പുസ്തകം വായിക്കാനിടയായത്. സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് ഞാൻ ആദ്യം വായിച്ച പുസ്തകമായിരുന്നു അത്. 1943 ലെ ആ വായന എന്നെ വികാരഭരിതനാക്കി.സിനിമയ്ക്ക് സ്വന്തമായി ഒരു തത്ത്വശാസ്ത്രമുണ്ടെന്ന് ഞാനൊരിക്കലും മനസ്സിലാക്കിയിരുന്നില്ല .പിന്നീട് ഞാൻ വ്ളാഡിമിർ നിൽസൺ രചിച്ച 'സിനിമ ആസ് എ ഗ്രാഫിക് ആർട്ട് ' വായിച്ചു. എനിക്കത് പൂർണമായി മനസ്സിലായില്ല. എന്നാൽ ത്രസിപ്പിക്കുന്നതായിരുന്നു .അതിൽ നിന്ന് സിനിമയുടെ സൗന്ദര്യശാസ്ത്രമെന്താണെന്ന് ഞാൻ പഠിച്ചു " .ഇങ്ങനെയാണ് വായന പ്രവർത്തിക്കുന്നത്.
വായിക്കുമ്പോൾ മറ്റുള്ളവരെക്കൂടി നമ്മുടെ ഭാഗമാക്കുകയാണ്, മറ്റുള്ളവർ സൃഷ്ടിച്ച ലോകങ്ങൾ ,കണ്ടെത്തിയ ലോകങ്ങൾ . തകഴിയുടെ 'ചെമ്മീൻ' വായിക്കുന്ന ഒരാൾക്ക് അതിലെ കറുത്തമ്മ എന്ന കഥാപാത്രം ഷീലയാണെന്നു തോന്നുകയില്ല ;അങ്ങനെ തോന്നുന്നത് 'ചെമ്മീൻ'സിനിമ കണ്ടവരുടെ പ്രശ്നമാണ്. കറുത്തമ്മയെ ഓരോ വായനക്കാരനും സ്വന്തം നിലയിൽ സങ്കല്പിക്കും. കേശവദേവിൻ്റെ 'ഓടയിൽ നിന്ന് ' വായിച്ചപ്പോൾ അതിൽ റിക്ഷ വലിക്കുന്ന പപ്പു എന്ന കഥാപാത്രം എൻ്റെ സങ്കല്പത്തിൽ വളരെ മെലിഞ്ഞ, നല്ല ഉയരമുള്ള ആളായിരുന്നു. സത്യൻ മനസ്സിൽ വന്നതേയില്ല. ഇതാണ് വായന നല്കുന്ന സ്വാതന്ത്ര്യം .
ഗാന്ധിജിക്ക് വായനാശീലം ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻസ്വാതന്ത്ര്യ സമരം മറ്റൊരു വഴിക്കാകുമായിരുന്നു. ഗാന്ധിജിക്ക് അഹിംസ എന്ന ആശയം എവിടുന്ന് കിട്ടി ? അദ്ദേഹം തന്നെ ഇത് വിശദീകരിച്ചിട്ടുണ്ട് .അക്കാലത്ത് അദ്ദേഹത്തിന് ടോൾസ്റ്റോയുമായി കത്തിടപാടുകൾ ഉണ്ടായിരുന്നു. ടോൾസ്റ്റോയിയുടെ ലേഖനങ്ങളിൽ നിന്നാണ് ഗാന്ധിജി അഹിംസാസിദ്ധാന്തം എന്താണെന്ന് ഹൃദിസ്ഥമാക്കിയത് .അതുപോലെ തോറോയുടെ 'സിവിൾ ഡിസൊബീഡിയൻസ്' എന്ന ലേഖനത്തിൽ നിന്നാണ് അദ്ദേഹം നിസ്സഹകരണ സമരം എന്ന ആശയം ഉൾക്കൊണ്ടത്. ഇത് രണ്ടും അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വിജയകരമായി പരീക്ഷിച്ചു.
നമ്മളോരോരുത്തരും ഓരോ സ്വാതന്ത്ര്യസമരപോരാളിയാണ്. എന്തിൽ നിന്നുള്ള സ്വാതന്ത്ര്യം? ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞല്ലോ, അവനവനിൽ നിന്നുള്ള സ്വാതന്ത്ര്യം .അനുനിമിഷം നമ്മെ വലയം ചെയ്യുന്ന അന്ധകാരത്തോടാണ് നമുക്ക് ഏറ്റുമുട്ടാനുള്ളത് .അന്ധകാരത്തിൽ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത്. ബോധത്തിൻ്റെ ഉദയം എന്ന മഹാസിദ്ധി ആർജിക്കാൻ വായനയാണ് ആശ്രയം.
No comments:
Post a Comment