ഉത്തര -ഉത്തരാധുനികത
Post Postmodernism
Tuesday, March 22, 2022
എഴുത്തുകാരൻ ഭാഷയിൽ പ്രാപഞ്ചികമായ സൂക്ഷ്മധ്വനികൾ തേടണം : എം.കെ.ഹരികുമാർ
Saturday, August 14, 2021
എം.കെ.ഹരികുമാർ ഓണപ്പതിപ്പ് 2021
LITERATURE AND ART EDITION
ഗസ്റ്റ് എഡിറ്റോറിയൽ
ഒരേയൊരു കോളമിസ്റ്റ്
വാക്കുകളുടെ മഴ ,വെളിപാട്
രാജേന്ദ്രൻ നിയതി
ഉള്ളടക്കം
എം.കെ.ഹരികുമാറിൻ്റെ ലേഖനങ്ങൾ
ടെക്ച്വൽ റിയാലിറ്റിയും സ്യൂഡോ റിയലിസവും
പക്ഷിക്കരച്ചിലുകളിൽ
ആത്മാവിനു കേൾക്കാനുള്ളത്
അരക്ഷിതാവസ്ഥയുടെ സൗന്ദര്യപ്രശ്നങ്ങൾ
പ്രേമം സ്വയം നിറയുമ്പോൾ
ബോധത്തിൻ്റെ ഉദയം
സ്വന്തം ഗേഹം തേടുന്ന വാക്കുകൾ -
എസ്.രമേശൻനായരെക്കുറിച്ച്
ഇക്കിഗൈ :നവജീവിതത്തിൻ്റെ പൊരുൾ
ദയ എന്ന സാർവദേശീയ മത പാർലമെന്റ്
എം.കെ .ഹരികുമാറുമായി അഭിമുഖം
അഗാധതകളിൽ സന്ധിക്കുന്ന ആശയങ്ങളുടെ നദി
മലയാലപ്പുഴ സുധൻ ,വാസുദേവൻ കെ.വി.
എം.കെ.ഹരികുമാറിൻ്റെ കവിതകൾ
വാക്കും മൗനവും
നമ്മൾ
പക്ഷികൾ
ജലം എന്ന ചാവേർ
തുമ്പി
ചിന്ത
വാൻഗോഗ് ,കാഫ്ക
തേൾ
ഓർമ്മ
കൂത്താട്ടുകുളം: ഓർമ്മയുടെ
പൂമൂടിയ ഇടവഴികൾ
എം.കെ.ഹരികുമാർ
ഇംഗ്ലീഷ് പരിഭാഷ
Van gogh, Kafka
Prameela Tharavath
The Birds
Sujatha Saseendran
Parallel to God
Deepa Sajith
എം.കെ.ഹരികുമാർ വാട്സ്പ്പ് ഗ്രൂപ്പ്
പൊൻചെരാതുകളുടെ സർഗശോഭ
സണ്ണി തായങ്കരി
വാൻഗോഗിനു :സൗന്ദര്യത്തിൻ്റെ ജ്വാല നിറയുന്ന നോവൽ
തുളസീധരൻ ഭോപ്പാൽ
എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021
ടെക്സ്ച്വൽ റിയാലിറ്റിയും സ്യൂഡോ റിയലിസവും
എം.കെ.ഹരികുമാർ
ഒരാൾ
ജീവിച്ചതോ ,കൃത്യമായി ഓർമ്മിച്ചതോ ,കേട്ടതോ ഒന്നുമല്ല സാഹിത്യകൃതിയിൽ
എഴുതേണ്ടത്. അതൊക്കെ ആർക്കും സാധ്യമാണ്. ഒരു കഥ സങ്കല്പിച്ചു പറയാൻ
ഏതൊരാൾക്കും കഴിയും. അതുപോലെ എഴുതാനുമാവും .കാരണം എഴുത്ത് ആ അർത്ഥത്തിൽ ഒരു
പൊതുവ്യവഹാരമാണ്. ഇന്നു എല്ലാവരും എഴുതുന്നുണ്ട് ;മിക്കവാറും സ്വന്തം
കാര്യം എന്ന നിലയിലാണ്. അവനവനു ആവശ്യമുള്ളത് എഴുതിയുണ്ടാക്കുന്നു.
എനിക്കു
തോന്നുന്നത്, അവനവൻ്റെ ഊരാകുടുക്കുകളിൽ നിന്ന് രക്ഷപ്പെടാനായി ഒരാൾ
എഴുതുമ്പോഴാണ് അസാധാരണമായി ഒരു പ്രശ്നത്തെ നമുക്കു തുറന്നു
കിട്ടുന്നതെന്നാണ്.ഈ സന്ദർഭങ്ങളിൽ എഴുത്ത് അവനവനിലേക്കുള്ള ഒരന്വേഷണമാണ്.
മുമ്പ് അനുഭവിച്ചിട്ടില്ലാത്തത് , അർത്ഥപരമായി കൃത്യതയിൽ
എത്തിച്ചേർന്നിട്ടില്ലാത്തത് , സങ്കൽപമായി കൊണ്ടുനടന്നിട്ടില്ലാത്തത്,
പലരോടും പങ്കുവച്ച് വ്യാഖ്യാനിക്കാനാവാത്തത് തുടങ്ങിയ പ്രമേയങ്ങളിലൂന്നി
എഴുതുമ്പോൾ ഒരന്വേഷണവും വിസ്മയവുമുണ്ട്. അവിടെയാണ് അനുഭവങ്ങളിലുള്ള ഖനനം
സംഭവിക്കുന്നത്. മണ്ണിനടിയിൽ നിന്ന് പുറത്തുവരികയാണ്
അവയെല്ലാം.നൂറ്റാണ്ടുകളോളം മറഞ്ഞിരുന്നതാവാം; ആരുടെയും ചിന്താപഥത്തിൽ
വന്നിട്ടില്ലാത്തതാണ്. അത് ഒരു നിമിഷത്തിൽ തുറക്കപ്പെടുകയാണ് .എഴുതുന്ന
ആളിനുതന്നെ അതിനെക്കുറിച്ച് വ്യക്തതയുണ്ടാവില്ല.
വ്യക്തതയില്ലാത്തതിനെക്കുറിച്ചേ എഴുതാവൂ. വ്യക്തതയുള്ളതെല്ലാം മണ്ണിനു
മുകളിലാണല്ലോ ഉണ്ടാവുക. നിത്യസമ്പർക്കംകൊണ്ട് പലതും സുഗ്രാഹ്യമാണ്.
പരിചിതമായ ലോകം ഉപരിതലത്തിൽ എത്രവേണമെങ്കിലുമുണ്ട് .അത് എല്ലാവരുമായി
പങ്കുവയ്ക്കാനാവും. എല്ലാവർക്കും അതെല്ലാം മനസ്സിലാകും. കാരണം, ഇതൊക്കെ
എല്ലാവരും പൊതുജീവിതത്തെയോ, വിദ്യാഭ്യാസത്തിൻ്റെയോ ,പൊതു
രാഷ്ട്രീയത്തിൻ്റെയോ പേരിൽ അനുഭവിക്കുന്നതാണ്. ഇതെല്ലാം കമ്പോടുകമ്പ് വാരി
വിതറുന്ന പ്രക്രിയയല്ല എഴുത്ത്.എഴുതുമ്പോൾ മനസ്സിൽ ചില അപ്രതീക്ഷിത
കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അത് മുൻകൂട്ടി നിശ്ചയിച്ചതല്ല. സർഗാത്മകമായ
മനസിൻ്റെ കാര്യത്തിൽ ഇതുതന്നെയാണ് സംഭവിക്കുന്നത്. ഒരു യഥാർത്ഥ കവിക്ക് താൻ
എഴുതുന്നതിൻ്റെ അർത്ഥം മനസ്സിലായിക്കൊള്ളണമെന്നില്ല എന്ന് ടി .എസ്
.എലിയറ്റ് പറഞ്ഞത് ഇവിടെ പ്രസക്തമാവുകയാണ്. കവി എല്ലാം തീരുമാനിച്ചശേഷം
ഒരു ആധാരമെഴുത്തുകാരനെ പോലെയാണോ എഴുതുന്നത് ?എങ്കിൽ അയാളുടെ മനസ്സ് എത്ര
ശുഷ്കമായിരിക്കും? ഒരു Great Mind എന്ന് ആ കവിയെ വിളിക്കാനാവില്ല. വലിയ
മനസ്സിന് അങ്ങനെ കവിത എഴുതാനാവില്ല. എല്ലാം നിശ്ചയിച്ചുറപ്പിക്കുന്ന കവി
യുക്തിയെ മാത്രമാണ് ആശ്രയിക്കുന്നത്.ബോധേന്ദ്രിയങ്ങൾക്കപ്പുറത്തേക്ക്
പോയി സ്വകീയമായ ആന്തരികപ്രശ്നങ്ങളെ നേർക്കുനേർ കാണാൻ കഴിയേണ്ടതുണ്ട്.
ഒറ്റയ്ക്ക് അനുഭവിക്കുന്നതിൻ്റെ മുറിവുകൾ ഒരാൾ മറ്റാരോടും പറയാനാവാതെ
മനസ്സിൽ തന്നെ കൊണ്ടു നടക്കുമ്പോഴുള്ള ഒരു വ്യഥയുണ്ട്. സൃഷ്ടിപ്രക്രിയയിൽ
ഇതുപോലുള്ള വ്യഥകൾക്കു മൂല്യമുണ്ട്. ചില അറിവുകൾ വിനിമയം ചെയ്യാൻ
പോലുമാകാതെ മനുഷ്യർ മനസ്സിൻ്റെ അടിത്തട്ടിൽ ഒളിപ്പിക്കുന്നു. സ്വയമൊരു
അസംബന്ധമാണെന്ന അറിവ് എങ്ങനെയാണ് മറ്റുള്ളവരോട് പറയുക?
നിഗൂഢലോകങ്ങൾ
എഴുതുമ്പോഴാണ്
എഴുത്തുകാരൻ്റെ യാഥാർത്ഥ്യമുണ്ടാകുന്നത്. അതു മുൻകൂട്ടി ആസൂത്രണം
ചെയ്തതല്ല; അത് ഭാഷയിലൂടെ സംഭവിക്കുകയാണ്. ഭാഷയാകട്ടെ അവനവൻ്റെ പാതയാണ്.
ഭാഷയില്ലെങ്കിൽ ,അയാളിൽ അവ്യക്തവും നിഗൂഢവുമായ അലങ്കോലങ്ങളായി അതെല്ലാം
നിലനിന്നേക്കാം. എന്നാൽ എഴുത്തുകാരനു തന്നെക്കുറിച്ച് ഒന്നുമറിയില്ല. അയാൾ
സ്വന്തം അദൃശ്യതയെയാണ് തകർക്കാൻ ശ്രമിക്കുന്നത്. അയാളുടെ ഉള്ളിൽ
സംഭരിക്കപ്പെട്ടതോ അജ്ഞാതമായതോ ആവാമത്. പലരുടെയും പ്രിയപ്പെട്ട സുഹൃത്ത്
എന്ന ഐഡൻ്റിറ്റിയല്ല എഴുതുമ്പോൾ അയാൾക്കുള്ളത്. അയാൾ അപ്പോൾ കുടുംബനാഥനല്ല;
ഉദ്യോഗസ്ഥനല്ല. തന്നിലുള്ള അജ്ഞാതഭൂഖണ്ഡത്തെ പുറത്തെടുക്കാൻ
പ്രയത്നിക്കുകയാണ്. ഒരു വാതിൽ തുറക്കുകയാണ് ,ഉള്ളിലെ ദുരൂഹമേഖലകളിലേക്ക്.
അത് വൈകാരികവും ദാർശനികവും സൗന്ദര്യപരവുമായ ഒരു കുഴിച്ചെടുക്കലാണ്.
എല്ലാവർക്കും
ബോധ്യമുള്ള ഒരു കാര്യം എഴുതുമ്പോൾ വസ്തുനിഷ്ഠതയുടെ ആനുകൂല്യം
മാത്രമേയുള്ളൂ. കഥ വസ്തുനിഷ്ഠതയല്ല ; വ്യക്തിനിഷ്ഠതയുമല്ല.വ്യക്തി,
വസ്തുനിഷ്ഠതതകളെ ലംഘിച്ചുകൊണ്ട് ഒരാൾ സാഹസികവും ഭ്രമാത്മകവുമായി
സഞ്ചരിക്കുകയാണ്; നിഷ്കളങ്കവുമാണത്. കാഫ്കയുടെ 'മെറ്റാമോർഫോസിസ്' ഉദാഹരണം.
കാരണം, മനുഷ്യൻ വെറും യുക്തിയുടെ ,പ്രായോഗികതയുടെ ഒരു ഉപകരണം മാത്രമല്ല.
അവൻ സ്വപ്നത്തിലും അയുക്തിയിലും ഭ്രമത്തിലും അസംബന്ധത്തിലും വികാരങ്ങളിലും
ജീവിക്കുന്നു. ഇതിലൊന്നിലും പെടാതെ അജ്ഞാതമായും അവൻ സഞ്ചരിക്കുന്നു.
അവനുപോലും വ്യക്തമല്ലാത്ത, സന്ദിഗ്ദ്ധമായ അവസ്ഥകളും പ്രാമുഖ്യം
നേടുന്നുണ്ട്. അതുകൊണ്ട് കഥ എല്ലാവർക്കും ബോധ്യമുള്ളത് മാത്രം എഴുതി
നിറയ്ക്കാനുതല്ല; മറഞ്ഞിരിക്കുന്ന യഥാർത്ഥ്യത്തെക്കുറിച്ചുള്ള ആധി ,
ഏകാന്തമായ ഭയവിഹ്വലതകൾ, വിഭ്രമിപ്പിക്കുന്ന ജീവിതാവസ്ഥകൾ, ദുരൂഹമായ
അനുഭവങ്ങൾ തുടങ്ങിയവയെല്ലാം കഥയെയും നിയന്ത്രിക്കുന്നുണ്ട്. കഥാകൃത്തെന്ന
നിലയിലുള്ള ഒരാന്തരിക ഭ്രമലോകത്തെ കൊണ്ടുനടക്കുന്ന അയാൾ അതിനെ അറിയാനാണ്
ശ്രമിക്കുന്നത്.അതുകൊണ്ടാണ് കഥ യാഥാർത്ഥ്യമല്ല എന്ന് പറയേണ്ടി വരുന്നത്.
യാഥാർത്ഥ്യം ഒരു വിവർത്തനം മാത്രമാണ്; അതിനെ ഒരാൾ ഏതുകോണിൽ നിന്നു
നോക്കുന്നു എന്നിടത്താണ് ഭാവന പ്രവർത്തനമാരംഭിക്കുന്നത്. അങ്ങനെ യത് പുതിയ
യാഥാർത്ഥ്യമായി രൂപാന്തരപ്പെടുന്നു; ഉപരിപ്ളവയാഥാർത്ഥ്യമല്ല അത്.
മനുഷ്യാവസ്ഥയെപ്പറ്റിയുള്ള നിഗൂഢ ലാവണ്യാന്വേഷണം എന്ന നിലയിലാണ്
യാഥാർത്ഥ്യം അവിടെ സൃഷ്ടിക്കപ്പെടുന്നത്. അങ്ങനെ ഫിക്ഷ്ൻ യാഥാർഥ്യത്തെ
ഉപേക്ഷിച്ച് മറ്റൊന്നാകുന്നു.
ഫിക്ഷൻ എന്ന വാക്കിൽ തന്നെ അത്
യഥാർത്ഥമല്ലെന്നും മനുഷ്യൻ സൃഷ്ടിക്കുന്നതാണെന്നന്നും
സൂചിതമാവുന്നുണ്ട്.ഫിക്ഷ്ൻ്റെ ആഖ്യാനമാണ് കൃതിയിലെ ലിഖിത യാഥാർത്ഥ്യം
(Tetual Reality). ഇതാകട്ടെ ,എഴുത്തുകാരൻ്റെ മനോനിലയനുസരിച്ചാണ്
ഉണ്ടാകുന്നത്. അയാൾ ജീവിതത്തിൻ്റെ ബദൽ അല്ലെങ്കിൽ ,സമാന്തരലോകം
നിർമ്മിക്കുന്നു. Textual Reality എഴുത്തുകാരൻ നിർമ്മിക്കുന്നതാണെങ്കിലും,
അത് വായനക്കാരൻ്റേതു മാത്രമാണ്. കാരണം, ഒരാൾ എഴുതിയത് അതേ നിലയിൽ ആരും
ഉൾക്കൊള്ളണമെന്നില്ലല്ലോ. എഴുതുന്നയാളിൻ്റെ മനസ്സിലെ താളക്രമങ്ങൾ
വായനക്കാരൻ ഗൗനിക്കണമെന്നില്ല. വായനക്കാരൻ മറ്റൊരു തരത്തിലാണ്
സമീപിക്കുന്നത്. അപ്പോൾ Textual Reality മാറുകയാണ്. പലതായി പിരിയുകയാണ്.
അർത്ഥങ്ങളുടെ ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ്. ഭാഷയുടെ ടോൺ, വാക്കുകളുടെ
തിരഞ്ഞെടുപ്പ് ,സംഗീതാത്മകത എന്നിവയെല്ലാം Textual Reality യെ
അതീതമാക്കുന്നു. ഇതിലൂടെ വിഭിന്നങ്ങളായ അർത്ഥങ്ങൾക്കും
വ്യാഖ്യാനങ്ങൾക്കും അവസരമൊരുക്കുകയാണ്. എഴുതുമ്പോൾ നമുക്ക് മുൻ
മാതൃകകളില്ല .അതാണ് എഴുത്തിലെ ഏകാന്തത .പുതിയ പാഠം നിർമ്മിക്കാൻ അയാൾ
വിധിക്കപ്പെടുന്നു.കാഫ്കയുടെ 'മെറ്റാമോർഫോസിസ്' പിറക്കുന്നത് ഒരു മാതൃക
ഇല്ലാതെയാണ് . അതുകൊണ്ട് ആ കൃതിയിലെ Textual Reality കാഫ്കയുടെ
കണ്ടുപിടുത്തമാണ്. അന്തിമമായി വ്യാഖ്യാനിക്കാനാവില്ലെങ്കിൽ പോലും.
ഭാഷയും വ്യാജപരിപ്രേക്ഷ്യവും
ഫിക്ഷൻ
പുറംലോകത്ത് കാണാനൊക്കില്ല. അത് ജീവിതത്തിനടിയിൽ ഒഴുകുന്നുണ്ട്; ഒരു
അദൃശ്യനദി പോലെ.അതിനെക്കുറിച്ചുള്ള വെളിപാടുകളാണ് ഒരാൾ എഴുതുന്നത്.ഈ
ഒഴുക്കിൻ്റെ സമ്മർദ്ദം താങ്ങിയാണ് എഴുത്തുകാരൻ നടക്കുന്നത്.
സമ്മർദ്ദത്തിൻ്റെ ആക്കം വ്യത്യാസപ്പെടുന്നതിനനുസരിച്ച് അയാൾ പലതരം
ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നു; അയാൾ അസന്തുലിതവും അലങ്കോലവുമായ അവസ്ഥയായി
മാറാം; അന്തർമുഖനാവാം.
Textual Reality ക്കു വേണ്ടി ഒരാൾ പ്രത്യേകം
ജനിക്കുന്നില്ല ;ഉള്ളിലെ സൗന്ദര്യപ്രശ്നങ്ങളുടെ തിരയേറ്റത്താൽ മറ്റൊരു
അസ്തിത്വവിതാനത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്. ഉന്മാദത്തിൻ്റെ അപായകരമായ
ഒരു കയറ്റമാണത്;കുത്തനെയുള്ള ഭിത്തിയിൽ ഇഴഞ്ഞു കയറുന്നപോലെ. എന്തിനാണ് അയാൾ
തനിക്ക് അപ്രാപ്യവും തൻ്റെ പ്രകൃതിക്ക് വന്യവുമായ ഒരു പാത
തിരഞ്ഞെടുത്തിരിക്കുന്നത്? .അയാളുടെ പരിചിതവും അർത്ഥരഹിതവുമായ
പറന്തോടിനുള്ളിൽ ഒരിക്കലും സ്പർശിക്കപ്പെടാതെ അവശേഷിക്കുന്ന
വിശേഷജീവിതസത്യങ്ങൾ പ്രധാനമാണ്. അതാണ് അയാളെ ജീവിപ്പിക്കുന്നത്. ഭാഷയെ
പൂർണമായി ആശ്രയിക്കാനാഗ്രഹിക്കുന്നില്ല. കാരണം, ഭാഷ സാമ്പ്രദായികത്വമാണ്;
അതൊരു വിദ്യാഭ്യാസവ്യവസ്ഥയാണ്. നിശിതമായ ഒരു സ്കൂളിംഗ് ഭാഷയിൽ
എപ്പോഴുമുണ്ട്. അതുകൊണ്ട് എഴുത്തുകാരനു ആന്തരികമതിഭ്രമങ്ങളുടെയും
ശരിതെറ്റുകളുടെയും ആശങ്കകളുടെയും അലങ്കോലങ്ങളുടെയും ടോൺ ആവിഷ്കരിക്കാൻ ഈ
ഭാഷ അപര്യാപ്തമായി മാറാം. പലരും ഉപയോഗിച്ച് ക്രമപ്പെടുത്തിയ ഭാഷയിൽ ,പലരും
നശിപ്പിച്ച , ആവർത്തിക്കപ്പെട്ട പ്രയോഗങ്ങളിൽ ഒരാൾ എങ്ങനെ സ്വന്തം
ദുരൂഹമായ കാഴ്ചാനുഭവങ്ങളെ ആവിഷ്കരിക്കും.? അയാൾക്കുപോലും സന്ദേഹമുള്ള
പ്രശ്നങ്ങളെ എങ്ങനെ സമീപിക്കും? അതുകൊണ്ടു ഭാഷയിൽ തന്നെ ഖനനം ആവശ്യമായി
വരും.എന്നാൽ ബോധപൂർവമായ പെരുമാറ്റമാവാനും പാടില്ല. വിചാരങ്ങളുടെയും
വികാരങ്ങളുടെയും ആവശ്യത്തിനൊത്ത് ഭാഷയ്ക്ക് രൂപമാറ്റം സംഭവിക്കുന്നു. ഭാഷ
അതിൻ്റെ ആവശ്യത്തിനു വീർക്കുകയും ചുരുങ്ങുകയും ചെയ്യുകയാണ്. ഭാഷയ്ക്ക്
ജീവനാണ് പകരുന്നത്; വസ്തുതകളല്ല.
വെറും വസ്തുതകൾ മാത്രമായാൽ ഭാഷ
ചത്ത പെരുമ്പാമ്പിനെപ്പോലെ കിടക്കും.എന്നാൽ ജീവൻ നല്കുമ്പോൾ ഭാഷയിൽ
ഒരാൾക്ക് സ്വയം ഒളിപ്പിക്കാനാവും. ഭാഷ ഒരു കൂടാണ്, വീടാണ് ,പരിസ്ഥിതിയാണ് ,
പ്രകൃതിയാണ്, ആത്മാവാണ്, പുരാണമാണ്, ഭൂതകാലമാണ്, വർത്തമാനമാണ്, ഭാവിയാണ്,
ഓർമ്മയാണ്, പുനർജനിയാണ്, വേദാന്തമാണ്, തത്ത്വചിന്തയാണ് , രതിയാണ്,
ആകാശമുൾപ്പെടുന്ന പഞ്ചഭൂതമാണ് ,ദൈവമാണ്, ദൈവികേതരമാണ് ,ദൈവത്തിൻ്റെ
അസംസ്കൃത വസ്തുക്കളാണ് , നിറങ്ങളാണ്, പുരാതനമാണ്, നവീനതയാണ്, മതമാണ്,
മനുഷ്യനാണ് .... ഈ അറിവിൽ ഒരാൾ എഴുതുമ്പോഴാണ് ഭാഷ ജീവിതമാകുന്നത്
.ഇങ്ങനെയാണ് സവിശേഷമായ Textual Reality ഉണ്ടാകുന്നത്. ഇത് നമ്മൾ
യാഥാർത്ഥ്യമെന്ന് വിവക്ഷിക്കുന്ന അവസ്ഥയല്ല; അതിനുമപ്പുറമാണ്.
ഈ Textual Reality യുടെ സവിശേഷമായ വൈയക്തികതലത്തെ ഒരു വ്യാജപരിപ്രേക്ഷ്യത്തിലേക്ക് മാറ്റുകയാണ് ഞാൻ സ്യൂഡോ റിയലിസത്തിലൂടെ ചെയ്തത്.
യാഥാർത്ഥ്യത്തിനുള്ളിൽ ഫിക്ഷൻ
ഇവിടെ യാഥാർത്ഥ്യം എന്ന് ഞാൻ പ്രയോഗിക്കുന്നത് സംവേദനപ്രധാനമായ ഒരനുഭവമണ്ഡലം എന്ന അർത്ഥത്തിലാണ് .അതിനെയാണ് ഞാൻ വ്യാജമാക്കിയത്. വ്യാജമെന്ന് വിളിക്കുമ്പോഴും അത് യാഥാർത്ഥ്യമായി തന്നെ അനുഭവപ്പെടുകയാണ്. ഫിക്ഷൻ തന്നെ യാഥാർത്ഥ്യമല്ലെന്നിരിക്കെ ,അതിലെ Textual Reality വ്യാജമാകുന്നതിൻ്റെ പ്രസക്തിയെന്താണ് ? ഫിക്ഷൻ എൻ്റെ സ്വപ്നലോകമാണ്. സ്വപ്നത്തിൽ പലതും യുക്തിക്ക് കീഴടങ്ങിയല്ല പ്രത്യക്ഷമാകുന്നത്. യുക്തി അവിടെ ഉപരിതലത്തിലില്ല .എന്നാൽ സ്വപ്നത്തിൽ വിഭ്രാമകയുക്തിയാണുള്ളത്. അത് പുറത്ത് എവിടെയെങ്കിലും പരിഹരിക്കാവുന്ന വിഷയമല്ല. ഇതു തന്നെയാണ് വ്യാജയാഥാർത്ഥ്യത്തിൻ്റെ നിർമ്മിതിയിൽ എന്നെ സ്വാധീനിച്ചത്.അത് സാഹിത്യകൃതിക്ക് വെളിയിലുള്ള സമസ്യയല്ല .എന്നാൽ എൻ്റെ ആന്തരികാവസ്ഥയുടെ സമസ്യയാണ് .അതെൻ്റെ വ്യവഹാരജീവിതമല്ല; സ്വപ്നം പോലെ ആകസ്മികമായി സംഭവിക്കുന്ന അവസ്ഥയുടെ കപ്പൽച്ചേതമാണ്.നേരിട്ട് കണ്ടതോ ,നേരത്തെ അറിവുള്ളതോ അല്ല ഞാൻ 'ജലഛായ' , 'ശ്രീനാരായണായ','വാൻഗോഗിന് ' എന്നീ നോവലുകളിൽ അവതരിപ്പിച്ചത്.
അതെന്നിലെ അറിയപ്പെടാത്ത ഭൂഖണ്ഡമാണ്. അവിടെ കേവലയുക്തികളില്ല; ആപേക്ഷിക യുക്തികളേയുള്ളു. ഭാഷയിൽ ഉരുത്തിരിയുന്ന ഒരു അപര ജൈവലോകമാണത്.Textual Reality ഫിക്ഷനായി നിലനിൽക്കെത്തന്നെ ഞാൻ അതിനുള്ളിൽ മറ്റൊരു ഫിക്ഷൻ ആലോചിക്കുകയാണ് ചെയ്തത്. ഫിക്ഷനുള്ളിലാണ് ഈ വ്യാജയാഥാർത്ഥ്യം നിലകൊള്ളുന്നത്. യാഥാർത്ഥ്യം വ്യാജമാണെന്ന അറിവ് ഇതിന് പിന്നിലുണ്ട്. യാഥാർത്ഥ്യത്തെ ക്കുറിച്ചുള്ള ചിന്തയും വിമർശനവും അതിനെ മറ്റൊന്നാക്കുന്നു.
കഥാപാത്രങ്ങൾ ആരുടെയും വാർപ്പുമാതൃകകളല്ല; യാദൃച്ഛികതയും അവ്യക്തതയുമാണ് വ്യക്തികളുടെ കാര്യത്തിൽ നിർണായകമാകുന്നത്. ഒരു സ്ഥിരം സ്വത്വമോ ,സ്വഭാവമോ ആർക്കുമില്ല. വ്യക്തിയെ ആർക്കും പ്രവചിക്കാനാവില്ലല്ലോ. കഥാപാത്രങ്ങൾക്കും ഇതു ബാധകമാണ്. ക്ലാസിക്കൽ കഥകളിലെ കഥാപാത്രസങ്കല്പം ചിതറിപ്പോയിരിക്കയാണ്. അവിടെ കഥാപാത്രങ്ങൾ ഒരു നിശ്ചിത ക്ഷീരപഥത്തിൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഘടനയിലാണ് നീങ്ങുന്നത്.ഇന്നത്തെ കഥാപാത്രങ്ങളിൽ ഫിക്ഷൻ്റെ ജ്വാലകളാണുള്ളത്.അവർ യഥാർത്ഥ വ്യക്തികളല്ല ;അവർ അകംലോകങ്ങളുടെ സന്തതികളാണ്. അതുകൊണ്ട് കഥാപാത്രങ്ങൾക്കും വ്യാജസ്വഭാവമുണ്ട്. പ്രമേയവും എഴുത്തുകാരനും മൗലികസ്വഭാവമുള്ള സംഗതികളല്ല. പ്രമേയം നിർമ്മിതിയാണ്. എഴുത്തുകാരനാകട്ടെ , കേവലവ്യക്തിത്വമല്ല. ഇതെല്ലാം ചേരുമ്പോൾ തീർത്തും വിഭിന്നമായ ഒരു അന്തർലോകമുണ്ടാകുന്നു .
സർപ്പങ്ങളുടെ കഥകളി
ഒരാശയത്തോടോ ,സ്വപ്നത്തോടോ, അനുഭവത്തോടോ എങ്ങനെ നിരുപാധികമായി സംവദിക്കുന്നു എന്നിടത്താണ് ഫിക്ഷനുണ്ടാകുന്നത്. പക്ഷേ ,ഇത് യുക്തിപൂർവമായ ഒരു പ്രതികരണമോ പരിഹാരനിർദ്ദേശമോ അല്ല; ഫിക്ഷൻ്റെ ഉറവിടം അജ്ഞാതമായിരിക്കുകയാണ്. ഒരു വസ്തു നമ്മളിലുണ്ടാക്കുന്ന സംവേദനം പരിവർത്തനാത്മകമാകാം, അല്ലെങ്കിൽ പ്രാചീനമായ വികാരങ്ങളുടെ പുനരുത്ഥാനമാകാം. ആ വ്യക്തിയുടെ നിർവ്വചനത്തിന് പുറത്താണ് അത് നിലനില്ക്കുന്നത്. ഭൂതകാലത്തിലെ നിസ്സഹായമായ മനുഷ്യരുടെ നിലവിളികൾ എനിക്ക് അനുഭവിക്കാൻ കഴിയുന്നതിൻ്റെ ഒരളവാണ് ഞാൻ 'ജലഛായ'യിൽ കൊണ്ടുവരാൻ ശ്രമിച്ചത്. അതിലെ കുരുമുളക് മരണങ്ങൾ ,മുലയുത്സവം തുടങ്ങിയവ ചരിത്രത്തിനു സംഭവിക്കുന്ന രൂപാന്തരമാണ്. ചരിത്രം എന്നെ മുറിവേല്പിച്ചതിൻ്റെ അടയാളങ്ങളാണ് ആ അധ്യായങ്ങൾ. 'സർപ്പങ്ങളുടെ കഥകളി 'എന്ന അദ്ധ്യായം, എഴുതുന്നതിനു മുൻപ് എൻ്റെ മനസ്സിലുണ്ടായിരുന്നില്ല .അത് വേറൊരു കഥകളിയാണ് .കളിയും നിയമവും വേറെ .ആചാര്യൻമാരുടെ ശീലവും വ്യത്യസ്തമാണ്.ഇത് 'ജലഛായ'യിൽ പ്രത്യക്ഷപ്പെടുന്ന വിവിധ പാഠങ്ങളിൽ ഒന്നാണ് .പുതിയ പാഠങ്ങളാണെല്ലാം .സർപ്പങ്ങളുടെ കഥകളി വിവരിക്കുന്ന ഒരു ഭാഗം ചുവടെ ഉദ്ധരിക്കുന്നു:
'വാസ്തവത്തിൽ മഴയിൽ കുതിർന്ന, ത്രസിച്ച മണ്ണിൽ നിന്ന് തിരിച്ച് മാളത്തിലേക്ക് കയറുന്നത് ഒരു വലിയ നിമിഷമാണ്. സമസ്ത സാഹസികതയും അവനവനോടുള്ള വാതുവെപ്പും അതിൽ അന്തർഭവിച്ചിട്ടുണ്ട്. അത് ആത്മഹത്യാപരമാണ്. എന്നാൽ ജീവിതപരീക്ഷണവുമാണ്. അറിയാതെ പിടിക്കപ്പെട്ടാൽ ഒന്നുകിൽ മരണമെന്ന സർപ്പത്തിൻ്റെ പിടിയിലമരും .പാമ്പാട്ടികൾ കൊണ്ടുപോയാൽ ഒരിക്കലും ശീലിച്ചിട്ടില്ലാത്ത ,പൊതുസ്ഥലങ്ങളിലെ മേനിയഴകു പ്രദർശനമാവും ഫലം.
സർപ്പസൗന്ദര്യത്തിൽ
ആകൃഷ്ടരായി വരുന്നവരെ മദം കൊള്ളിക്കണം. അവർക്ക് കാമം തോന്നുന്നതുവരെ
പുളയണം. പ്രായാധിക്യത്തിൻ്റെ രോഷമൊന്നും കാട്ടാൻ പാടില്ല. ആത്മസംയമനമാണ്
സൗന്ദര്യത്തിൻ്റെ രഹസ്യമെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ
ഒരിളക്കവുമുണ്ടാകില്ല. എതിർപ്പ്, ഏറ്റുമുട്ടൽ എല്ലാം പഴങ്കഥകളായി
മാറിക്കൊള്ളും. പാമ്പാട്ടിയുടെ കൂടെ ജീവിതം സുഖകരവും സുരക്ഷിതവുമെന്ന്
തിരിച്ചറിയണം. ഇത് ഈ ലോകക്രമത്തിൽ ഉൾക്കൊള്ളേണ്ട അതിവിശിഷ്ടമായ
ആവശ്യമാണ്.നടൻ ഈ സന്ദർഭത്തിൽ അഭിനയിക്കുകയല്ല ,ജീവിക്കുകയാണ് വേണ്ടത് .ചില
നടന്മാർ -കിഴകൊമ്പ് വാസുപ്പിഷാരടി ,കോഴിപ്പള്ളി സുരേശപ്പണിക്കർ ,അർജുനൻമല
കേശവൻ നമ്പീശൻ തുടങ്ങിയവർ - ഈ സർപ്പകഥകളിയിൽ മുഴുകുകയാണെങ്കിൽ
ശ്വാസമടക്കിപ്പിടിച്ചു വേണം നമ്മൾ കാണികൾ ഇരിക്കേണ്ടത്. ഏകാംഗമായും
ദ്വയാംഗമായും സർപ്പകഥകളി ആടാറുണ്ട് " .
മുകളിൽ ഉദ്ധരിച്ച ഭാഗം
വ്യാജയാഥാർത്ഥ്യത്തിന് ഉദാഹരണമാണ്. ഇവിടെ സൂചിപ്പിച്ച കഥകളിയോ ചിട്ടയോ
നടന്മാരോ ലോകത്തെവിടെയും ഇല്ല .തികച്ചും കഥാപരമാണത്. ഈ
വ്യാജയാഥാർത്ഥ്യത്തിന് 'ജലഛായ'യുടെ കഥാഘടനയിൽ ജൈവപരമായി ഇടപെടാനൊന്നുമില്ല.
മുഖ്യകഥാപാത്രമായ ലൂക്കുമായി ഈ കഥകളിക്ക് ഒരു ബന്ധവുമില്ല.ലൂക്കിൻ്റെ
നോവലിൻ്റെ ഒരു പ്രമേയമാണിത്. അയാളോട് ഒരാൾ സംഭാഷണ മധ്യേ
വെളിപ്പെടുത്തുകയാണ്.ഈ കളി ആവിഷ്കരിച്ചത് സംവിധായകൻ ജോൺ എബ്രഹാമാണെന്ന്
ലൂക്കിൻ്റെ നോവലിൽ സാക്ഷ്യപ്പെടുത്തുന്നു.ഇതോടെ വ്യാജയാഥാർത്ഥ്യം അതിൻ്റെ
സമ്പൂർണ ലീലയിൽ എത്തിക്കഴിഞ്ഞു. ഇതിൽ ഫാൻ്റസിയില്ല, പ്രതീകവാദവുമില്ല.
കാരണം, ഫാൻ്റസി യിൽ തീർത്തും അയുക്തികമായ ഒരു പ്രമേയമായിരിക്കും ഉണ്ടാവുക.
ഒരാളുടെ കൈ ആകാശത്തിലേക്ക് നീളുന്നതോ, താടിയിൽ ഉണ്ടായ അരിമ്പാറ ആനയോളം
വളരുന്നതോ അവിടെ പ്രതീക്ഷിക്കാം. എന്നാൽ ഇവിടെ വിവരണം യഥാതഥ നോവലിനു
സമാനമാണ്.
വ്യാജത്വത്തെയും അയാഥാർത്ഥ്യത്തെയും ഏറ്റവും വലിയ സത്യം
എന്നപോലെ വിവരിക്കുകയാണ്. വായനക്കാരൻ അതിൻ്റെ കലാത്മകതയിൽ മുഴുകുന്നതോടെ
വ്യാജയാഥാർത്ഥ്യം പുതിയൊരു പാഠമാവുകയാണ്.'ജലഛായ'യിൽ എല്ലാ അധ്യായങ്ങളിലും
ഇതുപോലെ വ്യാജയാഥാർത്ഥ്യങ്ങളുണ്ട്.
ഫ്രാൻസ് കാഫ്കയുടെ അപ്രകാശിതമായ കഥ രണ്ടു അധ്യായങ്ങളിലായി വിവരിക്കുന്നത് വ്യാജം എന്ന നിലയിലാണ്. പക്ഷേ ,കഥയിൽ അത് യാഥാർത്ഥ്യമാണ്. രണ്ടു വർഗ്ഗത്തിൽ പെട്ട ഉറുമ്പുകൾ വ്യത്യസ്ത സാംസ്കാരിക സവിശേഷതകളോടെ ജീവിക്കുന്നതും അവർ പോരടിക്കുന്നതും വ്യാജയാഥാർഥ്യമായാണ് നോവലിൽ ഇടം പിടിക്കുന്നത്.
'ശ്രീനാരായണായ 'യിൽ പതിനഞ്ച് വ്യാജ എഴുത്തുകാരാണ് പ്രത്യക്ഷപ്പെടുന്നത്. അവർ എഴുതുന്നതിലെല്ലാം വ്യാജ പുസ്തകങ്ങളിൽ നിന്നുള്ള ഉദ്ധരണികളുണ്ട്. ഗുരുവിനെക്കുറിച്ച് ചില അന്വേഷണങ്ങൾ നടത്താൻ വ്യാജയാഥാർത്ഥ്യമെന്ന കലാസങ്കേതം അനിവാര്യമായി വന്നു. 'ശ്രീനാരായണായ 'യിൽ അഭിവാജ്യമായി നില്ക്കുകയാണ് ഈ സങ്കേതം.വ്യാജപാഠങ്ങളിലൂടെ നോവലിൽ കൊണ്ടുവരുന്ന കാര്യങ്ങൾ എഴുത്തുകാരനെന്ന നിലയിലുള്ള എൻ്റെ തേടലുകൾക്ക് അടിവരയിടുകയാണ്. എന്നെ അത് ആത്മീയപാതയിൽ സഞ്ചരിക്കാൻ സഹായിക്കുന്നു. ജീവിതത്തിൻ്റെ അജ്ഞാതവും ഗഹനവും അതാര്യവുമായ ഭാവങ്ങളുടെ ആത്മീയ ധാരകൾ വിചിത്രമായിരിക്കും. അതിലേക്കുള്ള ഇടുങ്ങിയ വഴിയാണ് 'ശ്രീനാരായണായ 'യിൽ അവലംബിച്ചത്.
താമരയെക്കുറിച്ച് പുതിയ പാഠം
താമരയെക്കുറിച്ച് ഭാരതത്തിലെ പല പ്രമുഖ കൃതികളിലും പരാമർശിക്കുന്നുണ്ട് .വിഷ്ണു സഹസ്രനാമത്തിലും വേദങ്ങളിലും പുരാണങ്ങളിലും താമരയുണ്ട്. എന്തുകൊണ്ടാണ് താമരയ്ക്ക് ഇത്ര പ്രാധാന്യം കൈവന്നതെന്ന് ഞാൻ ഒരു സംസ്കൃതപണ്ഡിതനോടു തിരക്കി. അദ്ദേഹം പറഞ്ഞത് തൻ്റെ അറിവിൽ താമരയെക്കുറിച്ച് ഇത്തരത്തിലുള്ള ഒരാഖ്യാനം ഒരിടത്തുമില്ലെന്നാണ്. ഇതെന്നെ അസ്വസ്ഥനാക്കി. ഞാൻ കുറേ ദിവസങ്ങൾ അതിനെപ്പറ്റി ചിന്തിച്ചു. എനിക്ക് ഒരുത്തരവും ലഭിച്ചില്ല .എന്നാൽ 'ശ്രീനാരായണായ 'യുടെ രചനാവേളയിൽ ഒരു പുതിയ ടെക്സ്റ്റ് ഉണ്ടാവുകയായിരുന്നു. ഒരിടത്തും ഞാൻ ഇതുപോലൊന്ന് വായിച്ചിട്ടില്ല .എൻ്റെ മനസ്സിൽ അതെങ്ങനെയോ രൂപപ്പെട്ടതായിരുന്നു. മനുഷ്യമനസ്സിലേക്ക് കേന്ദ്രീകരിക്കാൻ കഴിയുമ്പോഴാണ് പല രഹസ്യങ്ങളും അഴിയുന്നത്. നോവലിൽ താമരയെക്കുറിച്ച് എഴുതിയ ദീർഘമായ അദ്ധ്യായത്തിലെ ഒരു ഭാഗം താഴെ ചേർക്കുന്നു:
"ഞാൻ ഇതിനെപ്പറ്റി ഡോ. വില്യമുമായി സംസാരിച്ചു. ഡോ. വില്യം നല്കുന്ന മറുപടി ഇതാണ്: ഗുരുവിനു മാത്രം കാണാനാവുന്ന താമരയാണിത്. ഇതളുകൾ അടയാളപ്പെടുത്താനെന്നോണം ദീപാങ്കുരങ്ങളുണ്ട്.ഓരോ ഇതളിലും ദീപാങ്കുരമുള്ളതിനാൽ ,പൂവ് താമര യാണെന്ന് ആകൃതിയിലൂടെ മനസ്സിലാക്കാനാവും .ഗുരു ആ പൂവിനെ രാത്രിയുടെ വലിപ്പത്തിൽ തന്നെ ദർശിക്കുകയാണ്. അത് പ്രപഞ്ചനടനങ്ങളുടെ കുസുമാകാരപൂർണ്ണതയാണ്. ഒരു കർമ്മം ഇങ്ങനെ പൂവിൻ്റെ ആകാരത്തിലാണ് വിടരുന്നതെന്ന് അറിയാൻ നിമിഷനേരം മതി. അത് അദൃശ്യമായ ഒരു മഹാവലയാണ്. എല്ലാം അതിൽ കണ്ണി ചേർക്കപ്പെട്ടിരിക്കുന്നു. താഴെ അതിൻ്റെ തണ്ട് ഉണ്ടാകും. ആ തണ്ട് അസ്തിത്വമാണ്; നമ്മുടെയെല്ലാം പ്രതീതി, യാഥാർത്ഥ്യസമ്മിശ്രമായ അസ്തിത്വം. അതിന്മേലാണല്ലോ നാമെന്തും നിരസിക്കുന്നതും നിർമ്മിക്കുന്നതും. പിന്നീടുള്ളത് ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഇതളുകളാണ് .അത് വർത്തമാനകാലമാണ്. ആ കാലം സ്വയമറിയാനുള്ള ഉരകല്ലുപോലെയാണ്. അതിനും മുകളിൽ ഇതളുകൾ ഒന്നിനു പിറകിൽ മറ്റൊന്നു എന്ന മട്ടിൽ ,ചുറ്റിനും പൊതിഞ്ഞ്, ഏറ്റവും അകത്തുള്ള ഇതൾക്കുരുന്നിനെ സംരക്ഷിച്ചു നിൽക്കുന്നു .ഓരോന്നും അതാതിൻ്റെ പങ്ക് നിറവേറ്റിയാൽ മതി. ഓരോ ഇതളിനും പ്രത്യേക നിലനില്പില്ല. അന്തർഭാഗത്തുള്ള ഇതളിനു മാർദ്ദവമേറും .അത് കേന്ദ്രമാണ്. അതാകട്ടെ നാൾതോറും വളരുകയാണ്. ഇതളുകൾ കാലം കഴിയുന്നതോടെ അടർന്നു വീഴുന്നു. ഏറ്റവും നടുക്കുണ്ടായിരുന്നതും വാടിപ്പോകുന്നു.മറ്റൊരു പൂവ് വിരിയുകയാണ്. രാത്രിയിൽ ഗുരു കണ്ടത് ,പ്രപഞ്ചകർമ്മങ്ങളുടെ ആവിർഭാവവും ,വികാസവും വിനാശവുമാണ് .പരസ്പരാശ്രിതവും ബന്ധിതവുമായ സമസ്തസൗന്ദര്യമാണത്. ഒന്നിൽതുടങ്ങി ,എണ്ണമറ്റ ശ്രംഖലകളിലേക്ക് ,വലക്കണ്ണികളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിൻ്റെ ഒരു രൂപം അതാണെന്ന് കരുതാം. മുകുളങ്ങൾ വിടർന്ന് പൂവായി, അത് കൊഴിഞ്ഞു വീണ്ടും മുകുളങ്ങൾ, പൂവ് എന്നിങ്ങനെ .ഒരു പൂ വിരിയൽ പ്രതീകവൽക്കരിക്കുന്നത്, മനസ്സിൽ ഒരു ചിന്ത മുകുളമായി വിരിഞ്ഞ് പൂവായി പരിവർത്തിപ്പിക്കപ്പെടുന്നതിനെയാണ്. ശൂന്യതയിൽ നിന്ന് വിചാരകണങ്ങൾ പ്രത്യക്ഷപ്പെടുന്നു: അത് ജലോപരിതലത്തിൽ ഓളങ്ങൾ പോലെ പരക്കുന്നു. എവിടേക്കാണ് പോകുന്നതെന്ന് അറിയില്ല. അത് പോയാലും വീണ്ടും ഓളങ്ങൾ ജനിക്കുന്നു; മറയുന്നു .ഒരു ബിന്ദുവിൽ നിന്ന് നാനാവശങ്ങളിലേക്കും പോകുന്ന ഓളങ്ങൾ ,ഈ കഥയിൽ ഇതളുകളായി രൂപപ്പെടുകയാണ് " .
ഈ ആഖ്യാനം Textual Reality യുടെ തലമാണ്; അതേസമയം വ്യാജവുമാണ്. താമരയെക്കുറിച്ച് ഡോക്ടർ വില്യം പറയുന്നതാണ് നോവലിൽ ഉദ്ധരിക്കുന്നത്. അങ്ങനെയൊരാൾ ഇല്ലല്ലോ .അപ്പോൾ അതിൻ്റെ കർത്തൃത്വം നോവലിസ്റ്റിനു ഏറ്റെടുക്കേണ്ടിവരും. നോവലിസ്റ്റാകട്ടെ ,തൻ്റെ കർത്തൃത്വത്തെ പ്രത്യക്ഷത്തിൽ നിരാകരിച്ചുകൊണ്ടാണ് വ്യാജ എഴുത്തുകാരെ സൃഷ്ടിച്ചിരിക്കുന്നത്. നോവലിസ്റ്റ് എന്ന വ്യക്തി ഇവിടെയില്ല; പകരം നോവലിസ്റ്റ് എന്ന വ്യാജബിംബം മാത്രമേയുള്ളൂ .ആ വ്യാജബിംബത്തിൽ നിന്നു തന്നെ പല വ്യാജബിംബങ്ങൾ ഉയർന്നു വരുകയാണ്.ഈ സങ്കേതം എനിക്കു അനിവാര്യമായി വന്നത് ,നിലവിലുള്ള ചരിത്രത്തിൽ നിന്ന് എനിക്കാവശ്യമായ വസ്തുതകൾ ലഭ്യമല്ലാതെ വന്നതുകൊണ്ടാണ്. വളരെ സാധാരണവും മറ്റുള്ളവർ കണ്ടെത്തിയതുമായ വസ്തുതകൾ എന്നെ ഉണർത്തുന്നില്ല,പ്രചോദിപ്പിക്കുന്നില്ല. അതിനു പകരം ഞാൻ അതേ ഊർജവും ജ്ഞാനശേഖരവുമുള്ള വ്യാജമുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്നു.
ഫിക്ഷനു മാത്രമേ കുരുക്ക് അഴിക്കാനാവൂ
ഡച്ച് ചിത്രകാരനായ വിൻസൻ്റ് വാൻഗോഗിൻ്റെ ജീവിതത്തെ അതേപടി പകർത്തിവെക്കുന്ന നോവലല്ല 'വാൻഗോഗിന് '.ഞാൻ അവിടെയും വ്യാജയാഥാർത്ഥ്യമെന്ന സങ്കേതമാണ് തിരഞ്ഞെടുത്തത്. ആദ്യ അദ്ധ്യായത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
"വാൻഗോഗ് മരണമടഞ്ഞ് മൂന്നു ദിവസത്തിനുള്ളിൽ ഫാൻസിലെ ചില പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളാണ് ഇവിടെ സമാഹരിക്കുന്നത്. തിയഡോർ എന്ന നോവലിസ്റ്റാണ് സവിശേഷതയാർന്ന അഞ്ച് ഖണ്ഡങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ആദ്യത്തെ രണ്ടു റിപ്പോർട്ടുകൾ യഥാക്രമം നിക്കോളാസ് വിൽഹെം ,സ്റ്റാൻലി പയസ് , എന്നിവർ എഴുതിയതാണ്. മൂന്നാമത്തേത് മാർസൽ യൂബേ എന്ന പത്രപ്രവർത്തകൻ വാൻഗോഗിൻ്റെ കലാജീവിതത്തിലെ ചില സംഭവങ്ങൾ ചേർത്തുവച്ച് എഴുതിയ ജീവചരിത്രവിവരണമാണ്.നാലാമത്തേത് ,വാൻഗോഗിൻ്റെ പ്രിയസുഹൃത്തും സഹവാസിയുമായിരുന്ന പോൾ ഗോഗിൻ്റെ ഡയറിയിൽ നിന്നുള്ള കുറേ ഭാഗങ്ങളാണ്. അഞ്ചാമത്തേത് വാൻഗോഗ് സ്വയം വെടിവെച്ച് മരിക്കുന്നതിനുമുമ്പ് തൻ്റെ മുറിയിൽ വന്ന അപരിചിതയോട് സംസാരിച്ചതിനെ ആധാരമാക്കി പോൾ ഫയദോർ എന്ന ചലച്ചിത്രകാരൻ ഒരു പത്രത്തിന് നല്കിയ റിപ്പോർട്ടിലെ കുറച്ചുഭാഗമാണ്. മരണത്തിലേക്ക് നയിച്ച സംഘർഷം ഇതിൽ വ്യക്തമാണ്. ഇത്രയും തെരഞ്ഞെടുക്കുന്നത് വാൻഗോഗ് സ്വന്തം കാതു മുറിച്ചു എന്ന നുണ തിരുത്തുന്നതിന് വേണ്ടിയാണ്. അതിനുള്ള തെളിവുകൾ നിരത്താൻ റിപ്പോർട്ടുകൾക്കും ഗോഗിൻ്റെ ഡയറിക്കും കഴിയുമെന്ന് വിശ്വസിക്കുന്നു" .
വാസ്തവത്തിൽ ഇവിടെ സൂചിപ്പിച്ച റിപ്പോർട്ടുകളും റിപ്പോർട്ടർമാരുമെല്ലാം വ്യാജമാണ്.വാൻഗോഗ് മാത്രമേ സത്യമായുള്ളു. എന്നാൽ ജീവചരിത്രമല്ല ഞാൻ അവലംബിക്കുന്നത്.വാൻഗോഗ് ജീവിക്കാനിടയുള്ള ചില മുഹൂർത്തങ്ങൾ ഞാൻ സൃഷ്ടിക്കുകയാണ്, 'ശ്രീനാരായണായ 'യിൽ ചെയ്തതുപോലെ.വാൻഗോഗിൻ്റെ ജീവിതത്തിൽ ശരിക്കും സംഭവിച്ച കാര്യങ്ങൾ മാത്രം എഴുതുന്നതിൽ കലയില്ല .അതിൽ എഴുതുന്നയാളിൻ്റെ ലോകമുണ്ടാവുകയില്ല .ഞാൻ വാൻഗോഗിനെ നിരീക്ഷിക്കുകയാണ്. വാൻഗോഗ് ഒരു ഭാവനയാണ്. ഭാവനയുടെ പ്രമേയമാണ് .അത് ഇഴപിരിച്ചെടുക്കാൻ ഞാൻ യഥാർത്ഥമായ വസ്തുതകളല്ല തേടുന്നത്. അങ്ങനെയാണ് ഞാൻ വാൻഗോഗിൻ്റെ ജീവിതത്തെ അടിസ്ഥാനമാക്കി സൗന്ദര്യം അന്വേഷിക്കുന്നത്. എനിക്ക് ഫിക്ഷനാണ് വേണ്ടത്; യഥാർത്ഥവസ്തുതകളല്ല. യഥാർത്ഥ വസ്തുതകൾ എല്ലാവരും ഗ്രഹിച്ചു കഴിഞ്ഞതാണ്. ഇനി വേണ്ടത് ഫിക്ഷനാണ്. വാൻഗോഗ് ഒരു ചരിത്ര വസ്തുതയായിരിക്കെ ഇനി ഫിക്ഷനു മാത്രമേ കുരുക്കു അഴിക്കാനാവൂ. അറിയപ്പെടാത്ത, അജ്ഞാതമായ വാൻഗോഗ് ഉണ്ടായിരുന്നു .ഏതൊരു വ്യക്തിയിലും അങ്ങനെയൊരു അതാര്യത നിലനിൽക്കുന്നുണ്ട് .അത് നോവലിസ്റ്റിൻ്റെ ,കലാകാരൻ്റെ ഇടമാണ്. കലാകാരൻ പരീക്ഷണ വസ്തുവാക്കുന്നത് ഈ ഇടമണ്.
സൗന്ദര്യം വിധി
വാൻഗോഗ് എന്ന വ്യക്തി ചരിത്രമാണെങ്കിൽക്കൂടി അതിൽ വ്യാജഘടകങ്ങളുമുണ്ട് .ആരാണ് ആ വാൻഗോഗിൻ്റെ ഉടമസ്ഥൻ ?വാൻഗോഗ് സൃഷ്ടിച്ച പ്രതിഛായയല്ല അത് ,കാണികളും വായനക്കാരും സൃഷ്ടിച്ചതാണ്.അത് തന്നെ ഏകമാനമല്ല. വാൻഗോഗിനു പോലും തന്നിലെ ഏതു ഘടകമാണ് അചഞ്ചലമായത് ,സ്വന്തമായത് എന്ന് നിശ്ചയമുണ്ടായിരുന്നില്ല. കാരണം തൻ്റെ കലാപ്രവർത്തിനിടയിൽ യാദൃച്ഛികമായാണ് അദ്ദേഹം പ്രകൃതിയെ കണ്ടെത്തിയത്;നിറങ്ങൾ കണ്ടുപിടിച്ചത്.
അദ്ദേഹം സാഹിത്യകൃതികളിൽ നിന്നും പൂർവികരായ ചിത്രകാരന്മാരിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് അസ്തമയസൂര്യനെയൊക്കെ വരച്ചിട്ടുള്ളത്. വൻഗോഗിൽ, നാം ഓരോരുത്തരിലെന്നപോലെ പലരാണ് ഉള്ളത് .പല ധാരകളാണ് ആ ചിത്രങ്ങളിലൂടെ ഉരുത്തിരിയുന്നത് .വാൻഗോഗ് എന്ന ഒരു ദൃഢവ്യക്തിത്വമോ ശിലാഖണ്ഡമോ ഇല്ല. അദ്ദേഹം വരച്ച ചിത്രങ്ങൾ നിശ്ചിതമായ അർത്ഥമുള്ള ,മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഘടനയിലുള്ള , മൂർത്തമായ വെറും ആലേഖനങ്ങളല്ല ,കാൻവാസുകളല്ല. അത് കാലത്തിലൂടെയാണ് വീക്ഷിക്കപ്പെടുന്നത്. ഒരാൾ കാണുന്നതും മറ്റൊരാൾ കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട്. രണ്ടുപേർ കാണുന്നതോടെ രണ്ട് വീക്ഷണപാഠങ്ങളാണ് ഉണ്ടാകുന്നത്. ആയിരക്കണക്കിനാളുകൾ കാണുമ്പോൾ അത്രത്തോളം വീക്ഷണപാഠങ്ങൾ ഉണ്ടാകുന്നു.ഇതിനിടയിൽ കലാകാരൻ്റെ വ്യക്തിത്വം എന്ന മൂർത്തരൂപമില്ലല്ലോ. ഇവിടെയാണ് വ്യാജയഥാർത്ഥ്യത്തെ നിർമ്മാണസാമഗ്രി എന്ന നിലയിൽ ഞാൻ ഉപയോഗിച്ചത്. എനിക്ക് വാൻഗോഗിനെ തന്നെ ഒരു ഫിക്ഷനായി കാണണമായിരുന്നു. ആ ഫിക്ഷൻ വാൻഗോഗ് എന്ന ചരിത്രവസ്തുതയേക്കാൾ കലാവസ്തുവാണെനിക്ക്.
വാൻഗോഗ് ഭക്ഷണശാലയിലിരിക്കുന്നതും തുടർന്ന് ഒരു ശവസംസ്കാരത്തിനു പോകുന്നതും എൻ്റെ കണ്ടെത്തലാണ്. ഇങ്ങനെ ഭാവന ചെയ്യുന്നത് ഫിക്ഷൻ്റെ സ്വാതന്ത്ര്യമാണ്. അത് വ്യാജമായാൽപോലും സാധ്യതയുടെയും അനുഭവത്തിൻ്റെയും ബലമുണ്ട്. എമിലി സോളയുടെ 'ദ് ഡെത്ത് ഓഫ് ഡെലാകെയർ ' എന്ന കഥയിൽ മരിച്ചവൻ തൻ്റെ ശവസംസ്കാരം വീക്ഷിക്കുന്നതും ശവക്കല്ലറയിൽ നിന്ന് രക്ഷപ്പെടുന്നതും വിവരിച്ചിട്ടുണ്ട്. ഇത് വ്യാജയാഥാർത്ഥ്യത്തിനു സമാനമാണ്. കാരണം, മരിച്ചയാൾ തൻ്റെ സംസ്കാരം വീക്ഷിക്കില്ലല്ലോ. എന്നാൽ എമിലി സോളയ്ക്ക് ഇതാവശ്യമാണ് . വ്യാജയാഥാർത്ഥ്യത്തിലൂടെ യഥാർത്ഥത്തെ തന്നെ കൂടുതൽ സത്യമാക്കുകയാണ് ചെയ്യുന്നത്.
'വാൻഗോഗിന് 'എന്ന നോവലിലെ വാൻഗോഗ് ശവഘോഷയാത്രയെ
അനുഗമിക്കുന്ന ഭാഗം ചുവടെ ഉദ്ധരിക്കുകയാണ്: " ഓരോ ശവത്തിനു മാത്രമല്ല,
അതിനെ അനുഗമിക്കുന്നവർക്കും
ശവവുമായി സാമ്യമുണ്ടെന്ന് ഞാൻ കണ്ടെത്തി.
പാത്രത്തിൽ ഒരു മീൻ ബാക്കി ഉണ്ടായിരുന്നെങ്കിലും, അതിനെ അനുഗമിച്ചാൽ
മറ്റൊരു ചത്ത മത്സ്യ മാകുമോ എന്ന് ശങ്കിച്ചതുകൊണ്ട് ഞാൻ എഴുന്നേറ്റ് വേഗം
നടന്നു .കുറേ പിന്നിലായിരുന്നെങ്കിലും അവരെ തന്നെ ലക്ഷ്യംവെച്ചു. ചില
ഗീതങ്ങൾ അവരിൽ ചിലർ ആലപിക്കുന്നുണ്ടായിരുന്നു. കാറ്റിൻ്റെ വിദൂഷകവൃന്ദം
അതിനെ വലിച്ചെടുത്ത് ദൂരെ എവിടെയോ പറത്തിവിട്ടു.
രണ്ടു ശവത്തിനു
പിന്നാലെ പോയ ശവങ്ങളുടെ തൊട്ടടുത്തായി ഞാനുമെത്തി.അവർ കരയാനായി വാ തുറന്നു.
ഭൗമാതീതമായ ഒരു വായ്ത്താരിയായി അത് ആകാശത്തിൻ്റെ ദുരൂഹതകളിലേക്ക്
കുതിച്ചു. ഞാൻ അവരിലൊരു ശവമായി, നിന്നിടത്തു തന്നെ നിന്നു. ആരുടെയും
വികാരം അവനവനെയല്ലാതെ മറ്റാരെയും വഞ്ചിച്ചിട്ടില്ല. ഞാൻ ശവങ്ങൾക്കിടയിൽ
ഒരഭയാർത്ഥിയായി കുഴിയിലേക്ക് നോക്കി.വിഷാദഭാരം അത്രയ്ക്കുണ്ടായിരുന്നു.
മരിച്ചവരെക്കുറിച്ചോർത്തായിരുന്നില്ല; ഈ യാത്രയിൽ അവർ
എങ്ങനെയെല്ലാമാണ് ആ യഥാർത്ഥ ശവങ്ങളോട് സംസാരിച്ചതെന്നതിനെയോർത്ത്. ആ
സംസാരത്തിൽ നിന്നാണ് എനിക്കവരെ വരയ്ക്കേണ്ടിയിരുന്നത് " .
സൗന്ദര്യം
ഒരു വിധിയായി സ്വീകരിക്കുകയാണ് എഴുത്തുകാരൻ. അയാൾക്ക് വേറെ മാർഗമില്ല.
എങ്ങോട്ട് തിരിഞ്ഞാൽ വർത്തമാനകാല ജീവിതത്തിൻ്റെ വക്കുപൊടിഞ്ഞ
സത്യപ്രമാണങ്ങളെ ധ്വംസിച്ചുകൊണ്ട് സൗന്ദര്യത്തിൻ്റെ
ലോകത്തിലെത്താമെന്നാണ് ആലോചിക്കേണ്ടത്. അവിടെയാണ് വ്യാജയാഥാർത്ഥ്യം
സംഭവിക്കുന്നത്; അവിടെ Textual Reality സൗന്ദര്യത്തിൻ്റെ പാഠം തന്നെയാണ്.
കൂടുതൽ സത്യാത്മകമായ ഒരു യാഥാർത്ഥ്യമാണത് .
HOME PAGE
Friday, August 13, 2021
എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021
തേൾ
എം.കെ. ഹരികുമാർ
ദൈവത്തിനു സമാന്തരമായി
ഒരു തേൾ സഞ്ചരിക്കുകയാണ്, സായാഹ്നത്തിൻ്റെ ശരീരത്തിലൂടെ .
ഒരു വലിയ
സൈന്യാധിപനെപോലെയാണ്
തേൾ .
അവൻ്റെ ശരീരഭാഷയിൽ
ഒരു താളമുണ്ടായിരുന്നു.
അവയവങ്ങൾ ചലിക്കുന്നതിൽ
ഒരു അഭൗമമായ പൊരുത്തമുണ്ടായിരുന്നു
പിൻഭാഗത്ത് മുകളിലോട്ട് മടക്കി ഉയർത്തിയിരിക്കുന്ന വാൽ
ഒരു വിജയചിഹ്നമായിരുന്നു.
പ്രകൃതിയുടെ അതീവരഹസ്യമായ
ഒരു യാത്രയുടെ
എഞ്ചുവടി .
ദൈവം സൃഷ്ടിച്ച
ദൈവീകമായ ലോകത്ത്
തേൾ തൻ്റെ യാത്രയെ
മറ്റൊരു ശാസ്ത്രമാക്കി -
ദൈവത്തിനു സമാന്തരമായ
മറ്റൊരു ദൈവികതയുടെ ലോകം.
HOME PAGE
എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021
വാൻഗോഗ് ,കാഫ്ക
എം.കെ. ഹരികുമാർ
ആകാശത്തിലെ നക്ഷത്രങ്ങൾ,
വാൻഗോഗിൻ്റെ
'സ്റ്റാറി നൈറ്റി'ലെ പോലെ
ഭ്രാന്തുപിടിച്ച്
വ്യഥിതരായി
പ്രകാശം വർഷിക്കുന്നുണ്ടെങ്കിൽ, അതു വഴിയറിയാതെ
നട്ടംതിരിയുന്ന
കാഫ്കയുടെ
കഥാപാത്രങ്ങളെപ്പോലെ ജീവിക്കുന്നവർക്ക് വേണ്ടിയാവും.
ഭൂമിയിലെ ദാരിദ്ര്യവും
ദുരിതവും
അനാഥത്വവും
ഇരുട്ടും കണ്ട്
അപസ്മാരത്തിലേക്ക്
വീണ നക്ഷത്രങ്ങളുണ്ട്.
അവയ്ക്ക് ഉറക്കമില്ല.
ഭൂമിയിലെ ഇരുട്ടിൽ
തപ്പിത്തടയുന്ന ഹതഭാഗ്യർക്ക്
ഇത്തിരി പ്രകാശമെത്തിക്കാനാണ്
ഈ നക്ഷത്രങ്ങളുടെ ഓട്ടം.
എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021
Parallel to God
M K Harikumar
Translation: Deepa Sajith
A scorpion on the move
Through the evening frame.
A great one
Like a General
Scorpion.
In his body language
There was a rhythm.
In moving organs
An unearthly
Harmony.
Back upward folded
And raised is the tail
A sign of victory.
Nature's mystery
A journey's entry.
God created
The divine world
Scorpion it's journey
Made another dogma
Parallel to God
Another World of Divine.
എം.കെ. ഹരികുമാർ ഓണപ്പതിപ്പ് 2021
എഴുത്തുകാരൻ ഭാഷയിൽ പ്രാപഞ്ചികമായ സൂക്ഷ്മധ്വനികൾ തേടണം : എം.കെ.ഹരികുമാർ
പൂത്തോട്ട സഹോദരനയ്യപ്പൻ മെമ്മോറിയൽ കോളേജ് ഓഫ് എജ്യുക്കേഷൻ്റെ കോളജ് യൂണിയൻ്റെയും ആർട്സ് ക്ലബ്ബിൻ്റെയും ഉദ്ഘാടനം എം.കെ. ഹരികുമാർ നിർവഹിക്...
-
LITERATURE AND ART EDITION ഗസ്റ്റ് എഡിറ്റോറിയൽ ഒരേയൊരു കോളമിസ്റ്റ് വാക്കുകളുടെ മഴ ,വെളിപാട് രാജേന്ദ്രൻ നിയതി ഉള്ളടക്കം എം.കെ....
-
ഗസ്റ്റ് എഡിറ്റോറിയൽ ഒരേയൊരു കോളമിസ്റ്റ് , വാക്കുകളുടെ മഴ , വെളിപാട് രാജേന്ദ്രൻ നിയതി അഭിധ എന്ന സാഹിത്യ സംഘടനയുടെ ഒരു പരിപാടി 2018ആഗസ്...
-
അഗാധതകളിൽ സന്ധിക്കുന്ന ആശയങ്ങളുടെ നദി എം.കെ.ഹരികുമാറുമായി അഭിമുഖം/ മലയാലപ്പുഴ സുധൻ, വാസുദേവൻ കെ.വി. ചോദ്യം :സാഹിത്യ നഭോമണ്ഡലത്തിലെ ശുഭ്ര...